Search Movies

Wednesday, 6 May 2015

10.Unto the dusk

Malayalam/2013/105min
Directed by Sajin Babu














ഇന്ത്യയിലെ സമാന്തരസിനിമകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം കടന്നുവരുന്നത് മലയാളവും ബംഗാളിയുമായിരിക്കും. ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ നിന്നകലുന്ന മലയാള സമാന്തര സിനിമാ പ്രസ്ഥാനത്തെ തിരിച്ചു പിടിക്കാനുള്ള വലിയ ശ്രമമായി വിലയിരുത്താം സജിൻ ബാബു എന്ന യുവസംവിധായകന്റെ ''അസ്തമയം വരെ'' (Unto The Dusk) എന്ന ചിത്രം. ബാഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും, കേരളത്തിന്റെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും സ്വന്തമാക്കി  അഭിമാനകരമായ നേട്ടമാണ്  'അസ്തമയം വരെ' കൈവരിച്ചിരിക്കുന്നത്‌.

നോണ്‍ ലീനിയർ ആഖ്യാനത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് പേരോ, കഥ അരങ്ങേറുന്ന സ്ഥലത്തെ കുറിച്ച് പ്രത്യേക പരാമർശങ്ങളോ ഇല്ല. പിന്നണി സംഗീതവും ഉപയോഗിച്ചിട്ടില്ലാത്ത ചിത്രത്തിൽ, ഒരു ദൃശ്യത്തിൽ തന്നെ വേറിട്ട തലങ്ങളിലൂടെ ആശയവിനിമയത്തിന് സംവിധായകൻ ശ്രമിക്കുമ്പോൾ സ്ഥിരം കെട്ടുകാഴ്ച്ചകളിൽ നിന്നും അകന്നുമാറുന്നു പ്രേക്ഷകൻ. സെമിനാരിയിലെ ക്വയർ ഗായികയുടെ മൃതദേഹത്തിന്റെ ദൃശ്യത്തിൽ നിന്നും ചിത്രം തുടങ്ങുന്നു. ശവരതിയുടെ സൂചനകൾ മൃതദേഹത്തിൽ ശ്രദ്ധിക്കപ്പെടുന്നതോടെ സെമിനാരിയിലെ രണ്ടു വിദ്യാർത്ഥികൾ സംശയത്തിന്റെ നിഴലിലാവുകയും അവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. തുടർന്ന്  നിരവധി പീഡനങ്ങൾക്ക് അവർ ഇരയാവുന്നു. അവരിൽ ഒരാൾ ആത്മഹത്യ ചെയ്യുന്നു. മുഖ്യ കഥാപാത്രം സെമിനാരി വിട്ടു ആത്മാന്വേഷണത്തിന്റെ ഭാഗമായി ഒരു യാത്രക്കൊരുങ്ങുന്നു. ഇതാണ് ചിത്രത്തിന്റെ കഥാപരിസരം.

നായകപാത്രത്തിന്റെ യാത്രയുടെ കാരണങ്ങൾ പല ഭാഗങ്ങളിലായി ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി സെമിനാരിയിൽ ചേർന്നതാണയാൽ. തന്റെ കുടുംബ പാശ്ചാത്തലത്തിൽ അയാൾ തീർത്തും നിരാശനാണ്. ബന്ധങ്ങളിലെ പവിത്രത പലപ്പോഴും ചിത്രത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സാമ്പ്രദായികമായ സാമൂഹിക ജീവിതത്തിൽ നിന്നുമാണ് അസ്തമയം വരെയിലെ കഥാനായകന് വഴിമാറി സഞ്ചരിക്കുന്നത്. മനുഷ്യ-കുടുംബബന്ധങ്ങളിൽ തൃപ്തനല്ലാത്ത അയാൾ പ്രകൃതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുകയും, അതിനോടൊപ്പം മനസ്സിൽ പ്രതികാര മനോഭാവവും സൂക്ഷിക്കുന്നു.


അതീവ സങ്കീർണതയോടുകൂടിയുള്ള അവതരണം മിക്കപ്പോഴും കല്ലുകടിയാകുമെങ്കിലും മുന്നോട്ട് വെക്കുന്ന വീക്ഷണങ്ങൾ ചെറുതല്ല എന്ന ബോധം ഉടലെടുക്കുന്നിടത്താണ് ചിത്രത്തിന്റെ ആസ്വാദനം. ഛായാഗ്രഹകൻ കാർത്തിക് മുത്തു കുമാർ ഏറെ അഭിനന്ദനം അർഹിക്കുന്നു. വനാന്തരങ്ങളിൽ നിന്നുമുള്ള ദൃശ്യങ്ങൾ അതിന്റെ സൗന്ദര്യത്തോട് കൂടിയും എന്നാൽ വെളിവാക്കേണ്ട ഭീകരതയും ഉൾക്കൊള്ളിച്ചു അവതരിപ്പിച്ചിട്ടുണ്ട്. ഛായാഗ്രഹണത്തിലെ മികവ് പാശ്ചാത്തല സംഗീതത്തിന്റെ അഭാവം ഏറെ പരിഹരിച്ചു എന്നതിലുപരി ഒരു റിയലിസ്റ്റിക് പ്രതീതി ഉയർത്താനും സഹായകമായി.

ആദ്യ സീൻ മുതൽക്കു തന്നെ നമുക്ക് പരിചിതമല്ലാത്ത വഴിയിലൂടെ സഞ്ചരിക്കുകയും പ്രമേയപരമായി പുതിയ ദിശാബോധം സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട് സംവിധായകൻ. ആധുനിക സമൂഹത്തിൽ മാനവികതയുടെ തുടിപ്പ് അവശേഷിക്കുന്നുണ്ടോ എന്ന് ശവഭോഗത്തിലൂടെ തുടങ്ങുന്ന ചിത്രം അടയാളപ്പെടുത്തുന്നുണ്ട്. ആത്മബോധം തേടി സഞ്ചരിക്കുന്ന കേന്ദ്ര കഥാപാത്രത്തെ ക്രൂശിതനായ ക്രസ്തുവുമായി ബന്ധപ്പെടുത്തി നോക്കി കാണുന്നുണ്ട് ചിത്രത്തിൽ. ബന്ധങ്ങളുടെ പവിത്രത, വ്യക്തികളിൽ നിന്നും വിട്ടകലുന്ന സ്വാതന്ത്ര്യ കാഴ്ച്ചപ്പാടുകൾ, സൈക്കോ വിഭ്രാന്തിയുടെ സാദ്ധ്യതകൾ തുടങ്ങിയവയെ സാമ്പ്രദായികകതയുടെ കുടക്കീഴിൽ നിർത്താതെ വ്യത്യസ്ഥമാകുന്നു ചിത്രം. സനൽ അമൻ എന്ന നടൻ മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചിരിക്കുന്നു.

'സാൾട്ട് ആൻഡ് പെപ്പർ'-ഉം 'കോക്ടൈലും' ഒക്കെയാണോ  മലയാളത്തിന്റെ യുവസിനിമാ സങ്കൽപ്പങ്ങൾ ? യുവസംവിധായകർ ലക്ഷ്യമിടുന്നത് അത്തരം സിനിമൾ അല്ല എന്നതിന്റെ തെളിവാണ്   സജിൻ ബാബുവിന്റെ ''അസ്തമയം വരെ'' പോലുള്ള ശ്രമങ്ങൾ നൽകുന്നത്. ജീവാത്മകമായുള്ള ചിന്തകൾ ആഢംഭരമില്ലാതെ അവതരിപ്പിക്കപ്പെടുന്ന മാധ്യമ മാര്‍ഗമാണ് സമാന്തര സിനിമകള്‍. വിനോദം എന്നരൊറ്റ ലക്ഷ്യത്തോടെ ഈ സിനിമയെ സമീപിക്കുന്നവർക്ക് നിരാശയാകും. എന്നാൽ അൽപ്പം ക്ഷമ ആവിശ്യമെന്നു ഉൾക്കൊണ്ട്  പുത്തൻ സിനിമാ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നവർക്ക് പുതു ചിന്തകൾക്ക് വഴിയൊരുക്കും ചിത്രം.

Sunday, 3 May 2015

9.No Man's Land

Bosnian/2001/98min
Directed by Danis Tanovic














2012-ൽ പുറത്തിറങ്ങിയ 'Halima's Path' എന്ന ബോസ്നിയൻ ചിത്രം നൽകിയ അമ്പരപ്പാണ് 'No Man's Land'(2001) കാണാൻ പ്രചോദനമായത്. 1992-95 കാലഘട്ടത്തിൽ നടന്ന ബോസ്നിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ 3 പട്ടാളക്കാരാണ്. എന്നാൽ നാം കണ്ടു ശീലിച്ച പട്ടാളക്കഥകളിൽ നിന്നും വ്യത്യസ്ഥമാണ് ചിത്രം. തുടർന്നും ബോസ്നിയൻ ചിത്രങ്ങൾ കാണാനുള്ള ഗ്രീൻ സിഗ്നൽ തന്നെയാണ് 'No Man's Land' എന്ന ഡാനിസ് തനോവിച്ച് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രവും നൽകുന്നത്.

ഒരു ട്രഞ്ചിൽ അകപ്പെട്ടു പോകുകയാണ് ഒരു ബോസ്നിയൻ സൈനികനും മറ്റൊരു സെർബിയൻ പടയാളിയും.ഇരുവരും അവരവരുടെ ശത്രുരാജ്യങ്ങളിൽ നിന്നും വെടിയുയരും എന്ന ഭയത്തിനാൽ, രക്ഷപ്പെടുന്നതിനായി വെളിച്ചമണയാൻ കാത്തിരിക്കുകയാണ്. യുദ്ധത്തെ നേരിൽ കാണുന്ന, യുദ്ധമുഖത്ത് രണ്ടു രാജ്യങ്ങൾക്കായി പോരാടുന്ന പട്ടാളക്കാരിലൂടെ രണ്ടു രാജ്യങ്ങളുടെയും ആശയങ്ങളിലെ കലഹം നേരിൽ സാധ്യമാക്കുന്നുണ്ട് സംവിധായകൻ.ഈ സമയമാണ് ട്രഞ്ചിൽ മരിച്ചു എന്ന് കരുതിയിരുന്ന മറ്റൊരു ബോസ്നിയൻ പട്ടാളക്കാരൻ ഉണരുന്നത്. പക്ഷെ അയാളുടെ കീഴെ ഒരു സെർബിയൻ പടയാളി മുൻപ് മൈനർ  കുഴിച്ചിട്ടതിനാൽ അയാൾ അനങ്ങിയാൽ ഉടനത് പൊട്ടി തെറിക്കും. അതിനാൽ അനങ്ങാതെ കിടക്കാൻ അയാൾ നിർബന്ധിതനാകുന്നു.



പരസ്പ്പരം യുദ്ധത്തിലേർപ്പെട്ട രണ്ടു രാജ്യങ്ങളിലെ പടയാളികൾ അതിജീവനത്തിനായി ഒരുമിച്ചു നിൽക്കേണ്ടിവരുന്നു. പക്ഷെ പൂർണ്ണമായി മറ്റൊരാളെ വിശ്വസിക്കാൻ ഇരുവർക്കും സാധിക്കുന്നില്ല. ആയുധശേഖരത്തിന്റെ മേൽക്കോയ്മയുള്ള രാജ്യത്തിനു മറ്റൊന്നിനു മേൽ വിജയം സാധ്യമാകും; ആ വിജയം അർത്ഥവത്തല്ലെങ്കിൽ പോലും. ചിത്രത്തിൽ ഒരു സൈനികൻ മറ്റൊരാൾക്ക്‌ വിധേയനാകുന്നത് ഈപറഞ്ഞ ആയുധബലത്തിന്റെ ശക്തികൊണ്ടാണ്. ചിത്രത്തിലുടനീളം ഉദ്വേഗം നിലർത്തുന്നുണ്ട്  തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ. പ്രകടനത്തിലും ക്യാമറ ഉൾപ്പെടെയുള്ള മറ്റു നിലകളിലും അഭിനന്ദനം അർഹിക്കുന്നു ചിത്രം.

യുദ്ധ മുഖത്തെ സ്ഥിരം ബഹളങ്ങളില്ലാതെ തന്നെ അതിന്റെ തീവ്രത നന്നേ വെളിവാക്കുന്നുണ്ട് ചിത്രം. യുദ്ധം ആര് ആരംഭിച്ചുവെന്നോ,ആരുടെ നിലപാടിലാണ് ശെരിയെന്നോ തുടങ്ങിയ ആശയങ്ങൾ ആസ്വാദകനിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കുത്തിവെക്കാതെ നിഷ്പക്ഷത നിലനിർത്തിയിടത്താണ് ചിത്രത്തിന്റെ പ്രസക്തി (സംവിധായകൻ ബൊസ്നിയക്കാരൻ ആണെന്നിരിക്കെ തന്നെ). കേന്ദ്ര കഥാപാത്രങ്ങളിലൂടെ, യുദ്ധം ഇരു രാജ്യക്കാരും ആഗ്രഹിക്കുന്നില്ല എന്നും അവ സൃഷ്ട്ടിക്കുന്നത് നഷ്ട്ടങ്ങൾ മാത്രമാണെന്നും ഉള്ള അവബോധം പങ്കുവെക്കുകയാണ് സംവിധായകൻ. ചിത്രത്തിന്റെ അവസാന രംഗം പകരുന്ന ആശയവും അത് തന്നെ. യുദ്ധത്തിനിടയിലെ UN ഇടപെടലുകളും, മാധ്യമ പ്രവർത്തകരുടെ ശ്രമങ്ങുമെല്ലാം ചിത്രം അവതരിപ്പിക്കുന്നുണ്ട്.

74 ആം ഓസ്കാർ പുരസ്കാരത്തിൽ മികച്ച വിദേശ സിനിമയായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മറ്റു നിരവധി പുരസ്കാരങ്ങൾ ചിത്രം വാരിക്കൂട്ടി. ഡാനിസ് തനോവിച്ച് എന്ന സംവിധായകന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 'No Man's Land'. യുദ്ധത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട് സംവിധായകൻ. യുദ്ധം പ്രമേയമാക്കി ഒരുക്കിയ നിരവധി ചിത്രങ്ങൾക്കിടയിൽ സവിശേഷമായ ശ്രദ്ധ ക്ഷണിക്കുകയും,അർഹിക്കുകയും ചെയ്യുന്നു ചിത്രം.

Tuesday, 28 April 2015

8.Stoning of Soraya M

Persian/2008/116min
Directed by  Cyrus Nowrasteh













ഇറാനിയൻ സിനിമകൾ ലോകനിലവാരത്തിൽ ശ്രദ്ധിക്കപ്പെടുന്നതും, ചർച്ച ചെയ്യപ്പെടുന്നതും അവയുടെ  പ്രമേയ ഗൗരവവും, അതുപോലെ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും കൊണ്ടാണെന്ന കാര്യത്തിൽ സംശയമില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എന്തുകൊണ്ട് ഇത്തരത്തിലുള്ള സിനിമാ-ശ്രമങ്ങൾ ഏറിയ തോതിൽ ഉണ്ടാവുന്നില്ല എന്നത് വലിയൊരു ചോദ്യമാണ്. ഇവിടെയാണ്‌ ഇറാൻ സിനിമകളുടെ പ്രസക്തി. പരിമിതമായ വ്യക്തി സ്വാതന്ത്ര്യവും, ശക്തമായ നിയമ വ്യവസ്ഥകളും, തെറ്റായി വ്യാകരണം ചെയ്യപ്പെടുന്ന മതത്തേയും, അവക്കുള്ളിൽ തന്നെ നിന്നുകൊണ്ട് ചോദ്യം ചെയ്യുന്ന ചലച്ചിത്ര ശ്രമങ്ങളിൽ മുന്നിൽ നിൽക്കും 'Stoning Of Soraya' എന്ന ചിത്രം. 

'മതവും മനുഷ്യനും' ഏറെ ചർച്ച ചെയ്യപ്പെട്ടതും, തുടർ ചർച്ചകൾക്ക് ഇനിയും അധികം സാധ്യതയുള്ളതുമായ ഒരു വിഷയമാണ്. ഈ വിഷയത്തിന്റെ തുടർ ചർച്ച മാത്രമാവുന്നില്ല 'Stoning of soraya ',  മറിച്ച് ഒരു സമൂഹത്തിന്റെ നേർ പകർപ്പുമാകുന്നുണ്ട്. സുരയ്യയുടെ അസ്ഥികൾ നദീ തീരത്ത് നിന്നും പെറുക്കിയെടുക്കുന്ന സഹോദരിയിൽ (Zahra ) നിന്നും ചിത്രം തുടങ്ങുന്നു. സുരയ്യയുടെ ജീവിതം Zahra  ഒരു മാധ്യമപ്രവർത്തകക്കു വിവരിച്ച് കൊടുക്കുന്നതിലൂടെയാണ് ചിത്രത്തിന്റെ തുടർ സഞ്ചാരം.


ഭർത്താവ് അലിയിൽ നിന്നും ഏറെ പീഡനങ്ങൾ അനുഭവിചിച്ചിരുന്നു സുരയ്യ. മറ്റൊരു 14 വയസ്സുകാരിയെ വിവാഹം കഴിക്കാനുള്ള ശ്രമത്തിലാണ് അയാൾ. അയാളുടെ രണ്ടാം വിവാഹത്തിനു സുരയ്യ സമ്മതിക്കാത്തിടത്ത്  പ്രശ്നങ്ങൾ തുടങ്ങുന്നു. സുരയ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന കഥകൾ അലി പ്രചരിപ്പിക്കുന്നു. തുടർന്ന് മതത്തിനും അതിന്റെ വിശുദ്ധിക്കുമെല്ലാം തന്നെ എതിരായി പ്രവർത്തിച്ച അവളെ കല്ലെറിഞ്ഞു കൊല്ലാൻ വിശ്വാസികൾ തയ്യാറാകുന്നു. പുരോഹിതർ മഹത് വചനങ്ങൾ പാടി. ഒരു സമൂഹം മൊത്തം അവളെ ദാരുണമായി കല്ലെറിയുന്നിടത്ത് മനുഷ്യത്വം ചോദ്യം ചെയ്യുന്നു സംവിധായകൻ. അവളുടെ മരണം അങ്ങേയറ്റം ക്രൂരതയുടെ നേർക്കാഴ്ച്ചയാകുമ്പോൾ ആ ദൃശ്യങ്ങൾക്ക് നേരെ മുഖം തിരിക്കേണ്ടി വരുന്നു പ്രേക്ഷകന് ! സുരയ്യയുടെ ജീവിതം പിന്നീട് മാധ്യമ പ്രവർത്തകയിലൂടെ പുറം ലോകം അറിയും എന്ന പ്രത്യാശയോടെ ചിത്രം പൂർണ്ണമാകുന്നു. ഒരു യതാർത്ഥ സംഭവത്തെ ആസ്പദമാക്കി യാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന കാര്യം നൽകുന്ന അമ്പരപ്പ് ചെറുതല്ല !





പുരുഷാധിപത്യത്തിന്റെയും സ്ത്രീ ആസ്വാതന്ത്ര്യത്തിന്റേയും ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലുന്ന ചിത്രം തിന്മകൾക്കെതിരെ ശബ്ദമുയർത്തുന്നു.  Freidoune Sahebjam എന്ന പത്രപ്രവർത്തകൻ തനിക്കു ലഭിച്ച തെളിവുകളെ ആധാരമാക്കി രചിച്ച La Femme Lapidée എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2008-ലെ Toronto International Film Festival -ൽ Director's Choice പുരസ്കാരം നേടിയ ചിത്രം ഒരു മികച്ച ദൃശ്യാവിഷ്ക്കാരം എന്നതിനോടൊപ്പം ഒരു ആക്റ്റിവിസമായി  കണക്കാക്കാം. എന്തെന്നാൽ ആധുനിക ലോകത്ത് സ്ത്രീകൾ എങ്ങനെയെല്ലാം വേട്ടയാടപ്പെടുന്നു, വ്യവസ്ഥിതികൾ അവരുടെ സ്വാതന്ത്ര്യം എങ്ങനെയെല്ലാം നിഷേധിക്കുന്നു എന്നതിന്റെയെല്ലാം നേർക്കാഴ്ച്ചയാകുന്നുണ്ട് ചിത്രം.

ചലച്ചിത്രം എന്ന മാധ്യമത്തിന്റെ സ്വാധീനവും സാധ്യധകളും വ്യക്തമാക്കുന്നുണ്ട് 'Stoning of Soraya M '. ഒരു മികച്ച കലാ സൃഷ്ട്ടി എന്ന നിലയിൽ സംവിധായകന് അഭിമാനവും, പ്രേക്ഷകന് സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്താനുള്ള അവസരവും ആകുന്നുണ്ട് ചിത്രം.

7.Whiplash

English/2014/106min
Directed by Damien Chazelle












ലക്ഷ്യത്തെ മുന്നിൽ കണ്ടുള്ള പരിശ്രമങ്ങളാണ്, അവയുടെ സാക്ഷാത്കാരത്തിനു പിന്നിൽ എന്നും. 'നന്നായിരിക്കുന്നു' എന്ന മറ്റുള്ളവരുടെ പരിശ്രമ വേളയിലെ അഭിനന്ദനമാണോ അതോ വിമർശനങ്ങളാണോ വിജയിയെന്ന് വിളിക്കപ്പെടാൻ  ഒരുവനെ കൂടുതൽ പ്രാപ്തമാക്കുന്നത് ?

''There are no two words in English language more harmful than 'good job' !''

Damien Chazelle എഴുതി സംവിധാനം ചെയ്ത 'Whiplash ' എന്ന ചിത്രം, സംവിധായകന്റെ തന്നെ ഹൈസ്കൂൾ പഠനകാലത്തെ അനുഭവങ്ങളിൽ നിന്നും ഉടലെടുത്തതാണ്. സാങ്കേതിക മികവിലാണ്  'Whiplash ' ഏറെ പ്രശംസ അർഹിക്കുന്നത്. Andrew Neimen എന്ന ഡ്രമ്മറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. പ്രശസ്തമായ ഷഫെറില്‍ സംഗീത സ്കൂളിലെ ഒന്നാം വർഷ ജാസ്സ് വിദ്യാർത്ഥിയാണവൻ. ലോകത്തിലെ തന്നെ മികച്ച  ഡ്രമ്മർ-മാരിൽ ഒരാളാവാൻ നൈമൻ എന്ന 19 വയസ്സുകാരൻ ആഗ്രഹിക്കുന്നു.

തന്റെ ലക്ഷ്യത്തിനായി  നെയ്മൻ  ഏറെ പരിശ്രമിക്കുന്നുണ്ട്. ക്ലാസ്സിനു ശേഷവും , ഏറെ വൈകിയുമെല്ലാം അവൻ പ്രാക്ടീസ് ചെയ്യുന്നു. J .K  Simmons അവതരിപ്പിച്ച Fletcher എന്ന അദ്ധ്യാപകൻ വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പ്രകോപിപ്പിക്കുന്നു. ഏവരും അയാളെ ഭയപ്പെടുന്നു. നൈമന്റെ കഴിവിനെ തിരിച്ചറിഞ്ഞു അവനെ ബാൻഡിലെ Core drummer ആയി പരിഗണിച്ചു മത്സരങ്ങൾക്ക് വായിക്കാൻ അവസരം നൽകുന്നുണ്ടയാൾ. എന്നാൽ ഒരു ഘട്ടത്തിൽ Drums  നൈമന്റെ ജീവിതത്തിൽ നിന്നും അകന്നു പോകുന്നതിനും Fletcher കാരണക്കാരനാകുന്നുണ്ട്.




ജാസ്സ്-സംഗീത ലോകത്തിലേക്ക്, പ്രേക്ഷകനെ കൂട്ടികൊണ്ട് പോകുന്നുണ്ട് 'Whiplash '. സംഗീതം പ്രമേയമാക്കി ഒരുക്കിയ ചിത്രം ആദ്യാവസാനം വരെ രസച്ചരടിനെ ബാധിക്കാതെ ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.മികവുറ്റതായി വിലയിരുത്തുമ്പോഴും ക്ലീഷേ മുക്തമല്ല ചിത്രം. സാങ്കേതികതയുടെ മികവ് 2014 ലെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറാൻചിത്രത്തിന് നൽകിയ സംഭാവന ചെറുതല്ല.

Miles Teller ആണ് നൈമനെ അവതരിപ്പിച്ചത്. Fletcher എന്ന കഥാപാത്രം 87-ആം ഓസ്‌കാർ അവാർഡ്സിലെ മികച്ച സഹനടനുള്ള പുരസ്ക്കാരത്തിന് സിമ്മൻസിനെ അർഹനാക്കി. ഏതൊരു പ്രേക്ഷകനും ചിത്രം കണ്ടതിനു ശേഷം ഓർത്തിരിക്കും തരത്തിലുള്ള പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചിരിക്കുന്നത്. മികച്ച സൌണ്ട് മിക്സിങ്ങ്, മികച്ച എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലും ചിത്രം ഓസ്‌കാർ പുരസ്കാരം കരസ്ഥമാക്കി. ക്ലൈമാക്സ് രംഗം ആവേശകരമാക്കി തീർക്കാൻ ഏറെ സഹായകമായി ഇവ. ഡ്രമ്സിലേക്ക് ചോര വീഴ്ത്തുന്ന പ്രകടനങ്ങൾക്കായി ചിത്രം കാണുക തന്നെ വേണം !

Tuesday, 21 April 2015

6.The Good Road

Gujarathi/2013/92min
Directed by Gyan  Correa









നിരാശ ബാക്കിയാക്കുന്ന  'നല്ല പാത' 


പാതകൾ നയിക്കുന്ന യാത്രകളിലെ യാഥൃശ്ചികത്വമാണ്‌ ' ദി ഗുഡ് റോഡ്‌ ' എന്ന ഗുജറാത്തി ചിത്രം.മൂന്ന് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ ഉള്ളവരുടെ ഒരു ദിവസത്തെ യാത്രയിൽ വന്നുചേരുന്ന യാഥൃശ്ചികത്വമാണ്‌ Gyan  Correa - യുടെ ഈ ചിത്രം പറയുന്നത്.  2013-ലെ മികച്ച ഗുജറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ഈ ചിത്രത്തിനായിരുന്നു. കൂടാതെ ഓസ്കാർ ശുപാർശ ചെയ്തുവെങ്കിലും നോമിനേഷൻ ലഭിക്കുകയുണ്ടായില്ല.


ചില പ്രത്യേക ലക്ഷ്യങ്ങളുമായി ലോറിയിൽ ചരക്ക് കൊണ്ടുപോകുന്ന പപ്പു എന്ന ലോറി ഡ്രൈവറാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം. അയാളോടൊപ്പം ഷൗക്കത്ത് എന്ന ക്ലീനറും ഉണ്ട്. വല്ലപ്പോഴും മാത്രം സംസാരിക്കുന്ന പ്രക്രതക്കാരനാണയാൾ. തുടർച്ചയായ യാത്രകളുടെ മനംമടുപ്പും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ സാധിക്കാത്തതിലുള്ള നിരാശയും അയാളിലുണ്ട്. അവധിക്കാല യാത്രക്ക് മാതാപിതാക്കൾക്കൊപ്പം  പുറപ്പെട്ടതാണ് ആദി 
എന്ന ബാലൻ. ആ യാത്രയിൽ വളരെയധികം വിരസത അനുഭവപ്പെടുന്നുണ്ട് അവന്. യാത്രയിൽ ഇടയ്ക്കു വെച്ച് ആദി വണ്ടിയിൽ ഇല്ലാത്തത് അറിയാതെ മാതാപിതാക്കൾ യാത്ര തുടരുന്നു. ഏറെ ദൂരം പിന്നിട്ട ശേഷം, മകനെ കാണാനില്ല എന്ന്  മനസ്സിലാക്കി അവർ പോലീസിൽ അറിയിക്കുന്നു.
അനാഥയായ തന്നെ തന്റെ അമ്മൂമ്മ സംരക്ഷിക്കും എന്ന പ്രതീക്ഷയോടെ യാത്രതിരിച്ചു ഒരു ബാല വേശ്യാലയത്തിൽ എത്തിചേരുകയാണ് പൂനം എന്ന ബാലിക. തീർത്തും നിസ്സംഗയാണവൾ.



മാതാപിതാക്കളെ തേടി പപ്പുവിനൊപ്പം ലോറിയിൽ ആദി യാത്രതിരിക്കുന്നു. ആദിക്ക് കൂട്ടായി ഒരു പട്ടി കുട്ടിയുമുണ്ട്. യാത്രയുടെ തുടക്കത്തിൽ അനാഥനായ  ഷൗക്കത്തിനു മാതാപിതാക്കളെ തിരയുന്ന ആദിയോട്  വിരക്തി തോന്നുന്നുവെങ്കിലും പതിയെ ആദിയിൽ പപ്പുവിനും ഷൗക്കത്തിനും പ്രിയമേറുന്നു. ആദിയുടെ തന്നെ പ്രായത്തിലുള്ള തന്റെ അനന്തരവൾ പിങ്കിയെ പപ്പു അവനിലൂടെ കാണുന്നു. മകനെ തേടി 
ആദിയുടെ അച്ഛൻ, ഡേവിഡ്‌ പോലീസുകാരനോടൊപ്പം വന്ന വഴിയെ തിരിക്കുന്നു. ബാല്യ വേശ്യാലയത്തിൽ നിന്നും തിരികെ പോരാൻ ശ്രമിക്കുകയാണ് പൂനം. ഇത്രയും ഉൾക്കൊള്ളുന്നതാണ് ചിത്രത്തിന്റെ ബാക്കി പത്രം. ഈ മൂന്നുകൂട്ടരും, അവരുടെ യാത്രയും, സംഗമിക്കുന്നിടത്താണ് ചിത്രത്തിന്റെ ക്ലൈമാക്സ്.

അപരിചിതരായ , മൂന്നു വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്നുള്ളവരും അവർക്കിടയിൽ വന്നുചേരുന്ന യാഥൃശ്ചികത്വവും, അതിലേക്കവരെ നയിച്ച 'നല്ല പാതയുമാണ്' ചിത്രം.നമുക്ക് പരിചിതമല്ലാത്ത ചില  സാമൂഹ്യാന്തരീക്ഷങ്ങൾ  ചിത്രം അവതരിപ്പിക്കുന്നുണ്ട്. ബാലവേശ്യാലയത്തിൽ നിന്നും പരിചയപ്പെടുന്ന റിങ്കലിനോട് തന്നോടൊപ്പം വരാൻ പൂനം പറയുമ്പോൾ ഇതാണ് തന്റെ വീടെന്നും, താനിവിടെ തന്നെ നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും രിങ്കെൽ പറയുന്നത് ശ്രദ്ധേയമാണ്. നന്മകളും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന ഗ്രാമവാസികളെ ചിത്രം അങ്ങനെ തന്നെ അവതരിപ്പിക്കുന്നുണ്ട്. സാമൂഹിക-സാമ്പത്തിക അന്തരങ്ങളെ മുഖവുരക്കെടുക്കുന്നില്ല സംവിധായകൻ. പപ്പുവും, ആദിയും, ഷൗക്കത്തും  ഒരുമിച്ചുള്ള യാത്രയിലെങ്ങും ആ അന്തരത്തെ സംവിധായകൻ അവഗണിച്ചത് ശ്രദ്ധേയമാണ്. പപ്പുവിനും ഷൗക്കത്തിനും ഒപ്പം ഭക്ഷണം കഴിക്കുന്നതിലും യാത്ര പങ്കിടുന്നതിലും ആദിയിൽ വിരക്തി ഒട്ടുമില്ല.


നിലവാരമുള്ള തിരക്കഥയുള്ള ചിത്രത്തിൽ എന്നാൽ മികവുറ്റ ഒരു സംവിധാനത്തിന്റെ അഭാവം  പ്രത്യക്ഷമായിരുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അഭിനേതാകളുടെ പ്രകടനവും മികച്ചതെന്നു വിലയിരുത്താൻ സാധിക്കുകയില്ല. പൂനം എന്ന ബാലികയെ അവതരിപ്പിച്ച പൂനം കേസർ സിംഗ് അഭിനന്ദനം അർഹിക്കുന്നു. റിതേഷ് ബത്രയുടെ 'ദി ലഞ്ച് ബോക്സ്‌'- നെ പിന്തള്ളി ചിത്രം ഒസ്ക്കാറിനു ശുപാർശ ചെയ്യപ്പെട്ടത് തീർത്തും അപ്രതീക്ഷിതമായിരുന്നു.

5.December 1

Kannada/2014/98min
Directed by P Sheshadri









'എന്തുകൊണ്ട് നമ്മുടെ സിനിമകൾ ലോകനിലവാരത്തിൽ എത്തുന്നില്ല ?' ; 100 വർഷങ്ങൾ പിന്നിട്ട ഇന്ത്യൻ സിനിമയുടെ ആസ്വാദകർ പലപ്പോഴായി ചിന്തിച്ചിട്ടുള്ളതാവും ഇക്കാര്യം. വ്യക്തമായ ഉത്തരമില്ലെങ്കിലും വലിയ തോതിലുള്ള വാണിജ്യവൽക്കരണവും,  ഐറ്റം നമ്പറുകളും, താര പരിവേഷങ്ങളും എല്ലാം തന്നെ ഇതിനു കാരണങ്ങളാണ്. സവിശേഷമായ ശ്രദ്ധ ആവിശ്യപ്പെടുന്ന ചിത്രങ്ങൾക്ക് പലപ്പോഴും അത് ലഭിച്ചതായി കാണുന്നില്ല. അങ്ങിങ്ങായി നടക്കുന്ന മുഖ്യധാരാ സംവിധായകരുടെ ചലച്ചിത്ര ശ്രമങ്ങൾ ഒരു പരിധിവരെ ലോകനിലവാരത്തിലേക്ക് ഉയരാൻ ഇന്ത്യൻ സിനിമകളെ സഹായിക്കുന്നു. അത്തരത്തിൽ ഉള്ള  ഒരു വലിയ ശ്രമമാണ് പി ശേഷാദ്രി-യുടെ ഡിസംബർ 1 എന്ന ചിത്രം നടത്തുന്നത്.


കർണാടകയിലെ ബസുപുര എന്ന ഗ്രാമത്തിൽ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ട്പോകാൻ ഏറെ പാടുപെടുന്നുണ്ട് മാദേവപ്പയും അയാളുടെ പത്നി ദേവക്കയും. താനുണ്ടാക്കുന്ന ചപ്പാത്തി, കൈകുഞ്ഞിനേയും എടുത്തുകൊണ്ട്  ഏറെ അകലെയുള്ള നഗരത്തിൽ കൊണ്ടുപോയി വിൽക്കുന്നു ദേവക്ക. മാദേവപ്പ ഒരു ഫ്ലോർ മില്ലിൽ ജോലി ചെയ്യുന്നു. സന്തുഷ്ട്ടമായ കുടുംബ ജീവിതമാണെങ്കിലും ദാരിദ്ര്യം ഒരു വെല്ലുവിളിയായി തീരുന്നുണ്ട് അവർക്ക്. തന്റെ മൂത്ത മകന് ചെരുപ്പ് വാങ്ങാൻ ദേവക്ക നടത്തുന്ന ശ്രമങ്ങൾ അത് എടുത്തുകാണിക്കുന്നുണ്ട്. അപ്രതീക്ഷിതമായി ആ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിക്കാൻ ഒരുങ്ങുന്നതായി അറിയുന്നു !  തുടർന്ന് ആ ദരിദ്ര കുടുംബം മുഖ്യമന്ത്രിയുടെ വരവിനായി തയ്യാറെടുക്കുകയാണ്. മുഖ്യമന്ത്രിയുടെ വരവിനു പിന്നിലെ ഉദ്ധേശ ലക്ഷ്യങ്ങൾ ആകാംക്ഷ കൈവിടാതെ നിലനിർത്തുന്നു ചിത്രം.



തീർത്തും ലളിതമായ അവതരണമാണെങ്കിലും പ്രമേയപരമായി ഉയർന്ന തലങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. വോട്ട്-ബാങ്ക്  രാഷ്ട്രീയത്തെയും,അഴിമതിയേയും,സർക്കാർ അനാസ്ഥകളേയും സക്തമായി വിമർശിക്കുന്നു സംവിധായകൻ. വികസ്വര രാഷ്ട്രമായി ഉയരാനുള്ള ശ്രമങ്ങൾ നഗരങ്ങളെ മാത്രം  കേന്ദ്രീകരിച്ചാണെന്നും , മൂല്യബോധങ്ങൾ സൂക്ഷിക്കുന്ന ഗ്രാമങ്ങൾക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും പറയാതെ പറയുന്നു ചിത്രം. എന്നാൽ ഗ്രാമങ്ങളിൽ ഇന്നും അനുഷ്ട്ടിച്ചു പോരുന്ന ദേവദാസി സംമ്പ്രദായങ്ങളെയും മറ്റു അനാചാരങ്ങളെയും തുറന്നു കാണിക്കുക കൂടി ചെയ്യുന്നുണ്ട് സംവിധായകൻ.


ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിച്ച അശോക്‌ വി രാമൻ ഏറെ അഭിനന്ദനമർഹിക്കുന്നു. ഗ്രാമത്തിലൂടെ ഹെലികോപ്റ്റർ കടന്നു പോകുന്ന ദൃശ്യത്തിൽ അതിന്റെ പങ്കകൾ മണ്ണിനെ കീറിമുറിക്കുന്ന പോലുള്ള അനുഭൂതി ആസ്വാദകന് ലഭിക്കുന്നുണ്ട്. വ്യവസായവൽക്കരണവും  കാർഷിക സംസ്കാരവും തമ്മിലുള്ള കലഹമാവുന്നുണ്ട് ചിത്രം. ആന്തര ഘടനയുടെ അപജയം എങ്ങനെയെല്ലാം മാനുഷിക-സാമൂഹിക ജീവിതങ്ങളെ സ്തംഭിപ്പിക്കുന്നു എന്നും ഭരണാധികാരികൾ ഉനരെനമെന്നും ശാസിക്കുന്നു ചിത്രം. ദേവക്ക യായി മികച്ച പ്രകടനം കാഴ്ച്ചവെച്ച നിവേദിത മികച്ച നടിക്കുള്ള  കന്നഡ സംസ്ഥാന പുരസ്ക്കാരം സ്വന്തമാക്കി. സ്ത്രീ  കേന്ദ്രീകൃത  ചിത്രമായി തന്നെ വിലയിരുത്താം ഡിസംബർ 1. 


61-ആം ദേശീയ പുരസ്കാരത്തിൽ മികച്ച കന്നഡ ചിത്രത്തിനും,  മികച്ച  തിരക്കഥക്കും ഉള്ള  പുരസ്കാരം ചിത്രം സ്വന്തമാക്കിയത്തിൽ അതിശയമില്ല. ചിത്രത്തിന്റെ ക്ലൈമാക്സ് പ്രേക്ഷകർക്ക്‌ ഒരേസമയം ഞെട്ടലും പുത്തൻ ചിന്താസരണിയും സമ്മാനിക്കുന്നു. ഒരു പക്ഷെ സത്യജിത് റേ -ക്ക് ശേഷം പി ശേഷാദ്രി ആയിരിക്കാം ഗ്രാമങ്ങളെയും ഇന്ത്യൻ ജനതയേയും, ജീവിത സാഹചര്യങ്ങളെയും ഇത്രയും നിരീക്ഷണ ബുദ്ധിയോടെ നോക്കികണ്ടത്.

Wednesday, 15 April 2015

4.Wadjda

Arabic/2012/98min
Directed by Haifaa al-Mansour














കാമ്പുള്ള പ്രമേയങ്ങൾക്ക് ചലച്ചിത്ര ഭാഷ്യമൊരുങ്ങുമ്പോൾ പലപ്പോഴും നഷ്ട്ടപ്പെടുന്നത് അവതരണത്തിലെ ലാളിത്യ ഭംഗിയാണ്‌. ഈയൊരു കാരണം കൊണ്ടാണ് ഗൗരവമേറിയ ചിത്രങ്ങൾ ചെറിയതോതിൽ എങ്കിലും സാധാരണക്കാരിൽ നിന്നും അകന്നുനിൽക്കുന്നത്. മികച്ച പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന എന്നാൽ ലാളിത്യമുള്ള, ലോക ക്ലാസ്സിക്കുകൾ പരിശോധിക്കുമ്പോൾ ആദ്യം ഓർമ്മയിൽ എത്തുന്നത് മജീദ് മജീദിയുടെ 'Children of heaven' എന്ന ചിത്രമാണ്. ഏതൊരു ആസ്വാദകനും ഉൾക്കൊള്ളാൻ സാധിക്കുന്ന ആ ചിത്രത്തിന്റെ അതേ സഞ്ചാരപാത തന്നെയാണ് 'Wadjda' എന്ന അറബിക് ചിത്രവും സ്വീകരിച്ചിട്ടുള്ളത്.

വൈദ എന്ന പതിനൊന്നു വയസ്സുകാരിയുടെ ഒരു സൈക്കിൾ സ്വന്തമാക്കാനുള്ള മോഹവും അത് സാധ്യമാക്കാൻ അവൾ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം. സ്വന്തം സൈക്കളിൽ വരുന്ന അലി എന്ന സുഹൃത്തിനെ ഒരു തവണയെങ്കിലും സൈക്കിൾ റേസിൽ തോൽപ്പിക്കണം എന്ന ആഗ്രഹം അവളുടെ സ്വപ്നത്തിനു വേഗം കൂട്ടുന്നു. രണ്ടാം വിവാഹത്തിനായി തയ്യാറെടുക്കുകയാണ്  വൈദയുടെ പിതാവ്. പെണ്‍കുട്ടികൾ സൈക്കിൾ ചവിട്ടാൻ പാടില്ല എന്ന സാമ്പ്രദായിക വിചാരം വൈദയുടെ സ്വപ്നങ്ങൾക്ക് വിലങ്ങിടുന്നു.തുടർന്ന് സൈക്കിൾ സ്വന്തമാക്കാനുള്ള പണം സ്വയം കണ്ടെത്താൻ പരിശ്രമിക്കുന്നു അവൾ.


അറബ് രാഷ്ട്രങ്ങളിലെ സ്ത്രീ സമൂഹം നേരിടുന്ന അസ്വാതന്ത്ര്യവും, പുരുഷ മേധാവിത്ത്വവും ചിത്രം തുറന്നു കാണിക്കുന്നുണ്ട്. മനസ്സിലെ വിവിധ നിറങ്ങളെ പർദ്ദയുടെ ഉളളിൽ ഒളിച്ചു സൂക്ഷിക്കുന്ന സ്ത്രീ സമൂഹത്തിന്റെ യഥാർത്ഥ പ്രതിനിധിയാണ് വൈദയുടെ മാതാവ്. തെറ്റായി വ്യാകരണം ചെയ്യപ്പെടുന്ന മതവും വ്യവസ്ഥകളും എങ്ങനെയെല്ലാം സ്ത്രീ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നു എന്നതിന്റെ നേർക്കാഴ്ച്ചയാകുന്നുണ്ട്  ചിത്രം.

വൈദയുടെ പിതാവിന്റെ രണ്ടാം വിവാഹവും, അതിനോടൊപ്പം തന്നെ സ്വാതന്ത്ര്യത്തിന്റെ എല്ലാ വശങ്ങളും മകൾ അനുഭവിക്കണം എന്ന ചിന്തയോടെ സൈക്കിൾ മാതാവ് അനുവദിക്കുകയും, സുഹൃത്ത് അലിയെ വൈദ റേസിൽ  തോൽപ്പിക്കുകയും ചെയ്യുന്നിടത്ത് പുത്തൻ പാതയൊരുക്കി ചിത്രം പൂർത്തിയാകുന്നു. മതം മനുഷ്യ നന്മക്കാണെങ്കിലും  അതിന്റെ അതിപ്രസരം അരാജകത്വത്തിലേക്ക് വഴിയൊരുക്കും എന്ന് പറയുന്നുണ്ട് ചിത്രം.


ലളിതമായ അവതരണവും ദൃശ്യഭംഗിയും ചിത്രത്തെ കൂടുതൽ ആസ്വാധ്യമാക്കുന്നു. കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിനും, ആസ്വാദനത്തിലും നൂറു ശതമാനം സത്യസന്ധത കാട്ടുന്ന ചിത്രം സിനിമാ പ്രേമികൾക്കും, സിനിമാ വിദ്യാർത്തികൾക്കും നല്ല അനുഭവമായിരിക്കും.