Search Movies

Tuesday, 28 April 2015

7.Whiplash

English/2014/106min
Directed by Damien Chazelle












ലക്ഷ്യത്തെ മുന്നിൽ കണ്ടുള്ള പരിശ്രമങ്ങളാണ്, അവയുടെ സാക്ഷാത്കാരത്തിനു പിന്നിൽ എന്നും. 'നന്നായിരിക്കുന്നു' എന്ന മറ്റുള്ളവരുടെ പരിശ്രമ വേളയിലെ അഭിനന്ദനമാണോ അതോ വിമർശനങ്ങളാണോ വിജയിയെന്ന് വിളിക്കപ്പെടാൻ  ഒരുവനെ കൂടുതൽ പ്രാപ്തമാക്കുന്നത് ?

''There are no two words in English language more harmful than 'good job' !''

Damien Chazelle എഴുതി സംവിധാനം ചെയ്ത 'Whiplash ' എന്ന ചിത്രം, സംവിധായകന്റെ തന്നെ ഹൈസ്കൂൾ പഠനകാലത്തെ അനുഭവങ്ങളിൽ നിന്നും ഉടലെടുത്തതാണ്. സാങ്കേതിക മികവിലാണ്  'Whiplash ' ഏറെ പ്രശംസ അർഹിക്കുന്നത്. Andrew Neimen എന്ന ഡ്രമ്മറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. പ്രശസ്തമായ ഷഫെറില്‍ സംഗീത സ്കൂളിലെ ഒന്നാം വർഷ ജാസ്സ് വിദ്യാർത്ഥിയാണവൻ. ലോകത്തിലെ തന്നെ മികച്ച  ഡ്രമ്മർ-മാരിൽ ഒരാളാവാൻ നൈമൻ എന്ന 19 വയസ്സുകാരൻ ആഗ്രഹിക്കുന്നു.

തന്റെ ലക്ഷ്യത്തിനായി  നെയ്മൻ  ഏറെ പരിശ്രമിക്കുന്നുണ്ട്. ക്ലാസ്സിനു ശേഷവും , ഏറെ വൈകിയുമെല്ലാം അവൻ പ്രാക്ടീസ് ചെയ്യുന്നു. J .K  Simmons അവതരിപ്പിച്ച Fletcher എന്ന അദ്ധ്യാപകൻ വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പ്രകോപിപ്പിക്കുന്നു. ഏവരും അയാളെ ഭയപ്പെടുന്നു. നൈമന്റെ കഴിവിനെ തിരിച്ചറിഞ്ഞു അവനെ ബാൻഡിലെ Core drummer ആയി പരിഗണിച്ചു മത്സരങ്ങൾക്ക് വായിക്കാൻ അവസരം നൽകുന്നുണ്ടയാൾ. എന്നാൽ ഒരു ഘട്ടത്തിൽ Drums  നൈമന്റെ ജീവിതത്തിൽ നിന്നും അകന്നു പോകുന്നതിനും Fletcher കാരണക്കാരനാകുന്നുണ്ട്.




ജാസ്സ്-സംഗീത ലോകത്തിലേക്ക്, പ്രേക്ഷകനെ കൂട്ടികൊണ്ട് പോകുന്നുണ്ട് 'Whiplash '. സംഗീതം പ്രമേയമാക്കി ഒരുക്കിയ ചിത്രം ആദ്യാവസാനം വരെ രസച്ചരടിനെ ബാധിക്കാതെ ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.മികവുറ്റതായി വിലയിരുത്തുമ്പോഴും ക്ലീഷേ മുക്തമല്ല ചിത്രം. സാങ്കേതികതയുടെ മികവ് 2014 ലെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറാൻചിത്രത്തിന് നൽകിയ സംഭാവന ചെറുതല്ല.

Miles Teller ആണ് നൈമനെ അവതരിപ്പിച്ചത്. Fletcher എന്ന കഥാപാത്രം 87-ആം ഓസ്‌കാർ അവാർഡ്സിലെ മികച്ച സഹനടനുള്ള പുരസ്ക്കാരത്തിന് സിമ്മൻസിനെ അർഹനാക്കി. ഏതൊരു പ്രേക്ഷകനും ചിത്രം കണ്ടതിനു ശേഷം ഓർത്തിരിക്കും തരത്തിലുള്ള പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചിരിക്കുന്നത്. മികച്ച സൌണ്ട് മിക്സിങ്ങ്, മികച്ച എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലും ചിത്രം ഓസ്‌കാർ പുരസ്കാരം കരസ്ഥമാക്കി. ക്ലൈമാക്സ് രംഗം ആവേശകരമാക്കി തീർക്കാൻ ഏറെ സഹായകമായി ഇവ. ഡ്രമ്സിലേക്ക് ചോര വീഴ്ത്തുന്ന പ്രകടനങ്ങൾക്കായി ചിത്രം കാണുക തന്നെ വേണം !

No comments:

Post a Comment