Search Movies

Tuesday, 21 April 2015

6.The Good Road

Gujarathi/2013/92min
Directed by Gyan  Correa









നിരാശ ബാക്കിയാക്കുന്ന  'നല്ല പാത' 


പാതകൾ നയിക്കുന്ന യാത്രകളിലെ യാഥൃശ്ചികത്വമാണ്‌ ' ദി ഗുഡ് റോഡ്‌ ' എന്ന ഗുജറാത്തി ചിത്രം.മൂന്ന് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ ഉള്ളവരുടെ ഒരു ദിവസത്തെ യാത്രയിൽ വന്നുചേരുന്ന യാഥൃശ്ചികത്വമാണ്‌ Gyan  Correa - യുടെ ഈ ചിത്രം പറയുന്നത്.  2013-ലെ മികച്ച ഗുജറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ഈ ചിത്രത്തിനായിരുന്നു. കൂടാതെ ഓസ്കാർ ശുപാർശ ചെയ്തുവെങ്കിലും നോമിനേഷൻ ലഭിക്കുകയുണ്ടായില്ല.


ചില പ്രത്യേക ലക്ഷ്യങ്ങളുമായി ലോറിയിൽ ചരക്ക് കൊണ്ടുപോകുന്ന പപ്പു എന്ന ലോറി ഡ്രൈവറാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം. അയാളോടൊപ്പം ഷൗക്കത്ത് എന്ന ക്ലീനറും ഉണ്ട്. വല്ലപ്പോഴും മാത്രം സംസാരിക്കുന്ന പ്രക്രതക്കാരനാണയാൾ. തുടർച്ചയായ യാത്രകളുടെ മനംമടുപ്പും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ സാധിക്കാത്തതിലുള്ള നിരാശയും അയാളിലുണ്ട്. അവധിക്കാല യാത്രക്ക് മാതാപിതാക്കൾക്കൊപ്പം  പുറപ്പെട്ടതാണ് ആദി 
എന്ന ബാലൻ. ആ യാത്രയിൽ വളരെയധികം വിരസത അനുഭവപ്പെടുന്നുണ്ട് അവന്. യാത്രയിൽ ഇടയ്ക്കു വെച്ച് ആദി വണ്ടിയിൽ ഇല്ലാത്തത് അറിയാതെ മാതാപിതാക്കൾ യാത്ര തുടരുന്നു. ഏറെ ദൂരം പിന്നിട്ട ശേഷം, മകനെ കാണാനില്ല എന്ന്  മനസ്സിലാക്കി അവർ പോലീസിൽ അറിയിക്കുന്നു.
അനാഥയായ തന്നെ തന്റെ അമ്മൂമ്മ സംരക്ഷിക്കും എന്ന പ്രതീക്ഷയോടെ യാത്രതിരിച്ചു ഒരു ബാല വേശ്യാലയത്തിൽ എത്തിചേരുകയാണ് പൂനം എന്ന ബാലിക. തീർത്തും നിസ്സംഗയാണവൾ.



മാതാപിതാക്കളെ തേടി പപ്പുവിനൊപ്പം ലോറിയിൽ ആദി യാത്രതിരിക്കുന്നു. ആദിക്ക് കൂട്ടായി ഒരു പട്ടി കുട്ടിയുമുണ്ട്. യാത്രയുടെ തുടക്കത്തിൽ അനാഥനായ  ഷൗക്കത്തിനു മാതാപിതാക്കളെ തിരയുന്ന ആദിയോട്  വിരക്തി തോന്നുന്നുവെങ്കിലും പതിയെ ആദിയിൽ പപ്പുവിനും ഷൗക്കത്തിനും പ്രിയമേറുന്നു. ആദിയുടെ തന്നെ പ്രായത്തിലുള്ള തന്റെ അനന്തരവൾ പിങ്കിയെ പപ്പു അവനിലൂടെ കാണുന്നു. മകനെ തേടി 
ആദിയുടെ അച്ഛൻ, ഡേവിഡ്‌ പോലീസുകാരനോടൊപ്പം വന്ന വഴിയെ തിരിക്കുന്നു. ബാല്യ വേശ്യാലയത്തിൽ നിന്നും തിരികെ പോരാൻ ശ്രമിക്കുകയാണ് പൂനം. ഇത്രയും ഉൾക്കൊള്ളുന്നതാണ് ചിത്രത്തിന്റെ ബാക്കി പത്രം. ഈ മൂന്നുകൂട്ടരും, അവരുടെ യാത്രയും, സംഗമിക്കുന്നിടത്താണ് ചിത്രത്തിന്റെ ക്ലൈമാക്സ്.

അപരിചിതരായ , മൂന്നു വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്നുള്ളവരും അവർക്കിടയിൽ വന്നുചേരുന്ന യാഥൃശ്ചികത്വവും, അതിലേക്കവരെ നയിച്ച 'നല്ല പാതയുമാണ്' ചിത്രം.നമുക്ക് പരിചിതമല്ലാത്ത ചില  സാമൂഹ്യാന്തരീക്ഷങ്ങൾ  ചിത്രം അവതരിപ്പിക്കുന്നുണ്ട്. ബാലവേശ്യാലയത്തിൽ നിന്നും പരിചയപ്പെടുന്ന റിങ്കലിനോട് തന്നോടൊപ്പം വരാൻ പൂനം പറയുമ്പോൾ ഇതാണ് തന്റെ വീടെന്നും, താനിവിടെ തന്നെ നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും രിങ്കെൽ പറയുന്നത് ശ്രദ്ധേയമാണ്. നന്മകളും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന ഗ്രാമവാസികളെ ചിത്രം അങ്ങനെ തന്നെ അവതരിപ്പിക്കുന്നുണ്ട്. സാമൂഹിക-സാമ്പത്തിക അന്തരങ്ങളെ മുഖവുരക്കെടുക്കുന്നില്ല സംവിധായകൻ. പപ്പുവും, ആദിയും, ഷൗക്കത്തും  ഒരുമിച്ചുള്ള യാത്രയിലെങ്ങും ആ അന്തരത്തെ സംവിധായകൻ അവഗണിച്ചത് ശ്രദ്ധേയമാണ്. പപ്പുവിനും ഷൗക്കത്തിനും ഒപ്പം ഭക്ഷണം കഴിക്കുന്നതിലും യാത്ര പങ്കിടുന്നതിലും ആദിയിൽ വിരക്തി ഒട്ടുമില്ല.


നിലവാരമുള്ള തിരക്കഥയുള്ള ചിത്രത്തിൽ എന്നാൽ മികവുറ്റ ഒരു സംവിധാനത്തിന്റെ അഭാവം  പ്രത്യക്ഷമായിരുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അഭിനേതാകളുടെ പ്രകടനവും മികച്ചതെന്നു വിലയിരുത്താൻ സാധിക്കുകയില്ല. പൂനം എന്ന ബാലികയെ അവതരിപ്പിച്ച പൂനം കേസർ സിംഗ് അഭിനന്ദനം അർഹിക്കുന്നു. റിതേഷ് ബത്രയുടെ 'ദി ലഞ്ച് ബോക്സ്‌'- നെ പിന്തള്ളി ചിത്രം ഒസ്ക്കാറിനു ശുപാർശ ചെയ്യപ്പെട്ടത് തീർത്തും അപ്രതീക്ഷിതമായിരുന്നു.

No comments:

Post a Comment