Search Movies

Wednesday, 15 July 2015

14.Kaaka Muttai

Tamil/2015/109min
Directed by M Manikandan














ജനപ്രിയവും എന്നാൽ കലാമൂല്യമുള്ളതുമായ  ചിത്രങ്ങളുടെ അമരത്വം തമിഴ് സിനിമകൾക്ക്‌ തന്നെയെന്നുറപ്പിക്കുകയാണ് നവാഗതനായ എം മണികണ്ഠന്റെ 'കാക്ക മുട്ടൈ'. വിപണികൾ ആകർഷിക്കാത്ത, ആരുമറിയാത്ത ചേരി ജീവിതങ്ങളെ നേരായി പകർത്തി വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്. താര ചിത്രങ്ങളിൽ ഇടി ബഹളങ്ങൾ തുടരുമ്പോൾ സമാന്തരമായി തമിഴിൽ 'കാക്ക മുട്ടൈ'-കൾ പിറവിയെടുക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. 2014ലെ മികച്ച കുട്ടികളുടെ സിനിമക്കുള്ള  ദേശീയ പുരസ്കാരം നേടിയ 'കാക്ക മുട്ടൈ' മികച്ച പ്രദർശന വിജയവും സ്വന്തമാക്കി കഴിഞ്ഞു.

അനുദിനം വികസിക്കുന്ന നഗരത്തിലെ റെയിൽവേ സ്റ്റേഷനടുത്ത് ആയിരങ്ങൾ തിങ്ങിപാർക്കുന്ന ഒരു ചേരിയിലാണ് സഹോദരങ്ങളായ  'പെരിയ കാക്ക മുട്ടയും' 'ചിന്ന കാക്കാ മുട്ടയും' കഴിഞ്ഞുവരുന്നത്. അമ്മയും മുത്തശ്ശിയും അവരോടൊപ്പം ആ ഒറ്റമുറിയിൽ ഉണ്ട്. അച്ഛൻ ജയിലിലും. ദിവസവും കോഴിമുട്ട കഴിക്കാനുള്ള പ്രാപ്തി ഇല്ലാത്തതിനാൽ കാക്കയുടെ മുട്ട മോഷട്ടിച്ചു കഴിക്കുകയാണ് അവരുടെ പതിവ്; 'കാക്കയും ഒരു പക്ഷിയാണല്ലോ' - എന്ന് മുത്തശ്ശി അവരെ ന്യായീകരിക്കുകയും ചെയ്യും (അങ്ങനെ വന്നുചേർന്ന പേരാണ് 'കാക്കാ മുട്ടൈ' ) . നഗരത്തിൽ പുതുതായി തുടങ്ങിയ പിസ്സ ഷോപ്പ് ഇവരെ ഏറെ ആകർഷിക്കുന്നു. പിസ്സ വാങ്ങാനുള്ള  299 രൂപ സ്വരൂപിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് തുടർന്ന് ചിത്രത്തിൽ. കല്‍ക്കരി കൊണ്ടുപോകുന്ന ചരക്കു തീവണ്ടികളില്‍ നിന്നും താഴെ വീഴുന്ന കല്‍ക്കരി കഷ്ണങ്ങള്‍ തൂക്കി വിറ്റാണ് പണം സ്വരുക്കൂട്ടുന്നത്. ഇത്രമാത്രം ലളിതമായ ഒരു കഥാഘടനയിൽ നിന്നുകൊണ്ട്  സമകാലികമായ വിഷയങ്ങൾ ചർച്ചക്ക് വെക്കുന്നു സംവിധായകൻ.

സാമ്പത്തികാടിസ്ഥാനത്തിൽ പകുത്ത വ്യത്യസ്ഥങ്ങളായ രണ്ടു സാമൂഹികാന്തരീക്ഷങ്ങളുണ്ട് 'കാക്ക മുട്ടൈ' യിൽ. ഒറ്റമുറിയിൽ ശ്വാസം മുട്ടിക്കഴിയുന്നവരെന്നു നമുക്ക് അനുഭവപ്പെടുന്ന, എന്നാൽ പ്രസാദാത്മക മുഖവുമായി കറങ്ങി നടക്കുന്ന രണ്ടു കുട്ടികളുടെ കഥയിലൂടെ സംവിധായകൻ എം മണികണ്ഠന്‍ മുന്നോട്ടു വെക്കുന്ന കാര്യങ്ങൾ ആഴത്തിൽ ശ്രദ്ധ ആവിശ്യപ്പെടുന്നതാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലും മനുഷ്യരാശിയിൽ അന്തർലീനമായി കിടക്കുന്നത് ജീവിച്ച് തീർക്കേണ്ട ജീവിതമാണ്. സ്വാതന്ത്ര്യവും അവകാശങ്ങളും വർണ്ണത്തിനാലും സാമ്പത്തികാടിസ്ഥാനത്തിലും നിയന്ത്രിതമാകുന്നിടത്താണ് 'കാക്ക മുട്ടൈ' യുടെ പ്രസക്തി. ദാരിദ്ര്യം, വാർദ്ധക്യം, പരിസ്ഥിതി, ആഗോളവൽക്കരണം, രാഷ്ട്രീയം, നഗരവൽക്കരണം വർണ്ണാടിസ്ഥാനത്തിലുള്ള വിവേചനം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചിത്രത്തിൽ കടന്നു വരുന്നു. കാക്ക കറുത്തതും അതിനാൽ എന്തും നിഷിദ്ധമാകുന്ന ഒരു വിഭാഗവുമായി മാറുന്നു. കാക്കയുടെ മുട്ട കഴിക്കുന്ന കുട്ടികളും അങ്ങനെത്തന്നെ. താഴേത്തട്ടിലെ ജീവിതങ്ങളിലൂടെ ഇത്തരം വിവേചനങ്ങളെ ശക്തമായി പ്രതിരോധിക്കുന്നു ചിത്രം.




വലിയ നഗരങ്ങളോടൊപ്പം വളരുന്ന വലിയ ചേരികളിലെ ജീവിതങ്ങൾ സൂക്ഷ്മമായി അവതരിപ്പിക്കുന്നുണ്ട് 'കാക്ക മുട്ടൈ'. ചേരിയിലെ കുട്ടികൾ കളിച്ചിരുന്ന സ്ഥലത്തെ, കാക്കകൾ കൂടുകൂട്ടിയ മരം മുറിച്ച് മാറ്റിയാണ് പിസ്സാ ഷോപ്പിന്റെ നിർമ്മാണം ആരംഭിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഒരു മായികലോകമാം വിധം കുട്ടികൾക്ക് വിലക്കപ്പെട്ടതായി മാറുന്നുവത്. ജയിലിലുള്ള അച്ഛനെ പുറത്തിറക്കാൻ പണമുണ്ടാക്കാൻ ശ്രമിക്കുകയാണ് ഇരുകുട്ടികളുടെയും അമ്മ. ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഏറെ പ്രയാസപ്പെടുമ്പോഴും ആ ഒറ്റ മുറി വീടിൽ രണ്ട് ടെലിവിഷൻ എത്തുന്നതിൽ യഥാർത്ഥത്തിൽ വിരോധാഭാസമില്ല.  പിസ്സാ കഴിക്കാനായി സ്വയം പണം കണ്ടെത്തുമ്പോൾ മതിലിനപ്പുറത്ത് നിന്ന് മാത്രം കാണുന്ന 'പണക്കാരൻ പയ്യൻ' വെച്ചു നീട്ടിയ പിസ്സ കാക്കാമുട്ടൈകൾ നിരസിക്കുന്നുണ്ട്. ട്രെയിനിൽ പോകുന്നവരിൽ നിന്നും മൊബൈൽ ഫോണ്‍ തട്ടിയെടുക്കുന്നതും അവർ ഉപേക്ഷിക്കുന്നതായി കാണാം. ഇതെല്ലാം തന്നെ മഹത്തായ ഭക്ഷണമായി അവർ കരുതുന്ന പിസ്സ അധ്വാനത്തിലൂടെ നേടിയെടുക്കാനുള്ള അവരുടെ ശ്രമങ്ങളെ ശരിവെക്കുന്നു; അഭിമാനത്തിന്റേയും വ്യക്തിത്വത്തിന്റേയും പാഠങ്ങൾ ഉൾക്കൊണ്ടു വരുകയാണവർ. പണം കയ്യിലുള്ളപ്പോഴും കാക്കാ മുട്ടൈകൾക്ക് പിസ്സ ഷോപ്പിലേക്കുള്ള പ്രവേശനം നിഷിദ്ധമാകുന്നത് മുഷിഞ്ഞ കോലത്തിന്റെയും വർണ്ണത്തിന്റേയും അടിസ്ഥാനത്തിലാണ്. ആഗോളകേന്ദ്രീകൃതമായ വിപണികൾ മൂന്നാം ലോക രാജ്യങ്ങളിലെ മനുഷ്യരെ ലക്ഷ്യമിടുമ്പോൾ  ഇന്ത്യയിൽ സമസ്ത മേഖലകളിലുമായി നിലനിൽക്കുന്ന വർണ്ണ വിവേചനത്തെ വിമർശന വിധേയമാക്കുന്നു സംവിധായകൻ.

ലളിതവും, ജീവിതഗന്ധിയുമാവുമ്പോഴും ചിത്രത്തിലെ സന്ദർഭോചിതമായ നർമ്മം ഏതു പ്രേക്ഷകനിലും ചിരിയുണർത്തും.സത്യസന്ധവും, റിയലിസ്റ്റിക്കും അതുപോലെ സിനിമാറ്റിക്കുമാണ് 'കാക്ക മുട്ടൈ'. അതിവൈകാരികതയിലേക്ക് കഥാസന്ദർഭങ്ങൾ നീളാതെയും പശ്ചാത്തല സംഗീതത്തെ ചൂഷണം ചെയ്യാതേയും ഹൃദ്യമാകുന്നു ചിത്രം. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ സ്വഭാവസവിശേഷതകളും പ്രാധാന്യവും കൽപ്പിച്ചിട്ടുണ്ട് സംവിധായകൻ; പിസ്സാ കടയുടെ മുതലാളിക്കും, മതിലിനപ്പുറത്തെ പയ്യനും രാഷ്ട്രീയ നേതാവിനുമെല്ലാം തന്നെ. കഥാന്ത്യത്തിൽ മുത്തശ്ശി പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടാക്കിയ 'പിസ്സ' യിലേക്ക് തന്നെയുള്ള കുട്ടി മനസ്സുകളുടെ  മടക്കം ശ്രദ്ധേയമാണ്. നിലനിൽപ്പിനായി പിസ്സാ ഷോപ്പ് മുതലാളി നടത്തുന്ന ശ്രമങ്ങളെ സ്വാർത്ഥതയായി കണക്കാക്കിയാൽ നമ്മളടങ്ങുന്ന ഒരു വിഭാഗത്തിന്റെ സ്വയം വിമർശനമേ അതാവുള്ളൂ.

നടൻ ധനുഷും ആടുകളം സിനിമയുടെ സംവിധായകൻ വെട്രിമാരനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രകടന മികവുകൊണ്ടും മുന്നിട്ട് നിൽക്കുന്നു കാക്കാ മുട്ടൈ. ചിത്രത്തിലെ പ്രകടനത്തിന് കേന്ദ്രകഥാപാത്രങ്ങളായ കാക്കാ മുട്ടൈകളെ അവതരിപ്പിച്ച വിഘ്നേഷ് , രമേശ്‌ എന്നീ കുട്ടികൾ ദേശീയ പുരസ്കാരം സ്വന്തമാക്കി. അമ്മയായി വേഷമിട്ട ഐശ്വര്യാ രാജേഷടക്കം ഏവരും അഭിനന്ദനം അർഹിക്കുന്നു. തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ തുടർ പ്രതീക്ഷ നൽകുന്നു. Toronto  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലടക്കം നിരവധി മേളകളിൽ ചിത്രം പ്രദർശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തു. പ്രമേയപരമായി വ്യക്തമായ കാഴ്ച്ചപ്പാടുകൾ മുന്നോട്ട് വെക്കുന്ന 'കാക്കാ മുട്ടൈ' നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നായി തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു.

No comments:

Post a Comment