Search Movies

Monday, 28 August 2023

ജോയ്‌ലാൻഡ്- സ്വാതന്ത്ര്യം തിരയുന്ന മനുഷ്യർ





ഹൈദറും മുംതാസും തമ്മിൽ പ്രണയിച്ചിരുന്നോ എന്ന് ചോദിച്ചാൽ,  പൂർണ്ണാർത്ഥത്തിൽ അതേ എന്ന ഉത്തരമില്ല. ഓരോ മനുഷ്യനും അത്യന്തം സ്നേഹിക്കുന്നത് അവനവനെ തന്നെയാണ്, സ്വന്തം സ്വതന്ത്ര കാഴ്ചപ്പാടുകളെയാണ്. അവിടെ തങ്ങളുടെ പ്രിയപ്പെട്ടവരെപ്പറ്റിയുള്ള മറവിയും സ്വാഭാവികമാണ്. വ്യക്തികളിൽ നിറയുന്ന സ്വാതന്ത്ര്യത്തിന്റെ ഉത്സവമാണ് സിനിമ. പക്ഷെ സമൂഹം ആർക്കെല്ലാം ഇത് അനുവദിക്കുന്നു എന്ന ചോദ്യം ഏറെ പ്രസക്തമാണ്. പുരുഷാധിപത്യം ഒരു സിസ്റ്റത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും, ലിംഗ പദവിയുടെ അടിസ്ഥാനത്തിൽ മാത്രമേ സ്വപ്നം കാണാൻ സാധിക്കുകയുള്ളു എന്നുമൊക്കെ സിനിമ ദൃശ്യവൽകരിക്കുമ്പോൾ ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സഹനമാണെന്ന് പറയാതെ പറയുന്നു.

വ്യവസ്ഥകൾ തീർക്കുന്ന മരണം - മുംതാസ്


ഹൈദറിന്റെ കുടുംബത്തിലെ മുഗൾ രാജവംശ മേന്മകളിൽ ഒട്ടും അഭിരമിക്കാതെ ആധുനികതയോടൊപ്പം നടക്കാൻ ശ്രമിക്കുകയാണ് മുംതാസ്. ഒരു മതാധിഷ്ഠിത സമൂഹത്തിൽ സ്ത്രീകൾക്കായി നിർണ്ണയിക്കപ്പെട്ട ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കാതെ തന്റെ ഇഷ്ടതൊഴിലിലൂടെ അവൾ സ്വാതന്ത്ര്യം കണ്ടെത്തിയിരുന്നു. സ്ത്രീക്കും പുരുഷനും തുല്യത കൊടുക്കുന്ന, പരസ്പരം ബഹുമാനിക്കുകയും ചിന്തകൾ പങ്കുവെക്കുകയും ചെയ്യുന്ന ഒരു ആധുനിക സമൂഹം സ്വപ്നം കാണുന്നു മുംതാസ്. ഹൈദറിന് ഒരു ജോലി ലഭിക്കുമ്പോൾ കുടുംബത്തിന്റെ അഭ്യർത്ഥനയിൽ മുംതാസിന് വീട്ടിലൊതുങ്ങേണ്ടി വരുന്നു. ഹൈദർ സ്വന്തം സ്വത്വം ഉൾകൊള്ളുവാനുള്ള യാത്രയിൽ, സ്വാതന്ത്ര്യ കാഴ്ച്ചപ്പാടുകളിലേക്ക് കണ്ണോടിക്കുന്നു. തനിക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോവുന്നു എന്ന വാർത്ത ഒരു ആഹ്ലാദവും അവളിൽ ഉണ്ടാക്കുന്നില്ല മറിച്ച് പറന്നുയരാൻ ആഗ്രഹിക്കുന്നിടത്ത് ചിറകുകൾ അറ്റുവീഴുന്നതിന്റെ സൂചനയായി മാത്രം അതിനെ കണ്ടു.

ഒരിക്കൽ ആടിന്റെ കഴുത്തിൽ കത്തി വെക്കുന്ന ഹൈദറിന് പല പ്രാവശ്യം കൈവിറക്കുകയും അതിനെ കൊല്ലാൻ സാധിക്കുകയും ചെയ്യുന്നില്ല. തന്റെ ഭർത്യപിതാവിനു മുന്നിൽ ഹൈദർ അപമാനിതനാവാതിരിക്കാൻ മുംതാസാണ് ആ  പ്രവർത്തി ചെയ്യുന്നത്. ഹൈദറിനെക്കാൾ മാനസികമായി ആത്മബലമുള്ള മുംതാസ് എങ്ങിനെയാണ് മരണത്തെപ്പറ്റി ചിന്തിച്ചത് ? അത്രയേറെ ഒരു വ്യവസ്ഥക്കുള്ളിൽ പെട്ടുപോയ പെണ്ണായി മാറിയത് ? വീട്ടിൽ നിന്ന് ഓടിയൊളിക്കാൻ നോക്കിയിട്ടും എങ്ങനെയാണ് അതിനും സാധിക്കാതിരുന്നത് ? ആരാണ് ഒരു സ്ത്രീ എന്ന നിലയിൽ തന്നെ പിടിച്ചുവെക്കുന്നത് എന്ന് മുംതാസും ഒരുവേള ചിന്തിച്ചുകാണും.

പ്രണയം, സ്വാതന്ത്ര്യം, ബന്ധങ്ങൾ എന്നിങ്ങനെ കെട്ടുകൾകൂടിചേർന്ന് കിടക്കുന്ന ഒരു സമൂഹത്തിൽ തന്റെ പ്രസക്തിയെപ്പറ്റി അവൾ ചിന്തിച്ചു. ശൂന്യതയിലേക്ക് നോക്കി അൽപ്പം സ്നേഹത്തിനുവേണ്ടി പ്രാർത്ഥിച്ചു. ഹൈദർ തന്റെ വലിയ ലോകത്തിൽ സഞ്ചരിക്കുമ്പോൾ മുംതാസ് തന്റെ നഷ്ടങ്ങളെ ഓർത്ത് വിതുമ്പി. ജനാധിപത്യവും തുല്യതയും എന്താണെന്നറിയാത്ത മതാധിഷ്ഠിത സമൂഹത്തിൽ പുരുഷാധിപത്യം എന്നും നിലനിൽക്കും. മനുഷ്യൻ നിർമിച്ചെടുത്ത ആ വ്യവസ്ഥക്കുള്ളിൽ ഒതുങ്ങി പോവുന്നവർ പ്രത്യേകിച്ചും സ്ത്രീകൾ അതിനെ ചോദ്യം ചെയ്യാൻ പോലും കഴിയാതെ അനുസരിക്കേണ്ടിവരുന്നത് സാഹചര്യങ്ങളുടെ സമ്മർദ്ദംകൊണ്ടാണെന്ന് പറയേണ്ടിവരും. എന്നാൽ മുംതാസ് ഇതിനൊടൊന്നും സന്ധിചെയ്യാതെ തന്റെ പാത തിരഞ്ഞെടുക്കുമ്പോൾ ഇരുണ്ട ഒരധ്യായം മാത്രമേ നമുക്ക് മുന്നിൽ വെക്കാനുള്ളു - വ്യവസ്ഥകൾ! വ്യവസ്ഥകൾ തീർക്കുന്ന മരണങ്ങൾ!

അരക്ഷിതാവസ്ഥയുടെ പാകിസ്ഥാൻ



തൊഴിലില്ലായ്മ, ദാരിദ്ര്യം, ജാതി-മത വ്യവസ്ഥകൾ, പുരുഷാധിപത്യം എന്നിങ്ങനെ സങ്കീർണ്ണമായ ഒരു സാമൂഹിക ചട്ടകൂടിൽ നീങ്ങുന്നു പാകിസ്ഥാൻ കാഴ്ചകൾ. ഇന്ത്യക്ക് സമാനമായ സാമൂഹിക പരിസരങ്ങൾ. മധ്യവർത്തികളുടെ ലോകം, ആഗ്രഹങ്ങളിലേക്ക് പറന്നുയരാൻ ശ്രമിക്കുന്ന മനുഷ്യർ, സാമൂഹിക സംഘർഷങ്ങൾ എന്നിങ്ങനെ ഏതൊരു സമൂഹത്തിൽ നടക്കുന്നതും എന്നാൽ ആ സമൂഹത്തിന്റെ പ്രത്യേകമായ വൈവിധ്യതയും കൂടിചേരുന്ന ആഖ്യാനത്തിൽ പെട്ടെന്ന് തന്നെ ആർക്കും ബന്ധിപ്പിക്കാൻ സാധിക്കുന്ന മനുഷ്യാവസ്ഥകൾ.

രണ്ട് തലമുറകൾ അവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും നോക്കി കാണുന്ന രീതി, സ്ത്രീയുടെയും പുരുഷന്റെയും ട്രാൻസ് വനിതകളുടെയും വ്യത്യസ്ത കണ്ണുകളിലൂടെ നോക്കികാണുന്ന ആശയലോകം എനിങ്ങനെ എല്ലാ കോണിലൂടെയും അടയാളപ്പെടുത്തുന്ന ദേശത്തിന്റെയും മനുഷ്യരുടെയും പ്രതിരൂപമാവുന്നു ചിത്രം.

സ്വത്വം, ലിംഗം, പ്രണയം - ബിബയും ഹൈദറും




മനുഷ്യരിൽ നിറയുന്ന ഇമോഷനുകളുടെ അതിപ്രസരം, വ്യക്തി ബന്ധങ്ങളുടെ അതി സങ്കീർണത ഹൈദറിലും ബിബയിലും പ്രകടമായി തന്നെ കാണാം. സ്വത്വം തിരയുന്ന രണ്ട് മനുഷ്യർ എല്ലാം മറന്ന് പരസ്പരം പ്രണയിക്കുമ്പോൾ വ്യവസ്ഥകൾ എങ്ങിനെയെല്ലാം തങ്ങളെ ബാധിക്കുമെന്നും തുല്യത സങ്കൽപ്പരൂപം മാത്രമാണെന്നും മനസിലാക്കുന്നു. സമൂഹം അത്രമേൽ തന്നെ പരാജയപ്പെടുത്താൻ നോക്കിയിട്ടും ബിബ അതിനോട് പോരാടുന്നുണ്ട്. എന്നാൽ ഹൈദർ തന്റെ വ്യക്തി സങ്കൽപ്പത്തിലൂടെ മാത്രം സഞ്ചരിച്ച് പ്രകടമായ സാമൂഹികാവസ്ഥയെപ്പറ്റി മനസിലാക്കാൻ സാധിക്കാത്ത ഒരാളാണ്. ഒരു പുരുഷൻ എന്ന നിലയിൽ താൻ ചെയ്യേണ്ട സാമൂഹിക വ്യവസ്ഥയിലൂന്നിയ വേഷം ഹൈദർ മനസിലാക്കുമ്പോൾ വിമോചനത്തിന്റെ സാധ്യതകൾ അവിടെ തുറക്കുന്നു. എന്നാൽ സമയം അതിന്റെ നിലയിൽ ഹൈദറിനോട് കരുണ കാണിക്കുന്നുമില്ല. ബിബയുടെയും ഹൈദറിന്റെയും പ്രണയ നിമിഷങ്ങൾ സന്തോഷത്തിന്റെ തിളക്കമാവുന്നുണ്ടെങ്കിലും അതിന്റെ ആയുസ് പരിമിതമായിരുന്നു.
അതിസങ്കീർണതയുടെ സാമൂഹികവ്യവസ്ഥകളിൽ തങ്ങളുടെ സ്വത്വം പരതി അലയുന്ന മനുഷ്യരായി അവർ അടയാളപ്പെടുത്തുന്നു.

തിളങ്ങിക്കൊണ്ടിരിക്കുന്ന ജോയ്‌ലാൻഡ്

തന്റെ ആദ്യ സംവിധാനത്തിൽ അഭിമാനകരമായ നേട്ടമാണ് സയിം സാദ്ദിഖ് ജോയ്‌ലാൻഡ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തിന് സമ്മാനിച്ചത്. കാൻ ഫിലിം ഫെസ്റ്റിൽ പ്രദർശിപ്പിച്ച ആദ്യ പാകിസ്ഥാനി സിനിമ. പാകിസ്ഥാനിൽ പ്രദർശനം നിരോധിച്ച എന്നാൽ പാകിസ്ഥാന്റെ ഓസ്കാർ നാമനിർദ്ദേശ ചിത്രം എന്ന ഒറ്റ വാചകം മതി ചിത്രത്തിന്റെ പ്രമേയ തീവ്രതയും കലാസൃഷ്ടി എന്ന രീതിയിൽ അതിന്റെ മൂല്യവും തിരിച്ചറിയാൻ. നിരോധനത്തിലും വിവാദങ്ങളിലും തളരാതെ ലോകത്തിലെ പ്രധാന ചലച്ചിത്രമേളകളിലെല്ലാം നിറ സാന്നിധ്യമായി തങ്ങളുടെ രാഷ്ട്രീയം രേഖപ്പെടുത്തുന്ന ജോയ്‌ലാൻഡ് ഇന്ന് ലോക സിനിമാഭൂപടത്തിൽ തിളങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് നിസംശയം പറയാം.

No comments:

Post a Comment