സ്വാതന്ത്ര്യവും മനുഷ്യാവകാശവും
ഇറാൻ എന്ന രാജ്യത്തെ സംബന്ധിച്ച് ഏറെ കാലമായി ഉയർന്നുകേൾക്കുന്ന മുദ്രാവാക്യം സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ പരസ്യമായി തന്നെ സർക്കാർ നടപ്പിലാക്കുമ്പോൾ അതിനെതിരെയുള്ള ജനാധിപത്യ പ്രതിഷേധം അവിടെ ഉയർന്ന് വരുന്നുണ്ട്. അതൊരു തീയായി ആളിപടരുമൊ എന്ന ഭീതി ജനിപ്പിക്കുന്നത് കൊണ്ടാണ് പ്രാരംഭത്തിൽ തന്നെ അവയെല്ലാം തല്ലികെടുത്തുന്നതും. ഹിജാബ് വിവാദമെല്ലാം പൊതുസമൂഹം ചർച്ച ചെയ്യുമ്പോൾ, ജനാധിപത്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുമ്പോൾ ആ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നം എന്താണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ ! ആഴ്ന്നു കിടക്കുന്ന മതാന്ധത.
അലി അബ്ബാസിയുടെ ഹോളി-സ്പൈഡർ
നല്ല കലാസൃഷ്ടികൾ സമൂഹത്തിന്റെ കണ്ണാടിയാവും എന്നത് ശരിയാണ്. ഹോളി സ്പൈഡർ വിരൽ ചൂണ്ടുന്നത് മതം പരുവപ്പെടുത്തിയെടുത്ത സദാചാരബോധത്തിലേക്കാണ്. 2000 മുതൽ 2001 വരെയുള്ള കാലയളവിൽ ഇറാനിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. വിശുദ്ധമായ തന്റെ നാടിനെ മൂല്യച്യുതിയിലാഴ്ത്തുന്ന ലൈംഗിക തൊഴിലാളികളെ ഇല്ലാതാക്കി അവിടം പരിശുദ്ധമാക്കാൻ ഒരുമ്പെടുന്ന ദൈവത്തിന്റെ പേരാളിയായാണ് കില്ലർ തന്നെ സ്വയം കാണുന്നത്. ഇറാനിലെ മഷാദ് എന്ന നഗരത്തിൽ സായീദ് ഹനേയി എന്ന കൊടുംകുറ്റവാളി അതി ക്രൂരമായി കൊന്നൊടുക്കുന്നത് 16 സ്ത്രീകളെയാണ്. ഈ സീരിയൽ കില്ലറിനെ ചുറ്റിപറ്റി അറീസോ റഹ്‌മി എന്ന ജേർണലിസ്റ്റ് നടത്തുന്ന അന്വേഷണവും തുടർന്ന് പിടിയിലാവുന്ന കുറ്റവാളിയുടെ കഥയും ത്രില്ലർ മൂഡിൽ ചിത്രം പറയുന്നു.
സിനിമയുടെ ക്രാഫ്റ്റിനൊപ്പം, പ്രമേയ ഗൗരവമാണ് ഹോളി സ്പൈഡറിനെ കൂടുതൽ ചർച്ചയാക്കുന്നുണ്ട്. കൊടും ക്രൂരതയോടെ നടപ്പാക്കുന്ന മരണത്തെക്കാളും നമ്മെ ഞെട്ടിക്കുന്നത് നീതിപീഠം തുക്കിലേറ്റാൻ വിധിച്ച കുറ്റവാളിക്ക് ലഭിക്കുന്ന പൊതുസ്വീകാര്യതയാണ്. അന്ധത ബാധിച്ച ഒരാൾക്കൂട്ടത്തെ സിനിമ കൃത്യമായി അവതരിപ്പിക്കുന്നു. സീരിയൽ കില്ലറുടെ മകൻ തന്റെ ഉപ്പയെ ന്യായീകരിക്കുന്ന രംഗവും ചിലപ്പോൾ താനും ആ പാത തന്നെ തിരഞ്ഞെടുക്കും എന്ന ചിന്തനവുമൊക്കെ മതാന്ധതയുടെ ആഴത്തിലുള്ള വേരുകൾ ദ്യശ്യമാക്കുന്നതാണ്.
സ്ത്രീയും പുരുഷനും - സിനിമയും സമൂഹവും
സിനിമയിൽ സ്ത്രീയായ ജേർണലിസ്റ്റിന്/ അവിവാഹിതയായ ഒരു സ്ത്രീക്ക് ഹോട്ടലിൽ ഒരു റൂം നൽക്കുന്നില്ല. മറ്റൊരു ആംഗിളിൽ മത- സദാചാരപരമായി മാത്രമേ അവിടത്തെ മനുഷ്യരെ ഒരു ആൾകൂട്ടം നോക്കികാണുന്നുള്ളു എന്നും വായിക്കാം. സ്ത്രീകളുടെ മുടി അൽപ്പം പുറത്ത് കണ്ടാൽ ഈ ആൾക്കൂട്ടം കോപിക്കുകയും സ്വീകാര്യമായ വസ്ത്രവിധാരണത്തിന് ആഹ്വാനവും ചെയ്യുന്നു. ലൈംഗിക തൊഴിലാളികളെ കൊന്നൊടുക്കുന്നത് സാമൂഹികമായി വളരെ ശരിയാണെന്ന് വിശ്വസിക്കുന്ന വലിയൊരു കൂട്ടം മനുഷ്യർ ആ 'പാപത്തിന്' ക്രൂശിക്കുന്നതും സ്ത്രീകളെയാണ്. പുരുഷാധിപത്യം ഒരു മതാത്മക സമൂഹത്തിൽ എങ്ങനെയെല്ലാം സ്വാധീനം ചെലുത്തുന്നു എന്നും , അത് എങ്ങനെയാണ് സ്ത്രീ വിരുദ്ധതയിലെക്ക് നയിക്കുന്നതെന്നും ചിത്രം പറയുന്നു. മതവും വിശ്വാസങ്ങളും അടങ്ങുന്ന ഒരു ഭരണകൂട വ്യവസ്ഥക്ക് ഒരിക്കലും ലിംഗ സമത്വം വിഭാവനം ചെയ്യാൻ കഴിയില്ലെന്ന് ഹോളി-സ്‌പൈഡർ എന്ന ചിത്രം വളരെ കൃത്യമായി ദ്യശ്യവൽകരിക്കുന്നു.
ഇറാന്റെ യഥാർഥ കാഴ്ചകളിലെക്ക് നോക്കിയാലും മതാന്ധതയുടെ ചുഴിയിൽപ്പെട്ട ഒരു കൂട്ടം മനുഷ്യരെ കാണാം. ഭരണകൂടം സ്തീകൾക്ക് നേരെ പോലീസിനെ ഉപയോഗിച്ച് നടത്തുന്ന മതശാസനം ആധുനിക ജനാധിപത്യ സമൂഹത്തിന് ഒട്ടും ചേരാത്തതാണ്. 22 വയസ്സ് മാത്രം പ്രായമുള്ള മഹ്‌സ അമിനി ഹിജാബ് ധരിക്കാൻ വിസമതിച്ചതിനെതിരെ നടന്ന കസ്റ്റഡി മരണം വലിയ ജനാധിപത്യ പ്രതിഷേധങ്ങൾക്ക് അവിടെ സാക്ഷ്യം വഹിച്ചു. സ്ത്രീകൾ കൂട്ടമായി ഹിജാബ് ധരിക്കാതെ തെരുവിലെക്കിറങ്ങി പ്രതിഷേധിച്ചു. എന്നിട്ടും ഈ പ്രതിഷേധങ്ങളെയൊക്കെ നേരിടാൻ ഭരണകൂടത്തിനായി എന്നത് ഏതൊരു ജനാധിപത്യ വിശ്വാസിയെയും ഭയപ്പെടുത്തുന്ന വസ്തുത തന്നെയാണ്.
ധീരമായ ചലച്ചിത്ര ശ്രമമാണ് അലി അബ്ബാസി ഹോളി സ്പൈഡറിലൂടെ നടത്തിയത്. അന്താരാഷ്ട്ര വേദികളിൽ ഇത് ചർച്ചയായി. ഇറാനിലെ ജനാധിപത്യ പ്രതിഷേധത്തോട് അന്താരാഷ്ട്ര സമൂഹവും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ലോകത്തിലെ പ്രധാന ചലച്ചിത്ര വേദികളിൽ ഒന്നായ കാൻസിൽ മികച്ച നടിക്കുള്ള പുരസ്കാരം സാർ അമീർ ഇബ്രാഹിമിയെ തേടിയെത്തിയത് ചിത്രത്തിന്റെ തിളക്കം കൂട്ടി. അനേകം അന്താരാഷ്ട്ര വേദികളിൽ ചിത്രം പ്രദർശിപ്പിച്ചു. ദൃശ്യമാധ്യമം എങ്ങനെയാണ് സമർത്ഥമായി സാമൂഹിക പ്രശ്നങ്ങൾ ഉന്നയിക്കുന്നതെന്നും അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരുന്നതെന്നും അലി അബ്ബാസിയുടെ ധീരമായ രാഷ്ട്രീയ ഇടപെടലിലൂടെ മനസിലാക്കാവുന്നതാണ്. ആ പാത പിൻതുടരാവുന്നതാണ്
No comments:
Post a Comment