പാകിസ്ഥാനിൽ നിന്ന് കുടിയേറി നോർവേയിൽ ഏറെ കാലമായി ജീവിക്കുന്ന മിർസയും കുടുംബവും. ഒരു പാശ്ചാത്യ പുരോഗമന സംസ്കാരം തങ്ങളുടെ ജീവിത ശൈലിയായി എടുക്കുന്നുണ്ടെങ്കിലും ഉള്ളിൽ യാഥാസ്ഥിതിക പാരമ്പര്യത്തിന്റെ ശക്തമായ വേരുകളുണ്ട്. പതിനാറ് വയസ്സ് മാത്രം പ്രായമുള്ള നിഷ താൻ അറിഞ്ഞതും വളർന്നതുമെല്ലാം പുത്തൻ ലോകത്തിന്റെ കണ്ണുകളിലൂടെയാണ്. എല്ലായിപ്പോഴും പാശ്ചാത്യ സംസ്കാരവും പൈതൃക സംസ്കാരവും തമ്മിലുള്ള കലഹം അവളിൽ ഉണ്ടാവുന്നു. ബോധപൂർവം രണ്ട് രീതിയിലുള്ള ജീവിതം ജീവിക്കേണ്ടിവരുന്നതും ഒരു നിസഹായവസ്ഥയല്ലെ! നിഷ പുറത്ത് പുതിയ കാലത്തിന്റെ സ്വാതന്ത്ര്യത്തിലും വേഷവിധാനത്തിലും ജീവിക്കുമ്പോൾ വീട്ടിൽ ഒരു പാകിസ്ഥാനി കുടുംബത്തിന്റെ യാഥാസ്ഥിതികതയോടുകൂടി തുടരുന്നു. ഒരു ദിവസം തന്റെ നോർവേജിയൻ സുഹ്യത്തിനോടൊപ്പമുള്ള പ്രണയനിമിഷങ്ങളിൽ മിർസ അവരെ കൈയ്യോടെ പിടികൂടുന്നു. അയാൾക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ല. തന്റെ മകൾക്ക് എന്താണ് പറയാനുള്ളതെന്ന് ചോദിക്കാതെ, ആളുകൾ എന്ത് പറയും എന്ന ചിന്ത നയിച്ചത് ഏകപക്ഷീയമായ ചില തീരുമാനങ്ങളിലേക്കാണ്. നിഷയെ കുറച്ച് കാലം തന്റെ ജന്മനാടായ പാകിസ്താനിലേക്ക് അയക്കാൻ അയാൾ തീരുമാനിക്കുന്നു.
പൗരസ്വാതന്ത്ര്യവും യാഥാസ്ഥിതികവാദവും
പുതിയകാല ലോകത്തെ അഭിസംബോധന ചെയ്യുന്ന വ്യക്തികൾ മതിലുകളാൽ ചുറ്റപ്പെട്ട ഒരു ആശയവ്യവസ്ഥക്ക് വിദ്ധേയരല്ല. താൻ എങ്ങനെയാണോ വളർന്നതും ജീവിച്ചതും, അതിന്റെയെല്ലാം എതിർദിശയായിരുന്നു പാകിസ്ഥാനും സാമൂഹിക പരിസരങ്ങളും. നിഷ സ്വാതന്ത്യത്തിലേക്ക് പറന്നുയർന്ന ലോകവുമായി ഒരുപാട് വ്യത്യാസമുണ്ട് ഇവിടെ. പലകുറി താൻ എങ്ങനെ അതിജീവിക്കും എന്ന് അവൾ ചിന്തിച്ചു. പിന്നീടെപ്പോഴാ അമീറുമായി അവൾ കൂടുതൽ അടുക്കുന്നു. സ്ത്രീയും പുരുഷനും ഒന്നിച്ച് നടന്നാൽ പോലും സ്ത്രീ തെറ്റുകാരിയാണെന്ന മതാത്മക വ്യവസ്ഥ അവിടെയും ആ പതിനാറുകാരിയെ ചോദ്യചിഹ്നത്തിൽ നിർത്തുന്നു. തനിക്കിനി ഒന്നും ചെയ്യാനില്ലെന്നും ജീവിതം അവസാനിക്കുകയാണെന്നും നിഷയ്ക്ക് തോന്നുന്ന ഒരു രംഗമുണ്ട് ചിത്രത്തിൽ. തന്റെ പിതാവ് ഒരു കുന്നിന് മുകളിൽ നിന്നവളോട് ചാടാൻ പറയുന്നു. അത്രത്തോളം അയാൾ സമൂഹത്തെ പേടിക്കുന്നു എന്ന് വ്യക്തം. മരവിപ്പോടെ മാത്രം നോക്കികാണാൻ സാധിക്കുന്ന ദൃശ്യസഞ്ചാരം.
തുടർന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്ന അവൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തിരുമാനിക്കുന്നു.
പാരമ്പര്യത്തിന്റെ വേരുകൾ- ആളുകൾ എന്ത് പറയും!
പുരോഗമന സമൂഹവുമായി എത്രയോ വർഷം സംവദിച്ച് പോരുന്ന മിർസ പക്ഷെ ഉള്ളിൽ, തന്റെ ഇടുങ്ങിയ ചിന്തകളും താൻ വളർന്ന പാരമ്പര്യത്തിന്റെ യാഥാസ്ഥിത മനോഭാവവും വെച്ചുപുലർത്തുന്നു. ഒരുവേള പോലും തന്റെ മകൾക്ക് പറയാനുള്ളതോ അവളുടെ മാനസികമായ പിരിമുറുക്കങ്ങൾ എന്തൊക്കെയാണെന്നോ അന്വേഷിക്കാൻ പോലും അയാൾ തയ്യാറാകുന്നില്ല. ആളുകൾ ഇതെല്ലാം കാണുന്നില്ലേ, തന്നെപറ്റിയും തന്റെ കുടുംബത്തെപറ്റിയും എന്ത് വിചാരിക്കുമെന്ന അനാവശ്യ ചിന്ത അയാളിൽ നിറയ്ക്കുന്നത് അസാംസ്കാരിക പരിസരങ്ങളാണെന്ന് പറയേണ്ടി വരും. അമിതമായ സദാചാരബോധം പേറുന്ന ആർക്കും ജനാധിപത്യപരമായ ഒരു സമൂഹത്തെ ഉൾകൊള്ളാനോ അംഗീകരിക്കാനോ കഴിയില്ല.
മെച്ചപ്പെട്ട തൊഴിൽ, ജീവിതസാഹചര്യങ്ങൾ എന്നിവ മുന്നിൽ കണ്ട് വികസിത സമൂഹങ്ങളിലേക്ക് കുടിയേറുന്നവർ ഏറെയാണ്.എന്നാൽ പുരോഗമനപരമായ സമൂഹത്തിലാണ് ജീവിക്കുന്നതെങ്കിലും തങ്ങളുടെ യാഥാസ്ഥിതികമായ ചിന്തകൾക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിക്കില്ല എന്ന് നിഷയുടെ പിതാവിലൂടെ വ്യക്തമാവുന്നു.
നിഷ ലോകത്തിന്റെ എല്ലാ നിറങ്ങളും ആസ്വദിക്കുകയും താൻ ജീവിക്കുന്ന ചുറ്റുപാടിനോട് സംവദിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ വിശാലമായ ഒരു ആശയലോകം അവളിൽ ഉടലെടുക്കുന്നു.
സ്വാതന്ത്ര്യത്തിലേക്കുള്ള നടത്തം
താൻ ഇഷ്ടപ്പെട്ട ഒരു ജീവിതം പഠനത്തിലുടെ കെട്ടിപടുക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും അസ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ ? ഒരിക്കലുമില്ല. പുതിയ വിവാഹാലോചന വരുമ്പോൾ നിഷ വീണ്ടും സമ്മർദ്ദത്തിലാവുന്നു. പഠനം ഉപേക്ഷിച്ച് ഒരു വീട്ടമ്മയായി മാത്രം ഒതുങ്ങാൻ അവൾ തയാറായിരുന്നില്ല. തുടർന്ന് സ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കുകയല്ലാതെ മറ്റൊരു നിവർത്തിയും അവർ കണ്ടില്ല. മിർസ നിർവികാരനായി അത് നോക്കി നിൽക്കുക മാത്രമേ ചെയ്തുള്ളു, മകളെ തടഞ്ഞില്ല. തന്റെ ചങ്ങലകൾ പൊട്ടിച്ച് പ്രതീക്ഷയുടെ പാതയിലെക്ക് നടന്നടുക്കുന്ന നിഷ ആധുനികതയുടെ പ്രതീകമാണ്. സദാചാരവും പുരുഷാധിപത്യ വ്യവസ്ഥിതിയും അരങ്ങുവാഴുന്ന സമൂഹത്തിൽ അതിനോട് കലഹിച്ച് തന്റെ സ്വാതന്ത്ര്യവും രീതികളും ഉയർത്തിപിടിക്കുന്ന യുവത ഒരു രീതിയിലും ഈ ലോകത്തെ വിഭാഗീകരിക്കാൻ തങ്ങൾക്കറിയില്ല എന്ന് ഉറക്കെ വിളിച്ച് പറയുന്നു. ആ പ്രസ്താവനയിൽ വിപ്ലവമുണ്ട്, പ്രണയമുണ്ട്, പ്രതീക്ഷയുണ്ട്.
No comments:
Post a Comment