ഉപാധികളില്ലാതെ പ്രണയിക്കാൻ മനുഷ്യനാകുമോ? ആയാൽ തന്നെ അതിനനുസൃതമായി പരുവപ്പെടുവാൻ സാമൂഹ്യ ചുറ്റുപാടുകൾക്ക് സാധ്യമാവുമോ? സാർവത്രികമാണെന്നിരിക്കെ, സാഹിത്യവും കലയും വിശാലമായ ലോകവീക്ഷണത്തോടൊപ്പം നീങ്ങുമ്പോൾ ആധുനികതയ്ക്കനുസരിച്ച് പ്രണയം എങ്ങനെയെല്ലാം പരിഷ്കരിക്കപ്പെടുന്നു എന്ന് നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. യഥാർഥത്തിൽ ഇത്തരത്തിലുള്ള ഒരു പരിഷ്കരണ സ്വഭാവം പ്രണയത്തിൽ സാധ്യമാണോ? അതോ നാം മനസിലാക്കിയതിൽ കൂടുതൽ അറിയുമ്പോഴുള്ള മിഥ്യാധാരണയിൽ ഇങ്ങനെയെല്ലാം ചിന്തിക്കുന്നതാണോ !
പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ഹെലോയ്സ് എന്ന പ്രഭുകുമാരിയുടെ ഛായാചിത്രം വരക്കാനായി പുറപ്പെടുന്ന മരിയെൻ, താൻ പ്രണയത്തിന്റെ സുന്ദര നിമിഷങ്ങളിലേക്ക് നടന്നടുക്കുകയാണെന്ന് ഒരിക്കൽ പോലും ചിന്തിച്ചു കാണില്ല.
സ്വാതന്ത്ര്യം - രണ്ട് ലോകങ്ങൾ
വിവിധ വർണ്ണങ്ങൾ ചാലിച്ച അതിമനോഹരമായ ഒരു ഛായാചിത്രം തീർക്കേണ്ടത് മരിയെന്റെ കടമയാണ്. എന്നാൽ അതിനായി ഒരു തരത്തിലും പ്രഭുകുമാരി സഹകരിക്കുന്നില്ല. തന്റെ പ്രതിശ്രുത വരന് വേണ്ടി വരച്ചെടുക്കാൻ പോവുന്ന ആ ചിത്രത്തിനോട് അവൾക്ക് നീരസമുണ്ട്. അവൾ ഇപ്പോൾ വിവാഹത്തെപ്പറ്റി ചിന്തിക്കുന്നില്ല. ആരാണ് തന്നെ വിവാഹം ചെയ്യാൻ പോവുന്നത് എന്നുപോലും അവൾക്കറിയില്ല. സ്വാതന്ത്ര്യത്തിന്റെ വിശാല കാഴ്ച്ചപ്പാടിൽ ജീവിക്കുകയാണ് മരിയെൻ. എന്നാൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും, സ്വാതന്ത്ര്യമെന്താണെന്നറിയുന്നില്ല ഹെലോയ്സ് . തന്റെ ജീവിതം പോലും മറ്റാരല്ലാമോ തീരുമാനിക്കുന്നുവെന്ന യാഥാർഥ്യം, ഇടുങ്ങിയ ഒരു വ്യവസ്ഥയിൽ അവളെ തളച്ചിടുന്നു.
മരിയെൻ പകർത്തിയ ഛായാചിത്രത്തിനോട് പ്രഭുകുമാരി പൂർണ്ണ എതിർപ്പ് പ്രകടിപ്പിക്കുന്നു. ഇത് താൻ അല്ലെന്നും തന്റെ പ്രസന്നത ഈ ചിത്രത്തിനില്ലെന്നും അവൾ പറയുന്നു. യഥാർഥത്തിൽ തനിക്ക് നഷ്ടപ്പെടുന്ന സ്വാതന്ത്ര്യ ലോകത്തിന്റെ തിരിച്ചറിവാണ് ആ വാക്കുകൾ. മരിയെൻ എത്ര ഭാഗ്യവതിയാണെന്ന് അവൾ ചിന്തിച്ചുകാണും. രണ്ട് വ്യവസ്ഥിതിയിൽ ജീവിക്കുന്ന രണ്ട് മനുഷ്യരുടെ ഇമോക്ഷനുകൾ പകർത്തുമ്പോൾ രണ്ട് പേരുടെ ഹൃദയവും നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ട്. കലയോടുള്ള ഭ്രമവും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അലർച്ചയും നമുക്ക് കേൾക്കാം.
പ്രണയവും കലയും സന്നിവേശിക്കുമ്പോൾ
മരിയെൻ ഹെലോയ്സിന്റെ തോഴിയായി മിക്ക സമയങ്ങളിലും അവളോടൊപ്പം ചിലവഴിച്ചു. തനിക്ക് ആദ്യം കണ്ടെത്താൻ കഴിയാത്ത പ്രഭുകുമാരിയുടെ മനസ്സിന്റെ തിളക്കം മരിയെൻ ആഴത്തിൽ അറിയാൻ തുടങ്ങി. രണ്ടു പേരും പരസ്പരം അടുത്തു.
പ്രണയത്തിന്റെ തീക്ഷ്ണമായ ആനന്ദവും വേദനയും കലയിലേക്ക് സന്നിവേശിക്കപ്പെടുന്നത് ചിത്രത്തിൽ മനോഹര കാഴ്ച്ചയാവുന്നു. ഗ്രാമോത്സവത്തിൽ അഗ്നിക്ക് ചുറ്റും ചുവടുവെച്ച് സ്ത്രീകൾ പാടുന്നു. വിധിയിൽ നിന്ന് വിശ്വാസങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാനാവില്ല എന്നവർ തിരിച്ചറിയുന്നുണ്ട്. മരിയെൻ പകർത്തിയ പ്രഭുകുമാരിയുടെ ചിത്രം വസ്ത്രത്തിൽ തീപിടിച്ച ഒരു യുവതിയുടെ തിളങ്ങുന്ന മുഖമാണ്. തീയുടെ തിളക്കത്തെക്കാളും പ്രകാശിക്കുന്നത് അവളാണ്. പ്രണയത്തിലൂടെ കൂടുതൽ കരുത്താർജിക്കുന്ന പ്രഭുകുമാരിയുടെ മനസ്സ് ഇതിലും കൃത്യമായി വരച്ചെടുക്കാൻ ആർക്കാണ് കഴിയുക. പ്രണയവും കലയും വാതിൽ തുറക്കുന്നത് വിശാലതയിലേക്കാണ്. ഒത്തുചേരലിന്റെ ആനന്ദം രണ്ടു പേരിലും നിറയുന്നുവെങ്കിലും തങ്ങൾക്ക് പിരിയാൻ സമയമായി എന്ന തിരിച്ചറിവ് അവരിൽ ഉണരുന്നു. പ്രണയം അങ്ങനെയാണ്, വിരഹം പലപ്പോഴും അനിവാര്യമാവും. ഒരു അർത്ഥത്തിൽ മാരിയെൻ വരച്ചത് ഹെലോയ്സിനെ മാത്രമല്ല അവളെകൂടിയായിരുന്നു.
സ്വവർഗ്ഗ പ്രണയം - സമൂഹം
ഈ കാലത്തും പരിപൂർണമായി സമൂഹത്തിന് സ്വീകാരമാവാത്ത സ്വവർഗ്ഗ പ്രണയം പതിനെട്ടാം നൂറ്റാണ്ടിലെ സാമൂഹിക ചുറ്റുപാടിൽ ആവിഷ്കരിക്കുമ്പോൾ പ്രണയിനികൾ നേരിടുന്ന അസാധാരണമായ സാഹചര്യം ഒന്ന് ചിന്തിച്ച് നോക്കൂ. ഗ്രീക്ക് ട്രാജഡിയായ ഓർഫിയസിന്റെയും യൂറിഡൈസിന്റെയും പ്രണയകഥ ചിത്രത്തിൽ പശ്ചാത്തലമാകുന്നതും അവരവരുടെ വ്യാഖ്യാനം ആ കഥയ്ക്ക് നൽകുന്നതും ബോധപൂർവമാണ്. പ്രണയിനികളുടെ ചുറ്റുപാടുകളും വൈകാരിക പരിസരങ്ങളും കാഴ്ച്ചക്കാരുമായി ആഴത്തിൽ ബന്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.
മനുഷ്യരെ പരസ്പരം വിഭാഗീകരിച്ച് പ്രണയമതിൽ കെട്ടുന്ന സംസ്കാരം അത്യന്തം ഹീനമാണ്. പ്രകൃതിയോട് ലയിച്ചു ചേർന്ന് നീങ്ങുന്ന പ്രണയത്തിന് അതിന്റെ സ്വാഭാവിക താളമുണ്ടെന്ന് ചിത്രം പറഞ്ഞുവെക്കുന്നു. ആ താളത്തിനനുസരിച്ച് അത് മുന്നേറുക തന്നെ ചെയ്യും. എന്തിനാണീ ഇടുങ്ങിയ മനോനില ? ആരെയാണ് നിങ്ങൾ സ്വവർഗ്ഗ പ്രണയത്തിന്റെ പേര് പറഞ്ഞ് മാറ്റി നിർത്താൻ ശ്രമിക്കുന്നത് ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ മനസ്സിൽ ഉയർന്ന് വരുന്നത് പ്രണയത്തിന്റെ വിശാലത ചിത്രത്തിലൂടെ വായിച്ചെടുക്കാൻ കഴിഞ്ഞു എന്ന സംതൃപ്‌തിയിലാണ്.
ലോകത്തിലെ പ്രധാന ചലച്ചിത്ര മേളയായ
കാൻസിൽ ആദ്യമായി ഒരു വനിതാ സംവിധായകക്ക് (Celine Sciamma)
Queer Palm പുരസ്കാരം സ്വന്തമാക്കാൻ കഴിഞ്ഞു എന്നതും ചിത്രത്തിന്റെ മേന്മയാണ്. ആ മേളയിൽ തന്നെ മികച്ച തിരക്കഥക്കുള്ള പുരസ്കാരവും Celine Sciamma ഏറ്റുവാങ്ങി. Sight & Sound ക്രിട്ടിക്സ് പോളിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സ്വാധീനം ചെലുത്തിയ നൂറ് സിനിമകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടതും ചിത്രത്തിന്റെ കലാമൂല്യത്തിന് തിളക്കം കൂട്ടുന്നുണ്ട്.
No comments:
Post a Comment