കലാമൂല്യവും രാഷ്ട്രീയ പ്രസക്തിയും ഉൾകൊണ്ട് ചുരുങ്ങിയ കാലംകൊണ്ട് ലോക സിനിമാഭൂപടത്തിൽ ആഴത്തിലുള്ള ജനാധിപത്യ ചോദ്യങ്ങളുയർത്തി കാഴ്ച്ചക്കാരനെ ചിന്തിപ്പിക്കുകയാണ് ഇറാൻ സിനിമകൾ. ലാളിത്യവും സാധാരണത്തവും നിലനിർത്തിക്കൊണ്ടുതന്നെ സിനിമകൾ എങ്ങനെയാണ് ഒരു സമൂഹത്തിന്റെ പ്രതിരോധവും സമരവുമാവുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ! ഭരണകൂടത്തെയും മതാത്മക സമൂഹത്തെയും തുറന്നുകാണിച്ച് ജാഫർ പനാഹി നടന്നുനീങ്ങിയത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള (രാഷ്ട്രീയ) പോരാട്ട ഭൂമികയിലെക്കാണ്. രാജ്യത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പ്രശ്നങ്ങൾ പ്രതിപാദ്യ വിഷയമാകുമ്പോൾ അന്താരാഷ്ട്ര തലത്തിൽ വന്നുചേരുന്ന സ്വീകാര്യതക്കൊപ്പം സിനിമ എന്ന മാധ്യമത്തിന് കൂടുതൽ സാധ്യതകളും അർത്ഥതലങ്ങളും തുറക്കപ്പെടുന്നു. ഒരു കലാകാരന് എങ്ങനെയാണ് ഭരണകൂട നിയമങ്ങൾക്ക് പൂർണ്ണമായും വിധേയനായിക്കൊണ്ട് ചലച്ചിത്രഭാഷ്യം ഒരുക്കാൻ കഴിയുക? അതും ഇറാനെപോലെ ഉള്ള ഒരു മതാത്മ പുരുഷാധിപത്യ വ്യവസ്ഥയിൽ.
നിരന്തരം ഇറാൻ ഗവൺമെന്റുമായി ജാഫർ പനാഹിയുടെ സിനിമകൾ കലഹിച്ചു. 2010 ആയപ്പോഴെക്കും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും സിനിമ എടുക്കുന്നതിൽ നിന്ന് ഇരുപത് വർഷത്തേക്ക് വിലക്കുകയും ചെയ്തു. തുടർന്ന് വീട്ടു തടങ്കലിൽ കഴിഞ്ഞ പനാഹിക്ക് സഞ്ചാര സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. ഈ അസാധാരണ നടപടികളിലൂടെയെല്ലാം ലോകം ചർച്ച ചെയ്തത് ഇറാനിയൻ ഭരണകൂടം എത്രത്തോളം കലയെ ഭയക്കുന്നു എന്നുകൂടിയാണ്. സമൂഹത്തെ പുതിയൊരു ദിശയിലെക്ക് നയിക്കാനും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും കല എന്ന മാധ്യമത്തിനുള്ള ശക്തി അവർ തിരിച്ചറിഞ്ഞിരിക്കണം.
പനാഹിയും അന്താരാഷ്ട്ര പ്രശസ്തിയും
2006'ൽ പുറത്തിറങ്ങിയ 'ഓഫ് സൈഡ്' എന്ന ചിത്രം പറഞ്ഞു വെക്കുന്ന പ്രമേയം സ്വാതന്ത്ര്യ പ്രഖ്യാപനമുൾക്കൊള്ളുന്നതാണ്. ഫുട്ബോൾ മത്സരങ്ങൾ കാണാൻ ഒരു സ്‌റ്റേഡിയത്തിലേക്കും ഇറാനിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. ഫുട്ബോൾ ലോകകപ്പിനുള്ള യോഗ്യത മത്സരത്തിൽ ഇറാനും ബഹ്റിനുമായുള്ള മത്സരം വീക്ഷിക്കാനായി ആറ് പെൺകുട്ടികൾ തീരുമാനിക്കുകയും ആൺ വേഷം കെട്ടി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന അസാധാരണമായ സംഭവ വികാസങ്ങളാണ് സിനിമ.
സ്‌റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാനോ പൂർണ്ണമായി കളി കാണാനോ അവർക്ക് സാധിക്കുന്നില്ല. എന്തുകൊണ്ട് ഞങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നില്ല എന്ന ചോദ്യത്തിന്, സ്ത്രീകൾക്ക് സ്‌റ്റേഡിയത്തിനുള്ളിൽ നിന്ന് മത്സരം കാണാൻ അനുമതിയില്ല എന്നുതന്നെ പോലീസുകാർ പറയുന്നു. അപ്പോൾ ജപ്പാനീസ് സ്ത്രീകൾ മത്സരം കാണുന്നുണ്ടെന്നും ഇറാനിൽ ജനിച്ചത് ഞങ്ങളുടെ കുറ്റമാണോ എന്നും അവർ ചോദിക്കുന്നു. ഒടുവിൽ ഇറാൻ ഒരു ഗോളിന് മത്സരം വിജയിക്കുമ്പോൾ വിജയാഘോഷങ്ങൾ ഒന്നും തന്നെ പനാഹി ദൃശ്യവൽകരിക്കുന്നില്ല! വിജയാരവം കേൾക്കുന്ന പെൺകുട്ടികളുടെ കാതിനൊപ്പം മാത്രം സിനിമ സഞ്ചരിക്കുന്നു. 'ഓഫ് സൈഡ്' കാഴ്ചയിൽ ഗംഭീര ചലച്ചിത്രാനുഭവമാണ്. ഇറാൻ സമൂഹം എത്രത്തോളം തുല്യതയെ ഭയക്കുന്നു എന്ന് ഭയരഹിതമായി ചിത്രം വിളിച്ചുപറയുന്നു.
ഒരിക്കൽ മകളുടെ നിർബന്ധത്തിനു വഴങ്ങി പനാഹി ഒരു ഫുട്ബോൾ മത്സരം കാണാൻ പോവുന്നു. അവിടെവെച്ച് മകളെ സ്‌റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ പറയുന്നു. മകളുടെ നിർബന്ധതിനു വഴങ്ങി പനാഹി സ്‌റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കുന്നു. ഒരു പത്തുമിനിറ്റിനുശേഷം മകളും അവിടെ എത്തുന്നു. എങ്ങനെ അകത്തുകയറി എന്ന് അത്ഭുതത്തോടെ ചോദിച്ചപ്പോൾ ഒരു ജേതാവിനെപ്പോലെ അവൾ പറഞ്ഞു 'എല്ലാറ്റിനും വഴികളുണ്ടെന്ന്'. വിലക്കുകൾ ലംഘിക്കാനുള്ള വഴികൾ! ഈ വാക്കുകളാണ് അദ്ദേഹത്തെ 'ഓഫ് സൈഡ്' എന്ന ചിത്രമെടുക്കാൻ പ്രേരിപ്പിച്ചത്. ചിത്രം വലിയ രീതിയിൽ അന്താരാഷ്ട്ര ശ്രദ്ധ നേടി.
സിനിമയിലൂടെ ജനകീയ പ്രശംസ പിടിച്ചുപറ്റുന്ന ജാഫർ പനാഹിയെ ഇറാൻ ഭരണകൂടം നന്നായി ഭയക്കാൻ തുടങ്ങി. തുടർന്ന് സിനിമ എടുക്കുന്നതിൽ നിന്നും അദ്ദേഹത്തെ വിലക്കി, അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെച്ചു. ഫിലിം ഫെഡറേഷനും മനുഷ്യാവകാശ സംഘടനകളും ഇടപെട്ടതിനെ തുടർന്ന് ജയിൽ മോചിതനായി; ശേഷം വീട്ടുതടങ്കലിലായി. നാല് ചുമരുകൾക്കിടയിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് താൻ അനുഭവിക്കുന്നതെല്ലാം ഷൂട്ട് ചെയ്ത് അദ്ദേഹം മറ്റൊരു സിനിമ ചെയ്തു - 'ദിസ് ഈസ് നോട്ട് എ ഫിലിം'. ചിത്രത്തിന്റെ ഫ്ലാഷ് ഡ്രൈവ് അന്താരാഷ്ട്ര ചലച്ചിത്ര വേദികളിലേക്ക് സുഹൃത്തുക്കളുടെ സഹായത്തോടെ ‘കടത്തി’. 2011'ൽ ഡോക്യുമെന്ററി വിഭാഗത്തിൽ കാൻസ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച് ഏറെ നിരൂപകപ്രശംസ ചിത്രം സ്വന്തമാക്കി. എന്നാൽ ഇറാനിൽ ജാഫർ പനാഹിയുടെ സ്ഥിതി കൂടുതൽ ദുസ്സഹമായി. ഒരു കലാകാരനെ എത്ര കാലം ഭരണകൂടം വിലക്കും എന്ന ചോദ്യം അവിടെ പ്രസക്തമായി നിലകൊണ്ടു.
രാഷ്ട്രീയ പ്രതിരോധമാവുന്ന 'ടാക്സി'
2015'ൽ പുറത്തിറങ്ങിയ 'ടാക്സി' കലാപരമായും രാഷ്ട്രീയമായും ലോക സിനിമ ചരിത്രത്തിൽ എക്കാലത്തും അടയാളപ്പെടുത്തുന്ന ചലച്ചിത്രാവിഷ്കാരമാണ്. സിനിമ എടുക്കാൻ പോലും അനുവാദമില്ലാത്ത ഒരു നാട്ടിൽ ഭരണകൂടത്തെ വെല്ലുവിളിച്ച് വീണ്ടും തുടരുന്ന ചലച്ചിത്ര ശ്രമങ്ങൾ - ഒരു കലാകാരനെ ആർക്കാണ് തടഞ്ഞുവെക്കാനാവുക എന്നുറക്കെ പ്രഖ്യാപിക്കുന്നു!
ടെഹ്റാനിലെ തിരക്കേറിയ തെരുവുകളിലൂടെ ഒരു ടാക്സി ഓടിച്ചു പോവുകയാണ് പനാഹി. തെരുവിൽ നിന്ന് വ്യത്യസ്ത യാത്രക്കാരെയും വഹിച്ചുകൊണ്ട് ഒരു പകൽ മുഴുവൻ അദ്ദേഹം ടാക്സിയിൽ കറങ്ങുന്നു. പനാഹി ചോദിക്കുന്ന ചോദ്യങ്ങൾക്ക് യാത്രക്കാർ നിഷ്കളങ്കമായി മറുപടി പറയുന്നു. ചലിക്കുന്ന സ്റ്റുഡിയോ എന്നു വിശേഷിപ്പിക്കാവുന്ന കാറിലെ ഡാഷ് ബോർഡിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഇറാനിയൻ സമൂഹത്തെ ഒപ്പിയെടുക്കുന്നു. ഭരണകൂടത്തെ വിമർശന വിധേയമാക്കി ചിത്രം ചോദ്യങ്ങളുയർത്തുന്നു. സിനിമയിൽ ഒരു കുട്ടിയും പനാഹിയുമായുള്ള സംഭാഷണം ശ്രദ്ധേയമാണ്. സ്കൂളിലെ ഷോർട്ട് ഫിലിം മത്സരത്തിനായി നിഷ്കർഷിക്കുന്ന നിയമങ്ങൾ ഇങ്ങനെയാണ് - മതത്തെ ബഹുമാനിക്കുക, സ്ത്രീയും പുരുഷനും പരസ്പരം സ്പർശിക്കാൻ പാടില്ല, അക്രമം പാടില്ല, മോശം കഥാപാത്രങ്ങൾക്ക് ഇറാനിയൻ നാമങ്ങൾ നൽക്കാൻ പാടില്ല - ഈ സംഭാഷണ ശകലങ്ങളിൽ നിന്നു തന്നെ ഇറാൻ എത്രത്തോളം ആവിഷ്കാര സ്വാതന്ത്ര്യത്തെ ഭയക്കുന്നു എന്നത് വ്യക്തമാണ്. 'ടാക്സി' വാതിൽ തുറക്കുന്നത് നവയുഗ ജനാധിപത്യ ചിന്തകളിലെക്കാണ്.
വിലക്കുകൾ ലംഘിച്ച്- സിനിമ ആക്ടിവിസം
അടുത്ത കാലത്തായി പുറത്ത് വന്ന 'ത്രീ ഫേസസ്' (2018), 'നോ ബിയേഴ്സ് (2022) എന്നീ ചിത്രങ്ങളിലൂടെയും ജാഫർ പനാഹി തന്റെ ശബ്ദം ഉയർത്തിക്കൊണ്ടേയിരിക്കുന്നു. ഒരു യുവ അഭിനേത്രിക്ക്, തന്റെ യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് നേരിടേണ്ടിവരുന്ന മോശം അനുഭവങ്ങളും, സഹായം അഭ്യർത്ഥിച്ച് അവൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോയും ശ്രദ്ധയിൽപെട്ട് പനാഹി അവളെ അന്വേഷിച്ച് പോകുന്ന റോഡ് മൂവിയാണ് 'ത്രീ ഫേസസ്'.
ജാഫർ പനാഹിയുടെ മീഡിയ ആക്ടിവിസവും അതിന്റെ സാധ്യതകളും വലിയ രീതിയിൽ സാമൂഹിക ചലനങ്ങളുണ്ടാക്കുന്നു എന്നതിൽ തർക്കമില്ല. അന്താരാഷ്ട്ര സമൂഹം ഇതെല്ലാം ഉറ്റുനോക്കുന്നുണ്ട്. ഏറ്റവും അവസാനം പുറത്തിറങ്ങിയ 'നോ ബിയേഴ്സ്' സാങ്കേതികമായി ദൃശ്യമാധ്യമത്തിന് വന്നുപെടുന്ന പുതിയ മാനങ്ങൾ കൈവരിക്കുമ്പോഴും, അവതരിപ്പിക്കുന്ന വിഷയത്തിന്, സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ആഹ്വാനത്തിന് - തീവ്രത ഒട്ടും ചോരുന്നില്ല.
ഇപ്പോഴും അസാധാരണമായ രീതിയിൽ ഇറാൻ ഭരണകൂടം അദ്ദേഹത്തെ വേട്ടയാടുന്നു, സഞ്ചാര-ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്നു. ഇതിനെതിരെ ജനാധിപത്യപരമായ രീതിയിൽ കലയിലൂടെ ശബ്ദിച്ച് രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തുന്നു പനാഹി. അദ്ദേഹത്തിന്റെ സിനിമകൾ പ്രതീക്ഷയുടെയും കൂടിയാണ് - യാഥാസ്ഥിതിക സമൂഹത്തിന്റെ കെട്ടുപാടുകളിൽ നിന്നും പുരോഗമന ജനാധിപത്യ ചിന്തകൾ ഉയരും എന്ന പ്രത്യാശ ഓരോ സിനിമകളും പങ്കുവെക്കുന്നു. അല്ലെങ്കിൽ അതിനുവേണ്ടിയുള്ള കലാപങ്ങളാവുന്നു.
No comments:
Post a Comment