Search Movies

Tuesday 18 September 2018

ജയ് ഭീം



കൂട്ടിച്ചേർത്തും തിരസ്കരിച്ചും ചരിത്രം ഇന്നും വികസിച്ചുകൊണ്ടുതന്നെ ഇരിക്കുകയാണ്. പുനഃവായനയും പുനഃനിർമ്മിതിയും അധികാര രാഷ്ട്രീയതിനായി പോലും വിനിയോഗിക്കപ്പെടുന്ന കാലത്ത് ഓരോ ചരിത്രവായനയും ശ്രദ്ധയോടെ നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. ദളിതർക്ക് നേരെയുള്ള അക്രമങ്ങൾ തുടർക്കഥയാവുന്ന കാലത്തു അവർക്ക് മനുഷ്യനായി ജീവിക്കാനുള്ള അവകാശം സംരക്ഷിച്ച അംബേദ്‌കർ ദർശനങ്ങൾ കൂടുതൽ ശക്തിയാര്ജിക്കുകയാണ് വേണ്ടത്. സവർണ്ണരാഷ്ട്രീയത്തിന്റെ അയിത്താചാരത്തിന് ഇന്നും അംബേദ്കറും, അംബേദ്കറുടെ ജനതയും ഇരയാക്കപ്പെടുന്നുണ്ട് എന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ വസ്തുതയാണ്.

സ്വാതന്ത്ര്യ ഇന്ത്യ അംബേദ്കർക്ക് ശേഷം 62 വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. 'ഞാനൊരു ഹിന്ദുവായി ജനിച്ചെങ്കിലും, ഒരിക്കലും ഒരു ഹിന്ദുവായി മരിക്കുകയില്ല' - എന്ന് 1935ൽ നാസിക്കിൽ വെച്ച് പ്രഖ്യാപിച്ചു വർഷങ്ങൾക്കപ്പുറം 1956ൽ രണ്ടു ലക്ഷം അനുയായികളോടൊപ്പം അംബേദ്ക്കർ ബുദ്ധ മതം സ്വീകരിക്കുകയുണ്ടായി. സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ രേഖപ്പെടുത്തിയ ഇന്ത്യൻ ചരിത്രത്തിൽ, 'ഭരണഘടനയുടെ ശിൽപ്പി' എന്ന വിശേഷണത്തോടെ ആയിരിക്കും ഒരു വിദ്യാർത്ഥി ഇന്ന് അംബേദ്കറെ പരിചയപ്പെടുക. ഈ അടുത്താണ് ഹിന്ദുവിരുദ്ധ പരാമർശങ്ങൾ ഉണ്ടെന്ന പേരിൽ അംബേദ്ക്കറെ കുറിച്ചുള്ള പുസ്തകം ഗുജറാത്തിലെ സ്‌കൂളുകളിൽ നിന്ന് പിൻവലിക്കുകയുണ്ടായത്. അംബേദ്കറിസത്തെ ഹിന്ദുത്വവാദികളും സവർണ്ണരാഷ്ട്രീയവും ഇന്നും ഭയപ്പെടുന്നുണ്ട് എന്നതിന്റെ തെളിവുകളിൽ ഒന്നുമാത്രമാണിത്. ഒരു ജനാധിപത്യ രാജ്യത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് പാർലമെന്റ്. അവിടെ ഇൻഡ്യൻ ഭരണഘടനയുടെ ശില്പിയായ അംബേദ്ക്കറുടെ ചിത്രം സ്ഥാപിക്കുന്നത് പോലും 1990 ൽ മാത്രമാണ്. അംബേദ്ക്കറുടെ ജീവിതത്തെ ആസ്‌പദമാക്കി ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത സിനിമ ഇന്നും ഡി.ഡി നാഷണിലിൽ സംപ്രേക്ഷണം ചെയ്യുന്നതിന് അപ്രഖ്യാപിത വിലക്കുണ്ട്. തിരസ്‌ക്കരിച്ചും വിലക്കിയും പ്രതിരോധിക്കുക എന്നത് നടപ്പാവാതെ വരുമ്പോഴാണ് തങ്ങൾക്ക് വിരുദ്ധമായ ആശയം വെച്ചുപുലർത്തിയ നേതാക്കളെ പോലും കടമെടുത്തുകൊണ്ടു ചരിത്രപരമായ വിരോധാഭാസങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.


ചാതുർവർണ്യവും മനുസ്മൃതിയും അസ്തിത്വം നൽകി രൂപപ്പെട്ട ഹിന്ദുത്വത്തിനു ദളിത് വിഭാഗം എന്നും അടിമകളായിരുന്നു. ജ്യോതിറാവു ഫുലെയേയും, അംബേദ്ക്കറേയും പോലുള്ള നേതാക്കളിലൂടെ ആണ് ഇന്ത്യയിലെ അധഃസ്ഥിത വിഭാഗം ഇന്നുകാണും വിധമെങ്കിലും ജീവിതം സാധ്യമാക്കുന്നത്. ഇൻഡ്യ സ്വാതന്ത്ര്യമാവുക എന്നത് ബ്രിട്ടീഷുകാരിൽ നിന്നും സവർണ്ണരിലേക്കുള്ള ആധികാര കൈമാറ്റം മാത്രമായി പോകരുതെന്നും അധസ്ഥിതരായ തന്റെ ജനതയുടെയടക്കം സാമൂഹികമായ ഉയർച്ച അതിലൂടെ സാധ്യമാക്കണം എന്നുമാണ് അംബേദ്‌കർ വിശ്വസിച്ചിരുന്നത്. ദളിത് വിഭാഗം ഹിന്ദു മതത്തിൽ ഉൾപ്പെടാത്ത പക്ഷം, ഇന്ത്യയിൽ ഹിന്ദുക്കൾ ഒരു ന്യൂനപക്ഷം മാത്രമായിപോവും. ഹിന്ദുക്കൾ ഭൂരിപക്ഷമല്ലാത്ത ഇൻഡ്യയിൽ ജീവിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നത്. 1932 ൽ യോവാർദ്ധ ജയിലിൽ വെച്ച് ഗാന്ധി നടത്തിയ സത്യാഗ്രഹം ദളിത് വിഭാഗങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം അനുവദിക്കുന്നതിന് (മെക്ക്ഡൊണാൾഡ് അവാർഡ്/ കമ്മ്യൂണൽ അവാർഡ്) എതിരെ ആയിരുന്നു. ദളിതരെ ഹിന്ദുത്വത്തിൽ നിന്നും അടർത്തിയെടുക്കാൻ ഇത് കാരണമാവും എന്ന് ഉറച്ചു വിശ്വസിച്ചു അദ്ദേഹം. ഗാന്ധിയുടെ സത്യാഗ്രഹം മരണത്തിൽ കലാശിക്കും എന്ന അപകടത്തെ മുന്നിൽ കണ്ടാണ് ഈ വിധിയിൽ വിട്ടുവീഴ്ച്ച വരുത്താൻ അംബേദ്കർ തയ്യാറാവുന്നത്. (പൂനാ പാക്ട്). ഗാന്ധിയുടെ ജീവൻ തന്റെ ജനതയുടെ മോചനത്തേക്കാൾ വലുതായിരുന്നില്ല അംബേദ്ക്കർക്ക്. പക്ഷെ അങ്ങനെ ഒന്നുണ്ടായാൽ ഇന്ത്യയിലെ ദളിതരുടെ സ്ഥിതി എത്രമേൽ ദുഷ്കരം ആവുമെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടു.
സ്വാതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രിയായി നിയമിക്കപ്പെട്ട അംബേദ്ക്കർ 1955 ൽ മന്ത്രി സ്ഥാനം രാജിവെക്കുന്നത് ഹിന്ദു കോഡ് ബില്ല് പാസ്സാക്കാൻ സാധിക്കാതെ വന്നപ്പോഴായിരുന്നു. ഹിന്ദു സാമൂഹ്യ ജീവിതവും മതാനുഷ്ഠാനങ്ങളും ഒരേ നിയമവ്യവസ്ഥയുടെ കീഴിൽ കൊണ്ടുവരികയും, സ്ത്രീകളുടെ സ്വത്തവകാശമടക്കം മുന്നോട്ട്‌ വെക്കുകയും ചെയ്ത ബിൽ ശക്തമായ എതിർപ്പ് നേരിടുകയാണുണ്ടായത്.



"രാമാനാമം ജപിച്ചതുകൊണ്ടോ, കഴുത്തിൽ തുളസിമാല ധരിച്ചതുകൊണ്ടോ ജന്മികളുടെ ചൂഷണത്തിൽ നിന്ന് നിങ്ങൾ മോചിതരാകാൻ പോകുന്നില്ല. ശ്രീരാമ സ്തോത്രം ഉരുവിട്ടതുകൊണ്ടു കടബാധ്യതകളിൽ നിന്ന് നിങ്ങൾ മോചിതരാകുകയില്ല. പണ്ഡരിപുരത്തേക്ക് തീർത്ഥ യാത്ര നടത്തിയതുകൊണ്ട് മാസം തോറും നിങ്ങൾക്കാരും ശമ്പളം തരികയില്ല. ക്ഷേത്ര പ്രവേശന പ്രസ്ഥാനത്തിന്റെ ഉദ്ദേശം നല്ലാതായിരിക്കാം. എന്നാൽ ആധ്യാത്മിക മേന്മയേക്കാൾ ഭൗതികമമേന്മയാണ് ഇപ്പോൾ ആവിശ്യം. പണമില്ലാതെ നിങ്ങൾക്ക് ഭക്ഷണമോ വസ്ത്രമോ ലഭിക്കുകയില്ല. അതിനാൽ രാഷ്ട്രീയ നേട്ടങ്ങളായിരിക്കണം നിങ്ങളുടെ ലക്‌ഷ്യം." . ഇതായിരുന്നു ക്ഷേത്രപ്രവേശനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. കാലങ്ങളായി തന്റെ ജനത അനുഭവിച്ചു പോരുന്ന അടിമത്വം ഹിന്ദു മതത്തിൽ നിന്ന് പുറത്തുകടന്നാലേ അവസാനിക്കൂ എന്ന ബോധ്യത്തിലേക്ക് അദ്ദേഹം ചെന്നെത്തുന്നുണ്ട്. ഗാന്ധിയുടെ സർവ്വമതസൗഹാർദ പ്രത്യയശാസ്ത്രത്തിനു പോലും ദളിതരുടെ സാമൂഹിക പുരോഗതി ഒരു ലക്ഷ്യമായിരുന്നില്ല. ദളിതരെ ഹിന്ദു മതത്തിൽ നിലനിർത്തി ഹിന്ദുഭൂരിപക്ഷം തുടരുക എന്നത് ഒരു രാഷ്ട്രീയ ലക്‌ഷ്യമായിരുന്നു. ('എന്തുകൊണ്ട് ഞാനൊരു ഹിന്ദുവല്ല' എന്ന കഞ്ചാ ഇളയ്യയുടെ പുസ്തകത്തിൽ ദളിതർക്കുമേൽ ഹിന്ദുത്വം അടിച്ചേല്പിച്ചതാണെന്നും ഹിന്ദു ദൈവങ്ങൾ പോലും തങ്ങൾക്ക് അന്യരായിരുന്നു എന്നുമുള്ള വാദഗതി മുന്നോട്ട് വെക്കുന്നുണ്ട്.) തൊട്ടുകൂടായ്മായെ എതിർത്ത 'ഭൂരിപക്ഷ സ്രഷ്ടാക്കൾക്ക്' ജാതി ഉന്മൂലനം ചിന്തിക്കുക പോലും സാധ്യമായിരുന്നില്ല. ചാതുർവർണ്യത്തിന്റെ സുഖാലസ്യത്തിൽ കഴിഞ്ഞതുകൊണ്ട് തന്നെ തങ്ങൾക്ക് കീഴിൽ എന്നും ദളിതരെ നിലനിർത്തി അപ്രഖ്യാപിതമായി മനു അനുശാസിക്കുന്ന ഒരു ഭരണഘടന തുടർന്നുപോരേണ്ടിയിരുന്നിടത്താണ് അംബേദ്കറുടെ മഹത്തായ ഇൻഡ്യൻ ഭരണഘടന എല്ലാ ജനതക്കും സംരക്ഷണമൊരുക്കുന്നത്.


സവർണ്ണ രാഷ്ട്രീയം പിടിമുറുക്കുന്ന ഈ കാലത്തു തന്നെയാണ് അംബേദ്കർ കൂടുതൽ വായിക്കപ്പെടേണ്ടടത്. ചർച്ചചെയ്യപ്പെടേണ്ടത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ രോഹിത് വെമുലയടങ്ങുന്ന അംബേദ്കറിസ്റ്റുകളുടെ ശബ്ദമായ 'ജയ് ഭീം' വ്യക്തിപ്രഭാവമായിട്ടല്ലാതെ, ആദർശമുൾക്കൊണ്ടു ഉയരേണ്ടതും.


Rama& Krishna - Riddles of Hinduism , in Kannada . A unique cover image Dr.Ambedkar holding a degree in left hand whipping Rama& Krishna. Published in 1995. Àrt by Gopinath.





ReplyForward