Search Movies

Wednesday 10 August 2016

സ്കൂൾ ഗേൾ കില്ലർ - ഒരു എത്യോപ്യൻ കഥ


പതിവിലേറെ സന്തോഷത്തോടെ ആണ് അന്ന് അബെറാഷ് സ്കൂൾ വിട്ടിറങ്ങിയത്. പഠനത്തിലെ അവളുടെ മികവ് കണ്ട് ഉയർന്ന ക്ലാസിലേക്ക് ശുപാർശ്ശ ചെയ്യാൻ അദ്ധ്യാപകൻ തീരുമാനിച്ചിരിക്കുന്നു. സ്വപ്നം കാണാനും അവയുടെ സാക്ഷാത്കാരത്തിനും തനിക്ക് അവകാശമില്ലെന്നത് ഓർക്കാതെ ആ പതിനാലുകാരി ആഹ്ലാദത്തോടെ നിശ്വസിച്ചു. പുസ്തകവും കൈയ്യിലൊതുക്കി വീട്ടിലേക്ക്  മടങ്ങവേ പൊടുന്നനെ അന്തരീക്ഷത്തിൽ എന്തെന്നില്ലാത്ത ഭീതി പടർന്നു. വിജനമായ ആ മലമ്പ്രദേശത്തിലേക്ക് എവിടെ നിന്നോ  കുതിരപ്പുറത്തായി ഒരു കൂട്ടം ചെറുപ്പക്കാരെത്തി. ഭയന്ന് വിറച്ച് നിൽക്കുന്ന അവളേയും റാഞ്ചിയെടുത്ത് നിമിഷനേരം കൊണ്ട് അവരവിടെ നിന്നും പോയ്മറഞ്ഞു.

വരൾച്ചയിലൂടെയും പട്ടിണി മരണങ്ങളിലൂടെയും, പരിഷ്കൃതരായ നമുക്ക്  പരിചിതമാണ് എതിയോപ്പിയ എന്ന കിഴക്കൻ ആഫ്രിക്കൻ രാജ്യം. എത്യോപ്പിയയുടെ തലസ്ഥാന നഗരിയിൽ നിന്നും ഏറെ ദൂരെയല്ലാത്ത, ഗോത്ര സംസ്കൃതിയിൽ നിന്നും വികസിതമായ ജനാധിപത്യ ചിന്തളിലേക്ക് വളർന്നിട്ടില്ലാത്തതുമായ അർസ്സി എന്ന ഗ്രാമത്തിലാണ് അബെറാഷ് കഴിഞ്ഞിരുന്നത്. തികച്ചും ദരിദ്രരായ കർഷകർ അതിവസിക്കുന്ന ആ ഗ്രാമത്തിൽ നിയമങ്ങൾ നടപ്പാക്കുന്നത് ഗോത്ര നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന നാട്ടുകൂട്ടമാണ്‌. അവിടെ നിലനിന്നിരുന്ന അതിവിചിത്രമായ ഒരു കീഴ് വഴക്കത്തിനാണ് അബെറാഷ് വിധേയയായിരിക്കുന്നത് - ഇഷ്ടപ്പെട്ട പെൺകുട്ടിയെ തട്ടികൊണ്ട് പോയി, ബലാൽകാരം ചെയ്ത്, വിവാഹം കഴിക്കുക ! പ്രാകൃതവും പൈശാചികവുമായി നമുക്കനുഭവപ്പെടുമ്പോഴും അതവിടുത്തെ ഗോത്ര സമൂഹത്തിന്റെ പൗരാണികമായ ഒരാചാരമാണ് !




തട്ടികൊണ്ടുപോയി ഒറ്റപ്പെട്ടൊരിടത്ത് മുറിയിൽ അടക്കപ്പെട്ട അവളെ കൂട്ടത്തിലൊരുവൻ ബലാൽകാരം ചെയ്യുന്നു. അവളുടെ ഭാവി ഭർത്താവായി അധികാരം സ്ഥാപിക്കുകയാണ് അയാൾ. തളർന്നുവീണ അവൾ കിട്ടിയ അവസരത്തിൽ, മുറിയിൽ അയാൾ മറന്നു വെച്ച തോക്കുമെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഭാവി വരന്റെയും കൂട്ടുകാരുടേയും ശ്രദ്ധയിൽ പെടുന്നതോടെ ആ ശ്രമത്തിൽ അവൾ പരാജയപ്പെടുന്നു.  ആത്മരക്ഷാർത്ഥം അവളുതിർത്ത വെടി കൊണ്ട് ഭാവി വരൻ മരിക്കുന്നു !  പരമ്പരാകതമായി തുടർന്നു വരുന്ന കീഴ് വഴക്കത്തെ ലംഘിച്ച, ഭാവി വരനെ വധിച്ച കാധകിയായി മാറുകയാണ് ഇതോടെ അവൾ. നാട്ടുകൂട്ടത്തിന് മുന്നിൽ വധശിക്ഷയായിരിക്കും ഈ കുറ്റത്തിന് അവൾക്കുമേൽ ചാർത്തപ്പടുക! ഗോത്ര നിയമങ്ങൾക്ക് മുന്നിൻ നോക്കുകുത്തി ആകാനേ രാജ്യ നിയമങ്ങൾക്ക് സാധിക്കൂ. 1998 കാലഘട്ടത്തിൽ അർസ്സി ഗ്രാമത്തിലെ 30% വിവാഹങ്ങളും ഈ ആചാരത്തിന്റെ അടിസ്ഥാനത്തിൽ നടന്നവയായിരുന്നു.

ഈ സംഭവം പത്രവാർത്തയാകുന്നതോടെയാണ് സ്ത്രീ അവകാശങ്ങൾക്കായി പോരാടുകയും 'എത്യോപ്യൻ വുമൺ  ലോയേഴ്സ് അസ്സോസിയേഷൻ'  തലവിയിമായിരുന്ന മീസ അശ്നഫി അബെറാഷിനെ കാണാനായി പോലീസ് സ്റ്റേഷനിൽ എത്തുന്നത്. അബെറാഷിന് വേണ്ടി ശക്തമായ നിയമ പോരാട്ടങ്ങൾ അവർ നടത്തുന്നു. ഇതേ തുടർന്നാണ് ചരിത്ര പരമായ ഒരു വിധി കോടതി പ്രഖ്യാപിക്കുന്നത്.
ഗോത്ര സംസ്കൃതിയുടെ വികലമായ കാഴ്ച്ചയിൽ, പരമ്പരാഗത രീതികൾ പിൻതുടർന്ന ചെറുപ്പക്കാരനെ വകവരുത്തിയ അബെറാഷ് കൊടിയ കുറ്റവാളിയാണ്. കോടതി എന്നാൽ അവളെ സ്വതന്ത്രമാക്കുന്നു. മാത്രമല്ല, തട്ടികൊണ്ട് പോയി വിവാഹം കഴിക്കുക എന്ന പൈശാചിക ആചാരത്തെ നിയമവിരുദ്ധവും ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റവുമാക്കി മാറ്റി. എന്നാൽ നാട്ടുകൂട്ടത്തിന്റെ മുമ്പിൽ കുറ്റക്കാരിയായത് കൊണ്ടും, കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ ബന്ധുക്കളും സുഹൃത്തക്കളും അവൾക്കെതിരെ വധഭീഷണി മുഴക്കിയതിനാലും തന്റെ ഗ്രാമത്തിലേക്ക് മടങ്ങാൻ അവൾക്കായില്ല. അബെറാഷിന്റെ മാതാപിതാക്കളും സഹോദരിയും ഭയന്നാണ് അവിടെ കഴിഞ്ഞുപോന്നിരുന്നത്.


1999-ൽ ' സ്കൂൾ ഗേൾ കില്ലർ' എന്ന പേരിൽ ഈ സംഭവത്ത ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി BBC സംപ്രേഷണം ചെയ്തു. 2014-ൽ പ്രശസ്ത ഹോളിവുഡ് താരം ആഞ്ജലീന ജോളിയുടെ നിർമ്മാണ പങ്കാളിത്തത്തിൽ പുറത്തിറങ്ങിയ 'ദിഫ്റത്' എന്ന എത്യോപ്യൻ ചലച്ചിത്രവും അബെറാഷിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. പോയവർഷത്തെ അന്തർദേശീയ ചലച്ചിത്ര മേളകളിലടക്കം ചിത്രം ശ്രദ്ധയാകർഷിച്ചു. അബെറാഷ് ബെക്കലെ ഇന്ന് സ്ത്രീകൾക്കെതിരെ യുള്ള അക്രമങ്ങൾ തടയുന്ന 'ഹർമീ' എന്ന സംഘടനയുടെ സജ്ജീവ പ്രവർത്തകയാണ്.

അതി പ്രാകൃതമായ മത ഗോത്ര വിശ്വാസങ്ങളുടെ മനുഷ്യത്വ രഹിതമായ ഇടപെടലിലൂടെ ദുരിതം പേറുന്ന വിഭാഗത്തിലെ, ഒറ്റപ്പെട്ട ഉയർത്തെഴുനേൽപ്പ് ശ്രമങ്ങളി ലൊന്നാണ് അബെറാഷ് ബെക്കലെയുടേത്. പരമ്പരാകതയുടെ മറപറ്റി സംസ്കാരത്തിന്മേൽ  ഇഴുകിചേർന്ന് അധികാര സ്ഥാപനങ്ങളെ തന്നെ നിയന്ത്രിക്കുന്ന  യുക്തിരഹിത നീതികൾ  സാർവ്വജനനീയമായി തന്നെ തുടരുന്നുണ്ട്. കണ്ടെത്താനോ തിരുത്താനോ ആകാനാവാത്ത വിധം അവ നമ്മെ സ്വാധീനിക്കുകയും ചെയ്യുന്നു.