Search Movies

Sunday 1 November 2015

നോട്ടയും സമ്മതിദാനവും [Off topic]



                    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങളിൽ ഒന്നാണ് സമ്മതിദാനം. അത് തീർത്തും വ്യക്തി നിഷ്ഠമാണ്. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സമ്മദിദാനം നടത്തുന്നതിലൂടെ പങ്കാളിയാകാനും, അത് നിഷേധിക്കാനും ഉള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുവരുത്തുന്നു. പോളിങ് ശതമാനം ഉയർത്തുവാനും, നിലവിലുള്ള സ്ഥാനാർത്ഥികളിൽ ഉള്ള അവിശ്വാസം രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നവരേയും പരിഗണിച്ച് NOTA (None of the above) സംവിധാനം നടപ്പാക്കിയത് വിജയകരമായ മുന്നേറ്റമായിരുന്നു. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ 1.1 % വോട്ട് NOTA നേടിയിരുന്നു. എന്നാൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉള്ള NOTA യുടെ അഭാവം പോളിങ് ശതമാനത്തിൽ ചെറിയ തോതിലെങ്കിലും മങ്ങലുണ്ടാക്കും എന്നതിൽ തർക്കമില്ല. ഈ സാഹചര്യത്തിൽ, തന്നെ 'നിര്‍ബന്ധിത വോട്ട്' എന്ന ഭരണഘടനാ വിരുദ്ധമായ ആശയവും ഒട്ടും സ്വീകാര്യമല്ല എന്നോർക്കണം.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ നിര്‍ബന്ധിത വോട്ട് നിയമം കൊണ്ടുവരാനുള്ള നീക്കം ആദ്യം നടന്നത് ഗുജറാത്തിലാണ്. ഇത് ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. ദക്ഷിണേന്ത്യയിൽ, കർണാടകയിൽ - മെയ്‌ ജൂണ്‍ മാസങ്ങളിലായി നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തി രാജിൽ ഭേദഗതി വരുത്തി സമ്മതിദാനം നിർബന്ധിതമാക്കി. ഈസ്ഥിതി പല ഇന്ത്യൻ സംസ്ഥാനങ്ങളിലും കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നു. സംസ്ഥാനങ്ങളിൽ നിന്ന് രാജ്യാന്തരതലത്തിൽ 'Compulsory Voting Bill 2014' ബി.ജെ.പി എം.പി മാരായ ജനാർദ്ദൻ സിങ് സിഗ്രിവാളും, വരുണ്‍ ഗാന്ധിയും അവതരിപ്പിച്ചിരുന്നു. 2004 ലും 2009 ലും ഇതേ ആവിശ്യം ഉന്നയിച്ച് കൊണ്ടുവന്ന ബില്ലുകൾ സഭ അംഗീകരിച്ചിരുന്നില്ല.

'നിർബന്ധിത വോട്ട്' (Compulsory Voting) നിയമമായി നിലവിൽ വന്നാൽ ഒരു ജനാധിപത്യ രാജ്യത്ത് അസ്വാരസ്യങ്ങൾ ഉണ്ടാക്കും എന്നത് തീർച്ചയാണ്. ഇന്ത്യയെ കൂടാതെ ലോകത്തെ രണ്ടാമത്തെ ജനാധിപത്യ രാജ്യമായ അമേരിക്കയിലും ഇതിന്റെ സാധ്യതകളെ പറ്റി വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കയാണ്. എന്നാൽ യുറോപ്പിലും മറ്റു വികസ്വര രാഷ്ട്രങ്ങളിലും 'നിർബന്ധിത വോട്ട്' റദ്ദാക്കി എന്നതും ശ്രദ്ധേയമായി. നെതർലാന്റും സ്പെയ്നുമാണ് ആദ്യമായി 'നിർബന്ധിത വോട്ട്' നീക്കം ചെയ്തത്. തുടർന്ന് ഓസ്ട്രിയ. വെനിസ്വെല, ചിലി തുടങ്ങീ രാജ്യങ്ങൾ അത് പിന്തുടർന്നു.

'നിർബന്ധിത വോട്ട് നിയമം' പിന്തുടരുന്ന മറ്റു രാജ്യങ്ങളുടെ കാര്യം അത്ര ശുഭകരമല്ല. The International Institute for Democracy and Electoral Assistance ന്റെ പട്ടിക പ്രകാരം ലോകത്ത് 20 ഓളം രാഷ്ട്രങ്ങളിൽ ഈ നിയമം ഇപ്പോൾ പ്രചാരത്തിലുണ്ട്. അർജൻന്റീന, ഓസ്ട്രേലിയ, ബെൽജിയം, ബ്രസീൽ, ഗ്രീസ് എന്നിവയാണ് അവയിൽ പ്രമുഖം.  ഓസ്ട്രേലിയിലും, ബെൽജിയത്തിലും സമ്മതിദാനം നടത്താത്തതിന് പിഴ ഈടാക്കുമ്പോൾ, സിംഗപ്പൂരിൽ വോട്ടർ ലിസ്റ്റിൽ നിന്നും പ്രസ്തുത വ്യക്തിയുടെ പേര് നീക്കം ചെയ്യുന്നു. പെറുവിൽ ഗവണ്‍മെന്റ് അംഗീകൃത റേഷനുകളും സേവനങ്ങളും നൽകാതിരിക്കുന്നു; ബോളീവിയയിലാവട്ടെ മൂന്ന് മാസത്തോളം വേദനം ലഭിക്കുകയില്ല.

നിർബന്ധിത വോട്ടിനെതിരെ ഇന്ത്യയിൽ വർദ്ധിച്ച് വരുന്ന പൊതുതാൽപ്പര്യ ഹർജികൾക്കും, തിരഞ്ഞെടുപ്പ് കമ്മീഷനും, ഇത് ജനാധിപത്യ വിരുദ്ധമാണ് എന്ന അഭിപ്രായമാണ് ഉള്ളത്. വോട്ട് നിഷേധത്തിനുള്ള അവകാശത്തെ അത് ഹനിക്കുന്നു. ഇന്ത്യൻ ലോ കമ്മീഷനും ഇതേ നിലപാട് തന്നെയാണ് ഈ വിഷയത്തിൽ സ്വീകരിച്ചത്. എന്നാൽ പാർലമെന്ററി വാദപ്രതിവാദത്തിൽ അംഗങ്ങൾ 'നിർബന്ധിത വോട്ട് നിയമത്തെ' സ്വാഗതം ചെയ്യുകയും, ഇത് രാഷ്ട്രീയപരമായി ജനങ്ങളിൽ അവബോധമുണ്ടാക്കുമെന്നും ജനാധിപത്യമൂല്യം ഉൾക്കൊണ്ടുള്ള പങ്കാളിത്തം കൂട്ടുവാൻ സാധിക്കുമെന്നും സാധൂകരിച്ചു.

മറ്റ് രാഷ്ട്രങ്ങളുടെ വെളിച്ചത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്തിന് 'നിർബന്ധിത വോട്ട്' എന്ന ആശയത്തെ പിന്തുടരാൻ ശ്രമിക്കണം ?
സമ്മതിദാനത്തിലൂടെ രാഷ്ട്ര കാര്യങ്ങളിൽ ജനങ്ങൾ പങ്കാളികളാവുകയാണ്. സമ്മതിദാന അവകാശം ജനാധിപത്യ മൂല്യമുൾക്കൊണ്ട് നാം വിനിയോഗിക്കുകയും വേണം. എന്നാൽ വോട്ട് നിഷേധിക്കാനും സ്വാതന്ത്ര്യം ആവിശ്യമാണ്. (ബോധപൂർവ്വമോ, മറിച്ച് മറ്റു കാരണങ്ങളാലോ).  സമ്മതിദാന അവകാശം വിനിയോഗിക്കാത്തത് മറ്റൊരു വ്യക്തിയേയോ, അവന്റെ സ്വാതന്ത്ര്യത്തെയോ ഹനിക്കുന്നില്ല എന്നതുതന്നെ അതിനുള്ള പ്രധാന കാരണം. ജനങ്ങളുടെ അവിശ്വാസം അറിയിക്കാനായി NOTA സംവിധാനവും നിർബന്ധമാണ്. NOTA യെ നിരാകരിച്ച് കൊണ്ടും, അല്ലാതെയും 'നിർബന്ധിത വോട്ട്' ഒരിക്കലും പ്രായോഗികമല്ല.