Search Movies

Monday, 18 September 2023

പ്രണയത്തിന്റെ ഏകാന്ത തടവറ - 'HER'


ഏകാന്തമായ ജീവിതത്തിന്റെ  സംഘർഷങ്ങളിൽ നിന്ന് ഓടി ഒളിക്കാൻ ശ്രമിക്കുകയാണ് തിയോഡോർ. തന്റെ ഭാര്യയുമായി ഒരുപാട് നാളായി അയാൾ അകൽച്ചയിലാണ്. വിരസമായ ഒരു ജീവിതം ആർക്കോവേണ്ടി തള്ളിനീക്കുന്നു. ഒരുപക്ഷെ, ലോകം ഒറ്റപ്പെട്ട് കിടക്കുന്ന ഒരു മഹാതടവറയാണ് എന്ന് അയാൾക്ക് തോന്നിയാലും അത്ഭുതപ്പെടാനില്ല! തിയോഡോറിന് എല്ലാ കാലത്തും പരിഭവങ്ങളായിരുന്നു അധികവും. തന്നെ കേൾക്കാൻ ആരുമില്ല, കുറ്റപ്പെടുത്തലുകളെ ഉണ്ടായിട്ടുള്ളൂ, അത് അമ്മയായാലും താനുമായി വേർപിരിഞ്ഞ ഭാര്യയായാലും!


അയാളുടെ ഏകാന്ത ജീവിതത്തിന് നിറം പകർന്നുകൊണ്ടാണ് ആ മധുര ശബ്ദമെത്തുന്നത്! സമാന്ത എന്നാണ് അവളുടെ പേര്.  സമാന്ത അയാളെ കേൾക്കാൻ തയ്യാറാവുന്നു. അയാളെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. ജീവിതത്തിൽ ഇനി സന്തോഷമുണ്ടാവുമോ എന്ന് സംശയിച്ചിരുന്ന തിയോഡോർ ഇപ്പോൾ ആഹ്ലാദത്തിന്റെ നെറുകയിലാണ്. ആ ശബ്ദം കേൾക്കാതെ അയാൾക്ക് ഇപ്പോൾ ജീവിക്കാനാവുന്നില്ല.

സമാന്ത തന്നിലൂടെയാണോ വളരുന്നത് അതോ താൻ അവളിലൂടെയാണോ ലോകത്തെ കാണുന്നത് എന്നത് ഇഴ പിരിച്ചെടുക്കാൻ കഴിയാതെയായി മാറി തുടങ്ങിയിട്ടുണ്ട്. തെരുവിലൂടെ നിശബ്ദനായി, കാഴ്ച്ചകൾക്കൊന്നും ശ്രദ്ധ കൊടുക്കാതെ നടന്നുനീങ്ങിയ ഒരാളല്ല അയാളിപ്പോൾ. സമാന്തയുടെ വാക്കുകളൊടൊപ്പം നടന്ന്, കാഴ്ച്ചകൾ കണ്ട്, രസിച്ച്, ആഘോഷിച്ച് തിയോഡോർ തന്റെ ആത്മാവിനെ തിരികെ നേടിയിരിക്കുന്നു. എത്ര കാലം ഈ സന്തോഷം നിലനിൽക്കും എന്ന ഗൗരവമുണർത്തുന്ന ചോദ്യം സിനിമ ഉയർത്തുന്നത് തിയോഡോറിനോട് മാത്രമല്ല, മനുഷ്യ ബന്ധങ്ങളിൽ നിന്ന് അകലം കണ്ടെത്താൻ ശ്രമിക്കുന്ന പുതിയ തലമുറയോടുകൂടിയാണ്.


ഒരു ഡിജിറ്റൽ സ്പേസിൽ പ്രണയം കണ്ടെത്തുന്ന മനുഷ്യരെക്കുറിച്ച് പറയുമ്പോൾ അത്ഭുതപ്പെടേണ്ട കാര്യമില്ല. എന്നാൽ ഒരു ഓപറേറ്റിങ് സിസ്റ്റവുമായി പ്രണയത്തിലാവുക എന്ന് പറഞ്ഞാല്ലോ? ആദ്യം കേൾക്കുമ്പോൾ ഒന്ന് അതിശയിച്ചു പോവും. തിയോഡോർ തന്റെ പ്രണയിനിയായി തിരഞ്ഞെടുത്തത് സമാന്ത എന്ന കമ്പ്യൂട്ടർ ഓപറേറ്റിങ് സിസ്റ്റത്തെയാണ്. നേരിട്ട് ഒരാൾക്ക് കമ്പ്യൂട്ടറിനോട് സംസാരിക്കാൻ കഴിയുന്ന രീതിയിൽ പരിഷ്ക്കരിച്ചെടുത്ത അതിനൂതനമായ ഒന്നായിരുന്നു അത്. മനോഹരമായ ആ സ്ത്രീ ശബ്ദം തിയോഡോറിന്റെ ഹൃദയത്തിലാണ് ചെന്ന് പതിച്ചത്. സ്വാഭാവികമെന്നോണം പരസ്പരം സംസാരിച്ചു തുടങ്ങി പിന്നീടവർ പ്രണയബദ്ധരാകുന്നു. 


മനുഷ്യന്റെ വികാരവിചാരങ്ങൾക്കനുസരിച്ച് സംസാരിക്കാനും പ്രണയിക്കുവാനും സമാന്തക്കു സാധിക്കുന്നിടത്ത് സാങ്കേതിക വിദ്യയുടെ നൈതികതയും ചർച്ചയാകുന്നു.  മാറുന്ന ലോകത്തെപ്പറ്റിയോ വിപണിയുടെ പുത്തൻ സാധ്യതക്രമത്തെപ്പറ്റിയോ ചിന്തിക്കാൻ ഉതകുന്ന ഒരു മാനസികനിലയിൽ അല്ല തിയോഡോർ. നഷ്ടപ്പെട്ടത് എന്തോ തിരിച്ചുവരുന്നു എന്ന തോന്നൽ സമാന്തക്കൊപ്പമുള്ള  നിമിഷങ്ങൾ അയാളിലൊരു അനുഭൂതിയായി വളരുന്നു. 

യാന്ത്രികമായ ഒന്നാണ് തന്റെ പ്രണയിനിയെന്ന് നിരാശയോടെ ചിന്തിച്ചാൽ പോലും അയാളിലെ പ്രണയം തീർത്തും മാനുഷികമാണ്. ഇവിടെ ചോദ്യമാവുന്നത് പ്രണയത്തിന്റെ അസ്ഥിത്വം മാത്രമാണ്. കാലഘട്ടം മാറുമ്പോൾ ഈ പ്രണയ സങ്കൽപ്പവും ചിലപ്പോൾ സ്വീകാര്യമായേക്കാം. മനുഷ്യർ പ്രണയത്തിനായി കൊതിക്കുന്നു. തിയോഡോർ സമാന്തയുടെ ശബ്ദത്തിലൂടെ മെനഞ്ഞെടുക്കുന്നത് ഒരു മനുഷ്യ രൂപത്തെ തന്നെയാണ്. ഒരർഥത്തിൽ മായികമായ ഒരു ലോകത്ത് പ്രണയം തേടി മാത്രം ജീവിക്കുന്ന ഒരാത്മാവായും വായിച്ചെടുക്കാം. 


പുത്തൻ വിപണിയുടെ സാധ്യത കൂടുതലായും മനുഷ്യന്റെ വികാരങ്ങളെ ചൂഷണം ചെയ്തെടുക്കുന്ന ഒരു വ്യവസ്ഥയായി മാറി കഴിഞ്ഞു. കമ്പോളം എന്ന ആശയം തന്നെ പരിഷ്കരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനെയും അവന്റെ ചിന്തകളെയും മാറ്റി സ്ഥാപിക്കാൻ കെൽപ്പുള്ള എ.ഐ-സൈബർ യുഗത്തിന്റെ ആരംഭം ഒരു നടുക്കത്തോടെ മാത്രം നോക്കി കാണാൻ കഴിയുന്നതാണ്. വ്യക്തി ബന്ധങ്ങളുടെ അതിസങ്കീർണ്ണത തിയോഡോറിന്റെ ജീവിതത്തിൽ ഉടനീളമുണ്ട്. ഇത് ആധുനിക ലോകത്ത് കൂടുതൽ സങ്കീർണമാകുന്നത് ലോകം വിപണിയുടെ സൃഷ്ടികൂടി ആവുന്നതുകൊണ്ടാണ്. മനുഷ്യന്റെ ജൈവപരിസരങ്ങളിൽ നിന്നുള്ള അകലം അയാളെയും അയാളുടെ ചുറ്റുപാടിനെയും വേർതിരിക്കുന്നു. അവനവനിലെക്ക് മാത്രം കേന്ദ്രീകരിക്കുന്ന ചിന്തകൾ ഒരു യാന്ത്രിക ലോകത്തെ സൃഷ്ടിച്ചെടുക്കുന്നതിൽ അത്ഭുതപ്പെടാനില്ല. വർത്തമാന സമൂഹത്തിൽ ശിഥിലമായിക്കൊണ്ടിരിക്കുന്ന മനുഷ്യ ബന്ധങ്ങളുടെ വിമർശനാത്മകമായ പഠനം കൂടിയാവുന്നു സിനിമ.


ഒരു ഭാവനാ സൃഷ്ടിക്കപ്പുറം 'ഹെർ' ഉയർത്തുന്ന മൗലികമായ ചോദ്യങ്ങൾ പ്രസക്തമാണ്. സമാന്തയുടെ ശബ്ദം ഒരു വേള തന്നിലേക്ക് എത്താതിരുന്നപ്പോൾ തിയോഡോറിന് ഉണ്ടാക്കുന്ന പിരിമുറുക്കം, മാനസിക സംഘർഷങ്ങൾ എന്നിവ എത്ര സങ്കീർണമായിരുന്നു. ഒടുവിൽ സത്യം തിരിച്ചറിയാൻ തയ്യാറാകുന്ന തിയോഡോർ താൻ ഇത്രയും കാലം മെനഞ്ഞെടുത്ത പ്രണയ സങ്കൽപ്പങ്ങളുടെ പ്രസക്തിയും ചോദ്യമാവുന്നു. ഉത്തരങ്ങളില്ലാതെ എല്ലാം തന്നിലൊതുക്കി വീണ്ടും അയാൾ മുന്നോട്ട് നീങ്ങുന്നത് പ്രത്യാശയുള്ള കാഴ്ച തന്നെയാണ്. ബന്ധങ്ങളിലെ സങ്കീർണതയും വികാരങ്ങളെ വിൽപന വസ്തുവാക്കുന്ന വിപണിയെയും പിൻതള്ളി മനുഷ്യനിലേക്ക് വീണ്ടും ആഴ്ന്നിറങ്ങുമ്പോൾ യഥാർഥ പ്രണയം ആസ്വാദ്യകരമാവുന്നു. തിയോഡോർ അസ്ഥിത്വം വീണ്ടെടുക്കുന്നു, പ്രണയം വീണ്ടും കണ്ടെത്തുന്നു, 'ഹെർ' !

No comments:

Post a Comment