Search Movies

Tuesday, 31 October 2023

സിനിമയുടെ സൗന്ദര്യശാസ്ത്രം - 'Koker Trilogy'




ജീവിതവും കലയും ഇടകലർന്ന് നീങ്ങുമ്പോൾ കൈവരുന്ന വിശാലത കേവല ആസ്വാദനത്തിൽ കവിഞ്ഞു കൂടുതൽ ആഴങ്ങളിലേക്ക് ചിന്തിപ്പിക്കുകയാണ് എന്ന് പറയാതെ വയ്യ! അബ്ബാസ് കിയാരൊസ്തമി സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങൾ (Koker Trilogy) മുന്നിലേക്ക് വെക്കുന്ന സൗന്ദര്യശാസ്ത്രം ലോക സിനിമക്ക് തന്നെ പുതിയ ഒരനുഭവമാണ്. ഇറാനിലെ സാമൂഹിക സാഹചര്യങ്ങളും ഇടക്കിടെയായി വന്നു പോകുന്ന പ്രകൃതി ദുരന്തങ്ങളും  കിയാരൊസ്തമിയെ പോലെ  ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു പകർത്തുന്ന ഒരു സംവിധായകന്റെ കാഴ്ച്ചയിലൂടെയാകുമ്പോൾ സിനിമയുടെ ഘടനക്കപ്പുറം യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ഒരനുഭൂതി നിറക്കുന്ന കാവ്യാത്മകത നമുക്ക് അനുഭവപ്പെടുന്നു. 

Where is my friends home ? (1987)




വടക്കൻ ഇറാനിലെ ഗിലാൻ പ്രവിശ്യയിലെ ഒരു ഗ്രാമമാണ് കൊക്കർ.
എട്ട് വയസ്സുക്കാരനായ ഒരാൺകുട്ടി തന്റെ സഹപാഠിയുടെ വീട് അന്വേഷിച്ച് നടക്കുന്ന യാത്രയാണ് ചിത്രം. അഹമ്മദ്പൂർ തന്റെ സുഹൃത്തായ മുഹമ്മദ് റെസയുടെ പുസ്തകം ക്ലാസ് മുറിയിൽ വെച്ച് അബദ്ധത്തിൽ മാറിയെടുക്കുന്നു. അടുത്ത ദിവസം ഗ്യഹപാഠം ചെയ്ത് വന്നില്ലെങ്കിൽ റെസ ക്ലാസിന് പുറത്തായിരിക്കുമെന്ന അധ്യാപകന്റെ കർശന നിർദ്ദേശം ഇപ്പോൾ കൂടുതൽ ഭയപ്പെടുത്തുന്നത് അഹമ്മദിനെയാണ്. താൻ കാരണം തന്റെ സുഹൃത്ത് അധ്യാപകന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നത് അവന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. തന്റെ സുഹൃത്തിനെ തേടിയിറങ്ങുന്ന അഹമ്മദിന് കൊക്കറിലേക്കുള്ള സഞ്ചാരം അതികഠിനമായിരുന്നു. കുട്ടികളുടെ നിഷ്കളങ്കതയും അവർ ലോകത്തെ നോക്കി കാണുന്ന രീതിയും മനോഹരമാണ്. എന്നാൽ ഈ വിശാലതയും ആഴവും മുതിർന്നവരുടെ ലോകത്തിനില്ല. രാഷ്ട്രീയമായി സിനിമ പറഞ്ഞുവെക്കുന്നതും രണ്ട് തലമുറയുടെ സമീപനങ്ങളാണ്. ഭൂതകാലത്തെ, ഷായുടെ സ്വേച്ഛാധിപത്യ ഭരണ വ്യവസ്ഥയുടെ നിഴൽ ഇന്നും മുതിർന്നവരിൽ നിലനിൽക്കുകയും എന്നാൽ സ്നേഹത്തോടെ മാത്രം ലോകത്തെ നോക്കി കാണുന്ന ആധുനിക തലമുറയും തമ്മിലുള്ള വ്യത്യാസങ്ങൾ പ്രകടമായി തന്നെ സിനിമ പറഞ്ഞുവെക്കുന്നു. സിനിമയുടെ രാഷ്ട്രീയ വായനക്കപ്പുറം പറഞ്ഞുപോരുന്ന കഥയുടെ ലാളിത്യവും ആർക്കും ഗ്രഹിക്കാൻ സാധിക്കുന്ന അവതരണ രീതിയും ചിത്രത്തെ കൂടുതൽ ഹൃദയത്തോട് അടുപ്പിക്കുന്നു. ഇറാനിലെ ഭൂപ്രക്യതിയും അവിട തിങ്ങിപാർക്കുന്ന ജനസമൂഹത്തിലേക്കും ചെന്നു പതിക്കുന്ന അഹമ്മദ്പൂരിന്റെ നിഷ്കളങ്കമായ കണ്ണുകളിൽ തെളിയുന്നത് സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും പ്രതിരൂപമാണ്. ഇത്ര മനോഹരമായ ഒരു കൊച്ചുകഥ പറഞ്ഞുവെക്കുമ്പോഴും രാഷ്ട്രീയ ഇറാന്റെ നേർചിത്രം രണ്ട് തലമുറയിലൂടെ ഒപ്പിയെടുക്കാനും സംവിധായകനു കഴിയുന്നിടത്താണ് സിനിമയുടെ സൗന്ദര്യശാസ്ത്രം കൂടുതൽ ഗഹനമാവുന്നത്.

And life goes on (1992)




കൊക്കറിലെ വലിയ ഭൂകമ്പ വാർത്ത അറിയുന്നതോടെ സംവിധായകൻ (Farhad Kheradmand) അദ്ദേഹത്തിന്റെ മകനോടൊത്ത് കാറിൽ യാത്ര തിരിക്കുന്നു. തന്റെ ആദ്യ സിനിമയുടെ ചിത്രീകരണം നടന്ന കൊക്കറിൽ എത്തിപ്പെടാനും തന്റെ സിനിമയിലെ അഭിനേതാക്കളെ കണ്ടെത്താനും അദ്ദേഹം നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൽ. ജീവിതത്തിനു നേരെ ഒരു ക്യാമറ പിടിക്കുമ്പോൾ സിനിമയാണോ യാഥാർത്ഥ്യമാണോ നമ്മൾ കാണുന്നത് എന്ന ചിന്ത പ്രേക്ഷകരിലും ഉടലെടുക്കുന്നു. ദുരന്തത്തിന്റെ ആഴവും പരപ്പും കൃത്യമായി വ്യക്തമാവുമ്പോൾ എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ ചിത്രങ്ങൾ നൊമ്പരപ്പെടുത്തുന്നു. എന്നാൽ കലാപരമായി സംവിധായകൻ നമ്മെ ചിന്തിപ്പിക്കുന്നത് മറ്റൊരു പ്രതലത്തിലൂടെയാണെന്ന് പറയ്യാതെ വയ്യ! 'പ്രതീക്ഷ' എത്രത്തോളം മനുഷ്യ ജീവിതത്തെ മുന്നോട്ടു നയിക്കുമെന്ന പഠനം സംവിധായകന്റെ ആഖ്യാനത്തിൽ തെളിയുന്നു. എല്ലാം നഷ്ടപ്പെട്ട മനുഷ്യർ വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് നടക്കാൻ ശ്രമിക്കുമ്പോൾ കാഴ്ച്ചക്കാരനിൽ വല്ലാത്തൊരു പോസിറ്റിവിറ്റി ഉയർത്തുന്നു. ഫുട്ബോൾ കാണാൻ ആൻറ്റിന ക്രമീകരിക്കുന്ന യുവാവ് മുതൽ വിവാഹം ചെയ്യാൻ തയ്യാറെടുക്കുന്ന ദമ്പതികൾ ഉൾപ്പടെയുള്ള കഥാപാത്രങ്ങളിൽ ജീവിതം വീണ്ടും തളിരിടുന്ന കാഴ്ച്ച മനോഹരമാണ്.  ദുരന്തമുഖത്തെ എല്ലാ കാഴ്ച്ചയും ചിത്രീകരിച്ചു അത് ഏൽപ്പിക്കുന്ന ആഘാതം കൃത്യമായി വരച്ചിടുമ്പോഴും മുന്നിലേക്ക് നടന്നു നീങ്ങുന്ന മനുഷ്യരെ കൂടെകൂട്ടാൻ മറക്കുന്നില്ല ചിത്രം. കലയും ജീവിതവും ഇടകലരുമ്പോൾ അവിടെ വിരിയുന്ന സൗന്ദര്യശാസ്ത്രം നമ്മെ അതിശയിപ്പിക്കുന്നു എന്ന് നിസംശയം പറയാം.

Through the olive trees (1994)





കൊക്കറിന്റെ പശ്ചാത്തലത്തിലുള്ള മൂന്നാം ചിത്രം. സിനിമക്കുള്ളിലെ സിനിമയായി കഥ പറയുന്നു ഇവിടെ. ദുരന്തമുഖത്ത് എങ്ങനെ സിനിമ ചിത്രീകരിച്ചു എന്ന് പറയാൻ ശ്രമിക്കുകയാണിവിടെ. അഭിനേതാക്കൾ എല്ലാം തന്നെ കൊക്കർ ഭൂകമ്പത്തിന്റെ ഇരകളാണ്. ഇതിനിടെ മനോഹരമായ ഒരു പ്രണയ കഥ ജനിക്കുന്നു എന്ന് പറഞ്ഞാൽ അത്ഭുതപ്പെടുകയല്ലാതെ മറ്റു വഴികളില്ല! സിനിമയിൽ ദമ്പതികളായി അഭിനയിക്കുന്നവർ യഥാർത്ഥ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവരാണ്. ഹുസൈൻ റെസേക്ക് താഹ്റയോട് കടുത്ത പ്രണയം തോന്നുകയും അത് അവളെ അറിയിക്കുകയും ചെയ്യുന്നു. നിരക്ഷരനും പാവപ്പെട്ടവനുമായ റെസയുടെ അഭ്യർത്ഥന ആദ്യം അവൾ നിരസിക്കുന്നു. പിന്നീട് റെസ സിനിമയുടെ സംവിധായകനോടും ഈ കാര്യം അറിയിക്കുന്നു. അവസാന ശ്രമമെന്ന നിലയിൽ താഹ്‌റയെ പിൻതുടർന്ന് റെസ തന്റെ മനസ്സ് വീണ്ടും തുറക്കുന്നു. നടന്ന് മുന്നിലേക്ക് നീങ്ങുന്ന താഹ്‌റ ഇതൊന്നും അത്ര ശ്രദ്ധിക്കുന്നില്ല. അവൾക്ക് തന്നോട് ഇഷ്ടമുണ്ട് എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു റെസ. ഒടുവിൽ ഒലീവ് മരങ്ങൾക്കിടയിലൂടെ നടന്ന് തന്റെ പ്രണയാഭ്യർത്ഥന തുടരുന്ന റെസയോട് താഹ്‌റ തന്റെ തീരുമാനം അറിയിക്കുന്നു. റെസ തിരിഞ്ഞ് നടക്കുന്നു.  എന്താണ് ആ മറുപടി എന്ന ആകാംക്ഷയിൽ പ്രേക്ഷകരും കാതോർക്കുന്നു. മറുപടി കാഴ്ച്ചക്കാരന് വിട്ടുനൽകി സംവിധായകൻ പ്രണയവും പ്രതീക്ഷയും നിറക്കുന്നു ഇവിടെ. മനോഹരമായ ഒരു പ്രണയകഥ പറയുന്നതിനോടൊപ്പം സിനിമയും ജീവിതവും തമ്മിലുള്ള വൈരുദ്ധ്യവും ചർച്ചക്കെടുക്കുന്നു.

കൊക്കറിന്റെ കഥകൾ ഇവിടെ തീരുന്നില്ല. അത് പ്രേക്ഷകനിൽ വീണ്ടും വീണ്ടും ചിന്തകൾ ഉണർത്തുന്നു. ഓരോ സിനിമയും വ്യത്യസ്ത ആസ്വാദന പരിസരങ്ങൾ ഒരുക്കുന്നു. ബാല്യത്തിന്റെ നിഷ്കളങ്കത ആഖ്യാനമാകുന്ന ആദ്യ ചിത്രം, കലയും ജീവിതവും ഒന്നാവുന്ന രണ്ടാം ചിത്രം, സിനിമയും ജീവിതവും തമ്മിലുള്ള വൈരുദ്ധ്യം ചർച്ച ചെയ്യുന്ന അവസാന ഭാഗം എന്നിങ്ങനെ കഥയിലും കഥാപാത്രവൽകരണത്തിലും വിപ്ലവകരമായ പൊളിച്ചെഴുത്ത് അബ്ബാസ് കിയാരൊസ്തമി നടത്തുമ്പോൾ, സിനിമയുടെ കാലികമായ പ്രസക്തിയും പുത്തൻ പ്രമേയങ്ങളുടെ കലാപരമായ മേന്മയും കാലത്തിനനുസരിച്ച് സിനിമയെ/കലയെ പരിഷ്കരിക്കുന്നു എന്നതിൽ തർക്കമില്ല.

No comments:

Post a Comment