Search Movies

Wednesday, 30 August 2023

ബഷീറിന്റെ അത്ഭുത പ്രണയം - 'മതിലുകൾ' വായിച്ചെടുക്കുന്നു.





"മതിലുകളി'ൽ കഥാകൃത്തിന്റെ ജയിൽവാസം പശ്ചാത്തലമാകുന്നു. പക്ഷെ ആ കഥയിൽ പോലീസ് മർദ്ദനങ്ങളെക്കുറിച്ചോ രാഷ്ട്രീയതടവുകാർക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ചോ അല്ല പ്രതിപാദിക്കുന്നത്. അദ്ദേഹം എഴുതുന്നു, 'ആരും എന്നെ തല്ലിയില്ല' ' ലോക്കപ്പിൽക്കിടന്ന് ഞാൻ കുറെ പോലീസ് കഥകളെഴുതി, കടലാസും പെൻസിലും പോലീസ് ഇൻസ്പെക്ടർ തന്നതാണ്. അതുപോലെ തന്നെ ജയിലിനുള്ളിലെ അന്തരീക്ഷവും അത്ര കഠോരമായിരുന്നില്ല. ഭക്ഷണത്തിന് കോഴിമുട്ടയുണ്ട്, ചായ കുടിക്കാം, ബീഡി വലിക്കാം, വായിക്കാം. അവിടെവെച്ച് ബഷീർ ബ്രിഡ്ജ് കളിക്കാൻ കൂടി പഠിച്ചുവത്രെ. പക്ഷെ മതിലുകളും വാതിലുകളും ഉണ്ടായിരുന്നു. എവിടെ നോക്കിയാലും വാർഡർമാരും. ജയിൽവളപ്പിൽ പനിനീർച്ചെടികൾ നട്ടുപിടിപ്പിച്ച് ഒരു പൂന്തോട്ടവും ഉണ്ടാക്കി. ഇതെല്ലാം ഒരു പ്രേമകഥയുടെ പശ്ചാത്തല വിവരണങ്ങളാണെന്ന് ഓർക്കണം. അസാധാരണമായ ഒരു പ്രണയകഥ !"
- ഡോ.ആർ.ഇ.ആഷർ'ന്റെ വാക്കുകൾ ഉൾക്കൊണ്ട് 'മതിലുകൾ' വായിച്ചെടുക്കാൻ ശ്രമിക്കുന്നു.

മതിലുകൾ- കഥാസാരം


ഭരിക്കുന്ന ബ്രിട്ടീഷുകാർക്കെതിരെ എഴുതിയതിന് ജയിലിൽ കഴിയുന്ന ബഷീർ തന്റെ സഹതടവുകാരുമായും കരുത്തുള്ള ഒരു യുവ ജയിലറുമായും ചങ്ങാത്തതിലാവുന്നു. ഒരു ദിവസം മതിലിന്റെ മറുവശത്ത് നിന്ന് ഒരു സ്ത്രീയുടെ ശബ്ദം ബഷീർ കേൾക്കുന്നു. അതും വനിതാ ജയിലിന്റെ പരിസരത്തു നിന്ന്. ഒരു മതിലിനപ്പുറം എന്ന ദൂരം മാത്രം. അവളുടെ  പേര് നാരായണി എന്നാണ്. ബഷീറും നാരായണിയും പരസ്പരം കാണാതെ തന്നെ പ്രണയത്തിലാകുന്നു. ഒരിക്കൽ നാരായണി ബഷീറിനെ കാണാനായി പദ്ധതി ഇടുന്നു. കുറച്ച് ദിവസങ്ങൾക്കുശേഷം അവർ ആശുപത്രിയിൽ വെച്ച് കണ്ടുമുട്ടാൻ തിരുമാനിക്കുന്നു. എന്നാൽ അതിന് മുമ്പ് അപ്രതീക്ഷിതമായി ബഷീർ ജയിൽമോചിതനാകുന്നു. അതുവരെ കൊതിച്ചിരുന്ന മോചനം തനിക്ക് വേണ്ട എന്ന് അദ്ദേഹം പറയുന്നു. ആർക്കുവേണം ഈ സ്വാതന്ത്ര്യമെന്നും പുറത്ത് ഇതിലും വലിയ ജയിൽ ആണെന്നും ബഷീർ തുറന്നടിക്കുന്നു.  ജയിൽമോചിതനായതിനു ശേഷം ഒരു കുഞ്ഞു റോസാപ്പൂവുമായി ബഷീർ നിൽക്കുന്നിടത്ത് കഥ അവസാനിക്കുന്നു.


ബഷീറും പ്രണയവും

പ്രണയത്തെ ഇത്രയും വിശാലമായി സമീപിച്ച മറ്റൊരു എഴുത്തുകാരനും മലയാള സാഹിത്യത്തിൽ ഉണ്ടാവില്ല എന്ന് നമുക്ക് നിസ്സംശയം പറയാം. ബഷീറും നാരായണിയും പ്രണയത്തിലാവുന്നത് പരസ്പരം കണ്ടുമുട്ടാതെയാണ്. നാരായണിയുടെ ശബ്ദത്തിലൂടെ മാത്രമാണ് ബഷീർ അവരെ അറിയുന്നത്. ഒരിക്കൽ നാരായണി ഇങ്ങനെ ചോദിക്കുന്നു -
'അങ്ങ് എന്നെ എങ്ങനെ ഓർക്കും, 
അങ്ങെന്നെ കണ്ടിട്ടില്ല, തൊട്ടിട്ടില്ല, പിന്നെ എങ്ങനെ ഓർക്കും ? '
' നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്' ബഷീർ പറയുന്നു.
പ്രണയത്തെ നാല് ചുമരുകൾക്കിടയിൽ തളച്ചിടാതെ അതിന്റെ വിശാലതയിലേക്കുള്ള എത്തിനോട്ടമാണ് മതിലുകൾ എന്ന നോവൽ. ആധുനിക സമൂഹത്തിൽ പ്രണയം സംഭവിക്കുന്നത് ജാതി, മത, വംശീയ പരിഗണനകൾ കൊണ്ടുകൂടിയാണ് എന്ന വസ്തുത നമുക്കുമുന്നിൽ നിൽക്കുമ്പോൾ 'മതിലുകൾ' എത്രത്തോളം ദൈവികമായാണ് പ്രണയത്തെ ആവിഷ്കരിക്കുന്നത്!


ബഷീറും പ്രകൃതിയും



ബഷീറും നാരായണിയും കഴിഞ്ഞാൽ നോവലിലെ പ്രധാന കഥാപാത്രമാര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു - പ്രകൃതി. ഭൂമി മനുഷ്യന്റെ മാത്രമല്ലെന്നും ഇവിടെ ജീവിക്കുന്ന മറ്റു ജീവജാലങ്ങൾക്കും വലിയ സ്ഥാനമുണ്ടെന്നും, എല്ലാവരും പരസ്പരം ഐക്യപ്പെട്ട് കഴിയേണ്ടവരാണെന്നും ബഷീർ ഓർമ്മപ്പെടുത്തുന്നു. 'കൊടുങ്കാറ്റേ വീശിയടിച്ചോളൂ, പക്ഷെ മരങ്ങളെ ഒന്നും പിഴുതെറിയല്ലേ', 'മേഘങ്ങളെ പതുക്കെ പതുക്കെ ഗർജിക്കുക, ഈ ഘോര അട്ടഹാസം കേട്ടാൽ പാവം സ്ത്രീകൾ ഭയന്ന് പോവും' എന്നിങ്ങനെ നിരന്തരമായി പ്രകൃതിയോട് സംവദിക്കാൻ ശ്രമിക്കുന്ന ഒരു സാഹിത്യകാരനെ 'മതിലുകളി'ൽ കാണാം. നാരായണിയുമായുള്ള പ്രണയം പൂത്തുവിടരുന്നത് അയാൾ പരിപാലിക്കുന്ന പനിനീർചെടികളിലൂടെയാണ്. പരസ്പരം പ്രേമസംഭാഷണങ്ങൾ നടത്തുമ്പോഴും ബഷീർ ഒളിഞ്ഞുനോട്ടക്കാരനായ അണ്ണാറക്കണ്ണനോട് കലഹിക്കുന്നുണ്ട്- 'ഇറങ്ങിപോടാ കള്ള ബഡുക്കൂസേ, നിനക്ക് നാണമില്ലേ. അവൻ മതിലിനു പുറത്തിരുന്ന് നമ്മളെ ശ്രദ്ധിക്കുന്നു. അവൻ എന്നെ പരിഹസിക്കാൻ വന്നതാണ്' പ്രകൃതിയുമായി ലയിച്ചുചേർന്ന് പ്രണയത്തെ വരച്ചിടാൻ ശ്രമിക്കുന്ന 'മതിലുകൾ' അടയാളപ്പെടുത്തുന്നത് ഈ ഭൂഗോളത്തെ തന്നെയാണ്. മറ്റൊരു സന്ദർഭം നോക്കാം-
'ഞാൻ ചുംബിക്കുകയായിരുന്നു, ഓരോ പനിനീർപ്പൂവിലും, ഓരോ മൊട്ടിലും, ഓരോ തളിരിലും' ബഷീറിന്റെയും നാരായണിയുടെയും പ്രണയം അവതരിപ്പിക്കുന്നത് ഈ ഭൂഗോളത്തെ തന്നെ സംബന്ധിക്കുന്ന ഒരു കാര്യമായിട്ടാണ്. അണ്ണാരകണ്ണനും കാക്കയും പനിനീർച്ചെടിയുമെല്ലാം പ്രപഞ്ചത്തിന്റെ അനുഗ്രഹം അവർക്കുമേൽ ചൊരിയുന്നതായും ഒരു വിശാലാർത്ഥത്തിൽ വ്യാഖ്യാനിക്കാം. 'സലാം പ്രപഞ്ചമേ' എന്ന ബഷീറിയൻ വർണ്ണനയിൽ തന്നെയുണ്ട് പ്രണയമെന്നാൽ പ്രകൃതിയും പ്രകൃതിയെന്നാൽ പ്രണയവുമാണെന്ന വിശാലവീക്ഷണബോധം.


ബഷീറും സ്വാതന്ത്ര്യവും


ഓരോ വ്യക്തികളിലും സ്വാതന്ത്രത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളിലുള്ള  വൈരുധ്യം 'മതിലുകൾ' എന്ന നോവലിലൂടെ കഥാകൃത്ത് വ്യക്തമാക്കുന്നുണ്ട്. 
'നിങ്ങളെ വിടാൻ ഉത്തരവായി, ഈ നിമിഷം മുതൽ നിങ്ങൾ സ്വതന്ത്രനാണ് , നിങ്ങൾക്ക് സ്വതന്ത്ര ലോകത്തേക്ക് പോകാം' എന്ന് ജയിൽ അധികാരി പറയുമ്പോൾ ബഷീർ നൽക്കുന്ന മറുപടി ശ്രദ്ധേയമാണ്. 'സ്വതന്ത്രൻ ...! സ്വതന്ത്രലോകം, ഏത് സ്വതന്ത്ര്യലോകം? വൻ ജയിലിലേക്ക് വേണമല്ലോ പോകാൻ, ആർക്കുവേണം ഈ സ്വാതന്ത്ര്യം !
സ്വതന്ത്രലോകമെന്നാൽ ഇവിടെ തന്റെ പ്രണയ നഷ്ടമാണെന്ന തിരിച്ചറിവ് ബഷീറിനെ ഒരു നിമിഷത്തേക്ക് വികാരഭരിതനാക്കുന്നു. സ്വാതന്ത്ര്യത്തിന്റെ നിലനിൽക്കുന്ന കാഴ്ച്ചപ്പാടുകളെയെല്ലാം പൊളിച്ചെഴുതി വ്യക്തി സ്വാതന്ത്ര്യത്തിന്റെ പുത്തൻ ദിശാതലങ്ങൾ അന്വേഷിക്കുന്നു എന്നിടത്താണ് 'മതിലുകൾ' വിപ്ലവകരമായ ഒരു നോവലായി മാറുന്നത്. ഭരണകൂട നിർമിതിയുടെ സ്വതന്ത്ര കാഴ്ച്ചപ്പാടുകളെയും നോവൽ ചോദ്യം ചെയ്യുന്നു.


ബഷീറും ഹാസ്യവും


ഏറ്റവും അസാധാരണമായ ഒരു പ്രേമകഥയെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുക എന്നത് ഏറ്റവും പ്രയാസകരമായ കാര്യമാണ്. ബഷീറും നാരായണിയും തമ്മിലുള്ള പ്രണയ സംഭാഷണത്തിൽ
'സുന്ദരികളെത്ര കിഴവികളെത്ര?' എന്ന് ബഷീർ ചോദിക്കുമ്പോൾ
'ഒരു സുന്ദരിയും 86 പടുകിഴവികളും' എന്ന മറുപടിതന്നെ ബഷീറിന്റെ ആഖ്യാനത്തിലെ നർമ്മസവിശേഷതയായി ഉദാഹരിക്കാം. ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവങ്ങളെയും ബഷീറിന്റെ പ്രണയ നഷ്ടത്തെയുമെല്ലാം ആലോചനക്ക് എടുക്കുമ്പോൾ എത്രത്തോളം സങ്കടകരമായ ഒരു അനുഭവമാണ് 'മതിലുകൾ' എന്ന ഈ നോവൽ. പക്ഷെ ബഷീറിന്റെ അവതരണരീതിയും ഹാസ്യവും ഒത്തുച്ചേർന്നപ്പോൾ നാം കാണുന്നത് പ്രതീക്ഷയുടെ പ്രതിഫലനമാണ്. ഏതൊരു സാധാരണ വായനക്കാരനെയും ഒപ്പം കൂട്ടാനും, ആശയം ഗ്രഹിച്ചെടുക്കാനും, ബഷീറിന്റെ ലളിതമായ ഭാഷയോടൊപ്പം ചേർന്ന് നിർക്കുന്ന ഹാസ്യത്തിനുമാവുന്നു എന്ന് നമുക്ക് നിസ്സംശയം പറയാം.

'മതിലിനും ചോരയും നീരും വെച്ചു കാണില്ല പക്ഷെ അതിനൊരു ആത്മാവ് ഉണ്ടായിട്ടില്ലേ എന്നൊരു സംശയം. മതിലിൽ പലതും കേട്ടു, പലതും കണ്ടു.'- നോവലിലെ വളരെ പ്രസക്തമായ വരികൾ എടുത്ത് തന്നെ പറയുകയാണെങ്കിൽ പല കോണുകളിലൂടെ നോക്കികാണാൻ
കഴിയുന്ന സാഹിത്യാനുഭവമാണ് 'മതിലുകൾ'. ഒരു പ്രണയകഥയിൽ  മാത്രം തളച്ചിടാൻ കഴിയുന്ന ഒന്നല്ല. മറിച്ച് ഒരു കാലഘട്ടത്തെ തന്നെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയ നോവലുകൂടിയാണിത്!
ഓരോ വായനയിലും പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്ന ഈ നോവൽ മലയാള സാഹിത്യത്തിൽ തന്നെ ഇന്നും ഒരത്ഭുതമായി നിലകൊള്ളുന്നു.



No comments:

Post a Comment