Search Movies

Wednesday 15 April 2015

4.Wadjda

Arabic/2012/98min
Directed by Haifaa al-Mansour














കാമ്പുള്ള പ്രമേയങ്ങൾക്ക് ചലച്ചിത്ര ഭാഷ്യമൊരുങ്ങുമ്പോൾ പലപ്പോഴും നഷ്ട്ടപ്പെടുന്നത് അവതരണത്തിലെ ലാളിത്യ ഭംഗിയാണ്‌. ഈയൊരു കാരണം കൊണ്ടാണ് ഗൗരവമേറിയ ചിത്രങ്ങൾ ചെറിയതോതിൽ എങ്കിലും സാധാരണക്കാരിൽ നിന്നും അകന്നുനിൽക്കുന്നത്. മികച്ച പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന എന്നാൽ ലാളിത്യമുള്ള, ലോക ക്ലാസ്സിക്കുകൾ പരിശോധിക്കുമ്പോൾ ആദ്യം ഓർമ്മയിൽ എത്തുന്നത് മജീദ് മജീദിയുടെ 'Children of heaven' എന്ന ചിത്രമാണ്. ഏതൊരു ആസ്വാദകനും ഉൾക്കൊള്ളാൻ സാധിക്കുന്ന ആ ചിത്രത്തിന്റെ അതേ സഞ്ചാരപാത തന്നെയാണ് 'Wadjda' എന്ന അറബിക് ചിത്രവും സ്വീകരിച്ചിട്ടുള്ളത്.

വൈദ എന്ന പതിനൊന്നു വയസ്സുകാരിയുടെ ഒരു സൈക്കിൾ സ്വന്തമാക്കാനുള്ള മോഹവും അത് സാധ്യമാക്കാൻ അവൾ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം. സ്വന്തം സൈക്കളിൽ വരുന്ന അലി എന്ന സുഹൃത്തിനെ ഒരു തവണയെങ്കിലും സൈക്കിൾ റേസിൽ തോൽപ്പിക്കണം എന്ന ആഗ്രഹം അവളുടെ സ്വപ്നത്തിനു വേഗം കൂട്ടുന്നു. രണ്ടാം വിവാഹത്തിനായി തയ്യാറെടുക്കുകയാണ്  വൈദയുടെ പിതാവ്. പെണ്‍കുട്ടികൾ സൈക്കിൾ ചവിട്ടാൻ പാടില്ല എന്ന സാമ്പ്രദായിക വിചാരം വൈദയുടെ സ്വപ്നങ്ങൾക്ക് വിലങ്ങിടുന്നു.തുടർന്ന് സൈക്കിൾ സ്വന്തമാക്കാനുള്ള പണം സ്വയം കണ്ടെത്താൻ പരിശ്രമിക്കുന്നു അവൾ.


അറബ് രാഷ്ട്രങ്ങളിലെ സ്ത്രീ സമൂഹം നേരിടുന്ന അസ്വാതന്ത്ര്യവും, പുരുഷ മേധാവിത്ത്വവും ചിത്രം തുറന്നു കാണിക്കുന്നുണ്ട്. മനസ്സിലെ വിവിധ നിറങ്ങളെ പർദ്ദയുടെ ഉളളിൽ ഒളിച്ചു സൂക്ഷിക്കുന്ന സ്ത്രീ സമൂഹത്തിന്റെ യഥാർത്ഥ പ്രതിനിധിയാണ് വൈദയുടെ മാതാവ്. തെറ്റായി വ്യാകരണം ചെയ്യപ്പെടുന്ന മതവും വ്യവസ്ഥകളും എങ്ങനെയെല്ലാം സ്ത്രീ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നു എന്നതിന്റെ നേർക്കാഴ്ച്ചയാകുന്നുണ്ട്  ചിത്രം.

വൈദയുടെ പിതാവിന്റെ രണ്ടാം വിവാഹവും, അതിനോടൊപ്പം തന്നെ സ്വാതന്ത്ര്യത്തിന്റെ എല്ലാ വശങ്ങളും മകൾ അനുഭവിക്കണം എന്ന ചിന്തയോടെ സൈക്കിൾ മാതാവ് അനുവദിക്കുകയും, സുഹൃത്ത് അലിയെ വൈദ റേസിൽ  തോൽപ്പിക്കുകയും ചെയ്യുന്നിടത്ത് പുത്തൻ പാതയൊരുക്കി ചിത്രം പൂർത്തിയാകുന്നു. മതം മനുഷ്യ നന്മക്കാണെങ്കിലും  അതിന്റെ അതിപ്രസരം അരാജകത്വത്തിലേക്ക് വഴിയൊരുക്കും എന്ന് പറയുന്നുണ്ട് ചിത്രം.


ലളിതമായ അവതരണവും ദൃശ്യഭംഗിയും ചിത്രത്തെ കൂടുതൽ ആസ്വാധ്യമാക്കുന്നു. കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിനും, ആസ്വാദനത്തിലും നൂറു ശതമാനം സത്യസന്ധത കാട്ടുന്ന ചിത്രം സിനിമാ പ്രേമികൾക്കും, സിനിമാ വിദ്യാർത്തികൾക്കും നല്ല അനുഭവമായിരിക്കും.




No comments:

Post a Comment