Search Movies

Tuesday 21 April 2015

5.December 1

Kannada/2014/98min
Directed by P Sheshadri









'എന്തുകൊണ്ട് നമ്മുടെ സിനിമകൾ ലോകനിലവാരത്തിൽ എത്തുന്നില്ല ?' ; 100 വർഷങ്ങൾ പിന്നിട്ട ഇന്ത്യൻ സിനിമയുടെ ആസ്വാദകർ പലപ്പോഴായി ചിന്തിച്ചിട്ടുള്ളതാവും ഇക്കാര്യം. വ്യക്തമായ ഉത്തരമില്ലെങ്കിലും വലിയ തോതിലുള്ള വാണിജ്യവൽക്കരണവും,  ഐറ്റം നമ്പറുകളും, താര പരിവേഷങ്ങളും എല്ലാം തന്നെ ഇതിനു കാരണങ്ങളാണ്. സവിശേഷമായ ശ്രദ്ധ ആവിശ്യപ്പെടുന്ന ചിത്രങ്ങൾക്ക് പലപ്പോഴും അത് ലഭിച്ചതായി കാണുന്നില്ല. അങ്ങിങ്ങായി നടക്കുന്ന മുഖ്യധാരാ സംവിധായകരുടെ ചലച്ചിത്ര ശ്രമങ്ങൾ ഒരു പരിധിവരെ ലോകനിലവാരത്തിലേക്ക് ഉയരാൻ ഇന്ത്യൻ സിനിമകളെ സഹായിക്കുന്നു. അത്തരത്തിൽ ഉള്ള  ഒരു വലിയ ശ്രമമാണ് പി ശേഷാദ്രി-യുടെ ഡിസംബർ 1 എന്ന ചിത്രം നടത്തുന്നത്.


കർണാടകയിലെ ബസുപുര എന്ന ഗ്രാമത്തിൽ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ട്പോകാൻ ഏറെ പാടുപെടുന്നുണ്ട് മാദേവപ്പയും അയാളുടെ പത്നി ദേവക്കയും. താനുണ്ടാക്കുന്ന ചപ്പാത്തി, കൈകുഞ്ഞിനേയും എടുത്തുകൊണ്ട്  ഏറെ അകലെയുള്ള നഗരത്തിൽ കൊണ്ടുപോയി വിൽക്കുന്നു ദേവക്ക. മാദേവപ്പ ഒരു ഫ്ലോർ മില്ലിൽ ജോലി ചെയ്യുന്നു. സന്തുഷ്ട്ടമായ കുടുംബ ജീവിതമാണെങ്കിലും ദാരിദ്ര്യം ഒരു വെല്ലുവിളിയായി തീരുന്നുണ്ട് അവർക്ക്. തന്റെ മൂത്ത മകന് ചെരുപ്പ് വാങ്ങാൻ ദേവക്ക നടത്തുന്ന ശ്രമങ്ങൾ അത് എടുത്തുകാണിക്കുന്നുണ്ട്. അപ്രതീക്ഷിതമായി ആ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിക്കാൻ ഒരുങ്ങുന്നതായി അറിയുന്നു !  തുടർന്ന് ആ ദരിദ്ര കുടുംബം മുഖ്യമന്ത്രിയുടെ വരവിനായി തയ്യാറെടുക്കുകയാണ്. മുഖ്യമന്ത്രിയുടെ വരവിനു പിന്നിലെ ഉദ്ധേശ ലക്ഷ്യങ്ങൾ ആകാംക്ഷ കൈവിടാതെ നിലനിർത്തുന്നു ചിത്രം.



തീർത്തും ലളിതമായ അവതരണമാണെങ്കിലും പ്രമേയപരമായി ഉയർന്ന തലങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. വോട്ട്-ബാങ്ക്  രാഷ്ട്രീയത്തെയും,അഴിമതിയേയും,സർക്കാർ അനാസ്ഥകളേയും സക്തമായി വിമർശിക്കുന്നു സംവിധായകൻ. വികസ്വര രാഷ്ട്രമായി ഉയരാനുള്ള ശ്രമങ്ങൾ നഗരങ്ങളെ മാത്രം  കേന്ദ്രീകരിച്ചാണെന്നും , മൂല്യബോധങ്ങൾ സൂക്ഷിക്കുന്ന ഗ്രാമങ്ങൾക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും പറയാതെ പറയുന്നു ചിത്രം. എന്നാൽ ഗ്രാമങ്ങളിൽ ഇന്നും അനുഷ്ട്ടിച്ചു പോരുന്ന ദേവദാസി സംമ്പ്രദായങ്ങളെയും മറ്റു അനാചാരങ്ങളെയും തുറന്നു കാണിക്കുക കൂടി ചെയ്യുന്നുണ്ട് സംവിധായകൻ.


ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിച്ച അശോക്‌ വി രാമൻ ഏറെ അഭിനന്ദനമർഹിക്കുന്നു. ഗ്രാമത്തിലൂടെ ഹെലികോപ്റ്റർ കടന്നു പോകുന്ന ദൃശ്യത്തിൽ അതിന്റെ പങ്കകൾ മണ്ണിനെ കീറിമുറിക്കുന്ന പോലുള്ള അനുഭൂതി ആസ്വാദകന് ലഭിക്കുന്നുണ്ട്. വ്യവസായവൽക്കരണവും  കാർഷിക സംസ്കാരവും തമ്മിലുള്ള കലഹമാവുന്നുണ്ട് ചിത്രം. ആന്തര ഘടനയുടെ അപജയം എങ്ങനെയെല്ലാം മാനുഷിക-സാമൂഹിക ജീവിതങ്ങളെ സ്തംഭിപ്പിക്കുന്നു എന്നും ഭരണാധികാരികൾ ഉനരെനമെന്നും ശാസിക്കുന്നു ചിത്രം. ദേവക്ക യായി മികച്ച പ്രകടനം കാഴ്ച്ചവെച്ച നിവേദിത മികച്ച നടിക്കുള്ള  കന്നഡ സംസ്ഥാന പുരസ്ക്കാരം സ്വന്തമാക്കി. സ്ത്രീ  കേന്ദ്രീകൃത  ചിത്രമായി തന്നെ വിലയിരുത്താം ഡിസംബർ 1. 


61-ആം ദേശീയ പുരസ്കാരത്തിൽ മികച്ച കന്നഡ ചിത്രത്തിനും,  മികച്ച  തിരക്കഥക്കും ഉള്ള  പുരസ്കാരം ചിത്രം സ്വന്തമാക്കിയത്തിൽ അതിശയമില്ല. ചിത്രത്തിന്റെ ക്ലൈമാക്സ് പ്രേക്ഷകർക്ക്‌ ഒരേസമയം ഞെട്ടലും പുത്തൻ ചിന്താസരണിയും സമ്മാനിക്കുന്നു. ഒരു പക്ഷെ സത്യജിത് റേ -ക്ക് ശേഷം പി ശേഷാദ്രി ആയിരിക്കാം ഗ്രാമങ്ങളെയും ഇന്ത്യൻ ജനതയേയും, ജീവിത സാഹചര്യങ്ങളെയും ഇത്രയും നിരീക്ഷണ ബുദ്ധിയോടെ നോക്കികണ്ടത്.

No comments:

Post a Comment