Search Movies

Tuesday, 28 April 2015

8.Stoning of Soraya M

Persian/2008/116min
Directed by  Cyrus Nowrasteh













ഇറാനിയൻ സിനിമകൾ ലോകനിലവാരത്തിൽ ശ്രദ്ധിക്കപ്പെടുന്നതും, ചർച്ച ചെയ്യപ്പെടുന്നതും അവയുടെ  പ്രമേയ ഗൗരവവും, അതുപോലെ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും കൊണ്ടാണെന്ന കാര്യത്തിൽ സംശയമില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എന്തുകൊണ്ട് ഇത്തരത്തിലുള്ള സിനിമാ-ശ്രമങ്ങൾ ഏറിയ തോതിൽ ഉണ്ടാവുന്നില്ല എന്നത് വലിയൊരു ചോദ്യമാണ്. ഇവിടെയാണ്‌ ഇറാൻ സിനിമകളുടെ പ്രസക്തി. പരിമിതമായ വ്യക്തി സ്വാതന്ത്ര്യവും, ശക്തമായ നിയമ വ്യവസ്ഥകളും, തെറ്റായി വ്യാകരണം ചെയ്യപ്പെടുന്ന മതത്തേയും, അവക്കുള്ളിൽ തന്നെ നിന്നുകൊണ്ട് ചോദ്യം ചെയ്യുന്ന ചലച്ചിത്ര ശ്രമങ്ങളിൽ മുന്നിൽ നിൽക്കും 'Stoning Of Soraya' എന്ന ചിത്രം. 

'മതവും മനുഷ്യനും' ഏറെ ചർച്ച ചെയ്യപ്പെട്ടതും, തുടർ ചർച്ചകൾക്ക് ഇനിയും അധികം സാധ്യതയുള്ളതുമായ ഒരു വിഷയമാണ്. ഈ വിഷയത്തിന്റെ തുടർ ചർച്ച മാത്രമാവുന്നില്ല 'Stoning of soraya ',  മറിച്ച് ഒരു സമൂഹത്തിന്റെ നേർ പകർപ്പുമാകുന്നുണ്ട്. സുരയ്യയുടെ അസ്ഥികൾ നദീ തീരത്ത് നിന്നും പെറുക്കിയെടുക്കുന്ന സഹോദരിയിൽ (Zahra ) നിന്നും ചിത്രം തുടങ്ങുന്നു. സുരയ്യയുടെ ജീവിതം Zahra  ഒരു മാധ്യമപ്രവർത്തകക്കു വിവരിച്ച് കൊടുക്കുന്നതിലൂടെയാണ് ചിത്രത്തിന്റെ തുടർ സഞ്ചാരം.


ഭർത്താവ് അലിയിൽ നിന്നും ഏറെ പീഡനങ്ങൾ അനുഭവിചിച്ചിരുന്നു സുരയ്യ. മറ്റൊരു 14 വയസ്സുകാരിയെ വിവാഹം കഴിക്കാനുള്ള ശ്രമത്തിലാണ് അയാൾ. അയാളുടെ രണ്ടാം വിവാഹത്തിനു സുരയ്യ സമ്മതിക്കാത്തിടത്ത്  പ്രശ്നങ്ങൾ തുടങ്ങുന്നു. സുരയ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന കഥകൾ അലി പ്രചരിപ്പിക്കുന്നു. തുടർന്ന് മതത്തിനും അതിന്റെ വിശുദ്ധിക്കുമെല്ലാം തന്നെ എതിരായി പ്രവർത്തിച്ച അവളെ കല്ലെറിഞ്ഞു കൊല്ലാൻ വിശ്വാസികൾ തയ്യാറാകുന്നു. പുരോഹിതർ മഹത് വചനങ്ങൾ പാടി. ഒരു സമൂഹം മൊത്തം അവളെ ദാരുണമായി കല്ലെറിയുന്നിടത്ത് മനുഷ്യത്വം ചോദ്യം ചെയ്യുന്നു സംവിധായകൻ. അവളുടെ മരണം അങ്ങേയറ്റം ക്രൂരതയുടെ നേർക്കാഴ്ച്ചയാകുമ്പോൾ ആ ദൃശ്യങ്ങൾക്ക് നേരെ മുഖം തിരിക്കേണ്ടി വരുന്നു പ്രേക്ഷകന് ! സുരയ്യയുടെ ജീവിതം പിന്നീട് മാധ്യമ പ്രവർത്തകയിലൂടെ പുറം ലോകം അറിയും എന്ന പ്രത്യാശയോടെ ചിത്രം പൂർണ്ണമാകുന്നു. ഒരു യതാർത്ഥ സംഭവത്തെ ആസ്പദമാക്കി യാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന കാര്യം നൽകുന്ന അമ്പരപ്പ് ചെറുതല്ല !





പുരുഷാധിപത്യത്തിന്റെയും സ്ത്രീ ആസ്വാതന്ത്ര്യത്തിന്റേയും ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലുന്ന ചിത്രം തിന്മകൾക്കെതിരെ ശബ്ദമുയർത്തുന്നു.  Freidoune Sahebjam എന്ന പത്രപ്രവർത്തകൻ തനിക്കു ലഭിച്ച തെളിവുകളെ ആധാരമാക്കി രചിച്ച La Femme Lapidée എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2008-ലെ Toronto International Film Festival -ൽ Director's Choice പുരസ്കാരം നേടിയ ചിത്രം ഒരു മികച്ച ദൃശ്യാവിഷ്ക്കാരം എന്നതിനോടൊപ്പം ഒരു ആക്റ്റിവിസമായി  കണക്കാക്കാം. എന്തെന്നാൽ ആധുനിക ലോകത്ത് സ്ത്രീകൾ എങ്ങനെയെല്ലാം വേട്ടയാടപ്പെടുന്നു, വ്യവസ്ഥിതികൾ അവരുടെ സ്വാതന്ത്ര്യം എങ്ങനെയെല്ലാം നിഷേധിക്കുന്നു എന്നതിന്റെയെല്ലാം നേർക്കാഴ്ച്ചയാകുന്നുണ്ട് ചിത്രം.

ചലച്ചിത്രം എന്ന മാധ്യമത്തിന്റെ സ്വാധീനവും സാധ്യധകളും വ്യക്തമാക്കുന്നുണ്ട് 'Stoning of Soraya M '. ഒരു മികച്ച കലാ സൃഷ്ട്ടി എന്ന നിലയിൽ സംവിധായകന് അഭിമാനവും, പ്രേക്ഷകന് സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്താനുള്ള അവസരവും ആകുന്നുണ്ട് ചിത്രം.

7.Whiplash

English/2014/106min
Directed by Damien Chazelle












ലക്ഷ്യത്തെ മുന്നിൽ കണ്ടുള്ള പരിശ്രമങ്ങളാണ്, അവയുടെ സാക്ഷാത്കാരത്തിനു പിന്നിൽ എന്നും. 'നന്നായിരിക്കുന്നു' എന്ന മറ്റുള്ളവരുടെ പരിശ്രമ വേളയിലെ അഭിനന്ദനമാണോ അതോ വിമർശനങ്ങളാണോ വിജയിയെന്ന് വിളിക്കപ്പെടാൻ  ഒരുവനെ കൂടുതൽ പ്രാപ്തമാക്കുന്നത് ?

''There are no two words in English language more harmful than 'good job' !''

Damien Chazelle എഴുതി സംവിധാനം ചെയ്ത 'Whiplash ' എന്ന ചിത്രം, സംവിധായകന്റെ തന്നെ ഹൈസ്കൂൾ പഠനകാലത്തെ അനുഭവങ്ങളിൽ നിന്നും ഉടലെടുത്തതാണ്. സാങ്കേതിക മികവിലാണ്  'Whiplash ' ഏറെ പ്രശംസ അർഹിക്കുന്നത്. Andrew Neimen എന്ന ഡ്രമ്മറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. പ്രശസ്തമായ ഷഫെറില്‍ സംഗീത സ്കൂളിലെ ഒന്നാം വർഷ ജാസ്സ് വിദ്യാർത്ഥിയാണവൻ. ലോകത്തിലെ തന്നെ മികച്ച  ഡ്രമ്മർ-മാരിൽ ഒരാളാവാൻ നൈമൻ എന്ന 19 വയസ്സുകാരൻ ആഗ്രഹിക്കുന്നു.

തന്റെ ലക്ഷ്യത്തിനായി  നെയ്മൻ  ഏറെ പരിശ്രമിക്കുന്നുണ്ട്. ക്ലാസ്സിനു ശേഷവും , ഏറെ വൈകിയുമെല്ലാം അവൻ പ്രാക്ടീസ് ചെയ്യുന്നു. J .K  Simmons അവതരിപ്പിച്ച Fletcher എന്ന അദ്ധ്യാപകൻ വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പ്രകോപിപ്പിക്കുന്നു. ഏവരും അയാളെ ഭയപ്പെടുന്നു. നൈമന്റെ കഴിവിനെ തിരിച്ചറിഞ്ഞു അവനെ ബാൻഡിലെ Core drummer ആയി പരിഗണിച്ചു മത്സരങ്ങൾക്ക് വായിക്കാൻ അവസരം നൽകുന്നുണ്ടയാൾ. എന്നാൽ ഒരു ഘട്ടത്തിൽ Drums  നൈമന്റെ ജീവിതത്തിൽ നിന്നും അകന്നു പോകുന്നതിനും Fletcher കാരണക്കാരനാകുന്നുണ്ട്.




ജാസ്സ്-സംഗീത ലോകത്തിലേക്ക്, പ്രേക്ഷകനെ കൂട്ടികൊണ്ട് പോകുന്നുണ്ട് 'Whiplash '. സംഗീതം പ്രമേയമാക്കി ഒരുക്കിയ ചിത്രം ആദ്യാവസാനം വരെ രസച്ചരടിനെ ബാധിക്കാതെ ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.മികവുറ്റതായി വിലയിരുത്തുമ്പോഴും ക്ലീഷേ മുക്തമല്ല ചിത്രം. സാങ്കേതികതയുടെ മികവ് 2014 ലെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറാൻചിത്രത്തിന് നൽകിയ സംഭാവന ചെറുതല്ല.

Miles Teller ആണ് നൈമനെ അവതരിപ്പിച്ചത്. Fletcher എന്ന കഥാപാത്രം 87-ആം ഓസ്‌കാർ അവാർഡ്സിലെ മികച്ച സഹനടനുള്ള പുരസ്ക്കാരത്തിന് സിമ്മൻസിനെ അർഹനാക്കി. ഏതൊരു പ്രേക്ഷകനും ചിത്രം കണ്ടതിനു ശേഷം ഓർത്തിരിക്കും തരത്തിലുള്ള പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചിരിക്കുന്നത്. മികച്ച സൌണ്ട് മിക്സിങ്ങ്, മികച്ച എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലും ചിത്രം ഓസ്‌കാർ പുരസ്കാരം കരസ്ഥമാക്കി. ക്ലൈമാക്സ് രംഗം ആവേശകരമാക്കി തീർക്കാൻ ഏറെ സഹായകമായി ഇവ. ഡ്രമ്സിലേക്ക് ചോര വീഴ്ത്തുന്ന പ്രകടനങ്ങൾക്കായി ചിത്രം കാണുക തന്നെ വേണം !

Tuesday, 21 April 2015

6.The Good Road

Gujarathi/2013/92min
Directed by Gyan  Correa









നിരാശ ബാക്കിയാക്കുന്ന  'നല്ല പാത' 


പാതകൾ നയിക്കുന്ന യാത്രകളിലെ യാഥൃശ്ചികത്വമാണ്‌ ' ദി ഗുഡ് റോഡ്‌ ' എന്ന ഗുജറാത്തി ചിത്രം.മൂന്ന് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ ഉള്ളവരുടെ ഒരു ദിവസത്തെ യാത്രയിൽ വന്നുചേരുന്ന യാഥൃശ്ചികത്വമാണ്‌ Gyan  Correa - യുടെ ഈ ചിത്രം പറയുന്നത്.  2013-ലെ മികച്ച ഗുജറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ഈ ചിത്രത്തിനായിരുന്നു. കൂടാതെ ഓസ്കാർ ശുപാർശ ചെയ്തുവെങ്കിലും നോമിനേഷൻ ലഭിക്കുകയുണ്ടായില്ല.


ചില പ്രത്യേക ലക്ഷ്യങ്ങളുമായി ലോറിയിൽ ചരക്ക് കൊണ്ടുപോകുന്ന പപ്പു എന്ന ലോറി ഡ്രൈവറാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം. അയാളോടൊപ്പം ഷൗക്കത്ത് എന്ന ക്ലീനറും ഉണ്ട്. വല്ലപ്പോഴും മാത്രം സംസാരിക്കുന്ന പ്രക്രതക്കാരനാണയാൾ. തുടർച്ചയായ യാത്രകളുടെ മനംമടുപ്പും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ സാധിക്കാത്തതിലുള്ള നിരാശയും അയാളിലുണ്ട്. അവധിക്കാല യാത്രക്ക് മാതാപിതാക്കൾക്കൊപ്പം  പുറപ്പെട്ടതാണ് ആദി 
എന്ന ബാലൻ. ആ യാത്രയിൽ വളരെയധികം വിരസത അനുഭവപ്പെടുന്നുണ്ട് അവന്. യാത്രയിൽ ഇടയ്ക്കു വെച്ച് ആദി വണ്ടിയിൽ ഇല്ലാത്തത് അറിയാതെ മാതാപിതാക്കൾ യാത്ര തുടരുന്നു. ഏറെ ദൂരം പിന്നിട്ട ശേഷം, മകനെ കാണാനില്ല എന്ന്  മനസ്സിലാക്കി അവർ പോലീസിൽ അറിയിക്കുന്നു.
അനാഥയായ തന്നെ തന്റെ അമ്മൂമ്മ സംരക്ഷിക്കും എന്ന പ്രതീക്ഷയോടെ യാത്രതിരിച്ചു ഒരു ബാല വേശ്യാലയത്തിൽ എത്തിചേരുകയാണ് പൂനം എന്ന ബാലിക. തീർത്തും നിസ്സംഗയാണവൾ.



മാതാപിതാക്കളെ തേടി പപ്പുവിനൊപ്പം ലോറിയിൽ ആദി യാത്രതിരിക്കുന്നു. ആദിക്ക് കൂട്ടായി ഒരു പട്ടി കുട്ടിയുമുണ്ട്. യാത്രയുടെ തുടക്കത്തിൽ അനാഥനായ  ഷൗക്കത്തിനു മാതാപിതാക്കളെ തിരയുന്ന ആദിയോട്  വിരക്തി തോന്നുന്നുവെങ്കിലും പതിയെ ആദിയിൽ പപ്പുവിനും ഷൗക്കത്തിനും പ്രിയമേറുന്നു. ആദിയുടെ തന്നെ പ്രായത്തിലുള്ള തന്റെ അനന്തരവൾ പിങ്കിയെ പപ്പു അവനിലൂടെ കാണുന്നു. മകനെ തേടി 
ആദിയുടെ അച്ഛൻ, ഡേവിഡ്‌ പോലീസുകാരനോടൊപ്പം വന്ന വഴിയെ തിരിക്കുന്നു. ബാല്യ വേശ്യാലയത്തിൽ നിന്നും തിരികെ പോരാൻ ശ്രമിക്കുകയാണ് പൂനം. ഇത്രയും ഉൾക്കൊള്ളുന്നതാണ് ചിത്രത്തിന്റെ ബാക്കി പത്രം. ഈ മൂന്നുകൂട്ടരും, അവരുടെ യാത്രയും, സംഗമിക്കുന്നിടത്താണ് ചിത്രത്തിന്റെ ക്ലൈമാക്സ്.

അപരിചിതരായ , മൂന്നു വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്നുള്ളവരും അവർക്കിടയിൽ വന്നുചേരുന്ന യാഥൃശ്ചികത്വവും, അതിലേക്കവരെ നയിച്ച 'നല്ല പാതയുമാണ്' ചിത്രം.നമുക്ക് പരിചിതമല്ലാത്ത ചില  സാമൂഹ്യാന്തരീക്ഷങ്ങൾ  ചിത്രം അവതരിപ്പിക്കുന്നുണ്ട്. ബാലവേശ്യാലയത്തിൽ നിന്നും പരിചയപ്പെടുന്ന റിങ്കലിനോട് തന്നോടൊപ്പം വരാൻ പൂനം പറയുമ്പോൾ ഇതാണ് തന്റെ വീടെന്നും, താനിവിടെ തന്നെ നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും രിങ്കെൽ പറയുന്നത് ശ്രദ്ധേയമാണ്. നന്മകളും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന ഗ്രാമവാസികളെ ചിത്രം അങ്ങനെ തന്നെ അവതരിപ്പിക്കുന്നുണ്ട്. സാമൂഹിക-സാമ്പത്തിക അന്തരങ്ങളെ മുഖവുരക്കെടുക്കുന്നില്ല സംവിധായകൻ. പപ്പുവും, ആദിയും, ഷൗക്കത്തും  ഒരുമിച്ചുള്ള യാത്രയിലെങ്ങും ആ അന്തരത്തെ സംവിധായകൻ അവഗണിച്ചത് ശ്രദ്ധേയമാണ്. പപ്പുവിനും ഷൗക്കത്തിനും ഒപ്പം ഭക്ഷണം കഴിക്കുന്നതിലും യാത്ര പങ്കിടുന്നതിലും ആദിയിൽ വിരക്തി ഒട്ടുമില്ല.


നിലവാരമുള്ള തിരക്കഥയുള്ള ചിത്രത്തിൽ എന്നാൽ മികവുറ്റ ഒരു സംവിധാനത്തിന്റെ അഭാവം  പ്രത്യക്ഷമായിരുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അഭിനേതാകളുടെ പ്രകടനവും മികച്ചതെന്നു വിലയിരുത്താൻ സാധിക്കുകയില്ല. പൂനം എന്ന ബാലികയെ അവതരിപ്പിച്ച പൂനം കേസർ സിംഗ് അഭിനന്ദനം അർഹിക്കുന്നു. റിതേഷ് ബത്രയുടെ 'ദി ലഞ്ച് ബോക്സ്‌'- നെ പിന്തള്ളി ചിത്രം ഒസ്ക്കാറിനു ശുപാർശ ചെയ്യപ്പെട്ടത് തീർത്തും അപ്രതീക്ഷിതമായിരുന്നു.

5.December 1

Kannada/2014/98min
Directed by P Sheshadri









'എന്തുകൊണ്ട് നമ്മുടെ സിനിമകൾ ലോകനിലവാരത്തിൽ എത്തുന്നില്ല ?' ; 100 വർഷങ്ങൾ പിന്നിട്ട ഇന്ത്യൻ സിനിമയുടെ ആസ്വാദകർ പലപ്പോഴായി ചിന്തിച്ചിട്ടുള്ളതാവും ഇക്കാര്യം. വ്യക്തമായ ഉത്തരമില്ലെങ്കിലും വലിയ തോതിലുള്ള വാണിജ്യവൽക്കരണവും,  ഐറ്റം നമ്പറുകളും, താര പരിവേഷങ്ങളും എല്ലാം തന്നെ ഇതിനു കാരണങ്ങളാണ്. സവിശേഷമായ ശ്രദ്ധ ആവിശ്യപ്പെടുന്ന ചിത്രങ്ങൾക്ക് പലപ്പോഴും അത് ലഭിച്ചതായി കാണുന്നില്ല. അങ്ങിങ്ങായി നടക്കുന്ന മുഖ്യധാരാ സംവിധായകരുടെ ചലച്ചിത്ര ശ്രമങ്ങൾ ഒരു പരിധിവരെ ലോകനിലവാരത്തിലേക്ക് ഉയരാൻ ഇന്ത്യൻ സിനിമകളെ സഹായിക്കുന്നു. അത്തരത്തിൽ ഉള്ള  ഒരു വലിയ ശ്രമമാണ് പി ശേഷാദ്രി-യുടെ ഡിസംബർ 1 എന്ന ചിത്രം നടത്തുന്നത്.


കർണാടകയിലെ ബസുപുര എന്ന ഗ്രാമത്തിൽ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ട്പോകാൻ ഏറെ പാടുപെടുന്നുണ്ട് മാദേവപ്പയും അയാളുടെ പത്നി ദേവക്കയും. താനുണ്ടാക്കുന്ന ചപ്പാത്തി, കൈകുഞ്ഞിനേയും എടുത്തുകൊണ്ട്  ഏറെ അകലെയുള്ള നഗരത്തിൽ കൊണ്ടുപോയി വിൽക്കുന്നു ദേവക്ക. മാദേവപ്പ ഒരു ഫ്ലോർ മില്ലിൽ ജോലി ചെയ്യുന്നു. സന്തുഷ്ട്ടമായ കുടുംബ ജീവിതമാണെങ്കിലും ദാരിദ്ര്യം ഒരു വെല്ലുവിളിയായി തീരുന്നുണ്ട് അവർക്ക്. തന്റെ മൂത്ത മകന് ചെരുപ്പ് വാങ്ങാൻ ദേവക്ക നടത്തുന്ന ശ്രമങ്ങൾ അത് എടുത്തുകാണിക്കുന്നുണ്ട്. അപ്രതീക്ഷിതമായി ആ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിക്കാൻ ഒരുങ്ങുന്നതായി അറിയുന്നു !  തുടർന്ന് ആ ദരിദ്ര കുടുംബം മുഖ്യമന്ത്രിയുടെ വരവിനായി തയ്യാറെടുക്കുകയാണ്. മുഖ്യമന്ത്രിയുടെ വരവിനു പിന്നിലെ ഉദ്ധേശ ലക്ഷ്യങ്ങൾ ആകാംക്ഷ കൈവിടാതെ നിലനിർത്തുന്നു ചിത്രം.



തീർത്തും ലളിതമായ അവതരണമാണെങ്കിലും പ്രമേയപരമായി ഉയർന്ന തലങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. വോട്ട്-ബാങ്ക്  രാഷ്ട്രീയത്തെയും,അഴിമതിയേയും,സർക്കാർ അനാസ്ഥകളേയും സക്തമായി വിമർശിക്കുന്നു സംവിധായകൻ. വികസ്വര രാഷ്ട്രമായി ഉയരാനുള്ള ശ്രമങ്ങൾ നഗരങ്ങളെ മാത്രം  കേന്ദ്രീകരിച്ചാണെന്നും , മൂല്യബോധങ്ങൾ സൂക്ഷിക്കുന്ന ഗ്രാമങ്ങൾക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും പറയാതെ പറയുന്നു ചിത്രം. എന്നാൽ ഗ്രാമങ്ങളിൽ ഇന്നും അനുഷ്ട്ടിച്ചു പോരുന്ന ദേവദാസി സംമ്പ്രദായങ്ങളെയും മറ്റു അനാചാരങ്ങളെയും തുറന്നു കാണിക്കുക കൂടി ചെയ്യുന്നുണ്ട് സംവിധായകൻ.


ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിച്ച അശോക്‌ വി രാമൻ ഏറെ അഭിനന്ദനമർഹിക്കുന്നു. ഗ്രാമത്തിലൂടെ ഹെലികോപ്റ്റർ കടന്നു പോകുന്ന ദൃശ്യത്തിൽ അതിന്റെ പങ്കകൾ മണ്ണിനെ കീറിമുറിക്കുന്ന പോലുള്ള അനുഭൂതി ആസ്വാദകന് ലഭിക്കുന്നുണ്ട്. വ്യവസായവൽക്കരണവും  കാർഷിക സംസ്കാരവും തമ്മിലുള്ള കലഹമാവുന്നുണ്ട് ചിത്രം. ആന്തര ഘടനയുടെ അപജയം എങ്ങനെയെല്ലാം മാനുഷിക-സാമൂഹിക ജീവിതങ്ങളെ സ്തംഭിപ്പിക്കുന്നു എന്നും ഭരണാധികാരികൾ ഉനരെനമെന്നും ശാസിക്കുന്നു ചിത്രം. ദേവക്ക യായി മികച്ച പ്രകടനം കാഴ്ച്ചവെച്ച നിവേദിത മികച്ച നടിക്കുള്ള  കന്നഡ സംസ്ഥാന പുരസ്ക്കാരം സ്വന്തമാക്കി. സ്ത്രീ  കേന്ദ്രീകൃത  ചിത്രമായി തന്നെ വിലയിരുത്താം ഡിസംബർ 1. 


61-ആം ദേശീയ പുരസ്കാരത്തിൽ മികച്ച കന്നഡ ചിത്രത്തിനും,  മികച്ച  തിരക്കഥക്കും ഉള്ള  പുരസ്കാരം ചിത്രം സ്വന്തമാക്കിയത്തിൽ അതിശയമില്ല. ചിത്രത്തിന്റെ ക്ലൈമാക്സ് പ്രേക്ഷകർക്ക്‌ ഒരേസമയം ഞെട്ടലും പുത്തൻ ചിന്താസരണിയും സമ്മാനിക്കുന്നു. ഒരു പക്ഷെ സത്യജിത് റേ -ക്ക് ശേഷം പി ശേഷാദ്രി ആയിരിക്കാം ഗ്രാമങ്ങളെയും ഇന്ത്യൻ ജനതയേയും, ജീവിത സാഹചര്യങ്ങളെയും ഇത്രയും നിരീക്ഷണ ബുദ്ധിയോടെ നോക്കികണ്ടത്.

Wednesday, 15 April 2015

4.Wadjda

Arabic/2012/98min
Directed by Haifaa al-Mansour














കാമ്പുള്ള പ്രമേയങ്ങൾക്ക് ചലച്ചിത്ര ഭാഷ്യമൊരുങ്ങുമ്പോൾ പലപ്പോഴും നഷ്ട്ടപ്പെടുന്നത് അവതരണത്തിലെ ലാളിത്യ ഭംഗിയാണ്‌. ഈയൊരു കാരണം കൊണ്ടാണ് ഗൗരവമേറിയ ചിത്രങ്ങൾ ചെറിയതോതിൽ എങ്കിലും സാധാരണക്കാരിൽ നിന്നും അകന്നുനിൽക്കുന്നത്. മികച്ച പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന എന്നാൽ ലാളിത്യമുള്ള, ലോക ക്ലാസ്സിക്കുകൾ പരിശോധിക്കുമ്പോൾ ആദ്യം ഓർമ്മയിൽ എത്തുന്നത് മജീദ് മജീദിയുടെ 'Children of heaven' എന്ന ചിത്രമാണ്. ഏതൊരു ആസ്വാദകനും ഉൾക്കൊള്ളാൻ സാധിക്കുന്ന ആ ചിത്രത്തിന്റെ അതേ സഞ്ചാരപാത തന്നെയാണ് 'Wadjda' എന്ന അറബിക് ചിത്രവും സ്വീകരിച്ചിട്ടുള്ളത്.

വൈദ എന്ന പതിനൊന്നു വയസ്സുകാരിയുടെ ഒരു സൈക്കിൾ സ്വന്തമാക്കാനുള്ള മോഹവും അത് സാധ്യമാക്കാൻ അവൾ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം. സ്വന്തം സൈക്കളിൽ വരുന്ന അലി എന്ന സുഹൃത്തിനെ ഒരു തവണയെങ്കിലും സൈക്കിൾ റേസിൽ തോൽപ്പിക്കണം എന്ന ആഗ്രഹം അവളുടെ സ്വപ്നത്തിനു വേഗം കൂട്ടുന്നു. രണ്ടാം വിവാഹത്തിനായി തയ്യാറെടുക്കുകയാണ്  വൈദയുടെ പിതാവ്. പെണ്‍കുട്ടികൾ സൈക്കിൾ ചവിട്ടാൻ പാടില്ല എന്ന സാമ്പ്രദായിക വിചാരം വൈദയുടെ സ്വപ്നങ്ങൾക്ക് വിലങ്ങിടുന്നു.തുടർന്ന് സൈക്കിൾ സ്വന്തമാക്കാനുള്ള പണം സ്വയം കണ്ടെത്താൻ പരിശ്രമിക്കുന്നു അവൾ.


അറബ് രാഷ്ട്രങ്ങളിലെ സ്ത്രീ സമൂഹം നേരിടുന്ന അസ്വാതന്ത്ര്യവും, പുരുഷ മേധാവിത്ത്വവും ചിത്രം തുറന്നു കാണിക്കുന്നുണ്ട്. മനസ്സിലെ വിവിധ നിറങ്ങളെ പർദ്ദയുടെ ഉളളിൽ ഒളിച്ചു സൂക്ഷിക്കുന്ന സ്ത്രീ സമൂഹത്തിന്റെ യഥാർത്ഥ പ്രതിനിധിയാണ് വൈദയുടെ മാതാവ്. തെറ്റായി വ്യാകരണം ചെയ്യപ്പെടുന്ന മതവും വ്യവസ്ഥകളും എങ്ങനെയെല്ലാം സ്ത്രീ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നു എന്നതിന്റെ നേർക്കാഴ്ച്ചയാകുന്നുണ്ട്  ചിത്രം.

വൈദയുടെ പിതാവിന്റെ രണ്ടാം വിവാഹവും, അതിനോടൊപ്പം തന്നെ സ്വാതന്ത്ര്യത്തിന്റെ എല്ലാ വശങ്ങളും മകൾ അനുഭവിക്കണം എന്ന ചിന്തയോടെ സൈക്കിൾ മാതാവ് അനുവദിക്കുകയും, സുഹൃത്ത് അലിയെ വൈദ റേസിൽ  തോൽപ്പിക്കുകയും ചെയ്യുന്നിടത്ത് പുത്തൻ പാതയൊരുക്കി ചിത്രം പൂർത്തിയാകുന്നു. മതം മനുഷ്യ നന്മക്കാണെങ്കിലും  അതിന്റെ അതിപ്രസരം അരാജകത്വത്തിലേക്ക് വഴിയൊരുക്കും എന്ന് പറയുന്നുണ്ട് ചിത്രം.


ലളിതമായ അവതരണവും ദൃശ്യഭംഗിയും ചിത്രത്തെ കൂടുതൽ ആസ്വാധ്യമാക്കുന്നു. കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിനും, ആസ്വാദനത്തിലും നൂറു ശതമാനം സത്യസന്ധത കാട്ടുന്ന ചിത്രം സിനിമാ പ്രേമികൾക്കും, സിനിമാ വിദ്യാർത്തികൾക്കും നല്ല അനുഭവമായിരിക്കും.




Tuesday, 14 April 2015

3. The Attack

French/2012/102min
Directed by Ziad Doueiri
മനുഷ്യനെ പരസ്പ്പരം വേർതിരിക്കുന്ന ജാതി, മതം, വർഗ്ഗം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവക്ക് അതീതമായി മാനുഷിക മൂല്യങ്ങളിലേക്കും മനുഷ്യത്വത്തിലേക്കും അമിൻജാഫറി എന്ന അറബ് സർജൻ നടത്തുന്ന തിരച്ചിലാണ് 'THE ATTACK ' എന്ന ചിത്രം. പാലസ്തീൻ - ഇസ്രായേൽ തർക്കം രണ്ട് ജനവിഭാഗങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് ഒട്ടും പക്ഷാപേതമോ ഗൗരവചോർച്ചയോ ഇല്ലാതെ അവതരിപ്പിക്കാൻ കഴിഞ്ഞിടത്താണ് Ziad Doueiri എന്ന സംവിധായകന്റെ വിജയം.

അമിൻ എന്ന അറബ് സർജന്റെ ഉദാരമായ സംഭാവനകൾക്ക് മെഡിക്കൽ ലോകം നൽകുന്ന ആദരവ് കാണിച്ചുകൊണ്ട് ചിത്രം തുടങ്ങുന്നു. അടുത്ത ദൃശ്യത്തിൽ തന്നെ കത്തിജ്വലിക്കുന്ന പാലസ്തീൻ ജനത ; 17-ഓളം കുട്ടികൾ ആ ആക്രമണത്തിൽ കൊല്ലപ്പെടുന്നു. പിന്നീട് അമിൻ വേദനയോടെ മനസിലാക്കുന്നു തന്റെ ഭാര്യ സിയെം ഒരു ഇസ്രായേൽ ചാവേറാണെന്നും ആ സ്പോടനത്തിന്റെ പൂർണ ഉത്തരവാദിത്വം അവൾക്കാണെന്നും.തന്നോട് പങ്കുവെക്കാത്ത സിയേമിന്റെ രഹസ്യങ്ങൾ തേടിയുള്ള അമിന്റെ യാത്രയാണ് തുടർന്ന് ചിത്രത്തിൽ.


അമിന്റെ അന്വേഷണത്തിൽ തന്റെ ഭാര്യ കുറ്റക്കാരിയാണെന്ന് തെളിയുമ്പോൾ പാലസ്തീൻ വികാരം ശക്തിപ്പെടുന്നു. പക്ഷെ ഒരു വേലിക്കപ്പുറത്ത്‌ ഇസ്രായേലിൽ , സിയെം ആരാധ്യ പാത്രമാകുമ്പോൾ അതിനു നേരെ മുഖം തിരിക്കുന്നു അമിൻ. ഒടുവിൽ അമിൻ തന്റെ ഭാര്യയെയോ ഇസ്രായേൽ ജനവിഭാഗത്തെയോ കുറ്റപ്പെടുത്തുന്നില്ല.കാരണം കലാപങ്ങൾ ആപേക്ഷികമാണെന്ന് അയാൾ മനസിലാക്കുന്നു.ഒരു കലാപത്തിനും , യുദ്ധത്തിനും യുക്തതിസഹജമായ കാരണങ്ങളോ വ്യക്തമായ സത്യങ്ങളോ ഇല്ലെന്നും, അവിടെ 'വിജയ് 'എന്ന സങ്കല്പം  ഭുരിഭാഗം ജനതയുടെ വിശ്വാസം മാത്രമാണെന്നും അയാൾ മനസ്സിലാക്കുന്നു.വ്യക്തികളുടെ സാതന്ത്ര്യം വ്യക്തികളിലൂടെയും വ്യവസ്ഥകളിലൂടെയും നിയന്ത്രിക്കപ്പെടുന്നതാണെന്നും സംവിധായകൻ കൂട്ടിചേർക്കുന്നു. ഒടുവിൽ അമിൻ തന്റെ ഭാര്യയെ സ്നേഹിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.


റിയലിസം തന്നെയാണ് ദി അറ്റാക്ക് എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. അമിന്റെ ആത്മസങ്കർഷങ്ങളും തിരിച്ചറിവുകളും സഞ്ചരിക്കുന്നത് പ്രേക്ഷകരിലൂടെയാണ്. അവിടെ സിനിമക്ക് ഒരു റിയലിസ്റ്റിക് ത്രില്ലെർ ശൈലി രൂപാന്തരപ്പെടുന്നു. ആത്മസങ്കർഷങ്ങളുടെ അതിപ്രസരം വ്യക്തികൾക്ക് താങ്ങാനവില്ലെന്നും ഒരു പക്ഷെ അത് അതിജീവിക്കുന്നവർക്ക് വിശാലമായ വീക്ഷണ ബോധം ലഭിക്കുമെന്നും പറയാതെ പറയുന്നു 'ദി അറ്റാക്ക് '.

ചിത്രത്തിനു വ്യക്തമായ ഒരു അവസാനം നൽകാതെ പ്രേക്ഷകർക്ക്‌ തന്റെ നിലയിൽ ചിന്തിക്കാനും തങ്ങളുടെ നിലപാട് സ്വീകരിക്കാനും ഉള്ള സ്വാതന്ത്ര്യം സംവിധായകൻ നല്കുന്നിടത്ത് സിനിമ എന്ന ദ്രിശ്യമാധ്യമത്തിന്റെ പുത്തൻ സാധ്യധകൾ ഉയർന്ന് വരുന്നു. തീർച്ചയായും സമകാലിക ലോകത്തിൽ ഏറെ പ്രസക്തിയുള്ള ദൃശ്യാനുഭവമാണ്‌ 'ദി അറ്റാക്ക്'.

Monday, 13 April 2015

2.Ship of Theseus

Hindi,English/2013/143min
Directed by Anand Gandhi














'Does a ship whose every part has been replaced piece by piece remain the same ship in the end ?'

61- ആമത് ദേശീയ അവാർഡ്‌സിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത ആനന്ദ് ഗാന്ധിയുടെ Ship of Theseus മുംബൈ നഗരത്തിലെ സമകാലികമായ മൂന്ന് ജീവിതങ്ങളെയാണ്‌ അവതരിപ്പിക്കുന്നത്‌.ആനന്ദ് ഗാന്ധിയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം.ആനന്ദ് ഗാന്ധിയും സമീപ് ഗാന്ധിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആലിയ കമൽ എന്നാ അന്ധയായ ഫോട്ടോഗ്രാഫറാണ് മൂന്ന് പ്രധാന കഥാപാത്രങ്ങളിൽ ഒന്ന്. കാഴ്ച്ചയില്ലായ്മ അവരിലെ ഫോട്ടോഗ്രാഫറക്ക്  ഒരു പരിമിധിയാകുന്നില്ല. മറ്റു ഇന്ദ്രിയങ്ങളുടെയും , സാങ്കേതികതയുടെയും സഹായത്തോടെ അവർ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്നു. കോർണിയ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാവുന്നതോടെ അവർക്ക് പിന്നീട് കാഴ്ച്ച ലഭിക്കുന്നു. എന്നാൽ 'കാഴ്ച്ച' എന്ന അനുഭവം അവരിലെ ഫോട്ടോഗ്രാഫറുടെ സർഗ്ഗാത്മകതക്ക് സഹായമാവുകയല്ല ചെയ്യുന്നത്.മറിച്ച് ചിത്രങ്ങൾ പകർത്താനാകതെ അവരുടെ മനസ്സ് പരിമിതപ്പെടുന്നു.

മൃഗങ്ങളിലെ മരുന്ന് പരീക്ഷണങ്ങൾക്ക് എതിരെ വാദിക്കുന്ന മൈത്രേയൻ എന്ന സന്യാസിയാണ് മറ്റൊരു കഥാപാത്രം. വൈദ്യപരിശോധനയിൽ ലിവർ സിറോസ്സിസ് ആണെന്ന് തിരിച്ചറിയുന്നതോടെ തുടർ ചികിത്സയും, കരൾ മാറ്റിവെക്കാനും ഡോക്ടർ നിർദേശിക്കുന്നു. ഏതൊരു ജീവിക്കും അതിന്റേതായ സ്വാതന്ദ്ര്യം ഉണ്ടെന്നും, ഒന്നിനെയും ഹനിക്കാൻ മനുഷ്യന് അവകാശമില്ല എന്നും വിശ്വസിക്കുന്ന സാധുവായ അയാൾ മൃഗങ്ങളെ പരീക്ഷണവിധേയമാക്കി നിർമിക്കുന്ന മരുന്നുകൾ ഉപയോഗിക്കാൻ എങ്ങനെ തയാറാകും? തന്റെ ആദർശങ്ങൾക്ക് അത് എതിരാകുമ്പോഴും ഒടുവിൽ സമ്മതിക്കാൻ അയാൾ നിർബന്ധിതനാകുന്നുണ്ട്. 

നവീൻ എന്ന യുവ സ്ടോക്ക് ബ്രോക്കരാണ് മൂന്നാമത്തെ കഥാപാത്രം. പണമുണ്ടാക്കുന്നതിലാണ് അയാൾക്ക്‌ താൽപര്യം. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിദേയനായ അയാളിൽ ശങ്കർ എന്ന സാധാരണക്കാരനിൽ നിന്നും അപഹരിക്കപെട്ട വൃക്കയാണോ തന്നിൽ ഉള്ളത് എന്ന സംശയം ഉടലെടുക്കുന്നു. പിന്നീടുള്ള അയാളുടെ അന്വേഷണങ്ങൾ ചിത്രം പറയുന്നു.

ഒരു പഴയ കപ്പലിന്റെ ഭാഗങ്ങൾ ഓരോന്നായി മാറ്റിവെക്കുന്നതിലൂടെ അതൊരു പുതിയ കപ്പലാകുന്നെങ്കിൽ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ മനുഷ്യനും പുതിയ വ്യക്തിയാവുകയല്ലേ, എന്ന വിരോധാഭാസത്തിലേക്ക് ചിത്രം എത്തി നിൽക്കുന്നു. തങ്ങളുടെ അഭിപ്രായങ്ങളിൽ ശാഠൃം പിടിക്കുന്നവരാണ് മൂന്ന് കഥാപാത്രങ്ങളും.അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ മൂന്ന് പേരും ഇതുവരെയുള്ള അവരുടെ കാഴ്ച്ചപാടിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും മാറുകയാണ്. അവരിലെ 'പുതിയ' മനുഷ്യർ എങ്ങനെയെല്ലാം വ്യത്യസ്തരാകുന്നു ? മൂന്ന് പേരെയും ഒരുമിപിക്കുന്ന ഘടകം എന്താവാം ? ഉത്തരം ചിത്രം നൽകുന്നുണ്ട്.


സംവിധായകൻ എന്ന നിലയിൽ ചിത്രത്തെ കുറിച്ച് വ്യക്തമായ ധാരണ ആനന്ദ് ഗാന്ധിയിൽ ഉണ്ട്. Aida El -kashef ,Neeraj  Kabi Sohum Shah എന്നിങ്ങനെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ പ്രകടനമെല്ലാം തന്നെ മികവുറ്റതായി. 3 വർഷ കാലം കൊണ്ടാണ് ചിത്രം  പൂര്ത്തിയാക്കിയത്. പ്രേക്ഷകന്റെ കേവല ബുദ്ധിയെ പരീക്ഷിക്കാത്ത ചിത്രങ്ങൾ വല്ലപ്പോഴുമായി ചുരുങ്ങി കൊണ്ടിരിക്കുന്ന ഒരു ചലച്ചിത്ര വ്യവസായത്തിൽ വ്യത്യസ്തമാകുന്നു ചിത്രം.




1.INTO THE WILD

English/2007/148min
Directed by Sean Penn

















Christopher McCandless എന്ന അമേരിക്കൻ സാഹസിക യാത്രികന്റെ ജീവിത കഥയാണ് 'INTO THE WILD' എന്ന റോഡ്‌ മൂവി. 1990-ൽ Emory University യിൽ നിന്നും ബിരുദം നേടിയ ശേഷം അലാസ്ക വനത്തിലെക്കുള്ള അദ്ധേഹത്തിന്റെ യാത്രയും, യാത്രാമധ്യേ കണ്ടുമുട്ടുന്ന ജീവിതങ്ങളിലൂടെയുമാണ്  ചിത്രം സഞ്ചരിക്കുന്നത്.1996-ൽ John Krakuer എഴുതിയ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . Sean Penn ആണ് 2007-ൽ പുറത്തിറങ്ങിയ ഈ ജീവചരിത്ര ചലച്ചിത്രാവിഷ്കാരത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.


Non linear Narrative ശൈലിയാണ് ചിത്രം സ്വീകരിച്ചിട്ടുള്ളത്. അലാസ്കാ വനത്തിലെത്തി മഞ്ഞുമൂടപെട്ട ഇടങ്ങളിലൂടെ ഏറെ നടന്ന് അവിടെ ഉപേക്ഷിക്കപെട്ടതായി കാണുന്ന ഒരു സിറ്റി ബസ്സിൽ താമസം തുടങ്ങുന്ന McCandless-ൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. മാജിക്‌ ബസ്‌ എന്ന് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നു. മൃഗങ്ങളെ വേട്ടയാടി ഭക്ഷണം കണ്ടത്തി അദ്ദേഹം മാജിക്‌ ബസ്സിൽ ചിലവഴിച്ച ആഴ്ച്ചകളും അവിടെവരെ അദ്ധേഹത്തെ എത്തിച്ച യാത്രകളും തുടർന്ന് ചിത്രം പറയുന്നു. മാതാപിതാക്കളും സഹോദരിയും അടങ്ങുന്നതാണ് McCandless-ന്റെ കുടുംബം. കുടുംബ സാഹചര്യങ്ങളിൽ അയാള് ഏറെ ത്രപ്തനല്ല. സഹോദരി മാത്രമാണ് അയാളെ സ്വാധീനിക്കുന്ന ഘടകം. യാത്ര തിരിക്കുന്ന McCandless കൈവശമുള്ള പണമെല്ലാം OXFAM-ലേക്ക് സംഭാവന ചെയ്യുന്നു. കാർ ഉപേക്ഷിക്കുന്നു. അലക്സാണ്ടർ സൂപ്പർട്രാംപ് എന്നാ പുതിയ നാമം സ്വീകരിക്കുന്നു. അലക്സാണ്ടർ സൂപ്പർട്രാംപിന്റെ 'ജനനം' മുതൽ 5 അധ്യായങ്ങളായി ചിത്രം തിരിച്ചിരിക്കുന്നു.



യാത്രയിൽ അലക്സ്‌ ആദ്യം കണ്ടുമുട്ടുന്നത് Rainey-Jane ദമ്പതികളെയാണ്.അവരോടൊപ്പം കുറച്ചു ദിനങ്ങൾ ചിലവഴിക്കുന്നു.ശേഷം Wayne Westerting എന്ന കൃഷിക്കാരന്റെ ഒപ്പം അയാളുടെ ഹാർവെസ്റ്റിങ്ങ് കമ്പനിയിൽ ജോലി ചെയ്യുന്നു. അവിടെ നിന്നും തിരിക്കുന്ന അലക്സ്‌ കോളറാടോ നദിയിൽ അനുവാദമൊന്നും ഇല്ലാതെ യാത്ര ചെയ്യുന്നുണ്ട്. ഡിസംബർ 1991-ൽ സ്ലാബ് സിറ്റിയിൽ എത്തുമ്പോൾ അലക്സ്‌ Rainey-Jane ദമ്പതികളെ വീണ്ടും കണ്ടുമുട്ടുന്നു.അവിടെ നിന്നും പ്രണയം ആഗ്രഹിച്ച ടാട്രോ എന്ന 16കാരിയോടും യാത്രപറഞ്ഞ്‌ അയാളിറങ്ങുന്നു. ശേഷമാണ് സാൾട്ടൻ  സിറ്റിയിൽ വെച്ച് Ron Franz എന്ന വൃദ്ധനെ പരിചയപ്പെടുന്നത്. അയാളും അലക്സും തമ്മിൽ വൈകാരികമായ ഒരു ബന്ധം ഉടലെടുക്കുന്നു. ഒരു റോഡപകടത്തിൽ  ഭാര്യയേയും മകനെയും നഷ്ട്ടപെട്ടതാണ് അയാൾക്ക്‌. ഒടുവിൽ Franz-നോടും യാത്ര പറഞ്ഞ് 1992 മേയിൽ മാജിക്‌ ബസ്സിൽ എത്തുന്നു അലക്സാണ്ടർ സൂപ്പർട്രാംപ്.



സാമ്പ്രദായികമായ സാമൂഹിക ജീവിതത്തിൽ നിന്നുമാണ് McCandless വഴിമാറി സഞ്ചരിക്കുന്നത്. അയാളിൽ നുരപൊങ്ങുന്ന അസ്വാതന്ദ്ര്യം ഇല്ലാതാക്കാൻ പ്രക്രതിയോടോത്തുള്ള ഏകാന്ത ജീവിതം അയാള് തിരഞ്ഞെടുക്കുന്നു. യാത്രാമധ്യേ കണ്ടുമുട്ടുന്നവരെല്ലാം അലാസ്കയിലേക്കുള്ള യാത്ര വേണ്ടെന്നു വെക്കാവുന്ന തരത്തിലുള്ള അനുഭവങ്ങളാണ് പകർന്നു നല്കുന്നത്. എന്നാൽ അയാള് ഉറച്ച് നിന്നു.സന്തോഷം മനുഷ്യബന്ധങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്, എന്നത് തെറ്റായ കാഴ്ച്ചപാട് ആണെന്ന് അലക്സ്‌ Franz - നോട് പറയുന്നുണ്ട്.എന്നാൽ സന്തോഷം സത്യമാവുന്നത് പങ്കുവെക്കപ്പെടുമ്പോഴാണ്  എന്ന തിരിച്ചറിവ് മാജിക്‌ ബസ്സിലെ ഏകാന്ത ജീവിതം അയാളിൽ ഉണ്ടാക്കുന്നു. സാമൂഹിക ജീവിതത്തിനോടുള്ള അഭിനിവേശത്തിന് അപ്പുറം എന്താണ് ഒരു മനുഷ്യ ഹ്രദയം ആഗ്രഹിക്കുന്നത്? ഏകാന്ത ജീവിതത്തിൽ നിന്നും പിൻവലിഞ്ഞു തിരിച്ചുവരാൻ ആഗ്രഹിക്കുകയാണയാൾ.എന്നാൽ ഒഴുക്ക് കൂടിയ നദി കടക്കാനാകാതെ മാജിക്‌ ബസ്സിലേക്ക് തിരികെ പോകാൻ നിർബന്ധിതനാകുന്നു.അയാളെ കാത്തിരിക്കുന്നത് എന്താണ് ?


Emile  Hirsch ആണ് Christopher McCandless -നെ അവതരിപ്പിച്ചിരിക്കുന്നത്. McCandless -നു തന്റെ തന്നെ മുഖം നല്കുകയായിരുന്നു Emile Hirsch. അവതരണയോഗ്യമായ തിരക്കഥയും സംവിധാനവും.Michael ബ്രൂക്ക്, KakiKing, Eddie Wedder എന്നിവർ ചേർന്നൊരുക്കിയ സംഗീതവും Eric Gautier -ന്റെ ക്യാമറയും മികവുറ്റതായി.