Search Movies

Tuesday, 26 December 2023

യുദ്ധം: അശാന്തിയുടെ ലോകം

ലോകം ഏറെക്കുറെ സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളെ ആയിട്ടുള്ളു. ആധുനിക ജനാധിപത്യ മൂല്യവും പുരോഗമന കാഴ്ച്ചപ്പാടുകളുമെല്ലാം വിരൽ ചൂണ്ടുന്നത് നന്മയിലും സ്നേഹത്തിലും അധിഷ്ഠിതമായ ഒരു ലോകക്രമത്തിലേക്കാണ്. എന്നാൽ അധികാരം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഭരണകൂടങ്ങൾ യുദ്ധം ഒരു മാർഗ്ഗമാക്കുമ്പോൾ, മനുഷ്യൻ നേരിടുന്ന യാതനകൾ മനസ്സിലാക്കുന്നുണ്ടോ? യുദ്ധം മനുഷ്യനിർമിതമായ ഒരു വിപത്താണ്. പ്രത്യക്ഷമായോ പരോക്ഷമായോ നാമെല്ലാവരും അതിന്റെ ഭാഗവാക്കാവേണ്ടി വരുകയും ചെയ്യുന്നു.  മനുഷ്യത്വത്തിലേക്കും സമാധാനത്തിലേക്കും ലോകക്രമത്തെ നയിക്കേണ്ടുന്ന യുദ്ധവിരുദ്ധ സിനിമകൾ ഉണ്ടായിവരേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

Land of Mine
Directed by Martin Zandvliet


‌രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനി പരാജയപ്പെട്ടുവെങ്കിലും ഡെൻമാർക്കിൽ രണ്ട് ലക്ഷം ലാന്റ് മൈനുകളെങ്കിലും മനുഷ്യ ജീവനു ഭീഷണിയായി നിലകൊണ്ടു. മതിയായ പരിശീലനം പോലും ലഭിക്കാത്ത കൗമാരപ്രായക്കാരായ ജർമൻ സൈനികരെയാണ് ഇവ നിർവീര്യമാക്കാൻ
ചുമതലപ്പെടുത്തുന്നത്.  ബീച്ചിനു ഒരു ഭാഗം മാത്രമായി 45000 ലാന്റ് മൈനുകൾ മൂന്ന് മാസംക്കൊണ്ട് നിർവീര്യമാക്കാനുള്ള ശ്രമം തുടങ്ങി. പട്ടിണിക്കിട്ടും നിരന്തരം അവഗണന നേരിട്ടും, ജീവൻ എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടേക്കാം എന്ന തോന്നലുണ്ടായിട്ടും ആ സാഹസം ഏറ്റെടുക്കുകയല്ലാതെ അവർക്ക് വേറെ നിവർത്തിയൊന്നുമില്ലായിരുന്നു. ലാന്റ് മൈൻ നിർവീര്യമാക്കുന്നതിനിടയിൽ രണ്ട് കൈയ്യുകളും നഷ്ടപ്പെടുന്ന ജർമൻ യുവാവ് യുദ്ധാനന്തഭീകരതയുടെ, ഇരുപക്ഷവും വെച്ചുപുലർത്തുന്ന വെറുപ്പിന്റെ ഇരകൂടിയാണ്. യുദ്ധം കൊണ്ട് എന്ത് നേടി എന്ന ചോദ്യത്തിന് മനുഷ്യന്റെ നിസ്സഹായത മാത്രമാണ് കാതലായ ഉത്തരം. പരസ്പരം പേറുന്ന വെറുപ്പ് അവസാനിപ്പിച്ച് മാനുഷികമായി ചിന്തിക്കുന്നിടത്ത് സ്നേഹത്തിന്റെ പുതിയൊരു പാത വെട്ടിതുറക്കാനുള്ള ശ്രമം സംവിധായകൻ നടത്തുന്നത് അഭിനന്ദനാർഹമാണ്. ലാന്റ് മൈൻ നിർവീര്യമാക്കുമ്പോൾ നെഞ്ചിടിപ്പില്ലാതെ ഒരു നിമിഷം പോലും ചിത്രം നമുക്ക് കാണാൻ സാധിക്കില്ല. അത്രയും പേടിപ്പിക്കുന്നുണ്ട് യുദ്ധഭീകരതയുടെ മുഖം. ലാന്റ് മൈനുകളിൽ തട്ടി ചിന്നിച്ചിതറിയ മനുഷ്യ ജീവനുകൾ വേദനിപ്പിക്കുമ്പോൾ സമാധാനത്തിന്റെ ലോകത്തെപ്പറ്റിയല്ലാതെ മറ്റൊരു ചിന്തയും മനസ്സിൽ ഇടം പിടിക്കുന്നില്ല. യുദ്ധം, അശാന്തിയുടെ ലോകം!


No Man's Land
Directed by Danis Tanovic


ഒരു ട്രഞ്ചിൽ അകപ്പെട്ടു പോകുകയാണ് ഒരു ബോസ്നിയൻ സൈനികനും മറ്റൊരു സെർബിയൻ പടയാളിയും. ഇരുവരും അവരവരുടെ ശത്രുരാജ്യങ്ങളിൽ നിന്നും വെടിയുയരും എന്ന ഭയത്തിനാൽ, രക്ഷപ്പെടുന്നതിനായി വെളിച്ചമണയാൻ കാത്തിരിക്കുകയാണ്. യുദ്ധത്തെ നേരിൽ കാണുന്ന, യുദ്ധമുഖത്ത് രണ്ടു രാജ്യങ്ങൾക്കായി പോരാടുന്ന പട്ടാളക്കാരിലൂടെ രണ്ടു രാജ്യങ്ങളുടെയും ആശയങ്ങളിലെ കലഹം നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഈ സമയമാണ് ട്രഞ്ചിൽ മരിച്ചു എന്ന് കരുതിയിരുന്ന മറ്റൊരു ബോസ്നിയൻ പട്ടാളക്കാരൻ ഉണരുന്നത്. പക്ഷെ അയാളുടെ കീഴെ ഒരു സെർബിയൻ പടയാളി മുൻപ് മൈനർ കുഴിച്ചിട്ടതിനാൽ അയാൾ അനങ്ങിയാൽ ഉടനത് പൊട്ടി തെറിക്കും. അതിനാൽ അനങ്ങാതെ കിടക്കാൻ അയാൾ നിർബന്ധിതനാകുന്നു.
പരസ്പ്പരം യുദ്ധത്തിലേർപ്പെട്ട രണ്ടു രാജ്യങ്ങളിലെ പടയാളികൾ അതിജീവനത്തിനായി ഒരുമിച്ചു നിൽക്കേണ്ടിവരുന്നു. പക്ഷെ പൂർണ്ണമായി മറ്റൊരാളെ വിശ്വസിക്കാൻ ഇരുവർക്കും സാധിക്കുന്നില്ല. ആയുധശേഖരത്തിന്റെ മേൽക്കോയ്മയുള്ള രാജ്യത്തിനു മറ്റൊന്നിനു മേൽ വിജയം സാധ്യമാകും; ആ വിജയം അർത്ഥവത്തല്ലെങ്കിൽ പോലും. ചിത്രത്തിൽ ഒരു സൈനികൻ മറ്റൊരാൾക്ക്‌ വിധേയനാകുന്നത് ഈപറഞ്ഞ ആയുധബലത്തിന്റെ ശക്തികൊണ്ടാണ്. ചിത്രത്തിലുടനീളം ഉദ്വേഗം നിലർത്തുന്നുണ്ട് തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ. യുദ്ധ മുഖത്തെ സ്ഥിരം ബഹളങ്ങളില്ലാതെ തന്നെ അതിന്റെ തീവ്രത നന്നേ വെളിവാക്കുന്നുണ്ട് ചിത്രം. യുദ്ധം ആര് ആരംഭിച്ചുവെന്നോ,ആരുടെ നിലപാടിലാണ് ശെരിയെന്നോ തുടങ്ങിയ ആശയങ്ങൾ ആസ്വാദകനിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കുത്തിവെക്കാതെ നിഷ്പക്ഷത നിലനിർത്തിയിടത്താണ് ചിത്രത്തിന്റെ പ്രസക്തി വർധിക്കുന്നത്.


Halimas Path
Directed by Arsen Anton Ostojić


യുദ്ധകാല ബോസ്നിയയും അതിനുശേഷമുള്ള ജനങ്ങളുടെ ജീവിതാവസ്ഥയും ചലച്ചിത്രഭാഷ്യമാവുന്നു ഇവിടെ. ഹലീമയുടെ യാത്രയിലൂടെ യുദ്ധത്തിന്റെ ഏറ്റവും വലിയ ഇര സ്ത്രീകളും കുട്ടികളുമാണെന്ന് വ്യക്തമാവുന്നു. ഭർത്താവിന്റെയും മകന്റെയും അസ്ഥികൾക്കായി ഹലീമ കാത്തു നിൽക്കുന്ന രംഗത്തിൽ യുദ്ധകാല ബോസ്നിയയുടെ ചിത്രം ഒരു ഞെട്ടലോടെ മാത്രമേ നമുക്ക് നോക്കി കാണാൻ സാധിക്കുകയുള്ളു. പരസ്പരം ആരെയാണ് നാം വെറുക്കുന്നത് ? കൊന്നൊടുക്കുന്നത് ? എല്ലാം വിശ്വപ്രപഞ്ചം ഉൾകൊള്ളുന്ന മനുഷ്യത്വത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. നേരിട്ട് യുദ്ധം കാണിക്കാതെ തന്നെ അതിന്റെ തീവ്രത മനസിലാക്കി തരുന്നുണ്ട് സംവിധായകൻ. ഹലീമയും വേദന നമുക്ക് തിരിച്ചറിയാൻ കഴിയുന്നിടത്തും , കാതലായ ആ രഹസ്യം വെളിപ്പെടുന്നിടതും മറ്റൊരു തലത്തിലെക്കും വിശാല മാനവവീക്ഷണത്തിലെക്കും ചിത്രം പ്രവേശിക്കുന്നു. എന്നാലും ആളി പടരുന്നത് യുദ്ധ ഭീകരതയുടെ ഇരകളുടെ മുഖങ്ങളാണ്, അശാന്തിയുടെ താഴ്‌വരയാണ്!

അതിർത്തികളില്ലാത്ത ജൈവലോകത്തിനുവേണ്ടി ശബ്ദമുയർത്തുന്ന സിനിമകൾ ഇന്നിന്റെ ആവശ്യകതയാണ്. കാലഘട്ടം സങ്കീർണ്ണമാണ്, ഓരോ പ്രവർത്തനവും അതിജീവനമാകുന്ന ഈ കാലത്ത് യുദ്ധമല്ല സമാധാനമാണ് വേണ്ടത് എന്ന് ഉറക്കെ പറയേണ്ടിയിരിക്കുന്നു. 



Tuesday, 31 October 2023

സിനിമയുടെ സൗന്ദര്യശാസ്ത്രം - 'Koker Trilogy'




ജീവിതവും കലയും ഇടകലർന്ന് നീങ്ങുമ്പോൾ കൈവരുന്ന വിശാലത കേവല ആസ്വാദനത്തിൽ കവിഞ്ഞു കൂടുതൽ ആഴങ്ങളിലേക്ക് ചിന്തിപ്പിക്കുകയാണ് എന്ന് പറയാതെ വയ്യ! അബ്ബാസ് കിയാരൊസ്തമി സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങൾ (Koker Trilogy) മുന്നിലേക്ക് വെക്കുന്ന സൗന്ദര്യശാസ്ത്രം ലോക സിനിമക്ക് തന്നെ പുതിയ ഒരനുഭവമാണ്. ഇറാനിലെ സാമൂഹിക സാഹചര്യങ്ങളും ഇടക്കിടെയായി വന്നു പോകുന്ന പ്രകൃതി ദുരന്തങ്ങളും  കിയാരൊസ്തമിയെ പോലെ  ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു പകർത്തുന്ന ഒരു സംവിധായകന്റെ കാഴ്ച്ചയിലൂടെയാകുമ്പോൾ സിനിമയുടെ ഘടനക്കപ്പുറം യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ഒരനുഭൂതി നിറക്കുന്ന കാവ്യാത്മകത നമുക്ക് അനുഭവപ്പെടുന്നു. 

Where is my friends home ? (1987)




വടക്കൻ ഇറാനിലെ ഗിലാൻ പ്രവിശ്യയിലെ ഒരു ഗ്രാമമാണ് കൊക്കർ.
എട്ട് വയസ്സുക്കാരനായ ഒരാൺകുട്ടി തന്റെ സഹപാഠിയുടെ വീട് അന്വേഷിച്ച് നടക്കുന്ന യാത്രയാണ് ചിത്രം. അഹമ്മദ്പൂർ തന്റെ സുഹൃത്തായ മുഹമ്മദ് റെസയുടെ പുസ്തകം ക്ലാസ് മുറിയിൽ വെച്ച് അബദ്ധത്തിൽ മാറിയെടുക്കുന്നു. അടുത്ത ദിവസം ഗ്യഹപാഠം ചെയ്ത് വന്നില്ലെങ്കിൽ റെസ ക്ലാസിന് പുറത്തായിരിക്കുമെന്ന അധ്യാപകന്റെ കർശന നിർദ്ദേശം ഇപ്പോൾ കൂടുതൽ ഭയപ്പെടുത്തുന്നത് അഹമ്മദിനെയാണ്. താൻ കാരണം തന്റെ സുഹൃത്ത് അധ്യാപകന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നത് അവന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. തന്റെ സുഹൃത്തിനെ തേടിയിറങ്ങുന്ന അഹമ്മദിന് കൊക്കറിലേക്കുള്ള സഞ്ചാരം അതികഠിനമായിരുന്നു. കുട്ടികളുടെ നിഷ്കളങ്കതയും അവർ ലോകത്തെ നോക്കി കാണുന്ന രീതിയും മനോഹരമാണ്. എന്നാൽ ഈ വിശാലതയും ആഴവും മുതിർന്നവരുടെ ലോകത്തിനില്ല. രാഷ്ട്രീയമായി സിനിമ പറഞ്ഞുവെക്കുന്നതും രണ്ട് തലമുറയുടെ സമീപനങ്ങളാണ്. ഭൂതകാലത്തെ, ഷായുടെ സ്വേച്ഛാധിപത്യ ഭരണ വ്യവസ്ഥയുടെ നിഴൽ ഇന്നും മുതിർന്നവരിൽ നിലനിൽക്കുകയും എന്നാൽ സ്നേഹത്തോടെ മാത്രം ലോകത്തെ നോക്കി കാണുന്ന ആധുനിക തലമുറയും തമ്മിലുള്ള വ്യത്യാസങ്ങൾ പ്രകടമായി തന്നെ സിനിമ പറഞ്ഞുവെക്കുന്നു. സിനിമയുടെ രാഷ്ട്രീയ വായനക്കപ്പുറം പറഞ്ഞുപോരുന്ന കഥയുടെ ലാളിത്യവും ആർക്കും ഗ്രഹിക്കാൻ സാധിക്കുന്ന അവതരണ രീതിയും ചിത്രത്തെ കൂടുതൽ ഹൃദയത്തോട് അടുപ്പിക്കുന്നു. ഇറാനിലെ ഭൂപ്രക്യതിയും അവിട തിങ്ങിപാർക്കുന്ന ജനസമൂഹത്തിലേക്കും ചെന്നു പതിക്കുന്ന അഹമ്മദ്പൂരിന്റെ നിഷ്കളങ്കമായ കണ്ണുകളിൽ തെളിയുന്നത് സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും പ്രതിരൂപമാണ്. ഇത്ര മനോഹരമായ ഒരു കൊച്ചുകഥ പറഞ്ഞുവെക്കുമ്പോഴും രാഷ്ട്രീയ ഇറാന്റെ നേർചിത്രം രണ്ട് തലമുറയിലൂടെ ഒപ്പിയെടുക്കാനും സംവിധായകനു കഴിയുന്നിടത്താണ് സിനിമയുടെ സൗന്ദര്യശാസ്ത്രം കൂടുതൽ ഗഹനമാവുന്നത്.

And life goes on (1992)




കൊക്കറിലെ വലിയ ഭൂകമ്പ വാർത്ത അറിയുന്നതോടെ സംവിധായകൻ (Farhad Kheradmand) അദ്ദേഹത്തിന്റെ മകനോടൊത്ത് കാറിൽ യാത്ര തിരിക്കുന്നു. തന്റെ ആദ്യ സിനിമയുടെ ചിത്രീകരണം നടന്ന കൊക്കറിൽ എത്തിപ്പെടാനും തന്റെ സിനിമയിലെ അഭിനേതാക്കളെ കണ്ടെത്താനും അദ്ദേഹം നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൽ. ജീവിതത്തിനു നേരെ ഒരു ക്യാമറ പിടിക്കുമ്പോൾ സിനിമയാണോ യാഥാർത്ഥ്യമാണോ നമ്മൾ കാണുന്നത് എന്ന ചിന്ത പ്രേക്ഷകരിലും ഉടലെടുക്കുന്നു. ദുരന്തത്തിന്റെ ആഴവും പരപ്പും കൃത്യമായി വ്യക്തമാവുമ്പോൾ എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ ചിത്രങ്ങൾ നൊമ്പരപ്പെടുത്തുന്നു. എന്നാൽ കലാപരമായി സംവിധായകൻ നമ്മെ ചിന്തിപ്പിക്കുന്നത് മറ്റൊരു പ്രതലത്തിലൂടെയാണെന്ന് പറയ്യാതെ വയ്യ! 'പ്രതീക്ഷ' എത്രത്തോളം മനുഷ്യ ജീവിതത്തെ മുന്നോട്ടു നയിക്കുമെന്ന പഠനം സംവിധായകന്റെ ആഖ്യാനത്തിൽ തെളിയുന്നു. എല്ലാം നഷ്ടപ്പെട്ട മനുഷ്യർ വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് നടക്കാൻ ശ്രമിക്കുമ്പോൾ കാഴ്ച്ചക്കാരനിൽ വല്ലാത്തൊരു പോസിറ്റിവിറ്റി ഉയർത്തുന്നു. ഫുട്ബോൾ കാണാൻ ആൻറ്റിന ക്രമീകരിക്കുന്ന യുവാവ് മുതൽ വിവാഹം ചെയ്യാൻ തയ്യാറെടുക്കുന്ന ദമ്പതികൾ ഉൾപ്പടെയുള്ള കഥാപാത്രങ്ങളിൽ ജീവിതം വീണ്ടും തളിരിടുന്ന കാഴ്ച്ച മനോഹരമാണ്.  ദുരന്തമുഖത്തെ എല്ലാ കാഴ്ച്ചയും ചിത്രീകരിച്ചു അത് ഏൽപ്പിക്കുന്ന ആഘാതം കൃത്യമായി വരച്ചിടുമ്പോഴും മുന്നിലേക്ക് നടന്നു നീങ്ങുന്ന മനുഷ്യരെ കൂടെകൂട്ടാൻ മറക്കുന്നില്ല ചിത്രം. കലയും ജീവിതവും ഇടകലരുമ്പോൾ അവിടെ വിരിയുന്ന സൗന്ദര്യശാസ്ത്രം നമ്മെ അതിശയിപ്പിക്കുന്നു എന്ന് നിസംശയം പറയാം.

Through the olive trees (1994)





കൊക്കറിന്റെ പശ്ചാത്തലത്തിലുള്ള മൂന്നാം ചിത്രം. സിനിമക്കുള്ളിലെ സിനിമയായി കഥ പറയുന്നു ഇവിടെ. ദുരന്തമുഖത്ത് എങ്ങനെ സിനിമ ചിത്രീകരിച്ചു എന്ന് പറയാൻ ശ്രമിക്കുകയാണിവിടെ. അഭിനേതാക്കൾ എല്ലാം തന്നെ കൊക്കർ ഭൂകമ്പത്തിന്റെ ഇരകളാണ്. ഇതിനിടെ മനോഹരമായ ഒരു പ്രണയ കഥ ജനിക്കുന്നു എന്ന് പറഞ്ഞാൽ അത്ഭുതപ്പെടുകയല്ലാതെ മറ്റു വഴികളില്ല! സിനിമയിൽ ദമ്പതികളായി അഭിനയിക്കുന്നവർ യഥാർത്ഥ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവരാണ്. ഹുസൈൻ റെസേക്ക് താഹ്റയോട് കടുത്ത പ്രണയം തോന്നുകയും അത് അവളെ അറിയിക്കുകയും ചെയ്യുന്നു. നിരക്ഷരനും പാവപ്പെട്ടവനുമായ റെസയുടെ അഭ്യർത്ഥന ആദ്യം അവൾ നിരസിക്കുന്നു. പിന്നീട് റെസ സിനിമയുടെ സംവിധായകനോടും ഈ കാര്യം അറിയിക്കുന്നു. അവസാന ശ്രമമെന്ന നിലയിൽ താഹ്‌റയെ പിൻതുടർന്ന് റെസ തന്റെ മനസ്സ് വീണ്ടും തുറക്കുന്നു. നടന്ന് മുന്നിലേക്ക് നീങ്ങുന്ന താഹ്‌റ ഇതൊന്നും അത്ര ശ്രദ്ധിക്കുന്നില്ല. അവൾക്ക് തന്നോട് ഇഷ്ടമുണ്ട് എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു റെസ. ഒടുവിൽ ഒലീവ് മരങ്ങൾക്കിടയിലൂടെ നടന്ന് തന്റെ പ്രണയാഭ്യർത്ഥന തുടരുന്ന റെസയോട് താഹ്‌റ തന്റെ തീരുമാനം അറിയിക്കുന്നു. റെസ തിരിഞ്ഞ് നടക്കുന്നു.  എന്താണ് ആ മറുപടി എന്ന ആകാംക്ഷയിൽ പ്രേക്ഷകരും കാതോർക്കുന്നു. മറുപടി കാഴ്ച്ചക്കാരന് വിട്ടുനൽകി സംവിധായകൻ പ്രണയവും പ്രതീക്ഷയും നിറക്കുന്നു ഇവിടെ. മനോഹരമായ ഒരു പ്രണയകഥ പറയുന്നതിനോടൊപ്പം സിനിമയും ജീവിതവും തമ്മിലുള്ള വൈരുദ്ധ്യവും ചർച്ചക്കെടുക്കുന്നു.

കൊക്കറിന്റെ കഥകൾ ഇവിടെ തീരുന്നില്ല. അത് പ്രേക്ഷകനിൽ വീണ്ടും വീണ്ടും ചിന്തകൾ ഉണർത്തുന്നു. ഓരോ സിനിമയും വ്യത്യസ്ത ആസ്വാദന പരിസരങ്ങൾ ഒരുക്കുന്നു. ബാല്യത്തിന്റെ നിഷ്കളങ്കത ആഖ്യാനമാകുന്ന ആദ്യ ചിത്രം, കലയും ജീവിതവും ഒന്നാവുന്ന രണ്ടാം ചിത്രം, സിനിമയും ജീവിതവും തമ്മിലുള്ള വൈരുദ്ധ്യം ചർച്ച ചെയ്യുന്ന അവസാന ഭാഗം എന്നിങ്ങനെ കഥയിലും കഥാപാത്രവൽകരണത്തിലും വിപ്ലവകരമായ പൊളിച്ചെഴുത്ത് അബ്ബാസ് കിയാരൊസ്തമി നടത്തുമ്പോൾ, സിനിമയുടെ കാലികമായ പ്രസക്തിയും പുത്തൻ പ്രമേയങ്ങളുടെ കലാപരമായ മേന്മയും കാലത്തിനനുസരിച്ച് സിനിമയെ/കലയെ പരിഷ്കരിക്കുന്നു എന്നതിൽ തർക്കമില്ല.

Monday, 18 September 2023

പ്രണയത്തിന്റെ ഏകാന്ത തടവറ - 'HER'


ഏകാന്തമായ ജീവിതത്തിന്റെ  സംഘർഷങ്ങളിൽ നിന്ന് ഓടി ഒളിക്കാൻ ശ്രമിക്കുകയാണ് തിയോഡോർ. തന്റെ ഭാര്യയുമായി ഒരുപാട് നാളായി അയാൾ അകൽച്ചയിലാണ്. വിരസമായ ഒരു ജീവിതം ആർക്കോവേണ്ടി തള്ളിനീക്കുന്നു. ഒരുപക്ഷെ, ലോകം ഒറ്റപ്പെട്ട് കിടക്കുന്ന ഒരു മഹാതടവറയാണ് എന്ന് അയാൾക്ക് തോന്നിയാലും അത്ഭുതപ്പെടാനില്ല! തിയോഡോറിന് എല്ലാ കാലത്തും പരിഭവങ്ങളായിരുന്നു അധികവും. തന്നെ കേൾക്കാൻ ആരുമില്ല, കുറ്റപ്പെടുത്തലുകളെ ഉണ്ടായിട്ടുള്ളൂ, അത് അമ്മയായാലും താനുമായി വേർപിരിഞ്ഞ ഭാര്യയായാലും!


അയാളുടെ ഏകാന്ത ജീവിതത്തിന് നിറം പകർന്നുകൊണ്ടാണ് ആ മധുര ശബ്ദമെത്തുന്നത്! സമാന്ത എന്നാണ് അവളുടെ പേര്.  സമാന്ത അയാളെ കേൾക്കാൻ തയ്യാറാവുന്നു. അയാളെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. ജീവിതത്തിൽ ഇനി സന്തോഷമുണ്ടാവുമോ എന്ന് സംശയിച്ചിരുന്ന തിയോഡോർ ഇപ്പോൾ ആഹ്ലാദത്തിന്റെ നെറുകയിലാണ്. ആ ശബ്ദം കേൾക്കാതെ അയാൾക്ക് ഇപ്പോൾ ജീവിക്കാനാവുന്നില്ല.

സമാന്ത തന്നിലൂടെയാണോ വളരുന്നത് അതോ താൻ അവളിലൂടെയാണോ ലോകത്തെ കാണുന്നത് എന്നത് ഇഴ പിരിച്ചെടുക്കാൻ കഴിയാതെയായി മാറി തുടങ്ങിയിട്ടുണ്ട്. തെരുവിലൂടെ നിശബ്ദനായി, കാഴ്ച്ചകൾക്കൊന്നും ശ്രദ്ധ കൊടുക്കാതെ നടന്നുനീങ്ങിയ ഒരാളല്ല അയാളിപ്പോൾ. സമാന്തയുടെ വാക്കുകളൊടൊപ്പം നടന്ന്, കാഴ്ച്ചകൾ കണ്ട്, രസിച്ച്, ആഘോഷിച്ച് തിയോഡോർ തന്റെ ആത്മാവിനെ തിരികെ നേടിയിരിക്കുന്നു. എത്ര കാലം ഈ സന്തോഷം നിലനിൽക്കും എന്ന ഗൗരവമുണർത്തുന്ന ചോദ്യം സിനിമ ഉയർത്തുന്നത് തിയോഡോറിനോട് മാത്രമല്ല, മനുഷ്യ ബന്ധങ്ങളിൽ നിന്ന് അകലം കണ്ടെത്താൻ ശ്രമിക്കുന്ന പുതിയ തലമുറയോടുകൂടിയാണ്.


ഒരു ഡിജിറ്റൽ സ്പേസിൽ പ്രണയം കണ്ടെത്തുന്ന മനുഷ്യരെക്കുറിച്ച് പറയുമ്പോൾ അത്ഭുതപ്പെടേണ്ട കാര്യമില്ല. എന്നാൽ ഒരു ഓപറേറ്റിങ് സിസ്റ്റവുമായി പ്രണയത്തിലാവുക എന്ന് പറഞ്ഞാല്ലോ? ആദ്യം കേൾക്കുമ്പോൾ ഒന്ന് അതിശയിച്ചു പോവും. തിയോഡോർ തന്റെ പ്രണയിനിയായി തിരഞ്ഞെടുത്തത് സമാന്ത എന്ന കമ്പ്യൂട്ടർ ഓപറേറ്റിങ് സിസ്റ്റത്തെയാണ്. നേരിട്ട് ഒരാൾക്ക് കമ്പ്യൂട്ടറിനോട് സംസാരിക്കാൻ കഴിയുന്ന രീതിയിൽ പരിഷ്ക്കരിച്ചെടുത്ത അതിനൂതനമായ ഒന്നായിരുന്നു അത്. മനോഹരമായ ആ സ്ത്രീ ശബ്ദം തിയോഡോറിന്റെ ഹൃദയത്തിലാണ് ചെന്ന് പതിച്ചത്. സ്വാഭാവികമെന്നോണം പരസ്പരം സംസാരിച്ചു തുടങ്ങി പിന്നീടവർ പ്രണയബദ്ധരാകുന്നു. 


മനുഷ്യന്റെ വികാരവിചാരങ്ങൾക്കനുസരിച്ച് സംസാരിക്കാനും പ്രണയിക്കുവാനും സമാന്തക്കു സാധിക്കുന്നിടത്ത് സാങ്കേതിക വിദ്യയുടെ നൈതികതയും ചർച്ചയാകുന്നു.  മാറുന്ന ലോകത്തെപ്പറ്റിയോ വിപണിയുടെ പുത്തൻ സാധ്യതക്രമത്തെപ്പറ്റിയോ ചിന്തിക്കാൻ ഉതകുന്ന ഒരു മാനസികനിലയിൽ അല്ല തിയോഡോർ. നഷ്ടപ്പെട്ടത് എന്തോ തിരിച്ചുവരുന്നു എന്ന തോന്നൽ സമാന്തക്കൊപ്പമുള്ള  നിമിഷങ്ങൾ അയാളിലൊരു അനുഭൂതിയായി വളരുന്നു. 

യാന്ത്രികമായ ഒന്നാണ് തന്റെ പ്രണയിനിയെന്ന് നിരാശയോടെ ചിന്തിച്ചാൽ പോലും അയാളിലെ പ്രണയം തീർത്തും മാനുഷികമാണ്. ഇവിടെ ചോദ്യമാവുന്നത് പ്രണയത്തിന്റെ അസ്ഥിത്വം മാത്രമാണ്. കാലഘട്ടം മാറുമ്പോൾ ഈ പ്രണയ സങ്കൽപ്പവും ചിലപ്പോൾ സ്വീകാര്യമായേക്കാം. മനുഷ്യർ പ്രണയത്തിനായി കൊതിക്കുന്നു. തിയോഡോർ സമാന്തയുടെ ശബ്ദത്തിലൂടെ മെനഞ്ഞെടുക്കുന്നത് ഒരു മനുഷ്യ രൂപത്തെ തന്നെയാണ്. ഒരർഥത്തിൽ മായികമായ ഒരു ലോകത്ത് പ്രണയം തേടി മാത്രം ജീവിക്കുന്ന ഒരാത്മാവായും വായിച്ചെടുക്കാം. 


പുത്തൻ വിപണിയുടെ സാധ്യത കൂടുതലായും മനുഷ്യന്റെ വികാരങ്ങളെ ചൂഷണം ചെയ്തെടുക്കുന്ന ഒരു വ്യവസ്ഥയായി മാറി കഴിഞ്ഞു. കമ്പോളം എന്ന ആശയം തന്നെ പരിഷ്കരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനെയും അവന്റെ ചിന്തകളെയും മാറ്റി സ്ഥാപിക്കാൻ കെൽപ്പുള്ള എ.ഐ-സൈബർ യുഗത്തിന്റെ ആരംഭം ഒരു നടുക്കത്തോടെ മാത്രം നോക്കി കാണാൻ കഴിയുന്നതാണ്. വ്യക്തി ബന്ധങ്ങളുടെ അതിസങ്കീർണ്ണത തിയോഡോറിന്റെ ജീവിതത്തിൽ ഉടനീളമുണ്ട്. ഇത് ആധുനിക ലോകത്ത് കൂടുതൽ സങ്കീർണമാകുന്നത് ലോകം വിപണിയുടെ സൃഷ്ടികൂടി ആവുന്നതുകൊണ്ടാണ്. മനുഷ്യന്റെ ജൈവപരിസരങ്ങളിൽ നിന്നുള്ള അകലം അയാളെയും അയാളുടെ ചുറ്റുപാടിനെയും വേർതിരിക്കുന്നു. അവനവനിലെക്ക് മാത്രം കേന്ദ്രീകരിക്കുന്ന ചിന്തകൾ ഒരു യാന്ത്രിക ലോകത്തെ സൃഷ്ടിച്ചെടുക്കുന്നതിൽ അത്ഭുതപ്പെടാനില്ല. വർത്തമാന സമൂഹത്തിൽ ശിഥിലമായിക്കൊണ്ടിരിക്കുന്ന മനുഷ്യ ബന്ധങ്ങളുടെ വിമർശനാത്മകമായ പഠനം കൂടിയാവുന്നു സിനിമ.


ഒരു ഭാവനാ സൃഷ്ടിക്കപ്പുറം 'ഹെർ' ഉയർത്തുന്ന മൗലികമായ ചോദ്യങ്ങൾ പ്രസക്തമാണ്. സമാന്തയുടെ ശബ്ദം ഒരു വേള തന്നിലേക്ക് എത്താതിരുന്നപ്പോൾ തിയോഡോറിന് ഉണ്ടാക്കുന്ന പിരിമുറുക്കം, മാനസിക സംഘർഷങ്ങൾ എന്നിവ എത്ര സങ്കീർണമായിരുന്നു. ഒടുവിൽ സത്യം തിരിച്ചറിയാൻ തയ്യാറാകുന്ന തിയോഡോർ താൻ ഇത്രയും കാലം മെനഞ്ഞെടുത്ത പ്രണയ സങ്കൽപ്പങ്ങളുടെ പ്രസക്തിയും ചോദ്യമാവുന്നു. ഉത്തരങ്ങളില്ലാതെ എല്ലാം തന്നിലൊതുക്കി വീണ്ടും അയാൾ മുന്നോട്ട് നീങ്ങുന്നത് പ്രത്യാശയുള്ള കാഴ്ച തന്നെയാണ്. ബന്ധങ്ങളിലെ സങ്കീർണതയും വികാരങ്ങളെ വിൽപന വസ്തുവാക്കുന്ന വിപണിയെയും പിൻതള്ളി മനുഷ്യനിലേക്ക് വീണ്ടും ആഴ്ന്നിറങ്ങുമ്പോൾ യഥാർഥ പ്രണയം ആസ്വാദ്യകരമാവുന്നു. തിയോഡോർ അസ്ഥിത്വം വീണ്ടെടുക്കുന്നു, പ്രണയം വീണ്ടും കണ്ടെത്തുന്നു, 'ഹെർ' !

Saturday, 16 September 2023

ജാഫർ പനാഹി - സിനിമയും രാഷ്ട്രീയ പ്രതിരോധവും


കലാമൂല്യവും രാഷ്ട്രീയ പ്രസക്തിയും ഉൾകൊണ്ട് ചുരുങ്ങിയ കാലംകൊണ്ട് ലോക സിനിമാഭൂപടത്തിൽ ആഴത്തിലുള്ള ജനാധിപത്യ ചോദ്യങ്ങളുയർത്തി കാഴ്ച്ചക്കാരനെ ചിന്തിപ്പിക്കുകയാണ് ഇറാൻ സിനിമകൾ. ലാളിത്യവും സാധാരണത്തവും നിലനിർത്തിക്കൊണ്ടുതന്നെ സിനിമകൾ എങ്ങനെയാണ് ഒരു സമൂഹത്തിന്റെ പ്രതിരോധവും സമരവുമാവുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ! ഭരണകൂടത്തെയും മതാത്മക സമൂഹത്തെയും തുറന്നുകാണിച്ച് ജാഫർ പനാഹി നടന്നുനീങ്ങിയത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള (രാഷ്ട്രീയ) പോരാട്ട ഭൂമികയിലെക്കാണ്. രാജ്യത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പ്രശ്നങ്ങൾ പ്രതിപാദ്യ വിഷയമാകുമ്പോൾ അന്താരാഷ്ട്ര തലത്തിൽ വന്നുചേരുന്ന സ്വീകാര്യതക്കൊപ്പം സിനിമ എന്ന മാധ്യമത്തിന് കൂടുതൽ സാധ്യതകളും അർത്ഥതലങ്ങളും തുറക്കപ്പെടുന്നു. ഒരു കലാകാരന് എങ്ങനെയാണ് ഭരണകൂട നിയമങ്ങൾക്ക് പൂർണ്ണമായും വിധേയനായിക്കൊണ്ട് ചലച്ചിത്രഭാഷ്യം ഒരുക്കാൻ കഴിയുക? അതും ഇറാനെപോലെ ഉള്ള ഒരു മതാത്മ പുരുഷാധിപത്യ വ്യവസ്ഥയിൽ.



നിരന്തരം ഇറാൻ ഗവൺമെന്റുമായി ജാഫർ പനാഹിയുടെ സിനിമകൾ കലഹിച്ചു. 2010 ആയപ്പോഴെക്കും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും സിനിമ എടുക്കുന്നതിൽ നിന്ന് ഇരുപത് വർഷത്തേക്ക് വിലക്കുകയും ചെയ്തു. തുടർന്ന് വീട്ടു തടങ്കലിൽ കഴിഞ്ഞ പനാഹിക്ക് സഞ്ചാര സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. ഈ അസാധാരണ നടപടികളിലൂടെയെല്ലാം ലോകം ചർച്ച ചെയ്തത് ഇറാനിയൻ ഭരണകൂടം എത്രത്തോളം കലയെ ഭയക്കുന്നു എന്നുകൂടിയാണ്. സമൂഹത്തെ പുതിയൊരു ദിശയിലെക്ക് നയിക്കാനും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും കല എന്ന മാധ്യമത്തിനുള്ള ശക്തി അവർ തിരിച്ചറിഞ്ഞിരിക്കണം.


പനാഹിയും അന്താരാഷ്ട്ര പ്രശസ്തിയും

2006'ൽ പുറത്തിറങ്ങിയ 'ഓഫ് സൈഡ്' എന്ന ചിത്രം പറഞ്ഞു വെക്കുന്ന പ്രമേയം സ്വാതന്ത്ര്യ പ്രഖ്യാപനമുൾക്കൊള്ളുന്നതാണ്. ഫുട്ബോൾ മത്സരങ്ങൾ കാണാൻ ഒരു സ്‌റ്റേഡിയത്തിലേക്കും ഇറാനിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. ഫുട്ബോൾ ലോകകപ്പിനുള്ള യോഗ്യത മത്സരത്തിൽ ഇറാനും ബഹ്റിനുമായുള്ള മത്സരം വീക്ഷിക്കാനായി ആറ് പെൺകുട്ടികൾ തീരുമാനിക്കുകയും ആൺ വേഷം കെട്ടി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന അസാധാരണമായ സംഭവ വികാസങ്ങളാണ് സിനിമ.



സ്‌റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാനോ പൂർണ്ണമായി കളി കാണാനോ അവർക്ക് സാധിക്കുന്നില്ല. എന്തുകൊണ്ട് ഞങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നില്ല എന്ന ചോദ്യത്തിന്, സ്ത്രീകൾക്ക് സ്‌റ്റേഡിയത്തിനുള്ളിൽ നിന്ന് മത്സരം കാണാൻ അനുമതിയില്ല എന്നുതന്നെ പോലീസുകാർ പറയുന്നു. അപ്പോൾ ജപ്പാനീസ് സ്ത്രീകൾ മത്സരം കാണുന്നുണ്ടെന്നും ഇറാനിൽ ജനിച്ചത് ഞങ്ങളുടെ കുറ്റമാണോ എന്നും അവർ ചോദിക്കുന്നു. ഒടുവിൽ ഇറാൻ ഒരു ഗോളിന് മത്സരം വിജയിക്കുമ്പോൾ വിജയാഘോഷങ്ങൾ ഒന്നും തന്നെ പനാഹി ദൃശ്യവൽകരിക്കുന്നില്ല! വിജയാരവം കേൾക്കുന്ന പെൺകുട്ടികളുടെ കാതിനൊപ്പം മാത്രം സിനിമ സഞ്ചരിക്കുന്നു. 'ഓഫ് സൈഡ്' കാഴ്ചയിൽ ഗംഭീര ചലച്ചിത്രാനുഭവമാണ്. ഇറാൻ സമൂഹം എത്രത്തോളം തുല്യതയെ ഭയക്കുന്നു എന്ന് ഭയരഹിതമായി ചിത്രം വിളിച്ചുപറയുന്നു.


ഒരിക്കൽ മകളുടെ നിർബന്ധത്തിനു വഴങ്ങി പനാഹി ഒരു ഫുട്ബോൾ മത്സരം കാണാൻ പോവുന്നു. അവിടെവെച്ച് മകളെ സ്‌റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ പറയുന്നു. മകളുടെ നിർബന്ധതിനു വഴങ്ങി പനാഹി സ്‌റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കുന്നു. ഒരു പത്തുമിനിറ്റിനുശേഷം മകളും അവിടെ എത്തുന്നു. എങ്ങനെ അകത്തുകയറി എന്ന്  അത്ഭുതത്തോടെ ചോദിച്ചപ്പോൾ ഒരു ജേതാവിനെപ്പോലെ അവൾ പറഞ്ഞു 'എല്ലാറ്റിനും വഴികളുണ്ടെന്ന്'. വിലക്കുകൾ ലംഘിക്കാനുള്ള വഴികൾ! ഈ വാക്കുകളാണ് അദ്ദേഹത്തെ 'ഓഫ് സൈഡ്' എന്ന ചിത്രമെടുക്കാൻ പ്രേരിപ്പിച്ചത്. ചിത്രം വലിയ രീതിയിൽ അന്താരാഷ്ട്ര ശ്രദ്ധ നേടി.


സിനിമയിലൂടെ ജനകീയ പ്രശംസ പിടിച്ചുപറ്റുന്ന ജാഫർ പനാഹിയെ ഇറാൻ ഭരണകൂടം നന്നായി ഭയക്കാൻ തുടങ്ങി. തുടർന്ന് സിനിമ എടുക്കുന്നതിൽ നിന്നും അദ്ദേഹത്തെ വിലക്കി, അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെച്ചു. ഫിലിം ഫെഡറേഷനും മനുഷ്യാവകാശ സംഘടനകളും ഇടപെട്ടതിനെ തുടർന്ന് ജയിൽ മോചിതനായി; ശേഷം വീട്ടുതടങ്കലിലായി. നാല് ചുമരുകൾക്കിടയിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് താൻ അനുഭവിക്കുന്നതെല്ലാം ഷൂട്ട് ചെയ്ത് അദ്ദേഹം മറ്റൊരു സിനിമ ചെയ്തു - 'ദിസ് ഈസ് നോട്ട് എ ഫിലിം'. ചിത്രത്തിന്റെ ഫ്ലാഷ് ഡ്രൈവ് അന്താരാഷ്ട്ര ചലച്ചിത്ര വേദികളിലേക്ക് സുഹൃത്തുക്കളുടെ സഹായത്തോടെ ‘കടത്തി’. 2011'ൽ ഡോക്യുമെന്ററി വിഭാഗത്തിൽ കാൻസ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച് ഏറെ നിരൂപകപ്രശംസ ചിത്രം സ്വന്തമാക്കി. എന്നാൽ ഇറാനിൽ ജാഫർ പനാഹിയുടെ സ്ഥിതി കൂടുതൽ ദുസ്സഹമായി. ഒരു കലാകാരനെ എത്ര കാലം ഭരണകൂടം വിലക്കും എന്ന ചോദ്യം അവിടെ പ്രസക്തമായി നിലകൊണ്ടു.


രാഷ്ട്രീയ പ്രതിരോധമാവുന്ന 'ടാക്സി'



2015'ൽ പുറത്തിറങ്ങിയ 'ടാക്സി' കലാപരമായും രാഷ്ട്രീയമായും ലോക സിനിമ ചരിത്രത്തിൽ എക്കാലത്തും അടയാളപ്പെടുത്തുന്ന ചലച്ചിത്രാവിഷ്കാരമാണ്. സിനിമ എടുക്കാൻ പോലും അനുവാദമില്ലാത്ത ഒരു നാട്ടിൽ ഭരണകൂടത്തെ വെല്ലുവിളിച്ച് വീണ്ടും തുടരുന്ന ചലച്ചിത്ര ശ്രമങ്ങൾ - ഒരു കലാകാരനെ ആർക്കാണ് തടഞ്ഞുവെക്കാനാവുക എന്നുറക്കെ പ്രഖ്യാപിക്കുന്നു! 


ടെഹ്റാനിലെ തിരക്കേറിയ തെരുവുകളിലൂടെ ഒരു ടാക്സി ഓടിച്ചു പോവുകയാണ് പനാഹി. തെരുവിൽ നിന്ന് വ്യത്യസ്ത യാത്രക്കാരെയും വഹിച്ചുകൊണ്ട് ഒരു പകൽ മുഴുവൻ അദ്ദേഹം ടാക്സിയിൽ കറങ്ങുന്നു. പനാഹി ചോദിക്കുന്ന ചോദ്യങ്ങൾക്ക് യാത്രക്കാർ നിഷ്കളങ്കമായി മറുപടി പറയുന്നു. ചലിക്കുന്ന സ്റ്റുഡിയോ എന്നു വിശേഷിപ്പിക്കാവുന്ന കാറിലെ ഡാഷ് ബോർഡിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഇറാനിയൻ സമൂഹത്തെ ഒപ്പിയെടുക്കുന്നു. ഭരണകൂടത്തെ വിമർശന വിധേയമാക്കി ചിത്രം ചോദ്യങ്ങളുയർത്തുന്നു. സിനിമയിൽ ഒരു കുട്ടിയും പനാഹിയുമായുള്ള സംഭാഷണം ശ്രദ്ധേയമാണ്. സ്കൂളിലെ ഷോർട്ട് ഫിലിം മത്സരത്തിനായി നിഷ്കർഷിക്കുന്ന നിയമങ്ങൾ ഇങ്ങനെയാണ് - മതത്തെ ബഹുമാനിക്കുക, സ്ത്രീയും പുരുഷനും പരസ്പരം സ്പർശിക്കാൻ പാടില്ല, അക്രമം പാടില്ല, മോശം കഥാപാത്രങ്ങൾക്ക് ഇറാനിയൻ നാമങ്ങൾ നൽക്കാൻ പാടില്ല - ഈ സംഭാഷണ ശകലങ്ങളിൽ നിന്നു തന്നെ ഇറാൻ എത്രത്തോളം ആവിഷ്കാര സ്വാതന്ത്ര്യത്തെ ഭയക്കുന്നു എന്നത് വ്യക്തമാണ്. 'ടാക്സി' വാതിൽ തുറക്കുന്നത് നവയുഗ ജനാധിപത്യ ചിന്തകളിലെക്കാണ്.


വിലക്കുകൾ ലംഘിച്ച്- സിനിമ ആക്ടിവിസം



അടുത്ത കാലത്തായി പുറത്ത് വന്ന 'ത്രീ ഫേസസ്' (2018), 'നോ ബിയേഴ്സ് (2022) എന്നീ ചിത്രങ്ങളിലൂടെയും ജാഫർ പനാഹി തന്റെ ശബ്ദം ഉയർത്തിക്കൊണ്ടേയിരിക്കുന്നു. ഒരു യുവ അഭിനേത്രിക്ക്, തന്റെ യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് നേരിടേണ്ടിവരുന്ന മോശം അനുഭവങ്ങളും, സഹായം അഭ്യർത്ഥിച്ച് അവൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോയും  ശ്രദ്ധയിൽപെട്ട്  പനാഹി അവളെ അന്വേഷിച്ച് പോകുന്ന റോഡ് മൂവിയാണ് 'ത്രീ ഫേസസ്'. 


ജാഫർ പനാഹിയുടെ മീഡിയ ആക്ടിവിസവും അതിന്റെ സാധ്യതകളും വലിയ രീതിയിൽ സാമൂഹിക ചലനങ്ങളുണ്ടാക്കുന്നു എന്നതിൽ തർക്കമില്ല. അന്താരാഷ്ട്ര സമൂഹം ഇതെല്ലാം ഉറ്റുനോക്കുന്നുണ്ട്. ഏറ്റവും അവസാനം പുറത്തിറങ്ങിയ 'നോ ബിയേഴ്സ്' സാങ്കേതികമായി ദൃശ്യമാധ്യമത്തിന് വന്നുപെടുന്ന പുതിയ മാനങ്ങൾ കൈവരിക്കുമ്പോഴും, അവതരിപ്പിക്കുന്ന വിഷയത്തിന്, സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ആഹ്വാനത്തിന് - തീവ്രത ഒട്ടും ചോരുന്നില്ല.



ഇപ്പോഴും അസാധാരണമായ രീതിയിൽ ഇറാൻ ഭരണകൂടം അദ്ദേഹത്തെ വേട്ടയാടുന്നു, സഞ്ചാര-ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്നു. ഇതിനെതിരെ ജനാധിപത്യപരമായ രീതിയിൽ കലയിലൂടെ ശബ്ദിച്ച് രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തുന്നു പനാഹി. അദ്ദേഹത്തിന്റെ സിനിമകൾ പ്രതീക്ഷയുടെയും കൂടിയാണ് - യാഥാസ്ഥിതിക സമൂഹത്തിന്റെ കെട്ടുപാടുകളിൽ നിന്നും പുരോഗമന ജനാധിപത്യ ചിന്തകൾ ഉയരും എന്ന പ്രത്യാശ  ഓരോ സിനിമകളും പങ്കുവെക്കുന്നു. അല്ലെങ്കിൽ അതിനുവേണ്ടിയുള്ള കലാപങ്ങളാവുന്നു.


Wednesday, 13 September 2023

ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥ- സിനിമകൾ സംസാരിക്കുന്നു

തീവ്രവലതുപക്ഷം വലിയ തോതിൽ പിടിമുറുക്കിയ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ, വർത്തമാനകാല ഇന്ത്യൻ യാഥാർഥ്യത്തെ  അടയാളപ്പെടുത്തുന്ന സിനിമകൾ തീർച്ചയായും ചർച്ചയാകേണ്ടതുണ്ട്. അപനിർമ്മിതികൾ രാഷ്ട്രീയലക്ഷ്യത്തോടുകൂടി പ്രചരിപ്പിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമ്പോൾ വിയോജിപ്പുകൾ അവഗണിക്കപ്പെടുന്നു എന്നത് കേവല യാഥാർഥ്യമാണ്. ആധുനികതയെ ആഴത്തിൽ ഉൾകൊണ്ട് കലയോട് സന്നിവേശിക്കുമ്പോൾ ആ സൃഷ്ടിയോടൊപ്പം സാമൂഹിക ചലനങ്ങളും ഉണ്ടാവുന്നുണ്ട്. പാർശ്വവൽകരിക്കപ്പെട്ടു പോവുന്നർ, ഇനിയും തുല്യത കൈവരാത്തവർ, വ്യവസ്ഥാപിതവൽകരിച്ച സാമൂഹിക ചുറ്റുപാടിന്റെ ഇരകൾ - എന്നിങ്ങനെ വ്യത്യസ്തങ്ങളായി അടയാളപ്പെടുത്താവുന്ന മനുഷ്യർ ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങൾ നവയുഗ സിനിമകൾ രേഖപ്പെടുത്തുന്നുണ്ട്. അവക്ക്  അർഹിക്കുന്ന പരിഗണന നൽക്കുന്നുണ്ടാ എന്നത് ചോദ്യമാണ്. 



'നാസിർ' - ആളി പടരുന്ന തീവ്രദേശീയത



തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ഒരു ടെക്സ്റ്റയിൽ സെയിൽസ് ഏജന്റായി ജോലി ചെയ്യുന്ന നാസിർ. കുടുംബത്തെക്കുറിച്ചും തങ്ങളുടെ ചുററുപാടുകളെക്കുറിച്ചും ചിന്തിച്ച് തന്റെതായ പരിസരങ്ങളിൽ ഒതുങ്ങി ജീവിക്കുകയാണയാൾ. കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതാവസ്ഥ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനനുശ്രിതമായ വരുമാന മാർഗ്ഗം കണ്ടെത്തേണ്ടതുണ്ട്.  ഭാര്യയുടെ ആരോഗ്യത്തെപ്പറ്റിയും നാസിർ ആശങ്കാകുലനാണ്. സിനിമ എന്ന നിലയിൽ 'നാസിർ' നടത്തുന്ന രാഷ്ട്രീയ പ്രതിരോധം അഭിനന്ദനാർഹമാണ്. കേന്ദ്ര കഥാപാത്രത്തിന്റെ മാനസിക സംഘർഷത്തോടൊപ്പം സഞ്ചരിക്കുമ്പോഴും സമൂഹത്തിൽ നിഴലിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ സിനിമയിൽ വ്യക്തമാണ്. ഭൂരിപക്ഷവാദത്തിന്റെ ഹിന്ദുത്വ രാഷ്ട്രീയ ചുറ്റുപ്പാടുകൾ നാസിർ സഞ്ചരിക്കുന്ന പരിസരങ്ങളിലെല്ലാം നിലനിൽക്കുന്നുണ്ട്. തീവ്രദേശീയതാവാദികൾ നാസിർ എന്ന മനുഷ്യനെ അക്രമിക്കുന്നതിന് ഒറ്റ കാരണമേ ഉള്ളു - അയാളുടെ മതം, അയാൾ ഉൾകൊള്ളുന്ന വിശ്വാസം. പ്രത്യക്ഷമായി രാഷ്ട്രീയത്തിൽ ഒന്നും ഇടപെടാത്ത ഒരു മനുഷ്യൻ എങ്ങനെയാണ് ചുരുങ്ങിയ സമയംകൊണ്ട് ഒരു ലഹളയുടെ ഇരയാക്കുന്നതെന്നും, ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചും മുസ്ലീങ്ങൾ എങ്ങനെ ഇന്ത്യയിൽ രണ്ടാംകിട പൗരൻന്മാരായി മാറുന്നതെന്നും സിനിമ വ്യക്തമാക്കുന്നു. ഒരു ജനാധിപത്യ മതേതര രാജ്യത്തിന്റെ മാറുന്ന മതാധിഷ്ഠിത മനസ്സ് ചിത്രം വ്യക്തമാക്കുന്നു. ഒരു വ്യക്തിയിലൂടെ അയാൾക്ക് നേരിടേണ്ടി വരുന്ന സംഭവവികാസങ്ങളിലൂടെ നീറുന്ന ഇന്ത്യൻ യാഥാർഥ്യങ്ങളെ രേഖപ്പെടുത്തുന്നു ചിത്രം. 



'മഹത്തായ ഇന്ത്യൻ അടുക്കള' ഓർമിപ്പിക്കുന്നത്





ഇന്നും ജനാധിപത്യവൽകരിക്കാത്ത ഭാരതീയ അടുക്കള സ്ത്രീകളെ എങ്ങനെയെല്ലാം തടവറയിലാക്കുന്നു എന്ന് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സസൂക്ഷ്മം നിരീക്ഷിക്കുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ അത്രയും കൃത്യമായി അടയാളപ്പെടുത്താനും വിശകലനം ചെയ്യാനും സിനിമ മുതിരുന്നു. ഊൺമേശയിലെ വ്യത്തിയും, അടുക്കളയുടെ അവകാശവും സ്ത്രീക്ക് മാത്രം എന്ന് വ്യാഖ്യാനിച്ചെടുക്കുന്ന പുരുഷ നിർമ്മിത കാഴ്ചപ്പാടുകൾ എത്ര നാൾ അഭിസംബോധന ചെയ്യപ്പെടാതെ പോകും? ഊൺ മേശയിൽ തങ്ങൾ തുപ്പിയ എച്ചില്ലിന്റെ അറ്റത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്ന സ്ത്രീകൾ എല്ലാക്കാലത്തും ‘സ്വാഭാവികമായ’ കാഴ്ചയാണെന്നിരിക്കെ ഇത്രയും കാലം ആ ദൃശ്യത്തെ വിമർശനവിധേയമാക്കി ചിത്രീകരിക്കാത്തത് ബോധപൂർവ്വമാണ്. പുരുഷ കേന്ദ്രീകൃത സമൂഹത്തിനായി വാദിക്കുന്നത് കൂടുതലും സ്ത്രീകളാണെന്ന യാഥാർഥ്യം എത്ര പേർ തിരിച്ചറിഞ്ഞിട്ടുണ്ട് ? ആധുനിക വിദ്യാഭ്യാസവും തുല്യതയും വിഭാവനം ചെയ്യുന്ന പുതുതലമുറയെ ആചാരങ്ങളിലും വിശ്വാസങ്ങളിലും കെട്ടി കണ്ടീഷൻ ചെയ്തെടുക്കുന്നതും പുരോഗമന നാട്ട്യം പറയുന്ന ഈ സമൂഹം തന്നെയാണ്. ആർത്തവവും അശുദ്ധിയും എന്ന മതാത്മക ചിന്താഗതി പേറുന്നത് പഴയ തലമുറ മാത്രമല്ലെന്നും പുതിയകാല പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയെ അടിച്ചമർത്താൻ ബോധപൂർവം ചെയ്യുന്ന ഒരു തന്ത്രം കൂടിയാണ് ഇതെന്നും ചിത്രം വായിച്ചെടുക്കുന്നു. കൈ പൊള്ളുന്ന രാഷ്ട്രീയം ഉറക്കെ വിളിച്ചു പറയുമ്പോൾ, കാണുന്ന പ്രേക്ഷകനിലും വിപ്ലവം അലയടിക്കുന്നു. എന്നാൽ വലിയ പ്രതിരോധങ്ങളും ആചാരവിശ്വാസ വാദങ്ങളും ഇതിനെതെരിരെ വരുന്നത് ജനാധിപത്യപരമായ ചർച്ചയ്ക്ക് സ്വാഗതം ചെയ്യാമെങ്കിലും സിനിമ പങ്കുവെക്കുന്ന സാമൂഹിക പരിസരങ്ങൾ ഇന്നും നിലനിൽക്കുന്ന ഇരുണ്ട കാലത്തെ സൂചിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യാ. ആർത്തവം അശുദ്ധിയാണെന്ന് സ്വയം പറഞ്ഞ് നിർമിത പുരുഷാധിപത്യ സമൂഹത്തെ തൃപ്തിപ്പെടുത്താൻ കൂട്ടമായി മുന്നോട്ട് വരുന്ന സ്ത്രീജനങ്ങൾ ഒരു വശത്ത്; മറ്റൊരിടത്ത് തന്റെ സ്വാതന്ത്ര്യം തിരഞ്ഞ് തന്നെ അടിമയാക്കുന്ന ആചാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും കെട്ടുപൊട്ടിച്ച് ഒരു ജനാധിപത്യ സമൂഹത്തിലെക്ക് നടന്നുനീങ്ങുന്ന ദൃശ്യം. ഒട്ടും കലർപ്പില്ലാത്ത സാമൂഹിക യാഥാർഥ്യങ്ങൾ ചൂണ്ടികാണിക്കുമ്പോൾ അതിൽ തെറ്റ് എത് ശരി ഏത് എന്നുകൂടി സിനിമ പറഞ്ഞു വെക്കുന്നു.



'ഊർ ഇരവ് '- തുടരുന്ന ജാതി ചിന്തകൾ, ദുരഭിമാന കൊലകൾ





ജാതി ഒരു ഇന്ത്യൻ സാമൂഹ്യ യാഥാർഥ്യമാണ്. ശ്രേണീകൃത വ്യവസ്ഥയിൽ തട്ടുതട്ടായി കിടക്കുകയും ഓരോ തട്ടിൽ നിന്നും താഴെയുള്ളവരെ കണ്ടെത്തി ചൂഷണമുറപ്പ് വരുത്തുന്ന  സങ്കീർണമായ സാമൂഹിക വ്യവസ്ഥിതി. ഈ വ്യവസ്ഥയിലെക്കാണ് 'ഊർ ഇരവ്' എന്ന വെട്രിമാരന്റെ ചെറും ചിത്രം ചോദ്യങ്ങളുയർത്തുന്നത്. സുമതിയും ഹരിയും ഒരുമിച്ചൊരു ജീവിതം തിരഞ്ഞെടുക്കുന്നു. തുടർന്ന് സുമതിയുടെ പിതാവ് ജാനകിരാമൻ തന്റെ മകളെ കാണാൻ ബാംഗ്ലൂരിൽ എത്തുന്നതും ഗർഭിണിയായ തന്റെ മകളെ നാട്ടിലെക്ക് ക്ഷണിക്കുകയും ചെയ്യുന്നു. ജാതി കേന്ദ്രീയമായി നിലകൊള്ളുന്ന തന്റെ നാട്ടിൽ അതു ലംഘിച്ച് വിവാഹം ചെയ്തത്തിൽ ഏറെ നാളായി തന്നെ അവഗണിച്ച അച്ഛന്റെ കോപം അടങ്ങി എന്നവൾ വിചാരിക്കുന്നു. തുടർന്ന് നാട്ടിലെത്തുന്ന സുമതിക്ക് നേരിടേണ്ടി വരുന്ന അസാധാരണ സംഭവ വികാസങ്ങളാണ് ചിത്രം! ജാതിയുടെ തീവ്രഭാവവും അതിന്റെ ചുഴിയിൽ നിന്ന് കരകയറാൻ കഴിയാത്ത മനുഷ്യ സമൂഹവും സിനിമയിൽ പ്രതിപാദ്യ വിഷയമാവുന്നു. ജനാധിപത്യ രാജ്യം എന്ന് ഖ്യാതി മുഴക്കുമ്പോളും ഇന്ത്യയിൽ തുല്യത നാമമാത്രമാണെന്നും ആളുകൾ ജാതിയെ ഒരു സാംസ്കാരിക മൂലധനമായി കാണുന്നുവെന്നും ചിത്രം പറയുന്നു. ഇടുങ്ങിയ ചിന്താഗതികളിലും, താൻ ചെയ്യുന്നത് ശരിയാണ് എന്ന് വിശ്വസിക്കാൻ സാധിക്കുന്നിടത്താണ് ആൾകൂട്ടം നമ്മെ ഭയപ്പെടുത്തുന്നത്. കുടുംബത്തിന്റെ യശസ്സ് ഉയർത്താൻ പിതാവ് ചെയ്യുന്ന കൊടുംക്രൂരതകൾക്ക് ശരി കണ്ടെത്തുന്ന പ്രത്യയശാസ്ത്രം ദുരഭിമാന കൊലപാതകങ്ങളെയും ജാതി ചിന്തകളെയും ന്യായീകരിക്കുന്നതാണ്. ഒരു ഞെട്ടലോടെ മാത്രം കണ്ടുതീർക്കാൻ സാധിക്കുന്ന ചിത്രം. സ്നേഹം ഭ്രാന്തായും വെറുപ്പായും മാറിമറയുമ്പോൾ അതിന്റെ കാരണത്തെ മരവിപ്പോടെ മാത്രമേ ഓർത്തെടുക്കാൻ കഴിയൂ- ജാതി! ജാതി ചിന്തകൾ!



സ്ത്രീ സ്വാതന്ത്ര്യത്തിലെക്ക് 'ഹെല്ലാരോ'



സംഗീതവും സ്വാതന്ത്ര്യവും - ഗുജറാത്തി ചിത്രം 'ഹെല്ലാരോ' നടന്നുനീങ്ങുന്നതും പുത്തൻ ലോകത്തെ വിഭാവന ചെയ്തുകൊണ്ടാണ്. വർഷങ്ങളായി മഴ പെയ്യാത്ത ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ അതിനു കാരണം എന്ന തരത്തിൽ സ്ത്രീവിരുദ്ധമായ നിരവധി കഥകളാണ് കേൾക്കുന്നത്. ദൈവത്തിനെ പ്രസാദിപ്പിക്കാൻ ഗ്രാമത്തിലെ പുരുഷൻന്മാർ ഗർബനൃത്തം ചവിട്ടുന്നു. സ്ത്രീകൾക്ക് ഇതുചെയ്യാൻ അനുവാദമില്ലതാനും. ആ നാട്ടിലെ സ്ത്രീകൾകളുടെ പ്രധാന തൊഴിൽ അങ്ങേ തടാകത്തിൽ നിന്ന് വെള്ളം കൊണ്ടുവരലാണ്. അതിനിടയിൽ ഒരു ആളെ രക്ഷിക്കുന്നതും പിന്നീട് സ്ത്രീകൾ ഒരുക്കിയ സംരക്ഷണത്തിൽ അയാൾ സംഗീതം വായിക്കുകയും മറ്റുള്ളവർ ഗർബനൃത്തം വെക്കുകയും ചെയ്യുന്നു. പുരുഷാധിപത്യത്തിന്റെ പടുകുഴിയിൽ ജീവിക്കുന്ന സ്ത്രീകൾക്ക് നൃത്തം സ്വാതന്ത്യമാവുന്നു, വിമോചനമാവുന്നു. പുരുഷൻ നിർമ്മിച്ചെടുത്ത കെട്ടുകഥകളിൽ മാത്രം വിശ്വസിച്ച് പോരുന്ന ആ ഗ്രാമത്തിൽ അന്ധവിശ്വാസത്തെ തോൽപ്പിച്ച് മഴയിൽ ആനന്ദ നൃത്തമാടുന്ന സ്ത്രീ ഒരു രാഷ്ട്രീയ പ്രതിരോധമാവുന്നു. ഇന്ത്യൻ ഗ്രാമപ്രദേശങ്ങളിൽ വേരോടുന്ന സ്ത്രീ വിരുദ്ധതയും അവരുടെ സ്വാതന്ത്യ നിഷേധവുമെല്ലാം ചർച്ച ചെയ്യുമ്പോൾ കലയെ ആരെല്ലാം ഭയക്കുന്നു എന്ന ചോദ്യം കൂടി സിനിമ മുന്നോട്ടുവെക്കുന്നു. അന്ധതയിൽ ജീവിക്കുന്നവർക്ക് കല പ്രകാശമാവുമ്പോൾ ന്യത്തവും സംഗീതവും തുല്യതയുടെയും സ്ത്രീ സ്വാതന്ത്യത്തിന്റെയും ഉയർത്തുപാട്ടായും മാറുന്നു.



ഇന്ത്യൻ ഗ്രാമീണ സാഹചര്യങ്ങളുടെ 'ബ്രിഡ്ജ്'



പ്രകൃതി ദുരന്തങ്ങൾ ഇന്ത്യൻ ഗ്രാമീണരുടെ കണ്ണുനീർ കാണാത്ത ഒരു വർഷവും ഉണ്ടാവാറില്ല. ആസമിലെ ബ്രഹ്മപുത്ര നദികരയുടെ തീരങ്ങളിൽ തങ്ങുന്ന ജനങ്ങൾക്ക് വർഷാവർഷം പെയ്തിറങ്ങുന്ന ഓരോ മഴയും ദുരിതക്കയമായി മാറുന്നുണ്ട്. കൊയ്ത്തും പാട്ടുമായി ഒരുകാലത്ത്  ഉത്സവപ്രതീതിയോടെ ജീവിച്ചിരുന്ന ഗ്രാമീണർ കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിതം അനുഭവിക്കുകയാണ്. ജോനകി എന്ന പെൺകുട്ടി പഠിക്കുകയും ഒപ്പം വീട്ടുകാരെ കൃഷിയിൽ സഹായിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മഴയോടുകൂടി അവിടത്തെ പാലം തകർന്നു പോയതിനാൽ ഇന്ന് പുഴ കടക്കാൻ ഒരു ചെറുവള്ളം മാത്രമേ ഉള്ളു. ഈ അസാധാരണ സാഹചര്യം ആ പ്രദേശത്തെ മുഴുവൻ ആളുകളെയും ബാധിക്കുന്നു. ഒറ്റപ്പെട്ട ഒരു പ്രദേശമായി ആ ഗ്രാമം മാറിയിരിക്കുന്നു. ഭരണകൂടം വോട്ട് ബാങ്കിനപ്പുറം ആ ജനതയെ പരിഗണിക്കുന്നില്ല എന്ന് ചുരുക്കം.  പെയ്തു തോരാത്ത മഴ അവരെ ആ നാട്ടിൽ നിന്നും കുടിയൊഴിപ്പിക്കുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും പ്രതീക്ഷയോടെ വീണ്ടും മുന്നേറുന്ന മനുഷ്യരെ സിനിമ കാണിക്കുന്നുണ്ടെങ്കിലും ആരാണ് ഇതിന് ഉത്തരവാദിയെന്ന് വീണ്ടും വീണ്ടും ചോദിക്കുന്നു ചിത്രം. ജോനകി ആധുനിക രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയുടെ ഇര മാത്രമാണ്. നഷ്ടപ്പെട്ട പ്രണയം, തുല്യത തരാത്ത സമൂഹം, സ്ത്രീ എന്ന നിലയിൽ നേരിടേണ്ടി വരുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ എന്നിങ്ങനെ ഇതിനെയെല്ലാം വെടിഞ്ഞും അതിജീവനത്തിന്റെ പാതകൾ ചവിട്ടുമ്പോൾ മനുഷ്യമനസ്സിന്റെ പ്രതീക്ഷയുടെ സിനിമ കൂടിയാവുന്നു ബ്രിഡ്ജ് .പ്രളയാനന്തരം കാണിക്കുന്ന ഗ്രാമീണ കാഴ്ച്ചകൾ സാമൂഹിക നീതിയും വികസനവും എന്ന രാഷ്ട്രീയ വിഷയത്തെ കൂടുതൽ ചോദ്യം ചെയ്യുന്നതാണ്.രാജ്യത്തിന്റെ വിഭവവിതരണം എത്രത്തോളം ഏകപക്ഷീയമാണെന്നും മനുഷ്യന്റെ നിലനിൽപ്പിനെ സംബന്ധിച്ച യഥാർത്ഥ പ്രശ്നങ്ങൾക്ക് ഭരണകൂടം എത്രത്തോളം മുഖവില കെടുക്കുന്നുണ്ടെന്നും ചിത്രം രാഷ്ട്രീയമായി ചോദ്യം ചെയ്യുന്നു.



രാഷ്ട്രീയ മുദ്രാവാക്യം- 'ജയ് ഭീം'



ജാതീയമായ വിവേചനവും അതിന്റെ പിൻബലത്തിൽ നടക്കുന്ന അന്യായമായ ലോക്കപ്പ് പീഡനങ്ങളും നാം ഒരുപാട് കണ്ടിട്ടുണ്ട്. സാമൂഹികവും സാമ്പത്തികവുമായി ഒരു പ്രിവിലേജും ഇല്ലാത്തവരെ ഭരണകൂടം തങ്ങളുടെ വേട്ടമൃഗങ്ങളായി മാറ്റുന്നു. ഇവിടെയാണ് തുല്യത എന്ന ആശയത്തിനു വേണ്ടി നിലനിന്ന മഹാനായ അംബേദ്കറെപറ്റിയും അദ്ദേഹത്തിന്റെ മുദ്രാവാക്യമായ ജയ് ഭീമി'നും പ്രശസ്തി ഏറുന്നത്. ജാതി നോക്കി നടത്തുന്ന അന്യായ അറസ്റ്റും തുടർന്ന് തന്റെ ഭർത്താവിനെ രക്ഷിക്കാൻ സെങ്കനി നടത്തുന്ന അസാധാരണമായ പോരാട്ടവുമായാണ് 'ജയ് ഭീം' മുഴങ്ങുന്നത്. തമിഴിൽ ഇത്തരം പ്രമേയങ്ങളുള്ള ആദ്യ സിനിമ അല്ലെന്നിരിക്കെ മുഖ്യധാരയുള്ള ഒരു നടന്റെ ചേർന്നുനിൽപ്പ് ചിത്രത്തിന്റെ സാമൂഹിക പരിസരങ്ങളെ കൂടുതൽ ഉറക്കെ ചർച്ചയിൽ കൊണ്ടുവരാൻ സാധിച്ചു എന്നതിൽ തർക്കമില്ല. എല്ലാവർക്കും തുല്യത കൽപ്പിക്കുന്ന നിയമ വ്യവസ്ഥയും അത് നടപ്പില്ലാക്കുന്ന ഭരണകൂടവും തമ്മിലുള്ള കലഹമായും ചിത്രത്തെ വ്യാഖ്യാനിക്കാം. ഭരണഘടനാപരമായ തുല്യത നിയമവ്യവസ്ഥയിലൂടെ സ്വന്തമാക്കുന്ന 'ജയ് ഭീം' പോരാട്ടത്തിന്റെയും പ്രതീക്ഷയുടെയും കഥ കൂടിയാണ്. ജാതി കോമരങ്ങൾക്കു നേരെ ജയ് ഭീം എന്ന മുദ്രാവാക്യം വിളിക്കുകയാണ് സിനിമ. കടുത്ത ഇന്ത്യൻ യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതിനോടൊപ്പം  സാമൂഹിക നീതിക്കുവേണ്ടിയുള്ള ചെറുത്തുനിൽപ്പിനും ആഹ്വാനമുണ്ടാകുന്നു.



കാലഘട്ടത്തെ രേഖപ്പെടുത്തുക എന്നത് കലാപരമായ ധർമമാണ്. ഇരുണ്ട വ്യവസ്ഥയോട് രാഷ്ട്രീയമായി സംവദിക്കുക എന്നത് സിനിമയുടെ സാമൂഹിക ദർശനമാകണം. ഇന്ത്യൻ യാഥാർഥ്യങ്ങളെ വരച്ചിടുന്ന ദൃശ്യ സംസ്കാരം സാമൂഹിക അനീതിക്കെതിരെ നടത്തുന്ന ചെറുതുനിൽപ്പിന്റെ പോരാട്ട ഭൂമികകൂടിയാണ്.




Saturday, 2 September 2023

പ്രണയത്തിന്റെ പറുദീസ- Portrait of a Lady on Fire


ഉപാധികളില്ലാതെ പ്രണയിക്കാൻ മനുഷ്യനാകുമോ? ആയാൽ തന്നെ അതിനനുസൃതമായി പരുവപ്പെടുവാൻ സാമൂഹ്യ ചുറ്റുപാടുകൾക്ക് സാധ്യമാവുമോ? സാർവത്രികമാണെന്നിരിക്കെ, സാഹിത്യവും കലയും വിശാലമായ ലോകവീക്ഷണത്തോടൊപ്പം നീങ്ങുമ്പോൾ ആധുനികതയ്ക്കനുസരിച്ച് പ്രണയം എങ്ങനെയെല്ലാം പരിഷ്കരിക്കപ്പെടുന്നു എന്ന് നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. യഥാർഥത്തിൽ ഇത്തരത്തിലുള്ള ഒരു പരിഷ്കരണ സ്വഭാവം പ്രണയത്തിൽ സാധ്യമാണോ? അതോ നാം മനസിലാക്കിയതിൽ കൂടുതൽ അറിയുമ്പോഴുള്ള മിഥ്യാധാരണയിൽ ഇങ്ങനെയെല്ലാം ചിന്തിക്കുന്നതാണോ ! 
പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ഹെലോയ്സ് എന്ന പ്രഭുകുമാരിയുടെ ഛായാചിത്രം വരക്കാനായി പുറപ്പെടുന്ന മരിയെൻ, താൻ പ്രണയത്തിന്റെ സുന്ദര നിമിഷങ്ങളിലേക്ക് നടന്നടുക്കുകയാണെന്ന് ഒരിക്കൽ പോലും ചിന്തിച്ചു കാണില്ല. 


സ്വാതന്ത്ര്യം - രണ്ട് ലോകങ്ങൾ







വിവിധ വർണ്ണങ്ങൾ ചാലിച്ച അതിമനോഹരമായ ഒരു ഛായാചിത്രം തീർക്കേണ്ടത് മരിയെന്റെ കടമയാണ്. എന്നാൽ അതിനായി ഒരു തരത്തിലും പ്രഭുകുമാരി സഹകരിക്കുന്നില്ല. തന്റെ പ്രതിശ്രുത വരന് വേണ്ടി വരച്ചെടുക്കാൻ പോവുന്ന ആ ചിത്രത്തിനോട് അവൾക്ക് നീരസമുണ്ട്. അവൾ ഇപ്പോൾ വിവാഹത്തെപ്പറ്റി ചിന്തിക്കുന്നില്ല. ആരാണ് തന്നെ വിവാഹം ചെയ്യാൻ പോവുന്നത് എന്നുപോലും അവൾക്കറിയില്ല. സ്വാതന്ത്ര്യത്തിന്റെ വിശാല കാഴ്ച്ചപ്പാടിൽ ജീവിക്കുകയാണ് മരിയെൻ. എന്നാൽ എല്ലാ സൗഭാഗ്യങ്ങളും  ഉണ്ടെങ്കിലും, സ്വാതന്ത്ര്യമെന്താണെന്നറിയുന്നില്ല ഹെലോയ്സ് . തന്റെ ജീവിതം പോലും മറ്റാരല്ലാമോ തീരുമാനിക്കുന്നുവെന്ന യാഥാർഥ്യം, ഇടുങ്ങിയ ഒരു വ്യവസ്ഥയിൽ അവളെ തളച്ചിടുന്നു.

മരിയെൻ പകർത്തിയ  ഛായാചിത്രത്തിനോട് പ്രഭുകുമാരി പൂർണ്ണ എതിർപ്പ് പ്രകടിപ്പിക്കുന്നു. ഇത് താൻ അല്ലെന്നും തന്റെ പ്രസന്നത ഈ ചിത്രത്തിനില്ലെന്നും അവൾ പറയുന്നു. യഥാർഥത്തിൽ തനിക്ക് നഷ്ടപ്പെടുന്ന സ്വാതന്ത്ര്യ ലോകത്തിന്റെ തിരിച്ചറിവാണ് ആ വാക്കുകൾ. മരിയെൻ എത്ര ഭാഗ്യവതിയാണെന്ന് അവൾ ചിന്തിച്ചുകാണും. രണ്ട് വ്യവസ്ഥിതിയിൽ ജീവിക്കുന്ന രണ്ട് മനുഷ്യരുടെ ഇമോക്ഷനുകൾ പകർത്തുമ്പോൾ രണ്ട് പേരുടെ ഹൃദയവും നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ട്. കലയോടുള്ള ഭ്രമവും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അലർച്ചയും നമുക്ക് കേൾക്കാം.

പ്രണയവും കലയും സന്നിവേശിക്കുമ്പോൾ


മരിയെൻ ഹെലോയ്സിന്റെ തോഴിയായി മിക്ക സമയങ്ങളിലും അവളോടൊപ്പം ചിലവഴിച്ചു. തനിക്ക് ആദ്യം കണ്ടെത്താൻ കഴിയാത്ത പ്രഭുകുമാരിയുടെ മനസ്സിന്റെ തിളക്കം മരിയെൻ ആഴത്തിൽ അറിയാൻ തുടങ്ങി. രണ്ടു പേരും പരസ്പരം അടുത്തു.

പ്രണയത്തിന്റെ തീക്ഷ്ണമായ ആനന്ദവും വേദനയും കലയിലേക്ക് സന്നിവേശിക്കപ്പെടുന്നത് ചിത്രത്തിൽ മനോഹര കാഴ്ച്ചയാവുന്നു. ഗ്രാമോത്സവത്തിൽ അഗ്നിക്ക് ചുറ്റും ചുവടുവെച്ച് സ്ത്രീകൾ പാടുന്നു. വിധിയിൽ നിന്ന് വിശ്വാസങ്ങളിൽ നിന്ന്  നമുക്ക് രക്ഷപ്പെടാനാവില്ല എന്നവർ തിരിച്ചറിയുന്നുണ്ട്. മരിയെൻ പകർത്തിയ പ്രഭുകുമാരിയുടെ  ചിത്രം വസ്ത്രത്തിൽ തീപിടിച്ച ഒരു യുവതിയുടെ തിളങ്ങുന്ന മുഖമാണ്. തീയുടെ തിളക്കത്തെക്കാളും പ്രകാശിക്കുന്നത് അവളാണ്. പ്രണയത്തിലൂടെ കൂടുതൽ കരുത്താർജിക്കുന്ന പ്രഭുകുമാരിയുടെ മനസ്സ് ഇതിലും കൃത്യമായി വരച്ചെടുക്കാൻ ആർക്കാണ് കഴിയുക. പ്രണയവും കലയും വാതിൽ തുറക്കുന്നത് വിശാലതയിലേക്കാണ്. ഒത്തുചേരലിന്റെ ആനന്ദം രണ്ടു പേരിലും നിറയുന്നുവെങ്കിലും തങ്ങൾക്ക് പിരിയാൻ സമയമായി എന്ന തിരിച്ചറിവ് അവരിൽ ഉണരുന്നു. പ്രണയം അങ്ങനെയാണ്, വിരഹം പലപ്പോഴും അനിവാര്യമാവും. ഒരു അർത്ഥത്തിൽ മാരിയെൻ വരച്ചത് ഹെലോയ്സിനെ മാത്രമല്ല അവളെകൂടിയായിരുന്നു.

സ്വവർഗ്ഗ പ്രണയം - സമൂഹം


ഈ കാലത്തും പരിപൂർണമായി സമൂഹത്തിന് സ്വീകാരമാവാത്ത സ്വവർഗ്ഗ പ്രണയം പതിനെട്ടാം നൂറ്റാണ്ടിലെ സാമൂഹിക ചുറ്റുപാടിൽ ആവിഷ്കരിക്കുമ്പോൾ പ്രണയിനികൾ നേരിടുന്ന അസാധാരണമായ സാഹചര്യം ഒന്ന് ചിന്തിച്ച് നോക്കൂ. ഗ്രീക്ക് ട്രാജഡിയായ ഓർഫിയസിന്റെയും യൂറിഡൈസിന്റെയും പ്രണയകഥ ചിത്രത്തിൽ പശ്ചാത്തലമാകുന്നതും അവരവരുടെ വ്യാഖ്യാനം ആ കഥയ്ക്ക് നൽകുന്നതും ബോധപൂർവമാണ്. പ്രണയിനികളുടെ ചുറ്റുപാടുകളും വൈകാരിക പരിസരങ്ങളും കാഴ്ച്ചക്കാരുമായി ആഴത്തിൽ ബന്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.
മനുഷ്യരെ പരസ്പരം വിഭാഗീകരിച്ച് പ്രണയമതിൽ കെട്ടുന്ന സംസ്കാരം അത്യന്തം ഹീനമാണ്. പ്രകൃതിയോട് ലയിച്ചു ചേർന്ന് നീങ്ങുന്ന പ്രണയത്തിന് അതിന്റെ സ്വാഭാവിക താളമുണ്ടെന്ന് ചിത്രം പറഞ്ഞുവെക്കുന്നു. ആ താളത്തിനനുസരിച്ച്  അത് മുന്നേറുക തന്നെ ചെയ്യും. എന്തിനാണീ ഇടുങ്ങിയ മനോനില ? ആരെയാണ് നിങ്ങൾ സ്വവർഗ്ഗ പ്രണയത്തിന്റെ പേര് പറഞ്ഞ് മാറ്റി നിർത്താൻ ശ്രമിക്കുന്നത് ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ മനസ്സിൽ ഉയർന്ന് വരുന്നത് പ്രണയത്തിന്റെ വിശാലത ചിത്രത്തിലൂടെ വായിച്ചെടുക്കാൻ കഴിഞ്ഞു എന്ന സംതൃപ്‌തിയിലാണ്. 


ലോകത്തിലെ പ്രധാന ചലച്ചിത്ര മേളയായ
കാൻസിൽ ആദ്യമായി ഒരു വനിതാ സംവിധായകക്ക് (Celine Sciamma)
Queer Palm പുരസ്കാരം സ്വന്തമാക്കാൻ കഴിഞ്ഞു എന്നതും ചിത്രത്തിന്റെ മേന്മയാണ്. ആ മേളയിൽ തന്നെ മികച്ച തിരക്കഥക്കുള്ള പുരസ്കാരവും Celine Sciamma ഏറ്റുവാങ്ങി. Sight & Sound ക്രിട്ടിക്സ് പോളിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സ്വാധീനം ചെലുത്തിയ നൂറ് സിനിമകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടതും ചിത്രത്തിന്റെ കലാമൂല്യത്തിന് തിളക്കം കൂട്ടുന്നുണ്ട്.

Thursday, 31 August 2023

'What Will People Say' - വ്യക്തികളിൽ ഉടലെടുക്കുന്ന സദാചാര സംഘർഷങ്ങൾ











പാകിസ്ഥാനിൽ നിന്ന് കുടിയേറി നോർവേയിൽ ഏറെ കാലമായി ജീവിക്കുന്ന മിർസയും കുടുംബവും. ഒരു പാശ്ചാത്യ പുരോഗമന സംസ്കാരം തങ്ങളുടെ ജീവിത ശൈലിയായി എടുക്കുന്നുണ്ടെങ്കിലും ഉള്ളിൽ യാഥാസ്ഥിതിക പാരമ്പര്യത്തിന്റെ ശക്തമായ വേരുകളുണ്ട്. പതിനാറ് വയസ്സ് മാത്രം പ്രായമുള്ള നിഷ താൻ അറിഞ്ഞതും വളർന്നതുമെല്ലാം പുത്തൻ ലോകത്തിന്റെ കണ്ണുകളിലൂടെയാണ്. എല്ലായിപ്പോഴും പാശ്ചാത്യ സംസ്കാരവും പൈതൃക സംസ്കാരവും തമ്മിലുള്ള കലഹം അവളിൽ ഉണ്ടാവുന്നു. ബോധപൂർവം രണ്ട് രീതിയിലുള്ള ജീവിതം ജീവിക്കേണ്ടിവരുന്നതും ഒരു നിസഹായവസ്ഥയല്ലെ! നിഷ പുറത്ത് പുതിയ കാലത്തിന്റെ സ്വാതന്ത്ര്യത്തിലും വേഷവിധാനത്തിലും ജീവിക്കുമ്പോൾ വീട്ടിൽ ഒരു പാകിസ്ഥാനി കുടുംബത്തിന്റെ യാഥാസ്ഥിതികതയോടുകൂടി തുടരുന്നു. ഒരു ദിവസം തന്റെ നോർവേജിയൻ സുഹ്യത്തിനോടൊപ്പമുള്ള പ്രണയനിമിഷങ്ങളിൽ മിർസ അവരെ കൈയ്യോടെ പിടികൂടുന്നു. അയാൾക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ല. തന്റെ മകൾക്ക് എന്താണ് പറയാനുള്ളതെന്ന് ചോദിക്കാതെ, ആളുകൾ എന്ത് പറയും എന്ന ചിന്ത നയിച്ചത് ഏകപക്ഷീയമായ ചില തീരുമാനങ്ങളിലേക്കാണ്. നിഷയെ കുറച്ച് കാലം തന്റെ ജന്മനാടായ പാകിസ്താനിലേക്ക് അയക്കാൻ അയാൾ തീരുമാനിക്കുന്നു.


പൗരസ്വാതന്ത്ര്യവും യാഥാസ്ഥിതികവാദവും














പുതിയകാല ലോകത്തെ അഭിസംബോധന ചെയ്യുന്ന വ്യക്തികൾ മതിലുകളാൽ ചുറ്റപ്പെട്ട ഒരു ആശയവ്യവസ്ഥക്ക് വിദ്ധേയരല്ല. താൻ എങ്ങനെയാണോ വളർന്നതും ജീവിച്ചതും, അതിന്റെയെല്ലാം എതിർദിശയായിരുന്നു പാകിസ്ഥാനും സാമൂഹിക പരിസരങ്ങളും. നിഷ സ്വാതന്ത്യത്തിലേക്ക് പറന്നുയർന്ന ലോകവുമായി ഒരുപാട് വ്യത്യാസമുണ്ട് ഇവിടെ. പലകുറി താൻ എങ്ങനെ അതിജീവിക്കും എന്ന് അവൾ ചിന്തിച്ചു. പിന്നീടെപ്പോഴാ അമീറുമായി അവൾ കൂടുതൽ അടുക്കുന്നു. സ്ത്രീയും പുരുഷനും ഒന്നിച്ച് നടന്നാൽ പോലും സ്ത്രീ തെറ്റുകാരിയാണെന്ന മതാത്മക വ്യവസ്ഥ അവിടെയും ആ പതിനാറുകാരിയെ ചോദ്യചിഹ്നത്തിൽ നിർത്തുന്നു. തനിക്കിനി ഒന്നും ചെയ്യാനില്ലെന്നും ജീവിതം അവസാനിക്കുകയാണെന്നും നിഷയ്ക്ക് തോന്നുന്ന ഒരു രംഗമുണ്ട് ചിത്രത്തിൽ. തന്റെ പിതാവ് ഒരു കുന്നിന് മുകളിൽ നിന്നവളോട് ചാടാൻ പറയുന്നു. അത്രത്തോളം അയാൾ സമൂഹത്തെ പേടിക്കുന്നു എന്ന് വ്യക്തം. മരവിപ്പോടെ മാത്രം നോക്കികാണാൻ സാധിക്കുന്ന ദൃശ്യസഞ്ചാരം. 
തുടർന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്ന അവൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തിരുമാനിക്കുന്നു.


പാരമ്പര്യത്തിന്റെ വേരുകൾ- ആളുകൾ എന്ത് പറയും!













പുരോഗമന സമൂഹവുമായി എത്രയോ വർഷം സംവദിച്ച് പോരുന്ന മിർസ പക്ഷെ ഉള്ളിൽ, തന്റെ ഇടുങ്ങിയ ചിന്തകളും താൻ വളർന്ന പാരമ്പര്യത്തിന്റെ യാഥാസ്ഥിത മനോഭാവവും വെച്ചുപുലർത്തുന്നു. ഒരുവേള പോലും തന്റെ മകൾക്ക് പറയാനുള്ളതോ അവളുടെ മാനസികമായ പിരിമുറുക്കങ്ങൾ എന്തൊക്കെയാണെന്നോ അന്വേഷിക്കാൻ പോലും അയാൾ തയ്യാറാകുന്നില്ല. ആളുകൾ ഇതെല്ലാം കാണുന്നില്ലേ, തന്നെപറ്റിയും തന്റെ കുടുംബത്തെപറ്റിയും എന്ത് വിചാരിക്കുമെന്ന അനാവശ്യ ചിന്ത അയാളിൽ നിറയ്ക്കുന്നത് അസാംസ്കാരിക പരിസരങ്ങളാണെന്ന് പറയേണ്ടി വരും. അമിതമായ സദാചാരബോധം പേറുന്ന ആർക്കും ജനാധിപത്യപരമായ ഒരു സമൂഹത്തെ ഉൾകൊള്ളാനോ അംഗീകരിക്കാനോ കഴിയില്ല.

മെച്ചപ്പെട്ട  തൊഴിൽ, ജീവിതസാഹചര്യങ്ങൾ  എന്നിവ മുന്നിൽ കണ്ട് വികസിത സമൂഹങ്ങളിലേക്ക്  കുടിയേറുന്നവർ ഏറെയാണ്.എന്നാൽ പുരോഗമനപരമായ  സമൂഹത്തിലാണ് ജീവിക്കുന്നതെങ്കിലും തങ്ങളുടെ യാഥാസ്ഥിതികമായ ചിന്തകൾക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിക്കില്ല എന്ന് നിഷയുടെ പിതാവിലൂടെ വ്യക്തമാവുന്നു.
നിഷ ലോകത്തിന്റെ എല്ലാ നിറങ്ങളും ആസ്വദിക്കുകയും താൻ ജീവിക്കുന്ന ചുറ്റുപാടിനോട് സംവദിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ വിശാലമായ ഒരു ആശയലോകം അവളിൽ ഉടലെടുക്കുന്നു.


സ്വാതന്ത്ര്യത്തിലേക്കുള്ള നടത്തം












താൻ ഇഷ്ടപ്പെട്ട ഒരു ജീവിതം പഠനത്തിലുടെ കെട്ടിപടുക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും അസ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ ? ഒരിക്കലുമില്ല. പുതിയ വിവാഹാലോചന വരുമ്പോൾ നിഷ വീണ്ടും സമ്മർദ്ദത്തിലാവുന്നു. പഠനം ഉപേക്ഷിച്ച് ഒരു വീട്ടമ്മയായി മാത്രം ഒതുങ്ങാൻ അവൾ തയാറായിരുന്നില്ല. തുടർന്ന് സ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കുകയല്ലാതെ മറ്റൊരു നിവർത്തിയും അവർ കണ്ടില്ല. മിർസ നിർവികാരനായി അത് നോക്കി നിൽക്കുക മാത്രമേ ചെയ്തുള്ളു, മകളെ തടഞ്ഞില്ല. തന്റെ ചങ്ങലകൾ പൊട്ടിച്ച് പ്രതീക്ഷയുടെ പാതയിലെക്ക് നടന്നടുക്കുന്ന നിഷ ആധുനികതയുടെ പ്രതീകമാണ്. സദാചാരവും പുരുഷാധിപത്യ വ്യവസ്ഥിതിയും അരങ്ങുവാഴുന്ന സമൂഹത്തിൽ അതിനോട് കലഹിച്ച് തന്റെ സ്വാതന്ത്ര്യവും രീതികളും ഉയർത്തിപിടിക്കുന്ന യുവത ഒരു രീതിയിലും ഈ ലോകത്തെ വിഭാഗീകരിക്കാൻ തങ്ങൾക്കറിയില്ല എന്ന് ഉറക്കെ വിളിച്ച് പറയുന്നു. ആ പ്രസ്താവനയിൽ വിപ്ലവമുണ്ട്, പ്രണയമുണ്ട്, പ്രതീക്ഷയുണ്ട്.