Search Movies
Monday, 18 September 2023
പ്രണയത്തിന്റെ ഏകാന്ത തടവറ - 'HER'
Saturday, 16 September 2023
ജാഫർ പനാഹി - സിനിമയും രാഷ്ട്രീയ പ്രതിരോധവും
കലാമൂല്യവും രാഷ്ട്രീയ പ്രസക്തിയും ഉൾകൊണ്ട് ചുരുങ്ങിയ കാലംകൊണ്ട് ലോക സിനിമാഭൂപടത്തിൽ ആഴത്തിലുള്ള ജനാധിപത്യ ചോദ്യങ്ങളുയർത്തി കാഴ്ച്ചക്കാരനെ ചിന്തിപ്പിക്കുകയാണ് ഇറാൻ സിനിമകൾ. ലാളിത്യവും സാധാരണത്തവും നിലനിർത്തിക്കൊണ്ടുതന്നെ സിനിമകൾ എങ്ങനെയാണ് ഒരു സമൂഹത്തിന്റെ പ്രതിരോധവും സമരവുമാവുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ! ഭരണകൂടത്തെയും മതാത്മക സമൂഹത്തെയും തുറന്നുകാണിച്ച് ജാഫർ പനാഹി നടന്നുനീങ്ങിയത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള (രാഷ്ട്രീയ) പോരാട്ട ഭൂമികയിലെക്കാണ്. രാജ്യത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പ്രശ്നങ്ങൾ പ്രതിപാദ്യ വിഷയമാകുമ്പോൾ അന്താരാഷ്ട്ര തലത്തിൽ വന്നുചേരുന്ന സ്വീകാര്യതക്കൊപ്പം സിനിമ എന്ന മാധ്യമത്തിന് കൂടുതൽ സാധ്യതകളും അർത്ഥതലങ്ങളും തുറക്കപ്പെടുന്നു. ഒരു കലാകാരന് എങ്ങനെയാണ് ഭരണകൂട നിയമങ്ങൾക്ക് പൂർണ്ണമായും വിധേയനായിക്കൊണ്ട് ചലച്ചിത്രഭാഷ്യം ഒരുക്കാൻ കഴിയുക? അതും ഇറാനെപോലെ ഉള്ള ഒരു മതാത്മ പുരുഷാധിപത്യ വ്യവസ്ഥയിൽ.
നിരന്തരം ഇറാൻ ഗവൺമെന്റുമായി ജാഫർ പനാഹിയുടെ സിനിമകൾ കലഹിച്ചു. 2010 ആയപ്പോഴെക്കും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും സിനിമ എടുക്കുന്നതിൽ നിന്ന് ഇരുപത് വർഷത്തേക്ക് വിലക്കുകയും ചെയ്തു. തുടർന്ന് വീട്ടു തടങ്കലിൽ കഴിഞ്ഞ പനാഹിക്ക് സഞ്ചാര സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. ഈ അസാധാരണ നടപടികളിലൂടെയെല്ലാം ലോകം ചർച്ച ചെയ്തത് ഇറാനിയൻ ഭരണകൂടം എത്രത്തോളം കലയെ ഭയക്കുന്നു എന്നുകൂടിയാണ്. സമൂഹത്തെ പുതിയൊരു ദിശയിലെക്ക് നയിക്കാനും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും കല എന്ന മാധ്യമത്തിനുള്ള ശക്തി അവർ തിരിച്ചറിഞ്ഞിരിക്കണം.
പനാഹിയും അന്താരാഷ്ട്ര പ്രശസ്തിയും
2006'ൽ പുറത്തിറങ്ങിയ 'ഓഫ് സൈഡ്' എന്ന ചിത്രം പറഞ്ഞു വെക്കുന്ന പ്രമേയം സ്വാതന്ത്ര്യ പ്രഖ്യാപനമുൾക്കൊള്ളുന്നതാണ്. ഫുട്ബോൾ മത്സരങ്ങൾ കാണാൻ ഒരു സ്‌റ്റേഡിയത്തിലേക്കും ഇറാനിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. ഫുട്ബോൾ ലോകകപ്പിനുള്ള യോഗ്യത മത്സരത്തിൽ ഇറാനും ബഹ്റിനുമായുള്ള മത്സരം വീക്ഷിക്കാനായി ആറ് പെൺകുട്ടികൾ തീരുമാനിക്കുകയും ആൺ വേഷം കെട്ടി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന അസാധാരണമായ സംഭവ വികാസങ്ങളാണ് സിനിമ.
സ്‌റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാനോ പൂർണ്ണമായി കളി കാണാനോ അവർക്ക് സാധിക്കുന്നില്ല. എന്തുകൊണ്ട് ഞങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നില്ല എന്ന ചോദ്യത്തിന്, സ്ത്രീകൾക്ക് സ്‌റ്റേഡിയത്തിനുള്ളിൽ നിന്ന് മത്സരം കാണാൻ അനുമതിയില്ല എന്നുതന്നെ പോലീസുകാർ പറയുന്നു. അപ്പോൾ ജപ്പാനീസ് സ്ത്രീകൾ മത്സരം കാണുന്നുണ്ടെന്നും ഇറാനിൽ ജനിച്ചത് ഞങ്ങളുടെ കുറ്റമാണോ എന്നും അവർ ചോദിക്കുന്നു. ഒടുവിൽ ഇറാൻ ഒരു ഗോളിന് മത്സരം വിജയിക്കുമ്പോൾ വിജയാഘോഷങ്ങൾ ഒന്നും തന്നെ പനാഹി ദൃശ്യവൽകരിക്കുന്നില്ല! വിജയാരവം കേൾക്കുന്ന പെൺകുട്ടികളുടെ കാതിനൊപ്പം മാത്രം സിനിമ സഞ്ചരിക്കുന്നു. 'ഓഫ് സൈഡ്' കാഴ്ചയിൽ ഗംഭീര ചലച്ചിത്രാനുഭവമാണ്. ഇറാൻ സമൂഹം എത്രത്തോളം തുല്യതയെ ഭയക്കുന്നു എന്ന് ഭയരഹിതമായി ചിത്രം വിളിച്ചുപറയുന്നു.
ഒരിക്കൽ മകളുടെ നിർബന്ധത്തിനു വഴങ്ങി പനാഹി ഒരു ഫുട്ബോൾ മത്സരം കാണാൻ പോവുന്നു. അവിടെവെച്ച് മകളെ സ്‌റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ പറയുന്നു. മകളുടെ നിർബന്ധതിനു വഴങ്ങി പനാഹി സ്‌റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കുന്നു. ഒരു പത്തുമിനിറ്റിനുശേഷം മകളും അവിടെ എത്തുന്നു. എങ്ങനെ അകത്തുകയറി എന്ന് അത്ഭുതത്തോടെ ചോദിച്ചപ്പോൾ ഒരു ജേതാവിനെപ്പോലെ അവൾ പറഞ്ഞു 'എല്ലാറ്റിനും വഴികളുണ്ടെന്ന്'. വിലക്കുകൾ ലംഘിക്കാനുള്ള വഴികൾ! ഈ വാക്കുകളാണ് അദ്ദേഹത്തെ 'ഓഫ് സൈഡ്' എന്ന ചിത്രമെടുക്കാൻ പ്രേരിപ്പിച്ചത്. ചിത്രം വലിയ രീതിയിൽ അന്താരാഷ്ട്ര ശ്രദ്ധ നേടി.
സിനിമയിലൂടെ ജനകീയ പ്രശംസ പിടിച്ചുപറ്റുന്ന ജാഫർ പനാഹിയെ ഇറാൻ ഭരണകൂടം നന്നായി ഭയക്കാൻ തുടങ്ങി. തുടർന്ന് സിനിമ എടുക്കുന്നതിൽ നിന്നും അദ്ദേഹത്തെ വിലക്കി, അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെച്ചു. ഫിലിം ഫെഡറേഷനും മനുഷ്യാവകാശ സംഘടനകളും ഇടപെട്ടതിനെ തുടർന്ന് ജയിൽ മോചിതനായി; ശേഷം വീട്ടുതടങ്കലിലായി. നാല് ചുമരുകൾക്കിടയിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് താൻ അനുഭവിക്കുന്നതെല്ലാം ഷൂട്ട് ചെയ്ത് അദ്ദേഹം മറ്റൊരു സിനിമ ചെയ്തു - 'ദിസ് ഈസ് നോട്ട് എ ഫിലിം'. ചിത്രത്തിന്റെ ഫ്ലാഷ് ഡ്രൈവ് അന്താരാഷ്ട്ര ചലച്ചിത്ര വേദികളിലേക്ക് സുഹൃത്തുക്കളുടെ സഹായത്തോടെ ‘കടത്തി’. 2011'ൽ ഡോക്യുമെന്ററി വിഭാഗത്തിൽ കാൻസ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച് ഏറെ നിരൂപകപ്രശംസ ചിത്രം സ്വന്തമാക്കി. എന്നാൽ ഇറാനിൽ ജാഫർ പനാഹിയുടെ സ്ഥിതി കൂടുതൽ ദുസ്സഹമായി. ഒരു കലാകാരനെ എത്ര കാലം ഭരണകൂടം വിലക്കും എന്ന ചോദ്യം അവിടെ പ്രസക്തമായി നിലകൊണ്ടു.
രാഷ്ട്രീയ പ്രതിരോധമാവുന്ന 'ടാക്സി'
2015'ൽ പുറത്തിറങ്ങിയ 'ടാക്സി' കലാപരമായും രാഷ്ട്രീയമായും ലോക സിനിമ ചരിത്രത്തിൽ എക്കാലത്തും അടയാളപ്പെടുത്തുന്ന ചലച്ചിത്രാവിഷ്കാരമാണ്. സിനിമ എടുക്കാൻ പോലും അനുവാദമില്ലാത്ത ഒരു നാട്ടിൽ ഭരണകൂടത്തെ വെല്ലുവിളിച്ച് വീണ്ടും തുടരുന്ന ചലച്ചിത്ര ശ്രമങ്ങൾ - ഒരു കലാകാരനെ ആർക്കാണ് തടഞ്ഞുവെക്കാനാവുക എന്നുറക്കെ പ്രഖ്യാപിക്കുന്നു!
ടെഹ്റാനിലെ തിരക്കേറിയ തെരുവുകളിലൂടെ ഒരു ടാക്സി ഓടിച്ചു പോവുകയാണ് പനാഹി. തെരുവിൽ നിന്ന് വ്യത്യസ്ത യാത്രക്കാരെയും വഹിച്ചുകൊണ്ട് ഒരു പകൽ മുഴുവൻ അദ്ദേഹം ടാക്സിയിൽ കറങ്ങുന്നു. പനാഹി ചോദിക്കുന്ന ചോദ്യങ്ങൾക്ക് യാത്രക്കാർ നിഷ്കളങ്കമായി മറുപടി പറയുന്നു. ചലിക്കുന്ന സ്റ്റുഡിയോ എന്നു വിശേഷിപ്പിക്കാവുന്ന കാറിലെ ഡാഷ് ബോർഡിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഇറാനിയൻ സമൂഹത്തെ ഒപ്പിയെടുക്കുന്നു. ഭരണകൂടത്തെ വിമർശന വിധേയമാക്കി ചിത്രം ചോദ്യങ്ങളുയർത്തുന്നു. സിനിമയിൽ ഒരു കുട്ടിയും പനാഹിയുമായുള്ള സംഭാഷണം ശ്രദ്ധേയമാണ്. സ്കൂളിലെ ഷോർട്ട് ഫിലിം മത്സരത്തിനായി നിഷ്കർഷിക്കുന്ന നിയമങ്ങൾ ഇങ്ങനെയാണ് - മതത്തെ ബഹുമാനിക്കുക, സ്ത്രീയും പുരുഷനും പരസ്പരം സ്പർശിക്കാൻ പാടില്ല, അക്രമം പാടില്ല, മോശം കഥാപാത്രങ്ങൾക്ക് ഇറാനിയൻ നാമങ്ങൾ നൽക്കാൻ പാടില്ല - ഈ സംഭാഷണ ശകലങ്ങളിൽ നിന്നു തന്നെ ഇറാൻ എത്രത്തോളം ആവിഷ്കാര സ്വാതന്ത്ര്യത്തെ ഭയക്കുന്നു എന്നത് വ്യക്തമാണ്. 'ടാക്സി' വാതിൽ തുറക്കുന്നത് നവയുഗ ജനാധിപത്യ ചിന്തകളിലെക്കാണ്.
വിലക്കുകൾ ലംഘിച്ച്- സിനിമ ആക്ടിവിസം
അടുത്ത കാലത്തായി പുറത്ത് വന്ന 'ത്രീ ഫേസസ്' (2018), 'നോ ബിയേഴ്സ് (2022) എന്നീ ചിത്രങ്ങളിലൂടെയും ജാഫർ പനാഹി തന്റെ ശബ്ദം ഉയർത്തിക്കൊണ്ടേയിരിക്കുന്നു. ഒരു യുവ അഭിനേത്രിക്ക്, തന്റെ യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് നേരിടേണ്ടിവരുന്ന മോശം അനുഭവങ്ങളും, സഹായം അഭ്യർത്ഥിച്ച് അവൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോയും ശ്രദ്ധയിൽപെട്ട് പനാഹി അവളെ അന്വേഷിച്ച് പോകുന്ന റോഡ് മൂവിയാണ് 'ത്രീ ഫേസസ്'.
ജാഫർ പനാഹിയുടെ മീഡിയ ആക്ടിവിസവും അതിന്റെ സാധ്യതകളും വലിയ രീതിയിൽ സാമൂഹിക ചലനങ്ങളുണ്ടാക്കുന്നു എന്നതിൽ തർക്കമില്ല. അന്താരാഷ്ട്ര സമൂഹം ഇതെല്ലാം ഉറ്റുനോക്കുന്നുണ്ട്. ഏറ്റവും അവസാനം പുറത്തിറങ്ങിയ 'നോ ബിയേഴ്സ്' സാങ്കേതികമായി ദൃശ്യമാധ്യമത്തിന് വന്നുപെടുന്ന പുതിയ മാനങ്ങൾ കൈവരിക്കുമ്പോഴും, അവതരിപ്പിക്കുന്ന വിഷയത്തിന്, സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ആഹ്വാനത്തിന് - തീവ്രത ഒട്ടും ചോരുന്നില്ല.
ഇപ്പോഴും അസാധാരണമായ രീതിയിൽ ഇറാൻ ഭരണകൂടം അദ്ദേഹത്തെ വേട്ടയാടുന്നു, സഞ്ചാര-ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്നു. ഇതിനെതിരെ ജനാധിപത്യപരമായ രീതിയിൽ കലയിലൂടെ ശബ്ദിച്ച് രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തുന്നു പനാഹി. അദ്ദേഹത്തിന്റെ സിനിമകൾ പ്രതീക്ഷയുടെയും കൂടിയാണ് - യാഥാസ്ഥിതിക സമൂഹത്തിന്റെ കെട്ടുപാടുകളിൽ നിന്നും പുരോഗമന ജനാധിപത്യ ചിന്തകൾ ഉയരും എന്ന പ്രത്യാശ ഓരോ സിനിമകളും പങ്കുവെക്കുന്നു. അല്ലെങ്കിൽ അതിനുവേണ്ടിയുള്ള കലാപങ്ങളാവുന്നു.
Wednesday, 13 September 2023
ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥ- സിനിമകൾ സംസാരിക്കുന്നു
തീവ്രവലതുപക്ഷം വലിയ തോതിൽ പിടിമുറുക്കിയ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ, വർത്തമാനകാല ഇന്ത്യൻ യാഥാർഥ്യത്തെ അടയാളപ്പെടുത്തുന്ന സിനിമകൾ തീർച്ചയായും ചർച്ചയാകേണ്ടതുണ്ട്. അപനിർമ്മിതികൾ രാഷ്ട്രീയലക്ഷ്യത്തോടുകൂടി പ്രചരിപ്പിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമ്പോൾ വിയോജിപ്പുകൾ അവഗണിക്കപ്പെടുന്നു എന്നത് കേവല യാഥാർഥ്യമാണ്. ആധുനികതയെ ആഴത്തിൽ ഉൾകൊണ്ട് കലയോട് സന്നിവേശിക്കുമ്പോൾ ആ സൃഷ്ടിയോടൊപ്പം സാമൂഹിക ചലനങ്ങളും ഉണ്ടാവുന്നുണ്ട്. പാർശ്വവൽകരിക്കപ്പെട്ടു പോവുന്നർ, ഇനിയും തുല്യത കൈവരാത്തവർ, വ്യവസ്ഥാപിതവൽകരിച്ച സാമൂഹിക ചുറ്റുപാടിന്റെ ഇരകൾ - എന്നിങ്ങനെ വ്യത്യസ്തങ്ങളായി അടയാളപ്പെടുത്താവുന്ന മനുഷ്യർ ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങൾ നവയുഗ സിനിമകൾ രേഖപ്പെടുത്തുന്നുണ്ട്. അവക്ക് അർഹിക്കുന്ന പരിഗണന നൽക്കുന്നുണ്ടാ എന്നത് ചോദ്യമാണ്.
'നാസിർ' - ആളി പടരുന്ന തീവ്രദേശീയത
'മഹത്തായ ഇന്ത്യൻ അടുക്കള' ഓർമിപ്പിക്കുന്നത്
ഇന്നും ജനാധിപത്യവൽകരിക്കാത്ത ഭാരതീയ അടുക്കള സ്ത്രീകളെ എങ്ങനെയെല്ലാം തടവറയിലാക്കുന്നു എന്ന് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സസൂക്ഷ്മം നിരീക്ഷിക്കുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ അത്രയും കൃത്യമായി അടയാളപ്പെടുത്താനും വിശകലനം ചെയ്യാനും സിനിമ മുതിരുന്നു. ഊൺമേശയിലെ വ്യത്തിയും, അടുക്കളയുടെ അവകാശവും സ്ത്രീക്ക് മാത്രം എന്ന് വ്യാഖ്യാനിച്ചെടുക്കുന്ന പുരുഷ നിർമ്മിത കാഴ്ചപ്പാടുകൾ എത്ര നാൾ അഭിസംബോധന ചെയ്യപ്പെടാതെ പോകും? ഊൺ മേശയിൽ തങ്ങൾ തുപ്പിയ എച്ചില്ലിന്റെ അറ്റത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്ന സ്ത്രീകൾ എല്ലാക്കാലത്തും ‘സ്വാഭാവികമായ’ കാഴ്ചയാണെന്നിരിക്കെ ഇത്രയും കാലം ആ ദൃശ്യത്തെ വിമർശനവിധേയമാക്കി ചിത്രീകരിക്കാത്തത് ബോധപൂർവ്വമാണ്. പുരുഷ കേന്ദ്രീകൃത സമൂഹത്തിനായി വാദിക്കുന്നത് കൂടുതലും സ്ത്രീകളാണെന്ന യാഥാർഥ്യം എത്ര പേർ തിരിച്ചറിഞ്ഞിട്ടുണ്ട് ? ആധുനിക വിദ്യാഭ്യാസവും തുല്യതയും വിഭാവനം ചെയ്യുന്ന പുതുതലമുറയെ ആചാരങ്ങളിലും വിശ്വാസങ്ങളിലും കെട്ടി കണ്ടീഷൻ ചെയ്തെടുക്കുന്നതും പുരോഗമന നാട്ട്യം പറയുന്ന ഈ സമൂഹം തന്നെയാണ്. ആർത്തവവും അശുദ്ധിയും എന്ന മതാത്മക ചിന്താഗതി പേറുന്നത് പഴയ തലമുറ മാത്രമല്ലെന്നും പുതിയകാല പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയെ അടിച്ചമർത്താൻ ബോധപൂർവം ചെയ്യുന്ന ഒരു തന്ത്രം കൂടിയാണ് ഇതെന്നും ചിത്രം വായിച്ചെടുക്കുന്നു. കൈ പൊള്ളുന്ന രാഷ്ട്രീയം ഉറക്കെ വിളിച്ചു പറയുമ്പോൾ, കാണുന്ന പ്രേക്ഷകനിലും വിപ്ലവം അലയടിക്കുന്നു. എന്നാൽ വലിയ പ്രതിരോധങ്ങളും ആചാരവിശ്വാസ വാദങ്ങളും ഇതിനെതെരിരെ വരുന്നത് ജനാധിപത്യപരമായ ചർച്ചയ്ക്ക് സ്വാഗതം ചെയ്യാമെങ്കിലും സിനിമ പങ്കുവെക്കുന്ന സാമൂഹിക പരിസരങ്ങൾ ഇന്നും നിലനിൽക്കുന്ന ഇരുണ്ട കാലത്തെ സൂചിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യാ. ആർത്തവം അശുദ്ധിയാണെന്ന് സ്വയം പറഞ്ഞ് നിർമിത പുരുഷാധിപത്യ സമൂഹത്തെ തൃപ്തിപ്പെടുത്താൻ കൂട്ടമായി മുന്നോട്ട് വരുന്ന സ്ത്രീജനങ്ങൾ ഒരു വശത്ത്; മറ്റൊരിടത്ത് തന്റെ സ്വാതന്ത്ര്യം തിരഞ്ഞ് തന്നെ അടിമയാക്കുന്ന ആചാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും കെട്ടുപൊട്ടിച്ച് ഒരു ജനാധിപത്യ സമൂഹത്തിലെക്ക് നടന്നുനീങ്ങുന്ന ദൃശ്യം. ഒട്ടും കലർപ്പില്ലാത്ത സാമൂഹിക യാഥാർഥ്യങ്ങൾ ചൂണ്ടികാണിക്കുമ്പോൾ അതിൽ തെറ്റ് എത് ശരി ഏത് എന്നുകൂടി സിനിമ പറഞ്ഞു വെക്കുന്നു.
'ഊർ ഇരവ് '- തുടരുന്ന ജാതി ചിന്തകൾ, ദുരഭിമാന കൊലകൾ
ജാതി ഒരു ഇന്ത്യൻ സാമൂഹ്യ യാഥാർഥ്യമാണ്. ശ്രേണീകൃത വ്യവസ്ഥയിൽ തട്ടുതട്ടായി കിടക്കുകയും ഓരോ തട്ടിൽ നിന്നും താഴെയുള്ളവരെ കണ്ടെത്തി ചൂഷണമുറപ്പ് വരുത്തുന്ന സങ്കീർണമായ സാമൂഹിക വ്യവസ്ഥിതി. ഈ വ്യവസ്ഥയിലെക്കാണ് 'ഊർ ഇരവ്' എന്ന വെട്രിമാരന്റെ ചെറും ചിത്രം ചോദ്യങ്ങളുയർത്തുന്നത്. സുമതിയും ഹരിയും ഒരുമിച്ചൊരു ജീവിതം തിരഞ്ഞെടുക്കുന്നു. തുടർന്ന് സുമതിയുടെ പിതാവ് ജാനകിരാമൻ തന്റെ മകളെ കാണാൻ ബാംഗ്ലൂരിൽ എത്തുന്നതും ഗർഭിണിയായ തന്റെ മകളെ നാട്ടിലെക്ക് ക്ഷണിക്കുകയും ചെയ്യുന്നു. ജാതി കേന്ദ്രീയമായി നിലകൊള്ളുന്ന തന്റെ നാട്ടിൽ അതു ലംഘിച്ച് വിവാഹം ചെയ്തത്തിൽ ഏറെ നാളായി തന്നെ അവഗണിച്ച അച്ഛന്റെ കോപം അടങ്ങി എന്നവൾ വിചാരിക്കുന്നു. തുടർന്ന് നാട്ടിലെത്തുന്ന സുമതിക്ക് നേരിടേണ്ടി വരുന്ന അസാധാരണ സംഭവ വികാസങ്ങളാണ് ചിത്രം! ജാതിയുടെ തീവ്രഭാവവും അതിന്റെ ചുഴിയിൽ നിന്ന് കരകയറാൻ കഴിയാത്ത മനുഷ്യ സമൂഹവും സിനിമയിൽ പ്രതിപാദ്യ വിഷയമാവുന്നു. ജനാധിപത്യ രാജ്യം എന്ന് ഖ്യാതി മുഴക്കുമ്പോളും ഇന്ത്യയിൽ തുല്യത നാമമാത്രമാണെന്നും ആളുകൾ ജാതിയെ ഒരു സാംസ്കാരിക മൂലധനമായി കാണുന്നുവെന്നും ചിത്രം പറയുന്നു. ഇടുങ്ങിയ ചിന്താഗതികളിലും, താൻ ചെയ്യുന്നത് ശരിയാണ് എന്ന് വിശ്വസിക്കാൻ സാധിക്കുന്നിടത്താണ് ആൾകൂട്ടം നമ്മെ ഭയപ്പെടുത്തുന്നത്. കുടുംബത്തിന്റെ യശസ്സ് ഉയർത്താൻ പിതാവ് ചെയ്യുന്ന കൊടുംക്രൂരതകൾക്ക് ശരി കണ്ടെത്തുന്ന പ്രത്യയശാസ്ത്രം ദുരഭിമാന കൊലപാതകങ്ങളെയും ജാതി ചിന്തകളെയും ന്യായീകരിക്കുന്നതാണ്. ഒരു ഞെട്ടലോടെ മാത്രം കണ്ടുതീർക്കാൻ സാധിക്കുന്ന ചിത്രം. സ്നേഹം ഭ്രാന്തായും വെറുപ്പായും മാറിമറയുമ്പോൾ അതിന്റെ കാരണത്തെ മരവിപ്പോടെ മാത്രമേ ഓർത്തെടുക്കാൻ കഴിയൂ- ജാതി! ജാതി ചിന്തകൾ!
സ്ത്രീ സ്വാതന്ത്ര്യത്തിലെക്ക് 'ഹെല്ലാരോ'
സംഗീതവും സ്വാതന്ത്ര്യവും - ഗുജറാത്തി ചിത്രം 'ഹെല്ലാരോ' നടന്നുനീങ്ങുന്നതും പുത്തൻ ലോകത്തെ വിഭാവന ചെയ്തുകൊണ്ടാണ്. വർഷങ്ങളായി മഴ പെയ്യാത്ത ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ അതിനു കാരണം എന്ന തരത്തിൽ സ്ത്രീവിരുദ്ധമായ നിരവധി കഥകളാണ് കേൾക്കുന്നത്. ദൈവത്തിനെ പ്രസാദിപ്പിക്കാൻ ഗ്രാമത്തിലെ പുരുഷൻന്മാർ ഗർബനൃത്തം ചവിട്ടുന്നു. സ്ത്രീകൾക്ക് ഇതുചെയ്യാൻ അനുവാദമില്ലതാനും. ആ നാട്ടിലെ സ്ത്രീകൾകളുടെ പ്രധാന തൊഴിൽ അങ്ങേ തടാകത്തിൽ നിന്ന് വെള്ളം കൊണ്ടുവരലാണ്. അതിനിടയിൽ ഒരു ആളെ രക്ഷിക്കുന്നതും പിന്നീട് സ്ത്രീകൾ ഒരുക്കിയ സംരക്ഷണത്തിൽ അയാൾ സംഗീതം വായിക്കുകയും മറ്റുള്ളവർ ഗർബനൃത്തം വെക്കുകയും ചെയ്യുന്നു. പുരുഷാധിപത്യത്തിന്റെ പടുകുഴിയിൽ ജീവിക്കുന്ന സ്ത്രീകൾക്ക് നൃത്തം സ്വാതന്ത്യമാവുന്നു, വിമോചനമാവുന്നു. പുരുഷൻ നിർമ്മിച്ചെടുത്ത കെട്ടുകഥകളിൽ മാത്രം വിശ്വസിച്ച് പോരുന്ന ആ ഗ്രാമത്തിൽ അന്ധവിശ്വാസത്തെ തോൽപ്പിച്ച് മഴയിൽ ആനന്ദ നൃത്തമാടുന്ന സ്ത്രീ ഒരു രാഷ്ട്രീയ പ്രതിരോധമാവുന്നു. ഇന്ത്യൻ ഗ്രാമപ്രദേശങ്ങളിൽ വേരോടുന്ന സ്ത്രീ വിരുദ്ധതയും അവരുടെ സ്വാതന്ത്യ നിഷേധവുമെല്ലാം ചർച്ച ചെയ്യുമ്പോൾ കലയെ ആരെല്ലാം ഭയക്കുന്നു എന്ന ചോദ്യം കൂടി സിനിമ മുന്നോട്ടുവെക്കുന്നു. അന്ധതയിൽ ജീവിക്കുന്നവർക്ക് കല പ്രകാശമാവുമ്പോൾ ന്യത്തവും സംഗീതവും തുല്യതയുടെയും സ്ത്രീ സ്വാതന്ത്യത്തിന്റെയും ഉയർത്തുപാട്ടായും മാറുന്നു.
ഇന്ത്യൻ ഗ്രാമീണ സാഹചര്യങ്ങളുടെ 'ബ്രിഡ്ജ്'
പ്രകൃതി ദുരന്തങ്ങൾ ഇന്ത്യൻ ഗ്രാമീണരുടെ കണ്ണുനീർ കാണാത്ത ഒരു വർഷവും ഉണ്ടാവാറില്ല. ആസമിലെ ബ്രഹ്മപുത്ര നദികരയുടെ തീരങ്ങളിൽ തങ്ങുന്ന ജനങ്ങൾക്ക് വർഷാവർഷം പെയ്തിറങ്ങുന്ന ഓരോ മഴയും ദുരിതക്കയമായി മാറുന്നുണ്ട്. കൊയ്ത്തും പാട്ടുമായി ഒരുകാലത്ത് ഉത്സവപ്രതീതിയോടെ ജീവിച്ചിരുന്ന ഗ്രാമീണർ കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിതം അനുഭവിക്കുകയാണ്. ജോനകി എന്ന പെൺകുട്ടി പഠിക്കുകയും ഒപ്പം വീട്ടുകാരെ കൃഷിയിൽ സഹായിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മഴയോടുകൂടി അവിടത്തെ പാലം തകർന്നു പോയതിനാൽ ഇന്ന് പുഴ കടക്കാൻ ഒരു ചെറുവള്ളം മാത്രമേ ഉള്ളു. ഈ അസാധാരണ സാഹചര്യം ആ പ്രദേശത്തെ മുഴുവൻ ആളുകളെയും ബാധിക്കുന്നു. ഒറ്റപ്പെട്ട ഒരു പ്രദേശമായി ആ ഗ്രാമം മാറിയിരിക്കുന്നു. ഭരണകൂടം വോട്ട് ബാങ്കിനപ്പുറം ആ ജനതയെ പരിഗണിക്കുന്നില്ല എന്ന് ചുരുക്കം. പെയ്തു തോരാത്ത മഴ അവരെ ആ നാട്ടിൽ നിന്നും കുടിയൊഴിപ്പിക്കുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും പ്രതീക്ഷയോടെ വീണ്ടും മുന്നേറുന്ന മനുഷ്യരെ സിനിമ കാണിക്കുന്നുണ്ടെങ്കിലും ആരാണ് ഇതിന് ഉത്തരവാദിയെന്ന് വീണ്ടും വീണ്ടും ചോദിക്കുന്നു ചിത്രം. ജോനകി ആധുനിക രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയുടെ ഇര മാത്രമാണ്. നഷ്ടപ്പെട്ട പ്രണയം, തുല്യത തരാത്ത സമൂഹം, സ്ത്രീ എന്ന നിലയിൽ നേരിടേണ്ടി വരുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ എന്നിങ്ങനെ ഇതിനെയെല്ലാം വെടിഞ്ഞും അതിജീവനത്തിന്റെ പാതകൾ ചവിട്ടുമ്പോൾ മനുഷ്യമനസ്സിന്റെ പ്രതീക്ഷയുടെ സിനിമ കൂടിയാവുന്നു ബ്രിഡ്ജ് .പ്രളയാനന്തരം കാണിക്കുന്ന ഗ്രാമീണ കാഴ്ച്ചകൾ സാമൂഹിക നീതിയും വികസനവും എന്ന രാഷ്ട്രീയ വിഷയത്തെ കൂടുതൽ ചോദ്യം ചെയ്യുന്നതാണ്.രാജ്യത്തിന്റെ വിഭവവിതരണം എത്രത്തോളം ഏകപക്ഷീയമാണെന്നും മനുഷ്യന്റെ നിലനിൽപ്പിനെ സംബന്ധിച്ച യഥാർത്ഥ പ്രശ്നങ്ങൾക്ക് ഭരണകൂടം എത്രത്തോളം മുഖവില കെടുക്കുന്നുണ്ടെന്നും ചിത്രം രാഷ്ട്രീയമായി ചോദ്യം ചെയ്യുന്നു.
രാഷ്ട്രീയ മുദ്രാവാക്യം- 'ജയ് ഭീം'
ജാതീയമായ വിവേചനവും അതിന്റെ പിൻബലത്തിൽ നടക്കുന്ന അന്യായമായ ലോക്കപ്പ് പീഡനങ്ങളും നാം ഒരുപാട് കണ്ടിട്ടുണ്ട്. സാമൂഹികവും സാമ്പത്തികവുമായി ഒരു പ്രിവിലേജും ഇല്ലാത്തവരെ ഭരണകൂടം തങ്ങളുടെ വേട്ടമൃഗങ്ങളായി മാറ്റുന്നു. ഇവിടെയാണ് തുല്യത എന്ന ആശയത്തിനു വേണ്ടി നിലനിന്ന മഹാനായ അംബേദ്കറെപറ്റിയും അദ്ദേഹത്തിന്റെ മുദ്രാവാക്യമായ ജയ് ഭീമി'നും പ്രശസ്തി ഏറുന്നത്. ജാതി നോക്കി നടത്തുന്ന അന്യായ അറസ്റ്റും തുടർന്ന് തന്റെ ഭർത്താവിനെ രക്ഷിക്കാൻ സെങ്കനി നടത്തുന്ന അസാധാരണമായ പോരാട്ടവുമായാണ് 'ജയ് ഭീം' മുഴങ്ങുന്നത്. തമിഴിൽ ഇത്തരം പ്രമേയങ്ങളുള്ള ആദ്യ സിനിമ അല്ലെന്നിരിക്കെ മുഖ്യധാരയുള്ള ഒരു നടന്റെ ചേർന്നുനിൽപ്പ് ചിത്രത്തിന്റെ സാമൂഹിക പരിസരങ്ങളെ കൂടുതൽ ഉറക്കെ ചർച്ചയിൽ കൊണ്ടുവരാൻ സാധിച്ചു എന്നതിൽ തർക്കമില്ല. എല്ലാവർക്കും തുല്യത കൽപ്പിക്കുന്ന നിയമ വ്യവസ്ഥയും അത് നടപ്പില്ലാക്കുന്ന ഭരണകൂടവും തമ്മിലുള്ള കലഹമായും ചിത്രത്തെ വ്യാഖ്യാനിക്കാം. ഭരണഘടനാപരമായ തുല്യത നിയമവ്യവസ്ഥയിലൂടെ സ്വന്തമാക്കുന്ന 'ജയ് ഭീം' പോരാട്ടത്തിന്റെയും പ്രതീക്ഷയുടെയും കഥ കൂടിയാണ്. ജാതി കോമരങ്ങൾക്കു നേരെ ജയ് ഭീം എന്ന മുദ്രാവാക്യം വിളിക്കുകയാണ് സിനിമ. കടുത്ത ഇന്ത്യൻ യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതിനോടൊപ്പം സാമൂഹിക നീതിക്കുവേണ്ടിയുള്ള ചെറുത്തുനിൽപ്പിനും ആഹ്വാനമുണ്ടാകുന്നു.
കാലഘട്ടത്തെ രേഖപ്പെടുത്തുക എന്നത് കലാപരമായ ധർമമാണ്. ഇരുണ്ട വ്യവസ്ഥയോട് രാഷ്ട്രീയമായി സംവദിക്കുക എന്നത് സിനിമയുടെ സാമൂഹിക ദർശനമാകണം. ഇന്ത്യൻ യാഥാർഥ്യങ്ങളെ വരച്ചിടുന്ന ദൃശ്യ സംസ്കാരം സാമൂഹിക അനീതിക്കെതിരെ നടത്തുന്ന ചെറുതുനിൽപ്പിന്റെ പോരാട്ട ഭൂമികകൂടിയാണ്.