Search Movies

Thursday, 31 August 2023

'What Will People Say' - വ്യക്തികളിൽ ഉടലെടുക്കുന്ന സദാചാര സംഘർഷങ്ങൾ











പാകിസ്ഥാനിൽ നിന്ന് കുടിയേറി നോർവേയിൽ ഏറെ കാലമായി ജീവിക്കുന്ന മിർസയും കുടുംബവും. ഒരു പാശ്ചാത്യ പുരോഗമന സംസ്കാരം തങ്ങളുടെ ജീവിത ശൈലിയായി എടുക്കുന്നുണ്ടെങ്കിലും ഉള്ളിൽ യാഥാസ്ഥിതിക പാരമ്പര്യത്തിന്റെ ശക്തമായ വേരുകളുണ്ട്. പതിനാറ് വയസ്സ് മാത്രം പ്രായമുള്ള നിഷ താൻ അറിഞ്ഞതും വളർന്നതുമെല്ലാം പുത്തൻ ലോകത്തിന്റെ കണ്ണുകളിലൂടെയാണ്. എല്ലായിപ്പോഴും പാശ്ചാത്യ സംസ്കാരവും പൈതൃക സംസ്കാരവും തമ്മിലുള്ള കലഹം അവളിൽ ഉണ്ടാവുന്നു. ബോധപൂർവം രണ്ട് രീതിയിലുള്ള ജീവിതം ജീവിക്കേണ്ടിവരുന്നതും ഒരു നിസഹായവസ്ഥയല്ലെ! നിഷ പുറത്ത് പുതിയ കാലത്തിന്റെ സ്വാതന്ത്ര്യത്തിലും വേഷവിധാനത്തിലും ജീവിക്കുമ്പോൾ വീട്ടിൽ ഒരു പാകിസ്ഥാനി കുടുംബത്തിന്റെ യാഥാസ്ഥിതികതയോടുകൂടി തുടരുന്നു. ഒരു ദിവസം തന്റെ നോർവേജിയൻ സുഹ്യത്തിനോടൊപ്പമുള്ള പ്രണയനിമിഷങ്ങളിൽ മിർസ അവരെ കൈയ്യോടെ പിടികൂടുന്നു. അയാൾക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ല. തന്റെ മകൾക്ക് എന്താണ് പറയാനുള്ളതെന്ന് ചോദിക്കാതെ, ആളുകൾ എന്ത് പറയും എന്ന ചിന്ത നയിച്ചത് ഏകപക്ഷീയമായ ചില തീരുമാനങ്ങളിലേക്കാണ്. നിഷയെ കുറച്ച് കാലം തന്റെ ജന്മനാടായ പാകിസ്താനിലേക്ക് അയക്കാൻ അയാൾ തീരുമാനിക്കുന്നു.


പൗരസ്വാതന്ത്ര്യവും യാഥാസ്ഥിതികവാദവും














പുതിയകാല ലോകത്തെ അഭിസംബോധന ചെയ്യുന്ന വ്യക്തികൾ മതിലുകളാൽ ചുറ്റപ്പെട്ട ഒരു ആശയവ്യവസ്ഥക്ക് വിദ്ധേയരല്ല. താൻ എങ്ങനെയാണോ വളർന്നതും ജീവിച്ചതും, അതിന്റെയെല്ലാം എതിർദിശയായിരുന്നു പാകിസ്ഥാനും സാമൂഹിക പരിസരങ്ങളും. നിഷ സ്വാതന്ത്യത്തിലേക്ക് പറന്നുയർന്ന ലോകവുമായി ഒരുപാട് വ്യത്യാസമുണ്ട് ഇവിടെ. പലകുറി താൻ എങ്ങനെ അതിജീവിക്കും എന്ന് അവൾ ചിന്തിച്ചു. പിന്നീടെപ്പോഴാ അമീറുമായി അവൾ കൂടുതൽ അടുക്കുന്നു. സ്ത്രീയും പുരുഷനും ഒന്നിച്ച് നടന്നാൽ പോലും സ്ത്രീ തെറ്റുകാരിയാണെന്ന മതാത്മക വ്യവസ്ഥ അവിടെയും ആ പതിനാറുകാരിയെ ചോദ്യചിഹ്നത്തിൽ നിർത്തുന്നു. തനിക്കിനി ഒന്നും ചെയ്യാനില്ലെന്നും ജീവിതം അവസാനിക്കുകയാണെന്നും നിഷയ്ക്ക് തോന്നുന്ന ഒരു രംഗമുണ്ട് ചിത്രത്തിൽ. തന്റെ പിതാവ് ഒരു കുന്നിന് മുകളിൽ നിന്നവളോട് ചാടാൻ പറയുന്നു. അത്രത്തോളം അയാൾ സമൂഹത്തെ പേടിക്കുന്നു എന്ന് വ്യക്തം. മരവിപ്പോടെ മാത്രം നോക്കികാണാൻ സാധിക്കുന്ന ദൃശ്യസഞ്ചാരം. 
തുടർന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്ന അവൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തിരുമാനിക്കുന്നു.


പാരമ്പര്യത്തിന്റെ വേരുകൾ- ആളുകൾ എന്ത് പറയും!













പുരോഗമന സമൂഹവുമായി എത്രയോ വർഷം സംവദിച്ച് പോരുന്ന മിർസ പക്ഷെ ഉള്ളിൽ, തന്റെ ഇടുങ്ങിയ ചിന്തകളും താൻ വളർന്ന പാരമ്പര്യത്തിന്റെ യാഥാസ്ഥിത മനോഭാവവും വെച്ചുപുലർത്തുന്നു. ഒരുവേള പോലും തന്റെ മകൾക്ക് പറയാനുള്ളതോ അവളുടെ മാനസികമായ പിരിമുറുക്കങ്ങൾ എന്തൊക്കെയാണെന്നോ അന്വേഷിക്കാൻ പോലും അയാൾ തയ്യാറാകുന്നില്ല. ആളുകൾ ഇതെല്ലാം കാണുന്നില്ലേ, തന്നെപറ്റിയും തന്റെ കുടുംബത്തെപറ്റിയും എന്ത് വിചാരിക്കുമെന്ന അനാവശ്യ ചിന്ത അയാളിൽ നിറയ്ക്കുന്നത് അസാംസ്കാരിക പരിസരങ്ങളാണെന്ന് പറയേണ്ടി വരും. അമിതമായ സദാചാരബോധം പേറുന്ന ആർക്കും ജനാധിപത്യപരമായ ഒരു സമൂഹത്തെ ഉൾകൊള്ളാനോ അംഗീകരിക്കാനോ കഴിയില്ല.

മെച്ചപ്പെട്ട  തൊഴിൽ, ജീവിതസാഹചര്യങ്ങൾ  എന്നിവ മുന്നിൽ കണ്ട് വികസിത സമൂഹങ്ങളിലേക്ക്  കുടിയേറുന്നവർ ഏറെയാണ്.എന്നാൽ പുരോഗമനപരമായ  സമൂഹത്തിലാണ് ജീവിക്കുന്നതെങ്കിലും തങ്ങളുടെ യാഥാസ്ഥിതികമായ ചിന്തകൾക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിക്കില്ല എന്ന് നിഷയുടെ പിതാവിലൂടെ വ്യക്തമാവുന്നു.
നിഷ ലോകത്തിന്റെ എല്ലാ നിറങ്ങളും ആസ്വദിക്കുകയും താൻ ജീവിക്കുന്ന ചുറ്റുപാടിനോട് സംവദിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ വിശാലമായ ഒരു ആശയലോകം അവളിൽ ഉടലെടുക്കുന്നു.


സ്വാതന്ത്ര്യത്തിലേക്കുള്ള നടത്തം












താൻ ഇഷ്ടപ്പെട്ട ഒരു ജീവിതം പഠനത്തിലുടെ കെട്ടിപടുക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും അസ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ ? ഒരിക്കലുമില്ല. പുതിയ വിവാഹാലോചന വരുമ്പോൾ നിഷ വീണ്ടും സമ്മർദ്ദത്തിലാവുന്നു. പഠനം ഉപേക്ഷിച്ച് ഒരു വീട്ടമ്മയായി മാത്രം ഒതുങ്ങാൻ അവൾ തയാറായിരുന്നില്ല. തുടർന്ന് സ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കുകയല്ലാതെ മറ്റൊരു നിവർത്തിയും അവർ കണ്ടില്ല. മിർസ നിർവികാരനായി അത് നോക്കി നിൽക്കുക മാത്രമേ ചെയ്തുള്ളു, മകളെ തടഞ്ഞില്ല. തന്റെ ചങ്ങലകൾ പൊട്ടിച്ച് പ്രതീക്ഷയുടെ പാതയിലെക്ക് നടന്നടുക്കുന്ന നിഷ ആധുനികതയുടെ പ്രതീകമാണ്. സദാചാരവും പുരുഷാധിപത്യ വ്യവസ്ഥിതിയും അരങ്ങുവാഴുന്ന സമൂഹത്തിൽ അതിനോട് കലഹിച്ച് തന്റെ സ്വാതന്ത്ര്യവും രീതികളും ഉയർത്തിപിടിക്കുന്ന യുവത ഒരു രീതിയിലും ഈ ലോകത്തെ വിഭാഗീകരിക്കാൻ തങ്ങൾക്കറിയില്ല എന്ന് ഉറക്കെ വിളിച്ച് പറയുന്നു. ആ പ്രസ്താവനയിൽ വിപ്ലവമുണ്ട്, പ്രണയമുണ്ട്, പ്രതീക്ഷയുണ്ട്.

Wednesday, 30 August 2023

ബഷീറിന്റെ അത്ഭുത പ്രണയം - 'മതിലുകൾ' വായിച്ചെടുക്കുന്നു.





"മതിലുകളി'ൽ കഥാകൃത്തിന്റെ ജയിൽവാസം പശ്ചാത്തലമാകുന്നു. പക്ഷെ ആ കഥയിൽ പോലീസ് മർദ്ദനങ്ങളെക്കുറിച്ചോ രാഷ്ട്രീയതടവുകാർക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ചോ അല്ല പ്രതിപാദിക്കുന്നത്. അദ്ദേഹം എഴുതുന്നു, 'ആരും എന്നെ തല്ലിയില്ല' ' ലോക്കപ്പിൽക്കിടന്ന് ഞാൻ കുറെ പോലീസ് കഥകളെഴുതി, കടലാസും പെൻസിലും പോലീസ് ഇൻസ്പെക്ടർ തന്നതാണ്. അതുപോലെ തന്നെ ജയിലിനുള്ളിലെ അന്തരീക്ഷവും അത്ര കഠോരമായിരുന്നില്ല. ഭക്ഷണത്തിന് കോഴിമുട്ടയുണ്ട്, ചായ കുടിക്കാം, ബീഡി വലിക്കാം, വായിക്കാം. അവിടെവെച്ച് ബഷീർ ബ്രിഡ്ജ് കളിക്കാൻ കൂടി പഠിച്ചുവത്രെ. പക്ഷെ മതിലുകളും വാതിലുകളും ഉണ്ടായിരുന്നു. എവിടെ നോക്കിയാലും വാർഡർമാരും. ജയിൽവളപ്പിൽ പനിനീർച്ചെടികൾ നട്ടുപിടിപ്പിച്ച് ഒരു പൂന്തോട്ടവും ഉണ്ടാക്കി. ഇതെല്ലാം ഒരു പ്രേമകഥയുടെ പശ്ചാത്തല വിവരണങ്ങളാണെന്ന് ഓർക്കണം. അസാധാരണമായ ഒരു പ്രണയകഥ !"
- ഡോ.ആർ.ഇ.ആഷർ'ന്റെ വാക്കുകൾ ഉൾക്കൊണ്ട് 'മതിലുകൾ' വായിച്ചെടുക്കാൻ ശ്രമിക്കുന്നു.

മതിലുകൾ- കഥാസാരം


ഭരിക്കുന്ന ബ്രിട്ടീഷുകാർക്കെതിരെ എഴുതിയതിന് ജയിലിൽ കഴിയുന്ന ബഷീർ തന്റെ സഹതടവുകാരുമായും കരുത്തുള്ള ഒരു യുവ ജയിലറുമായും ചങ്ങാത്തതിലാവുന്നു. ഒരു ദിവസം മതിലിന്റെ മറുവശത്ത് നിന്ന് ഒരു സ്ത്രീയുടെ ശബ്ദം ബഷീർ കേൾക്കുന്നു. അതും വനിതാ ജയിലിന്റെ പരിസരത്തു നിന്ന്. ഒരു മതിലിനപ്പുറം എന്ന ദൂരം മാത്രം. അവളുടെ  പേര് നാരായണി എന്നാണ്. ബഷീറും നാരായണിയും പരസ്പരം കാണാതെ തന്നെ പ്രണയത്തിലാകുന്നു. ഒരിക്കൽ നാരായണി ബഷീറിനെ കാണാനായി പദ്ധതി ഇടുന്നു. കുറച്ച് ദിവസങ്ങൾക്കുശേഷം അവർ ആശുപത്രിയിൽ വെച്ച് കണ്ടുമുട്ടാൻ തിരുമാനിക്കുന്നു. എന്നാൽ അതിന് മുമ്പ് അപ്രതീക്ഷിതമായി ബഷീർ ജയിൽമോചിതനാകുന്നു. അതുവരെ കൊതിച്ചിരുന്ന മോചനം തനിക്ക് വേണ്ട എന്ന് അദ്ദേഹം പറയുന്നു. ആർക്കുവേണം ഈ സ്വാതന്ത്ര്യമെന്നും പുറത്ത് ഇതിലും വലിയ ജയിൽ ആണെന്നും ബഷീർ തുറന്നടിക്കുന്നു.  ജയിൽമോചിതനായതിനു ശേഷം ഒരു കുഞ്ഞു റോസാപ്പൂവുമായി ബഷീർ നിൽക്കുന്നിടത്ത് കഥ അവസാനിക്കുന്നു.


ബഷീറും പ്രണയവും

പ്രണയത്തെ ഇത്രയും വിശാലമായി സമീപിച്ച മറ്റൊരു എഴുത്തുകാരനും മലയാള സാഹിത്യത്തിൽ ഉണ്ടാവില്ല എന്ന് നമുക്ക് നിസ്സംശയം പറയാം. ബഷീറും നാരായണിയും പ്രണയത്തിലാവുന്നത് പരസ്പരം കണ്ടുമുട്ടാതെയാണ്. നാരായണിയുടെ ശബ്ദത്തിലൂടെ മാത്രമാണ് ബഷീർ അവരെ അറിയുന്നത്. ഒരിക്കൽ നാരായണി ഇങ്ങനെ ചോദിക്കുന്നു -
'അങ്ങ് എന്നെ എങ്ങനെ ഓർക്കും, 
അങ്ങെന്നെ കണ്ടിട്ടില്ല, തൊട്ടിട്ടില്ല, പിന്നെ എങ്ങനെ ഓർക്കും ? '
' നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്' ബഷീർ പറയുന്നു.
പ്രണയത്തെ നാല് ചുമരുകൾക്കിടയിൽ തളച്ചിടാതെ അതിന്റെ വിശാലതയിലേക്കുള്ള എത്തിനോട്ടമാണ് മതിലുകൾ എന്ന നോവൽ. ആധുനിക സമൂഹത്തിൽ പ്രണയം സംഭവിക്കുന്നത് ജാതി, മത, വംശീയ പരിഗണനകൾ കൊണ്ടുകൂടിയാണ് എന്ന വസ്തുത നമുക്കുമുന്നിൽ നിൽക്കുമ്പോൾ 'മതിലുകൾ' എത്രത്തോളം ദൈവികമായാണ് പ്രണയത്തെ ആവിഷ്കരിക്കുന്നത്!


ബഷീറും പ്രകൃതിയും



ബഷീറും നാരായണിയും കഴിഞ്ഞാൽ നോവലിലെ പ്രധാന കഥാപാത്രമാര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു - പ്രകൃതി. ഭൂമി മനുഷ്യന്റെ മാത്രമല്ലെന്നും ഇവിടെ ജീവിക്കുന്ന മറ്റു ജീവജാലങ്ങൾക്കും വലിയ സ്ഥാനമുണ്ടെന്നും, എല്ലാവരും പരസ്പരം ഐക്യപ്പെട്ട് കഴിയേണ്ടവരാണെന്നും ബഷീർ ഓർമ്മപ്പെടുത്തുന്നു. 'കൊടുങ്കാറ്റേ വീശിയടിച്ചോളൂ, പക്ഷെ മരങ്ങളെ ഒന്നും പിഴുതെറിയല്ലേ', 'മേഘങ്ങളെ പതുക്കെ പതുക്കെ ഗർജിക്കുക, ഈ ഘോര അട്ടഹാസം കേട്ടാൽ പാവം സ്ത്രീകൾ ഭയന്ന് പോവും' എന്നിങ്ങനെ നിരന്തരമായി പ്രകൃതിയോട് സംവദിക്കാൻ ശ്രമിക്കുന്ന ഒരു സാഹിത്യകാരനെ 'മതിലുകളി'ൽ കാണാം. നാരായണിയുമായുള്ള പ്രണയം പൂത്തുവിടരുന്നത് അയാൾ പരിപാലിക്കുന്ന പനിനീർചെടികളിലൂടെയാണ്. പരസ്പരം പ്രേമസംഭാഷണങ്ങൾ നടത്തുമ്പോഴും ബഷീർ ഒളിഞ്ഞുനോട്ടക്കാരനായ അണ്ണാറക്കണ്ണനോട് കലഹിക്കുന്നുണ്ട്- 'ഇറങ്ങിപോടാ കള്ള ബഡുക്കൂസേ, നിനക്ക് നാണമില്ലേ. അവൻ മതിലിനു പുറത്തിരുന്ന് നമ്മളെ ശ്രദ്ധിക്കുന്നു. അവൻ എന്നെ പരിഹസിക്കാൻ വന്നതാണ്' പ്രകൃതിയുമായി ലയിച്ചുചേർന്ന് പ്രണയത്തെ വരച്ചിടാൻ ശ്രമിക്കുന്ന 'മതിലുകൾ' അടയാളപ്പെടുത്തുന്നത് ഈ ഭൂഗോളത്തെ തന്നെയാണ്. മറ്റൊരു സന്ദർഭം നോക്കാം-
'ഞാൻ ചുംബിക്കുകയായിരുന്നു, ഓരോ പനിനീർപ്പൂവിലും, ഓരോ മൊട്ടിലും, ഓരോ തളിരിലും' ബഷീറിന്റെയും നാരായണിയുടെയും പ്രണയം അവതരിപ്പിക്കുന്നത് ഈ ഭൂഗോളത്തെ തന്നെ സംബന്ധിക്കുന്ന ഒരു കാര്യമായിട്ടാണ്. അണ്ണാരകണ്ണനും കാക്കയും പനിനീർച്ചെടിയുമെല്ലാം പ്രപഞ്ചത്തിന്റെ അനുഗ്രഹം അവർക്കുമേൽ ചൊരിയുന്നതായും ഒരു വിശാലാർത്ഥത്തിൽ വ്യാഖ്യാനിക്കാം. 'സലാം പ്രപഞ്ചമേ' എന്ന ബഷീറിയൻ വർണ്ണനയിൽ തന്നെയുണ്ട് പ്രണയമെന്നാൽ പ്രകൃതിയും പ്രകൃതിയെന്നാൽ പ്രണയവുമാണെന്ന വിശാലവീക്ഷണബോധം.


ബഷീറും സ്വാതന്ത്ര്യവും


ഓരോ വ്യക്തികളിലും സ്വാതന്ത്രത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളിലുള്ള  വൈരുധ്യം 'മതിലുകൾ' എന്ന നോവലിലൂടെ കഥാകൃത്ത് വ്യക്തമാക്കുന്നുണ്ട്. 
'നിങ്ങളെ വിടാൻ ഉത്തരവായി, ഈ നിമിഷം മുതൽ നിങ്ങൾ സ്വതന്ത്രനാണ് , നിങ്ങൾക്ക് സ്വതന്ത്ര ലോകത്തേക്ക് പോകാം' എന്ന് ജയിൽ അധികാരി പറയുമ്പോൾ ബഷീർ നൽക്കുന്ന മറുപടി ശ്രദ്ധേയമാണ്. 'സ്വതന്ത്രൻ ...! സ്വതന്ത്രലോകം, ഏത് സ്വതന്ത്ര്യലോകം? വൻ ജയിലിലേക്ക് വേണമല്ലോ പോകാൻ, ആർക്കുവേണം ഈ സ്വാതന്ത്ര്യം !
സ്വതന്ത്രലോകമെന്നാൽ ഇവിടെ തന്റെ പ്രണയ നഷ്ടമാണെന്ന തിരിച്ചറിവ് ബഷീറിനെ ഒരു നിമിഷത്തേക്ക് വികാരഭരിതനാക്കുന്നു. സ്വാതന്ത്ര്യത്തിന്റെ നിലനിൽക്കുന്ന കാഴ്ച്ചപ്പാടുകളെയെല്ലാം പൊളിച്ചെഴുതി വ്യക്തി സ്വാതന്ത്ര്യത്തിന്റെ പുത്തൻ ദിശാതലങ്ങൾ അന്വേഷിക്കുന്നു എന്നിടത്താണ് 'മതിലുകൾ' വിപ്ലവകരമായ ഒരു നോവലായി മാറുന്നത്. ഭരണകൂട നിർമിതിയുടെ സ്വതന്ത്ര കാഴ്ച്ചപ്പാടുകളെയും നോവൽ ചോദ്യം ചെയ്യുന്നു.


ബഷീറും ഹാസ്യവും


ഏറ്റവും അസാധാരണമായ ഒരു പ്രേമകഥയെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുക എന്നത് ഏറ്റവും പ്രയാസകരമായ കാര്യമാണ്. ബഷീറും നാരായണിയും തമ്മിലുള്ള പ്രണയ സംഭാഷണത്തിൽ
'സുന്ദരികളെത്ര കിഴവികളെത്ര?' എന്ന് ബഷീർ ചോദിക്കുമ്പോൾ
'ഒരു സുന്ദരിയും 86 പടുകിഴവികളും' എന്ന മറുപടിതന്നെ ബഷീറിന്റെ ആഖ്യാനത്തിലെ നർമ്മസവിശേഷതയായി ഉദാഹരിക്കാം. ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവങ്ങളെയും ബഷീറിന്റെ പ്രണയ നഷ്ടത്തെയുമെല്ലാം ആലോചനക്ക് എടുക്കുമ്പോൾ എത്രത്തോളം സങ്കടകരമായ ഒരു അനുഭവമാണ് 'മതിലുകൾ' എന്ന ഈ നോവൽ. പക്ഷെ ബഷീറിന്റെ അവതരണരീതിയും ഹാസ്യവും ഒത്തുച്ചേർന്നപ്പോൾ നാം കാണുന്നത് പ്രതീക്ഷയുടെ പ്രതിഫലനമാണ്. ഏതൊരു സാധാരണ വായനക്കാരനെയും ഒപ്പം കൂട്ടാനും, ആശയം ഗ്രഹിച്ചെടുക്കാനും, ബഷീറിന്റെ ലളിതമായ ഭാഷയോടൊപ്പം ചേർന്ന് നിർക്കുന്ന ഹാസ്യത്തിനുമാവുന്നു എന്ന് നമുക്ക് നിസ്സംശയം പറയാം.

'മതിലിനും ചോരയും നീരും വെച്ചു കാണില്ല പക്ഷെ അതിനൊരു ആത്മാവ് ഉണ്ടായിട്ടില്ലേ എന്നൊരു സംശയം. മതിലിൽ പലതും കേട്ടു, പലതും കണ്ടു.'- നോവലിലെ വളരെ പ്രസക്തമായ വരികൾ എടുത്ത് തന്നെ പറയുകയാണെങ്കിൽ പല കോണുകളിലൂടെ നോക്കികാണാൻ
കഴിയുന്ന സാഹിത്യാനുഭവമാണ് 'മതിലുകൾ'. ഒരു പ്രണയകഥയിൽ  മാത്രം തളച്ചിടാൻ കഴിയുന്ന ഒന്നല്ല. മറിച്ച് ഒരു കാലഘട്ടത്തെ തന്നെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയ നോവലുകൂടിയാണിത്!
ഓരോ വായനയിലും പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്ന ഈ നോവൽ മലയാള സാഹിത്യത്തിൽ തന്നെ ഇന്നും ഒരത്ഭുതമായി നിലകൊള്ളുന്നു.



ഭീതി ജനിപ്പിക്കുന്ന മതാന്ധത - സിനിമയും സമൂഹവും.








സ്വാതന്ത്ര്യവും മനുഷ്യാവകാശവും

ഇറാൻ എന്ന രാജ്യത്തെ സംബന്ധിച്ച് ഏറെ കാലമായി ഉയർന്നുകേൾക്കുന്ന മുദ്രാവാക്യം സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ പരസ്യമായി തന്നെ സർക്കാർ നടപ്പിലാക്കുമ്പോൾ അതിനെതിരെയുള്ള ജനാധിപത്യ പ്രതിഷേധം അവിടെ ഉയർന്ന് വരുന്നുണ്ട്. അതൊരു തീയായി ആളിപടരുമൊ എന്ന ഭീതി ജനിപ്പിക്കുന്നത് കൊണ്ടാണ് പ്രാരംഭത്തിൽ തന്നെ അവയെല്ലാം തല്ലികെടുത്തുന്നതും. ഹിജാബ് വിവാദമെല്ലാം പൊതുസമൂഹം ചർച്ച ചെയ്യുമ്പോൾ, ജനാധിപത്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുമ്പോൾ ആ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നം എന്താണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ ! ആഴ്ന്നു കിടക്കുന്ന മതാന്ധത. 

അലി അബ്ബാസിയുടെ ഹോളി-സ്പൈഡർ

നല്ല കലാസൃഷ്ടികൾ സമൂഹത്തിന്റെ കണ്ണാടിയാവും എന്നത് ശരിയാണ്. ഹോളി സ്പൈഡർ വിരൽ ചൂണ്ടുന്നത് മതം പരുവപ്പെടുത്തിയെടുത്ത സദാചാരബോധത്തിലേക്കാണ്. 2000 മുതൽ 2001 വരെയുള്ള കാലയളവിൽ ഇറാനിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. വിശുദ്ധമായ തന്റെ നാടിനെ മൂല്യച്യുതിയിലാഴ്ത്തുന്ന ലൈംഗിക തൊഴിലാളികളെ ഇല്ലാതാക്കി അവിടം പരിശുദ്ധമാക്കാൻ ഒരുമ്പെടുന്ന ദൈവത്തിന്റെ പേരാളിയായാണ് കില്ലർ തന്നെ സ്വയം കാണുന്നത്. ഇറാനിലെ മഷാദ് എന്ന നഗരത്തിൽ സായീദ് ഹനേയി എന്ന കൊടുംകുറ്റവാളി അതി ക്രൂരമായി കൊന്നൊടുക്കുന്നത് 16 സ്ത്രീകളെയാണ്. ഈ സീരിയൽ കില്ലറിനെ ചുറ്റിപറ്റി അറീസോ റഹ്‌മി എന്ന ജേർണലിസ്റ്റ് നടത്തുന്ന അന്വേഷണവും തുടർന്ന് പിടിയിലാവുന്ന കുറ്റവാളിയുടെ കഥയും ത്രില്ലർ മൂഡിൽ ചിത്രം പറയുന്നു.


സിനിമയുടെ ക്രാഫ്റ്റിനൊപ്പം, പ്രമേയ ഗൗരവമാണ് ഹോളി സ്പൈഡറിനെ കൂടുതൽ ചർച്ചയാക്കുന്നുണ്ട്. കൊടും ക്രൂരതയോടെ നടപ്പാക്കുന്ന മരണത്തെക്കാളും നമ്മെ ഞെട്ടിക്കുന്നത് നീതിപീഠം തുക്കിലേറ്റാൻ വിധിച്ച കുറ്റവാളിക്ക് ലഭിക്കുന്ന പൊതുസ്വീകാര്യതയാണ്. അന്ധത ബാധിച്ച ഒരാൾക്കൂട്ടത്തെ സിനിമ കൃത്യമായി അവതരിപ്പിക്കുന്നു. സീരിയൽ കില്ലറുടെ മകൻ തന്റെ ഉപ്പയെ ന്യായീകരിക്കുന്ന രംഗവും ചിലപ്പോൾ താനും ആ പാത തന്നെ തിരഞ്ഞെടുക്കും എന്ന ചിന്തനവുമൊക്കെ മതാന്ധതയുടെ ആഴത്തിലുള്ള വേരുകൾ ദ്യശ്യമാക്കുന്നതാണ്.


സ്ത്രീയും പുരുഷനും - സിനിമയും സമൂഹവും

സിനിമയിൽ സ്ത്രീയായ ജേർണലിസ്റ്റിന്/ അവിവാഹിതയായ ഒരു സ്ത്രീക്ക് ഹോട്ടലിൽ ഒരു റൂം നൽക്കുന്നില്ല. മറ്റൊരു ആംഗിളിൽ മത- സദാചാരപരമായി മാത്രമേ അവിടത്തെ മനുഷ്യരെ ഒരു ആൾകൂട്ടം നോക്കികാണുന്നുള്ളു എന്നും വായിക്കാം. സ്ത്രീകളുടെ മുടി അൽപ്പം പുറത്ത് കണ്ടാൽ ഈ ആൾക്കൂട്ടം കോപിക്കുകയും സ്വീകാര്യമായ വസ്ത്രവിധാരണത്തിന് ആഹ്വാനവും ചെയ്യുന്നു. ലൈംഗിക തൊഴിലാളികളെ കൊന്നൊടുക്കുന്നത് സാമൂഹികമായി വളരെ ശരിയാണെന്ന് വിശ്വസിക്കുന്ന വലിയൊരു കൂട്ടം മനുഷ്യർ ആ 'പാപത്തിന്' ക്രൂശിക്കുന്നതും  സ്ത്രീകളെയാണ്. പുരുഷാധിപത്യം ഒരു മതാത്മക സമൂഹത്തിൽ എങ്ങനെയെല്ലാം സ്വാധീനം ചെലുത്തുന്നു എന്നും , അത് എങ്ങനെയാണ് സ്ത്രീ വിരുദ്ധതയിലെക്ക് നയിക്കുന്നതെന്നും ചിത്രം പറയുന്നു. മതവും വിശ്വാസങ്ങളും അടങ്ങുന്ന ഒരു ഭരണകൂട വ്യവസ്ഥക്ക് ഒരിക്കലും ലിംഗ സമത്വം വിഭാവനം ചെയ്യാൻ കഴിയില്ലെന്ന് ഹോളി-സ്‌പൈഡർ എന്ന ചിത്രം വളരെ കൃത്യമായി ദ്യശ്യവൽകരിക്കുന്നു.

ഇറാന്റെ യഥാർഥ കാഴ്ചകളിലെക്ക് നോക്കിയാലും മതാന്ധതയുടെ ചുഴിയിൽപ്പെട്ട ഒരു കൂട്ടം മനുഷ്യരെ കാണാം. ഭരണകൂടം സ്തീകൾക്ക് നേരെ പോലീസിനെ ഉപയോഗിച്ച് നടത്തുന്ന മതശാസനം ആധുനിക ജനാധിപത്യ സമൂഹത്തിന് ഒട്ടും ചേരാത്തതാണ്. 22 വയസ്സ് മാത്രം പ്രായമുള്ള മഹ്‌സ അമിനി ഹിജാബ് ധരിക്കാൻ വിസമതിച്ചതിനെതിരെ നടന്ന കസ്റ്റഡി മരണം വലിയ ജനാധിപത്യ പ്രതിഷേധങ്ങൾക്ക് അവിടെ സാക്ഷ്യം വഹിച്ചു. സ്ത്രീകൾ കൂട്ടമായി ഹിജാബ് ധരിക്കാതെ തെരുവിലെക്കിറങ്ങി പ്രതിഷേധിച്ചു. എന്നിട്ടും ഈ പ്രതിഷേധങ്ങളെയൊക്കെ നേരിടാൻ ഭരണകൂടത്തിനായി എന്നത് ഏതൊരു ജനാധിപത്യ വിശ്വാസിയെയും ഭയപ്പെടുത്തുന്ന വസ്തുത തന്നെയാണ്.


ധീരമായ ചലച്ചിത്ര ശ്രമമാണ് അലി അബ്ബാസി ഹോളി സ്പൈഡറിലൂടെ നടത്തിയത്. അന്താരാഷ്ട്ര വേദികളിൽ ഇത് ചർച്ചയായി. ഇറാനിലെ ജനാധിപത്യ പ്രതിഷേധത്തോട് അന്താരാഷ്ട്ര സമൂഹവും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 

ലോകത്തിലെ പ്രധാന ചലച്ചിത്ര വേദികളിൽ ഒന്നായ കാൻസിൽ മികച്ച നടിക്കുള്ള പുരസ്കാരം സാർ അമീർ ഇബ്രാഹിമിയെ തേടിയെത്തിയത് ചിത്രത്തിന്റെ തിളക്കം കൂട്ടി. അനേകം അന്താരാഷ്ട്ര വേദികളിൽ ചിത്രം പ്രദർശിപ്പിച്ചു. ദൃശ്യമാധ്യമം എങ്ങനെയാണ് സമർത്ഥമായി സാമൂഹിക പ്രശ്നങ്ങൾ ഉന്നയിക്കുന്നതെന്നും അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരുന്നതെന്നും അലി അബ്ബാസിയുടെ ധീരമായ രാഷ്ട്രീയ ഇടപെടലിലൂടെ മനസിലാക്കാവുന്നതാണ്. ആ പാത പിൻതുടരാവുന്നതാണ്

Monday, 28 August 2023

ജോയ്‌ലാൻഡ്- സ്വാതന്ത്ര്യം തിരയുന്ന മനുഷ്യർ





ഹൈദറും മുംതാസും തമ്മിൽ പ്രണയിച്ചിരുന്നോ എന്ന് ചോദിച്ചാൽ,  പൂർണ്ണാർത്ഥത്തിൽ അതേ എന്ന ഉത്തരമില്ല. ഓരോ മനുഷ്യനും അത്യന്തം സ്നേഹിക്കുന്നത് അവനവനെ തന്നെയാണ്, സ്വന്തം സ്വതന്ത്ര കാഴ്ചപ്പാടുകളെയാണ്. അവിടെ തങ്ങളുടെ പ്രിയപ്പെട്ടവരെപ്പറ്റിയുള്ള മറവിയും സ്വാഭാവികമാണ്. വ്യക്തികളിൽ നിറയുന്ന സ്വാതന്ത്ര്യത്തിന്റെ ഉത്സവമാണ് സിനിമ. പക്ഷെ സമൂഹം ആർക്കെല്ലാം ഇത് അനുവദിക്കുന്നു എന്ന ചോദ്യം ഏറെ പ്രസക്തമാണ്. പുരുഷാധിപത്യം ഒരു സിസ്റ്റത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും, ലിംഗ പദവിയുടെ അടിസ്ഥാനത്തിൽ മാത്രമേ സ്വപ്നം കാണാൻ സാധിക്കുകയുള്ളു എന്നുമൊക്കെ സിനിമ ദൃശ്യവൽകരിക്കുമ്പോൾ ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സഹനമാണെന്ന് പറയാതെ പറയുന്നു.

വ്യവസ്ഥകൾ തീർക്കുന്ന മരണം - മുംതാസ്


ഹൈദറിന്റെ കുടുംബത്തിലെ മുഗൾ രാജവംശ മേന്മകളിൽ ഒട്ടും അഭിരമിക്കാതെ ആധുനികതയോടൊപ്പം നടക്കാൻ ശ്രമിക്കുകയാണ് മുംതാസ്. ഒരു മതാധിഷ്ഠിത സമൂഹത്തിൽ സ്ത്രീകൾക്കായി നിർണ്ണയിക്കപ്പെട്ട ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കാതെ തന്റെ ഇഷ്ടതൊഴിലിലൂടെ അവൾ സ്വാതന്ത്ര്യം കണ്ടെത്തിയിരുന്നു. സ്ത്രീക്കും പുരുഷനും തുല്യത കൊടുക്കുന്ന, പരസ്പരം ബഹുമാനിക്കുകയും ചിന്തകൾ പങ്കുവെക്കുകയും ചെയ്യുന്ന ഒരു ആധുനിക സമൂഹം സ്വപ്നം കാണുന്നു മുംതാസ്. ഹൈദറിന് ഒരു ജോലി ലഭിക്കുമ്പോൾ കുടുംബത്തിന്റെ അഭ്യർത്ഥനയിൽ മുംതാസിന് വീട്ടിലൊതുങ്ങേണ്ടി വരുന്നു. ഹൈദർ സ്വന്തം സ്വത്വം ഉൾകൊള്ളുവാനുള്ള യാത്രയിൽ, സ്വാതന്ത്ര്യ കാഴ്ച്ചപ്പാടുകളിലേക്ക് കണ്ണോടിക്കുന്നു. തനിക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോവുന്നു എന്ന വാർത്ത ഒരു ആഹ്ലാദവും അവളിൽ ഉണ്ടാക്കുന്നില്ല മറിച്ച് പറന്നുയരാൻ ആഗ്രഹിക്കുന്നിടത്ത് ചിറകുകൾ അറ്റുവീഴുന്നതിന്റെ സൂചനയായി മാത്രം അതിനെ കണ്ടു.

ഒരിക്കൽ ആടിന്റെ കഴുത്തിൽ കത്തി വെക്കുന്ന ഹൈദറിന് പല പ്രാവശ്യം കൈവിറക്കുകയും അതിനെ കൊല്ലാൻ സാധിക്കുകയും ചെയ്യുന്നില്ല. തന്റെ ഭർത്യപിതാവിനു മുന്നിൽ ഹൈദർ അപമാനിതനാവാതിരിക്കാൻ മുംതാസാണ് ആ  പ്രവർത്തി ചെയ്യുന്നത്. ഹൈദറിനെക്കാൾ മാനസികമായി ആത്മബലമുള്ള മുംതാസ് എങ്ങിനെയാണ് മരണത്തെപ്പറ്റി ചിന്തിച്ചത് ? അത്രയേറെ ഒരു വ്യവസ്ഥക്കുള്ളിൽ പെട്ടുപോയ പെണ്ണായി മാറിയത് ? വീട്ടിൽ നിന്ന് ഓടിയൊളിക്കാൻ നോക്കിയിട്ടും എങ്ങനെയാണ് അതിനും സാധിക്കാതിരുന്നത് ? ആരാണ് ഒരു സ്ത്രീ എന്ന നിലയിൽ തന്നെ പിടിച്ചുവെക്കുന്നത് എന്ന് മുംതാസും ഒരുവേള ചിന്തിച്ചുകാണും.

പ്രണയം, സ്വാതന്ത്ര്യം, ബന്ധങ്ങൾ എന്നിങ്ങനെ കെട്ടുകൾകൂടിചേർന്ന് കിടക്കുന്ന ഒരു സമൂഹത്തിൽ തന്റെ പ്രസക്തിയെപ്പറ്റി അവൾ ചിന്തിച്ചു. ശൂന്യതയിലേക്ക് നോക്കി അൽപ്പം സ്നേഹത്തിനുവേണ്ടി പ്രാർത്ഥിച്ചു. ഹൈദർ തന്റെ വലിയ ലോകത്തിൽ സഞ്ചരിക്കുമ്പോൾ മുംതാസ് തന്റെ നഷ്ടങ്ങളെ ഓർത്ത് വിതുമ്പി. ജനാധിപത്യവും തുല്യതയും എന്താണെന്നറിയാത്ത മതാധിഷ്ഠിത സമൂഹത്തിൽ പുരുഷാധിപത്യം എന്നും നിലനിൽക്കും. മനുഷ്യൻ നിർമിച്ചെടുത്ത ആ വ്യവസ്ഥക്കുള്ളിൽ ഒതുങ്ങി പോവുന്നവർ പ്രത്യേകിച്ചും സ്ത്രീകൾ അതിനെ ചോദ്യം ചെയ്യാൻ പോലും കഴിയാതെ അനുസരിക്കേണ്ടിവരുന്നത് സാഹചര്യങ്ങളുടെ സമ്മർദ്ദംകൊണ്ടാണെന്ന് പറയേണ്ടിവരും. എന്നാൽ മുംതാസ് ഇതിനൊടൊന്നും സന്ധിചെയ്യാതെ തന്റെ പാത തിരഞ്ഞെടുക്കുമ്പോൾ ഇരുണ്ട ഒരധ്യായം മാത്രമേ നമുക്ക് മുന്നിൽ വെക്കാനുള്ളു - വ്യവസ്ഥകൾ! വ്യവസ്ഥകൾ തീർക്കുന്ന മരണങ്ങൾ!

അരക്ഷിതാവസ്ഥയുടെ പാകിസ്ഥാൻ



തൊഴിലില്ലായ്മ, ദാരിദ്ര്യം, ജാതി-മത വ്യവസ്ഥകൾ, പുരുഷാധിപത്യം എന്നിങ്ങനെ സങ്കീർണ്ണമായ ഒരു സാമൂഹിക ചട്ടകൂടിൽ നീങ്ങുന്നു പാകിസ്ഥാൻ കാഴ്ചകൾ. ഇന്ത്യക്ക് സമാനമായ സാമൂഹിക പരിസരങ്ങൾ. മധ്യവർത്തികളുടെ ലോകം, ആഗ്രഹങ്ങളിലേക്ക് പറന്നുയരാൻ ശ്രമിക്കുന്ന മനുഷ്യർ, സാമൂഹിക സംഘർഷങ്ങൾ എന്നിങ്ങനെ ഏതൊരു സമൂഹത്തിൽ നടക്കുന്നതും എന്നാൽ ആ സമൂഹത്തിന്റെ പ്രത്യേകമായ വൈവിധ്യതയും കൂടിചേരുന്ന ആഖ്യാനത്തിൽ പെട്ടെന്ന് തന്നെ ആർക്കും ബന്ധിപ്പിക്കാൻ സാധിക്കുന്ന മനുഷ്യാവസ്ഥകൾ.

രണ്ട് തലമുറകൾ അവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും നോക്കി കാണുന്ന രീതി, സ്ത്രീയുടെയും പുരുഷന്റെയും ട്രാൻസ് വനിതകളുടെയും വ്യത്യസ്ത കണ്ണുകളിലൂടെ നോക്കികാണുന്ന ആശയലോകം എനിങ്ങനെ എല്ലാ കോണിലൂടെയും അടയാളപ്പെടുത്തുന്ന ദേശത്തിന്റെയും മനുഷ്യരുടെയും പ്രതിരൂപമാവുന്നു ചിത്രം.

സ്വത്വം, ലിംഗം, പ്രണയം - ബിബയും ഹൈദറും




മനുഷ്യരിൽ നിറയുന്ന ഇമോഷനുകളുടെ അതിപ്രസരം, വ്യക്തി ബന്ധങ്ങളുടെ അതി സങ്കീർണത ഹൈദറിലും ബിബയിലും പ്രകടമായി തന്നെ കാണാം. സ്വത്വം തിരയുന്ന രണ്ട് മനുഷ്യർ എല്ലാം മറന്ന് പരസ്പരം പ്രണയിക്കുമ്പോൾ വ്യവസ്ഥകൾ എങ്ങിനെയെല്ലാം തങ്ങളെ ബാധിക്കുമെന്നും തുല്യത സങ്കൽപ്പരൂപം മാത്രമാണെന്നും മനസിലാക്കുന്നു. സമൂഹം അത്രമേൽ തന്നെ പരാജയപ്പെടുത്താൻ നോക്കിയിട്ടും ബിബ അതിനോട് പോരാടുന്നുണ്ട്. എന്നാൽ ഹൈദർ തന്റെ വ്യക്തി സങ്കൽപ്പത്തിലൂടെ മാത്രം സഞ്ചരിച്ച് പ്രകടമായ സാമൂഹികാവസ്ഥയെപ്പറ്റി മനസിലാക്കാൻ സാധിക്കാത്ത ഒരാളാണ്. ഒരു പുരുഷൻ എന്ന നിലയിൽ താൻ ചെയ്യേണ്ട സാമൂഹിക വ്യവസ്ഥയിലൂന്നിയ വേഷം ഹൈദർ മനസിലാക്കുമ്പോൾ വിമോചനത്തിന്റെ സാധ്യതകൾ അവിടെ തുറക്കുന്നു. എന്നാൽ സമയം അതിന്റെ നിലയിൽ ഹൈദറിനോട് കരുണ കാണിക്കുന്നുമില്ല. ബിബയുടെയും ഹൈദറിന്റെയും പ്രണയ നിമിഷങ്ങൾ സന്തോഷത്തിന്റെ തിളക്കമാവുന്നുണ്ടെങ്കിലും അതിന്റെ ആയുസ് പരിമിതമായിരുന്നു.
അതിസങ്കീർണതയുടെ സാമൂഹികവ്യവസ്ഥകളിൽ തങ്ങളുടെ സ്വത്വം പരതി അലയുന്ന മനുഷ്യരായി അവർ അടയാളപ്പെടുത്തുന്നു.

തിളങ്ങിക്കൊണ്ടിരിക്കുന്ന ജോയ്‌ലാൻഡ്

തന്റെ ആദ്യ സംവിധാനത്തിൽ അഭിമാനകരമായ നേട്ടമാണ് സയിം സാദ്ദിഖ് ജോയ്‌ലാൻഡ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തിന് സമ്മാനിച്ചത്. കാൻ ഫിലിം ഫെസ്റ്റിൽ പ്രദർശിപ്പിച്ച ആദ്യ പാകിസ്ഥാനി സിനിമ. പാകിസ്ഥാനിൽ പ്രദർശനം നിരോധിച്ച എന്നാൽ പാകിസ്ഥാന്റെ ഓസ്കാർ നാമനിർദ്ദേശ ചിത്രം എന്ന ഒറ്റ വാചകം മതി ചിത്രത്തിന്റെ പ്രമേയ തീവ്രതയും കലാസൃഷ്ടി എന്ന രീതിയിൽ അതിന്റെ മൂല്യവും തിരിച്ചറിയാൻ. നിരോധനത്തിലും വിവാദങ്ങളിലും തളരാതെ ലോകത്തിലെ പ്രധാന ചലച്ചിത്രമേളകളിലെല്ലാം നിറ സാന്നിധ്യമായി തങ്ങളുടെ രാഷ്ട്രീയം രേഖപ്പെടുത്തുന്ന ജോയ്‌ലാൻഡ് ഇന്ന് ലോക സിനിമാഭൂപടത്തിൽ തിളങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് നിസംശയം പറയാം.