Search Movies

Wednesday, 15 July 2015

14.Kaaka Muttai

Tamil/2015/109min
Directed by M Manikandan














ജനപ്രിയവും എന്നാൽ കലാമൂല്യമുള്ളതുമായ  ചിത്രങ്ങളുടെ അമരത്വം തമിഴ് സിനിമകൾക്ക്‌ തന്നെയെന്നുറപ്പിക്കുകയാണ് നവാഗതനായ എം മണികണ്ഠന്റെ 'കാക്ക മുട്ടൈ'. വിപണികൾ ആകർഷിക്കാത്ത, ആരുമറിയാത്ത ചേരി ജീവിതങ്ങളെ നേരായി പകർത്തി വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്. താര ചിത്രങ്ങളിൽ ഇടി ബഹളങ്ങൾ തുടരുമ്പോൾ സമാന്തരമായി തമിഴിൽ 'കാക്ക മുട്ടൈ'-കൾ പിറവിയെടുക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. 2014ലെ മികച്ച കുട്ടികളുടെ സിനിമക്കുള്ള  ദേശീയ പുരസ്കാരം നേടിയ 'കാക്ക മുട്ടൈ' മികച്ച പ്രദർശന വിജയവും സ്വന്തമാക്കി കഴിഞ്ഞു.

അനുദിനം വികസിക്കുന്ന നഗരത്തിലെ റെയിൽവേ സ്റ്റേഷനടുത്ത് ആയിരങ്ങൾ തിങ്ങിപാർക്കുന്ന ഒരു ചേരിയിലാണ് സഹോദരങ്ങളായ  'പെരിയ കാക്ക മുട്ടയും' 'ചിന്ന കാക്കാ മുട്ടയും' കഴിഞ്ഞുവരുന്നത്. അമ്മയും മുത്തശ്ശിയും അവരോടൊപ്പം ആ ഒറ്റമുറിയിൽ ഉണ്ട്. അച്ഛൻ ജയിലിലും. ദിവസവും കോഴിമുട്ട കഴിക്കാനുള്ള പ്രാപ്തി ഇല്ലാത്തതിനാൽ കാക്കയുടെ മുട്ട മോഷട്ടിച്ചു കഴിക്കുകയാണ് അവരുടെ പതിവ്; 'കാക്കയും ഒരു പക്ഷിയാണല്ലോ' - എന്ന് മുത്തശ്ശി അവരെ ന്യായീകരിക്കുകയും ചെയ്യും (അങ്ങനെ വന്നുചേർന്ന പേരാണ് 'കാക്കാ മുട്ടൈ' ) . നഗരത്തിൽ പുതുതായി തുടങ്ങിയ പിസ്സ ഷോപ്പ് ഇവരെ ഏറെ ആകർഷിക്കുന്നു. പിസ്സ വാങ്ങാനുള്ള  299 രൂപ സ്വരൂപിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് തുടർന്ന് ചിത്രത്തിൽ. കല്‍ക്കരി കൊണ്ടുപോകുന്ന ചരക്കു തീവണ്ടികളില്‍ നിന്നും താഴെ വീഴുന്ന കല്‍ക്കരി കഷ്ണങ്ങള്‍ തൂക്കി വിറ്റാണ് പണം സ്വരുക്കൂട്ടുന്നത്. ഇത്രമാത്രം ലളിതമായ ഒരു കഥാഘടനയിൽ നിന്നുകൊണ്ട്  സമകാലികമായ വിഷയങ്ങൾ ചർച്ചക്ക് വെക്കുന്നു സംവിധായകൻ.

സാമ്പത്തികാടിസ്ഥാനത്തിൽ പകുത്ത വ്യത്യസ്ഥങ്ങളായ രണ്ടു സാമൂഹികാന്തരീക്ഷങ്ങളുണ്ട് 'കാക്ക മുട്ടൈ' യിൽ. ഒറ്റമുറിയിൽ ശ്വാസം മുട്ടിക്കഴിയുന്നവരെന്നു നമുക്ക് അനുഭവപ്പെടുന്ന, എന്നാൽ പ്രസാദാത്മക മുഖവുമായി കറങ്ങി നടക്കുന്ന രണ്ടു കുട്ടികളുടെ കഥയിലൂടെ സംവിധായകൻ എം മണികണ്ഠന്‍ മുന്നോട്ടു വെക്കുന്ന കാര്യങ്ങൾ ആഴത്തിൽ ശ്രദ്ധ ആവിശ്യപ്പെടുന്നതാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലും മനുഷ്യരാശിയിൽ അന്തർലീനമായി കിടക്കുന്നത് ജീവിച്ച് തീർക്കേണ്ട ജീവിതമാണ്. സ്വാതന്ത്ര്യവും അവകാശങ്ങളും വർണ്ണത്തിനാലും സാമ്പത്തികാടിസ്ഥാനത്തിലും നിയന്ത്രിതമാകുന്നിടത്താണ് 'കാക്ക മുട്ടൈ' യുടെ പ്രസക്തി. ദാരിദ്ര്യം, വാർദ്ധക്യം, പരിസ്ഥിതി, ആഗോളവൽക്കരണം, രാഷ്ട്രീയം, നഗരവൽക്കരണം വർണ്ണാടിസ്ഥാനത്തിലുള്ള വിവേചനം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചിത്രത്തിൽ കടന്നു വരുന്നു. കാക്ക കറുത്തതും അതിനാൽ എന്തും നിഷിദ്ധമാകുന്ന ഒരു വിഭാഗവുമായി മാറുന്നു. കാക്കയുടെ മുട്ട കഴിക്കുന്ന കുട്ടികളും അങ്ങനെത്തന്നെ. താഴേത്തട്ടിലെ ജീവിതങ്ങളിലൂടെ ഇത്തരം വിവേചനങ്ങളെ ശക്തമായി പ്രതിരോധിക്കുന്നു ചിത്രം.




വലിയ നഗരങ്ങളോടൊപ്പം വളരുന്ന വലിയ ചേരികളിലെ ജീവിതങ്ങൾ സൂക്ഷ്മമായി അവതരിപ്പിക്കുന്നുണ്ട് 'കാക്ക മുട്ടൈ'. ചേരിയിലെ കുട്ടികൾ കളിച്ചിരുന്ന സ്ഥലത്തെ, കാക്കകൾ കൂടുകൂട്ടിയ മരം മുറിച്ച് മാറ്റിയാണ് പിസ്സാ ഷോപ്പിന്റെ നിർമ്മാണം ആരംഭിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഒരു മായികലോകമാം വിധം കുട്ടികൾക്ക് വിലക്കപ്പെട്ടതായി മാറുന്നുവത്. ജയിലിലുള്ള അച്ഛനെ പുറത്തിറക്കാൻ പണമുണ്ടാക്കാൻ ശ്രമിക്കുകയാണ് ഇരുകുട്ടികളുടെയും അമ്മ. ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഏറെ പ്രയാസപ്പെടുമ്പോഴും ആ ഒറ്റ മുറി വീടിൽ രണ്ട് ടെലിവിഷൻ എത്തുന്നതിൽ യഥാർത്ഥത്തിൽ വിരോധാഭാസമില്ല.  പിസ്സാ കഴിക്കാനായി സ്വയം പണം കണ്ടെത്തുമ്പോൾ മതിലിനപ്പുറത്ത് നിന്ന് മാത്രം കാണുന്ന 'പണക്കാരൻ പയ്യൻ' വെച്ചു നീട്ടിയ പിസ്സ കാക്കാമുട്ടൈകൾ നിരസിക്കുന്നുണ്ട്. ട്രെയിനിൽ പോകുന്നവരിൽ നിന്നും മൊബൈൽ ഫോണ്‍ തട്ടിയെടുക്കുന്നതും അവർ ഉപേക്ഷിക്കുന്നതായി കാണാം. ഇതെല്ലാം തന്നെ മഹത്തായ ഭക്ഷണമായി അവർ കരുതുന്ന പിസ്സ അധ്വാനത്തിലൂടെ നേടിയെടുക്കാനുള്ള അവരുടെ ശ്രമങ്ങളെ ശരിവെക്കുന്നു; അഭിമാനത്തിന്റേയും വ്യക്തിത്വത്തിന്റേയും പാഠങ്ങൾ ഉൾക്കൊണ്ടു വരുകയാണവർ. പണം കയ്യിലുള്ളപ്പോഴും കാക്കാ മുട്ടൈകൾക്ക് പിസ്സ ഷോപ്പിലേക്കുള്ള പ്രവേശനം നിഷിദ്ധമാകുന്നത് മുഷിഞ്ഞ കോലത്തിന്റെയും വർണ്ണത്തിന്റേയും അടിസ്ഥാനത്തിലാണ്. ആഗോളകേന്ദ്രീകൃതമായ വിപണികൾ മൂന്നാം ലോക രാജ്യങ്ങളിലെ മനുഷ്യരെ ലക്ഷ്യമിടുമ്പോൾ  ഇന്ത്യയിൽ സമസ്ത മേഖലകളിലുമായി നിലനിൽക്കുന്ന വർണ്ണ വിവേചനത്തെ വിമർശന വിധേയമാക്കുന്നു സംവിധായകൻ.

ലളിതവും, ജീവിതഗന്ധിയുമാവുമ്പോഴും ചിത്രത്തിലെ സന്ദർഭോചിതമായ നർമ്മം ഏതു പ്രേക്ഷകനിലും ചിരിയുണർത്തും.സത്യസന്ധവും, റിയലിസ്റ്റിക്കും അതുപോലെ സിനിമാറ്റിക്കുമാണ് 'കാക്ക മുട്ടൈ'. അതിവൈകാരികതയിലേക്ക് കഥാസന്ദർഭങ്ങൾ നീളാതെയും പശ്ചാത്തല സംഗീതത്തെ ചൂഷണം ചെയ്യാതേയും ഹൃദ്യമാകുന്നു ചിത്രം. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ സ്വഭാവസവിശേഷതകളും പ്രാധാന്യവും കൽപ്പിച്ചിട്ടുണ്ട് സംവിധായകൻ; പിസ്സാ കടയുടെ മുതലാളിക്കും, മതിലിനപ്പുറത്തെ പയ്യനും രാഷ്ട്രീയ നേതാവിനുമെല്ലാം തന്നെ. കഥാന്ത്യത്തിൽ മുത്തശ്ശി പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടാക്കിയ 'പിസ്സ' യിലേക്ക് തന്നെയുള്ള കുട്ടി മനസ്സുകളുടെ  മടക്കം ശ്രദ്ധേയമാണ്. നിലനിൽപ്പിനായി പിസ്സാ ഷോപ്പ് മുതലാളി നടത്തുന്ന ശ്രമങ്ങളെ സ്വാർത്ഥതയായി കണക്കാക്കിയാൽ നമ്മളടങ്ങുന്ന ഒരു വിഭാഗത്തിന്റെ സ്വയം വിമർശനമേ അതാവുള്ളൂ.

നടൻ ധനുഷും ആടുകളം സിനിമയുടെ സംവിധായകൻ വെട്രിമാരനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രകടന മികവുകൊണ്ടും മുന്നിട്ട് നിൽക്കുന്നു കാക്കാ മുട്ടൈ. ചിത്രത്തിലെ പ്രകടനത്തിന് കേന്ദ്രകഥാപാത്രങ്ങളായ കാക്കാ മുട്ടൈകളെ അവതരിപ്പിച്ച വിഘ്നേഷ് , രമേശ്‌ എന്നീ കുട്ടികൾ ദേശീയ പുരസ്കാരം സ്വന്തമാക്കി. അമ്മയായി വേഷമിട്ട ഐശ്വര്യാ രാജേഷടക്കം ഏവരും അഭിനന്ദനം അർഹിക്കുന്നു. തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ തുടർ പ്രതീക്ഷ നൽകുന്നു. Toronto  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലടക്കം നിരവധി മേളകളിൽ ചിത്രം പ്രദർശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തു. പ്രമേയപരമായി വ്യക്തമായ കാഴ്ച്ചപ്പാടുകൾ മുന്നോട്ട് വെക്കുന്ന 'കാക്കാ മുട്ടൈ' നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നായി തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു.

Tuesday, 7 July 2015

13.Bicycle Thieves

Italian/1948/93min
Directed by Vittorio De  Sica













രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇറ്റലിയിൽ പിറവിയെടുത്ത കലാ-സാഹിത്യ സംസ്കാരമായിരുന്നു നിയോ റിയലിസം. ജർമ്മൻ എക്സ്പ്രഷനിസവും , ഫ്രഞ്ച് മൊണ്ടാഷും ലോക സിനിമയിൽ തങ്ങളുടെ സംഭാവനയറിയിച്ചപ്പോൾ അവയിൽ നിന്നും വിഭിന്നമായി സാമൂഹിക യാഥാർത്ഥ്യങ്ങളെ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചത് നിയോ റിയലിസമാണ്. നിയോ റിയലിസം എന്നാല്‍ യഥാര്‍ഥമായ ഒന്ന് കാണിക്കുന്നതല്ല, മറിച്ചു എന്താണ് യഥാര്‍ത്ഥ്യം എന്ന് കാണിക്കുന്നതാണ്.  ലളിതമായ അവതരണവും, ഹാൻഡ്‌ ഹെൽഡ് ക്യാമറകളും, ഒട്ടും പ്രൊഫഷണലല്ലാത്ത അഭിനേതാക്കളുമെല്ലാം  ഇതിന്റെ പ്രത്യേകതകളാണ്. ഭീമൻ സെറ്റുകളിൽ നിന്നും തെരുവുകളിലേക്കും അവിടുത്തെ ജീവിതങ്ങളിലേക്കും സിനിമ ആദ്യമായി ഇറങ്ങി ചെല്ലുകയായിരുന്നു നിയോ റിയലിസ്റ്റിക് പ്രസ്ഥാനത്തിലൂടെ. റോബര്‍ട്ടോ റോസല്ലിനിയുടെ 'റോം ഓപ്പണ്‍ സിറ്റി' ആണ് ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം. ഏറെ പ്രശംസ ഈ ചിത്രം പിടിച്ചുപറ്റിയെങ്കിലും ഇറ്റാലിയൻ നിയോ റിയലിസത്തിന്റെ സാംസ്കാരിക ഐക്കണായി കണക്കാക്കാവുന്നതാണ്‌  വിറ്റോറിയോ ഡി സിക്കയുടെ 1948ൽ പുറത്തിറങ്ങിയ  'ബൈസൈക്കിൾ തീവ്സ്'.

'ബൈസൈക്കിൾ തീവ്സ്' ഒരു ചലച്ചിത്രം എന്നതിനപ്പുറം ഒരു നേർക്കാഴ്ച്ച കൂടിയാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇറ്റലിയിൽ പ്രതിഫലിച്ച പരിചിത  സാമൂഹിക യാഥാർത്ഥ്യങ്ങളെ പുറംമോടികളില്ലാതെ ക്യാമറയിൽ പകർത്താൻ സാധിച്ചിടത്താണ് ചിത്രത്തിന്റെ പ്രസക്തി. നൂറുക്കണക്കിനു തൊഴിൽരഹിതർ ജോലിക്കായി കാത്തുനിൽക്കുന്നതാണ്  ചിത്രത്തിന്റെ ആദ്യ ദൃശ്യം. ശേഷം നായകപാത്രമായ ആന്റോണിയോക്ക് മാത്രം ജോലി ശരിപ്പെടുന്നു. പക്ഷെ ജോലിക്ക് ഒരു ബൈസൈക്കിൾ ആത്യാവിശ്യമാണെന്നും, ഇല്ലാത്തപക്ഷം അവസരം നഷ്ട്ടപ്പെടും എന്നും അധികൃതൻ അറിയിക്കുന്നു. സ്വന്തമായി സൈക്കിൾ ഇല്ലാത്ത അന്റോണി, മറ്റുള്ളവർ തന്റെ ജോലിക്കായി ആരായുന്നത് കണ്ട് സഹിക്കവയ്യാതെ തനിക്കും ബൈസൈക്കിൾ ഉണ്ടെന്നു അവകാശപ്പെടുന്നു. തുടർന്ന് ഭാര്യക്ക് സ്ത്രീധനമായി ലഭിച്ച കിടക്കവിരികളും മറ്റും വിറ്റ് പണയത്തിലായിരുന്ന ബൈസൈക്കിൾ തിരിച്ചെടുക്കുന്നു. എന്നാൽ  ആദ്യ ദിനത്തിൽ തന്നെ സൈക്കിൾ അപഹരിക്കപ്പെടുന്നു. പിന്നീട് ബൈസൈക്കിളിനായി ആന്റോണിയും മകൻ ബ്രൂണോയും നടത്തുന്ന തിരച്ചിലാണ് തുടർന്ന് ചിത്രത്തിൽ.

ഇത്രയുമാണ് 'ബൈസൈക്കിൾ  തീവ്സ്'ന്റെ പ്രമേയം. ആദ്യ ദൃശ്യത്തിൽ തന്നെ ഇറ്റലി നേരിടുന്ന തൊഴിലില്ലായ്മയും ദാരിദ്രവും സംവിധായകൻ അടയാളപ്പെടുത്തിക്കഴിഞ്ഞു. ഭാര്യ മരിയയെ കാണിക്കുന്ന അടുത്ത രംഗത്തിൽ, ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന ആ കുടുംബം ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അനുഭവിക്കുന്ന കഷ്ട്ടപ്പാടുകൾ വ്യക്തമാണ്. പണയ വസ്ത്രങ്ങൾക്കായി വിലപേശുന്നതും, തുടർന്നുള്ള ലോങ് ഷോട്ടിൽ ഒരു വലിയ ഹാൾ മുഴുവൻ പണയവസ്തുക്കൾ കാണുന്നതും പ്രേക്ഷകനിൽ ഉളവാക്കുന്ന ഞെട്ടൽ ചെറുതല്ല. ഇറ്റലിയിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്രം എന്ന 'രോഗം' അനുഭവിക്കുന്നവരാനെന്നു   അതിലൂടെ സംവിധായകൻ മനസ്സിലാക്കിത്തരുന്നു. ധനികനെന്നും സാധാരണക്കാരെന്നുമായി  സമൂഹം മനുഷ്യനെ വിഭാഗിച്ചിട്ടുണ്ടെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബ്രൂണോയുമൊത്തുള്ള ഹോട്ടലിലെ രംഗം.  കേവലം ഒരു പിസ്സയും വൈനും ആന്റോണിയോ ആവിശ്യപ്പെടുമ്പോൾ ബ്രൂണോ ശ്രദ്ധിക്കുന്നത് തൊട്ടടുത്തെ ടേബിളിൽ ആർഭാടകരമായി ഭക്ഷണം കഴിക്കുന്നവരിലേക്കാണ്. 'അവരെപ്പോലെ ജീവിക്കാൻ മാസം ഒരു മില്യണ്‍ എങ്കിലും വേണം' എന്ന ആന്റോണിയുടെ മറുപടി ശ്രദ്ധേയമാണ്.




ബൈസൈക്കിൾ മോഷ്ട്ടാക്കൾ ദാരിദ്ര്യമനുഭവിക്കുന്നു ഒരു വിഭാഗം ജനതയുടെ പ്രതീകമാണ്. സൈക്കിൾ മോഷ്ട്ടാവിനെ കണ്ടെത്തുകയും മതിയായ തെളിവുകളില്ലാത്തതിനാൽ  നടപടിയെടുക്കാൻ സാധിക്കാതെയും വരുന്നു. സിനിമയുടെ അവസാന ഭാഗത്തിൽ ഒരു ബൈസൈക്കിൾ മോഷ്ട്ടാവായി ആന്റോണിയോ പരിവർത്തനം ചെയ്യാൻ ഒരുങ്ങുമ്പോൾ നിലനിൽപ്പിനായുള്ള പോരാട്ടമായി മാറുകയാണത്. ബ്ലാക്ക് മാജിക്കിനെയും മറ്റു സാമൂഹിക അരാജകത്വങ്ങളെയും ചിത്രം പ്രതിഫലിക്കുന്നു. പൊതുവെ ലളിതമായി ചിത്രം അനുഭവപ്പെടുമ്പോഴും ഉള്ളറകളിൽ രണ്ടാം ലോക മഹായുദ്ധം ഇറ്റലിയിലെ സാമൂഹിക അന്തരീക്ഷങ്ങളേയും സമ്പത്ത് വ്യവസ്ഥയെയും, ഭരണത്തേയും എങ്ങനെയല്ലാം ബാധിച്ചിരിക്കുന്നു എന്നും മനുഷ്യജീവിതം എത്ര മാത്രം ദുസ്സഹമാണെന്നും ദൃശ്യങ്ങളിൽ പരാമർശിക്കപ്പെടുന്നുന്നുണ്ട് ; പ്രത്യക്ഷമായും, പരോക്ഷമായും.

ലോകസിനിമകൾ പരിശോധിച്ചാൽ, സിനിമ എന്ന മാധ്യമത്തിൽ നിന്ന് സാമൂഹിക യാഥാർത്ഥ്യങ്ങളെ ഇത്രമേൽ അടയാളപ്പെടുത്തിയ ചിത്രങ്ങൾ ചുരുക്കമായിരിക്കും. അവസാന ഷോട്ടുകളിൽ നിറകണ്ണുകളുമായി ഒരു കൂട്ടം പേരുടെ ഒപ്പം നീങ്ങുന്ന ആന്റോണിയോയും മകൻ ബ്രൂണോയും വൈകാരികമായി പ്രേക്ഷകനെ സ്പർശിക്കും. കാലത്തെയും അനുബന്ധ സാഹചര്യങ്ങളെയും ചിത്രം അടയാളപ്പെടുത്തുന്നു. സാമൂഹിക യാഥാർത്ഥ്യങ്ങളെ വരച്ചിടുന്ന ചിത്രം സമൂഹത്തിനു ആത്മപരിശോധനക്കുള്ള ആഹ്വാനമാകുന്നുണ്ട്.

സൈറ്റ് ആൻഡ് സൌണ്ട്  മാഗസിൻ ബൈ സൈക്കിൾ തീവ്സ് നെ നൂറ്റാണ്ടിന്റെ സിനിമയായി വിലയിരുത്തിയതിൽ അതിശയോക്തിയില്ല. ചലച്ചിത്ര പ്രേമികളും ചലച്ചിത്ര വിദ്യാർഥികളും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്  'ബൈസൈക്കിൾ തീവ്സ്'. ഇറ്റലിയിലെ പ്രതിഭാധരന്മാരായ ഒരു കൂട്ടം സംവിധായകരുടെ നവറിയലിസം എന്ന പ്രസ്ഥാനം ലോകസിനിമയെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ ഉദാഹരണമാണ് ചിത്രത്തിന്റെ സ്വീകാര്യത. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ 'പഥേർ പാഞ്ചാലി' എടുക്കുവാൻ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനിൽ വെച്ച് ബൈ സൈക്കിൾ തീവ്സ് കാണാനിടയായതാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

Monday, 29 June 2015

12.Wild Tales

Argentina/2014/122min
Language : Spanish
Directed by Damián Szifron












ആസ്വാദനാശീലങ്ങളെ പരിഗണിച്ച് ഒരുക്കിയ വന്യസൗന്ദര്യമാണ്  'വൈല്‍ഡ്‌ ടെയില്‍സ്'.  കറുത്ത ഹാസ്യമാണ് ആന്തോളജി വിഭാഗത്തിൽപ്പെടുന്ന ചിത്രം കൈകാര്യം ചെയ്യുന്നത്. 2014 ൽ ഏറ്റവും കൂടുതൽ പേർ കണ്ട അര്‍ജെന്റിനിയന്‍ ചിത്രം കൂടിയാണ് ഡാമിയന്‍ ഷിഫ്രോണിന്റെ ഈ സംവിധാന സംരംഭം. Violence and Vengeance എന്ന കോമണ്‍ തീം മുന്നോട്ടു വെക്കുന്ന 6 ചെറുകഥകൾ കയ്യൊതുക്കത്തോടെ സമന്വയിപ്പിച്ച്  ഒരു നിമിഷം പോലും വിരസതയുളവാക്കാതെ അവതരിപ്പിച്ചിരിക്കുന്നു ചിത്രം. Cannes International ഫിലിം ഫെസ്റ്റിവലിൽ  മികച്ച ജൂറി അഭിപ്രായം നേടുകയും Torronto International  ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക സ്ക്രീനിംഗ് നടത്തുകയും കൂടാതെ മികച്ച വിദേശ ഭാഷ വിഭാഗത്തിൽ ഓസ്കാറിനു നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു വൈല്‍ഡ്‌ ടെയില്‍സ്.

അക്രമത്തിന്റെയും പകയുടെയും തീവ്രത വരച്ചുകാട്ടാനാണ് 6 ചെറുകഥകളിലൂടെയും സംവിധായകൻ ശ്രമിക്കുന്നത്. റിയലിസ്റ്റിക് ആഖ്യാനമോ, നോണ്‍ ലീനിയർ അവതരണത്തിന്റെ ആശയക്കുഴപ്പങ്ങളോ പിന്തുടരാതെ വിനോദം എന്നൊരൊറ്റ ലക്ഷ്യത്തോടെ ലളിതമായ സഞ്ചാരം സാധ്യമാക്കുന്നു ചിത്രം. ആക്ഷേപ ഹാസ്യമാണ് വൈല്‍ഡ്‌ ടെയില്‍സിന്റെ മുഖമുദ്ര. ഒരു റെസ്റ്റോറന്റിൽ വെയിറ്ററായി ജോലി ചെയ്യുന്ന സ്ത്രീ, കെട്ടിടം പൊളിക്കുന്ന എഞ്ചിനീയർ, വിവാഹത്തിന്റെ  ആഡംബരങ്ങൾ പിന്തുടരുന്ന പുതുജോഡി, തന്റെ കുടുംബവുമായും തന്നെ ആശ്രയിക്കുന്ന ജീവനക്കാരുമായും നല്ല ബന്ധം വെച്ചുപുലർത്തുന്ന ഒരു കോടീശ്വരൻ, Pasternak എന്ന യുവാവ്, ഒരു കാർയാത്രക്കിടെ അവിചാരിത സംഭവങ്ങൾ നേരിടുന്ന മറ്റൊരാൾ  ; ഇത്രയുമാണ് ആറ് ചെറുകഥകളിലെയും പ്രധാന കഥാപാത്രങ്ങൾ. ദൈനംദിന ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നുചേരുന്ന ഒരു സംഭവത്തിലൂടെ ഇവരുടെ സാധാരണത്വം അഴിഞ്ഞു വീഴുകയും, തുടർന്നുണ്ടാകുന്ന പകപോക്കലും, കറുത്ത ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നു.



യാഥാര്‍ത്ഥ്യത്തിന് മുന്നിൽ സ്വയം നിയന്ത്രിക്കാനാകാതെ പൊട്ടിത്തെറിച്ചു  പോകുന്ന കഥാപാത്രങ്ങളിലൂടെ മനുഷ്യനിൽ അന്തർലീനമായി നിലകൊള്ളുന്ന അക്രമവാസനകളെ  അവതരിപ്പിക്കുന്നു സംവിധായകൻ. ആദ്യ  ചെറുചിത്രം Pasternak എന്നയാളെ കുറിച്ചുള്ള രണ്ടു വ്യക്തികളുടെ വിമാനത്തിൽ വെച്ചുള്ള  സംഭാഷണത്തിൽ നിന്ന് തുടങ്ങുന്നു. ക്രമേണ വിമാനത്തിൽ ഉള്ള ഓരോ യാത്രക്കാരും Pasternak - ഉമായി ബന്ധമുള്ളവരാണെന്ന് മനസിലാകുന്നു. ചിത്രം അവസാനിക്കുന്നത് ഒരു വിമാന അപകടത്തിലാണ്. 2015 ലെ Germanwings plane crash ഈ ചിത്രവുമായി ഏറെ സാമ്യതകളുള്ളതായി പറയപ്പെടുന്നു.  'വൈല്‍ഡ്‌ ടെയില്‍സിൽ' അക്രമവും പകയും എന്നീ പദങ്ങൾ കൂടുതൽ അന്വർത്ഥമാകുന്നത് കാർ യാത്രക്കിടെ അപ്രതീക്ഷിത  സംഭവങ്ങളിലേക്ക് നീളുന്ന യുവാവിന്റെ കഥയിലാണ്. മനുഷ്യൻ മൃഗത്തിനു തുല്യമാകുന്ന ഭ്രാന്തമായ അവസ്ഥ ചിത്രം കാണിച്ചുതരുന്നുണ്ട്.

ആഡംബര വിവാഹത്തിൽ മുഴുകിയിരിക്കുന്ന പുതുജോഡിയുടെ കഥ ഏറെ പുതുമയുള്ളതും, ഒരുപക്ഷെ കൂട്ടത്തിൽ മികച്ച ഒന്നായി കാണാവുന്നതുമാണ്. വ്യക്തി ജീവിതങ്ങളെ അപരിചിതർ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്നും അവരുടെ ദൈനംദിന ജീവിതം എങ്ങനെയെല്ലാം മാറ്റിയെഴുതപ്പെടുന്നു എന്നും ചിത്രം വ്യക്തമാക്കുന്നു. ഇവയെകൂടതെയുള്ള മറ്റു മൂന്നു ചെറു ചിത്രങ്ങളിൽ കഥയുടെ ആവർത്തനം അനുഭവപ്പെടുമെങ്കിലും അവതരണത്തിലെ  ശൈലീഭദ്രത പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്നു.

ഓരോ കഥകളിലും നിശ്ചേഷ്‌ടമായി കിടക്കുന്ന രാഷ്ട്രീയം ആധുനിക ലോകത്ത് ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. എന്നാൽ ചലച്ചിത്രത്തിലൂടെ മികച്ച ആസ്വാദനവും  ഉറപ്പുവരുത്തുന്നുണ്ട് എഴുത്തുകാരൻ കൂടിയായ സംവിധായകൻ. ആ നിലയിൽ സംവിധായകൻ അർഹിക്കുന്ന പ്രോത്സാഹനങ്ങൾ ചെറുതല്ല. മികച്ച 6 ചെറുകഥകളിലൂടെ ചിത്രത്തിന്റെ  പേരിനെ ശരിവെക്കും വിധം വന്യമായ അനുഭവങ്ങൾ പ്രേക്ഷകനുമുന്നിൽ ഒരുക്കിയിരിക്കുന്നു. ഏതൊരു പ്രേക്ഷകനെയും ആകർഷിക്കും വിധം അണിയിച്ചൊരുക്കിയ  'വൈല്‍ഡ്‌ ടെയില്‍സ്' കണ്ടു ആസ്വദിക്കേണ്ട ഒന്ന് തന്നെയാണ്.

Thursday, 25 June 2015

11.Ida

Polish/2013/82min
Directed by Paweł Pawlikowski













കാവ്യാത്മകമാണ് 'ഇഡ'. ഭാവനാസമ്പന്നമായ പശ്ചാത്തലം കറുപ്പിലും വെളുപ്പിലുമായി ഒരുക്കിയ ദൃശ്യങ്ങളിലേക്ക് സന്നിവേശിപ്പിച്ച് 80 മിനിറ്റ് ദൈർഘ്യത്തിൽ പ്രധാന രണ്ടു കഥാപാത്രങ്ങളെയും  സൂക്ഷ്മമായി  അപഗ്രഥിക്കുകയും , പോളിഷ് ചരിത്രത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്  'ഇഡ'. ഇത്രമേൽ അനായാസമായി സങ്കീർണ്ണമായ ഒരു കഥാപരിസരവും ആശയപരമായി ഇരു കോണുകളില്ലുള്ള 2 സ്ത്രീ വ്യക്തതിത്വങ്ങളെയും അവതരിപ്പിച്ചതിലെ വൈഭവം ഏറെ  പ്രശംസിനീയമാണ്. പവല്‍ പൗലികോവ്‌സ്‌കി സംവിധാനം ചെയ്ത ചിത്രം ഇത്തവണത്തെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ വാരി കൂട്ടിയതിൽ അതിശയോക്തിയില്ല.


അനാഥയായി ഒരു കോണ്‍വെന്റിൽ വളർന്ന അന്ന എന്ന കത്തോലിക്ക യുവതി കന്യാസ്ത്രീയാവനുള്ള ഒരുക്കത്തിലാണ്. എന്നാൽ അതിനു മുൻപ് തന്റെ ജീവിച്ചിരിക്കുന്ന ഏക ബന്ധുവായ അമ്മപെങ്ങൾ വാന്റയെ അവൾ കാണേണ്ടതായി വരുന്നു. ദൈവഭയത്തോട്  കൂടി ചിട്ടയായ ജീവിതക്രമമുള്ള  വല്ലപ്പോഴും മാത്രം സംസാരിക്കുന്ന അന്നയിൽ നിന്നും തീർത്തും  വ്യത്യസ്ഥയായിരുന്നു വാന്റ. പുകവലിക്കുന്ന മദ്യപിക്കുന്ന തന്നിഷ്ടകാരിയായി  പരപുരുഷന്മാരോടൊപ്പം സമയം ചിലവഴിക്കുന്നവൾ.  വാന്റയിൽ നിന്നും താനൊരു ജൂതയാണെന്നും തന്റെ യഥാർത്ഥ പേര് ഇഡ എന്നാണെന്നും അന്ന മനസിലാക്കുന്നു. ജർമ്മൻ അധിനിവേശ കാലത്ത് തന്റെ മാതാപിതാക്കളെ നഷ്ടപെട്ട  ഇഡയും മകനെ നഷ്ടപെട്ട വാന്റയും അവരുടെ ശേഷിപ്പുകൾ  തേടി നടത്തുന്ന യാത്രയാണ് തുടർന്ന് ചിത്രം.





1960 കളിലെ പോളണ്ടാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ചലനമില്ലാത്ത ക്യാമറയിൽ തെളിയുന്ന സമീപ, മധ്യദൂര, വിദൂര ദൃശ്യങ്ങളിൽ ഓരോന്നിലും സംവിധായകന് വ്യക്തതമായ ബോധ്യം ഉള്ളതായി കാണാം. ഒരു ദൃശ്യവും  അനാവശ്യമോ, അനാവശ്യമായി നീണ്ടതോ അല്ല. അടൂർ തിരക്കഥയുടെ വായനാനുഭവം ഓർമപ്പെടുത്തുന്നുണ്ടായിരുന്നു  ചിത്രത്തിന്റെ കയ്യൊതുക്കം പലപ്പോഴും. അന്നയും വാന്റയും വെച്ചുപുലർത്തുന്ന ആശയങ്ങളിലെയും - ജീവിതരീതിയിലെയും വൈരുധ്യം ഉണ്ടാക്കുന്ന കലഹം ചിത്രത്തിലുടനീളം പ്രതിപാദ്യ വിഷയമാകുന്നുണ്ട്. ഇരുവരുടെയും ഉളളിൽ ഒരുപോലെ വിങ്ങലായി നിലനിൽക്കുന്നുണ്ട് അവരുടെ കുടുംബചരിത്രം. ഒരു യുദ്ധ - അധിനിവേശ കാലം വർഷങ്ങൾക്കിപ്പുറവും ഒരു മുറിവായി തന്നെ അവശേഷിക്കുന്നത് എങ്ങനെ എന്ന് ഇവിടെ കാണാം.

പശ്ചാത്തല സംഗീതത്തിന്റെ അധിക ബഹളങ്ങൾ ഇല്ലാതെ ദൃശ്യങ്ങളിലൂടെ ചിത്രം കരുത്തുറ്റതാകുന്നു. വാന്റയുമൊത്തുള്ള യാത്രക്കിടയിൽ കുരിശുരൂപം കണ്ട് കാറിൽ നിന്നിറങ്ങി പ്രാർത്ഥിക്കുന്നുണ്ട് ഇഡ. യാത്രക്കിടയിൽ കാണുന്ന നിശാപാർട്ടികളിൽ സാക്‌സഫോണ്‍ വായിക്കുന്ന യുവാവുമായി അഭിരമിക്കാൻ വാന്റ ഇഡയെ നിർദ്ദേശിക്കുന്നുണ്ട്. ഭിന്നമായ ജീവിതശൈലി വെച്ച്പുലർത്തുന്ന ഈ ഇരു സ്ത്രീകൾക്ക് പിന്നിലും വിറങ്ങലിച്ചു കിടക്കുന്ന അവരുടെ കുടുംബ ചരിത്രത്തിന്റെ അന്വേഷണങ്ങൾ പൂർത്തിയാക്കുമ്പോൾ സംഭവിക്കുന്നതെന്താണ് ? തങ്ങളുടെ വേണ്ടപ്പെട്ടവരുടെ ശേഷിപ്പുകൾ കണ്ടെത്തി അവർ അടക്കം ചെയ്തു കഴിഞ്ഞു. മറ്റൊരു 'ലോകത്തിലേക്ക് ' യാത്രയാവുന്ന വാന്റയും , ക്രമേണ വാന്റയുടെ ജീവിതശൈലിയിലേക്ക് മാറുന്ന ഇഡയും ചിത്രത്തിന്റെ ബാക്കി ഭാഗത്ത് കാണാൻ സാധിക്കും. ഇഡയുടെ  കന്യകാത്വം നഷ്ട്ടപ്പെടുന്നതിനു ശേഷമുള്ള അവസാന രണ്ടു ദൃശ്യങ്ങളിൽ മാത്രമായി അതുവരെ മിതത്വം പാലിച്ചിരുന്ന ക്യാമറയിൽ മാറ്റങ്ങൾ വരുന്നത് ശ്രദ്ധേയമാണ്.

ഫ്രാന്‍സില്‍ ബോക്സോഫിസില്‍ ഏറ്റവും കൂടുതല്‍ കലക്ട് ചെയ്ത പോളിഷ് ചിത്രം കൂടിയാണ് ഇഡ. ലെവിയാതന്‍, ടാങ്കറൈന്‍സ്, ടിംബുക്‌ടു, വൈല്‍ഡ് ടെയ്‌ല്‍സ് തുടങ്ങിയ ചിത്രങ്ങൾ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ  87ആമത് ഓസ്കാർ പുരസ്കാരത്തിനായി ഇഡയോടൊപ്പം മത്സരിക്കാൻ ഉണ്ടായിരുന്നു.

Wednesday, 27 May 2015

Interview: With Sajin Baabu

പുത്തൻ സാധ്യതകൾ കണ്ടെത്തി മുന്നോട്ട്..

   അഭിമുഖം : സജിൻ ബാബു

  (അസ്തമയം വരെ തിയ്യേറ്റർ റിലീസിന് മുന്നേ നടത്തിയ അഭിമുഖം) 


ബാഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും, കേരളത്തിന്റെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും സ്വന്തമാക്കി  അഭിമാനകരമായ നേട്ടമാണ് സജിൻ ബാബുവിന്റെ 'അസ്തമയം വരെ' കൈവരിച്ചിരിക്കുന്നത്‌. ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ നിന്നകലുന്ന മലയാള സമാന്തര സിനിമാ പ്രസ്ഥാനത്തെ തിരിച്ചു പിടിക്കാനുള്ള വലിയ ശ്രമമായി വിലയിരുത്താം ചിത്രത്തെ. ജൂണ്‍ 5ന് 'അസ്തമയം വരെ'  തിയ്യേറ്ററുകളിൽ എത്തുന്നു. ഈ അവസരത്തിൽ സജിൻ ബാബുവിനൊപ്പം അൽപ്പനേരം. 


ഫെസ്റ്റിവൽ വേളകളിലെ പ്രദർശനങ്ങൾക്കും, അംഗീകാരങ്ങൾക്കും ശേഷം 'അസ്തമയം വരെ' ജൂണ്‍ 5 ന് തിയ്യേറ്ററുകളിൽ എത്തുന്നു. ഭൂരിഭാഗം  പ്രേക്ഷകരിൽ നിന്നും സമാന്തര സിനിമകൾ അകന്നു നിൽക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. അങ്ങനെയിരിക്കെ ഒരു തിയ്യേറ്റർ റിലീസിലൂടെ ലക്ഷ്യം വെക്കുന്നത് എന്താണ് ? എന്തെല്ലാമാണ് പ്രതീക്ഷകൾ ?

രണ്ടുമൂന്ന് കാര്യങ്ങളുണ്ട് അതിൽ. ഒന്ന് ഒരു ഫിലിം മേക്കർ എന്ന നിലയിൽ താനുണ്ടാക്കുന്ന ഒരു സിനിമ കൃത്യമായി ജനങ്ങളിലേക്ക്  എത്തിക്കുക എന്നത്. IFFK, ബാഗ്ലൂർ, മുംബൈ പോലുള്ള വലിയ ഫിലിം ഫെസ്റ്റുവലുകളിൽ മാത്രമാണ് ടെക്നോളജി അപ്ഡേറ്റടായിട്ടുള്ളത്‌. അതല്ലാതെ ചെറിയ ചെറിയ ഫെസ്റ്റിവലുകളിൽ ടെക്നോളജി അത്രയേറെ വളർന്നിട്ടില്ല; അല്ലെങ്കിൽ അവർക്കത്‌ പ്രൊവൈട് ചെയ്യാൻ സാധിച്ചിട്ടില്ല. അപ്പോൾ തിയ്യേറ്ററുകളിൽ പ്രദർശിപ്പിക്കുമ്പോൾ മാത്രമേ സിനിമയുടെ സൗണ്ടാണെങ്കിലും വിഷ്വൽസാണെങ്കിലും അതിന്റേതായ രീതിയിൽ കാണിക്കാൻ സാധിക്കുകയുള്ളു. 'അസ്തമയം വരെ' പോലുള്ള ഒരു സിനിമ ടെക്നിക്കൽ ക്വാളിറ്റിയോട് കൂടിത്തന്നെ കണ്ടാലേ ആ സിനിമ എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കൂ. ഒരു ഓഡിയോ-വിഷ്വൽ എക്സ്പീരിയൻസ് എന്ന നിലയിലാണ് അത് വർക്ക് ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്. മൈന്യൂ ട്ടായുള്ള പല ശബ്ദങ്ങളും ചിത്രത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. അപ്പൊ അതെല്ലാം കൃത്യമായി കാണണമെങ്കിൽ, കേൾക്കണമെങ്കിൽ തിയ്യേറ്ററുകളിൽ 2K പ്രൊജക്ഷനിൽ തന്നെ ആവണം. അത് ഒരു കാര്യം. രണ്ട്, ഒരു സംവിധായകന് അയാളുടെ സിനിമ തിയ്യേറ്ററിൽ എത്തിക്കണം എന്ന ആഗ്രഹം ഉണ്ടാവുമല്ലോ. അത്തരത്തിൽ എന്റെയും ആഗ്രഹം അത് തന്നെയാണ്. മറ്റൊന്ന്, സമാന്തര സിനിമകൾ പ്രേക്ഷകരിൽ നിന്നും എന്തുകൊണ്ടോ അകന്നു നിൽക്കുന്ന സാഹചര്യം ഉണ്ട് എന്നതുതന്നെ. ആ സാഹചര്യം മാറണം.



തന്നിലെ സംവിധായകൻ ഉടലെടുക്കുന്നതിന്  പ്രചോദനമായത്  എന്തെല്ലാമാണ് ?

സിനിമയിൽ ആദ്യം മുതലേ താൽപ്പര്യം ഉണ്ടായിരുന്നു. പക്ഷെ ഞാൻ കണ്ടുവളർന്നത് രാജസേനന്റെയും തുളസീദാസിന്റെയും ഒക്കെ ചിത്രങ്ങളായിരുന്നു. ശരിക്കും അതിനു ശേഷം ഒരു മാറ്റം സംഭവിച്ചത് ഡിഗ്രീ പഠന കാലത്താണ്. തിരുവനതപുരത്തെ നെടുമങ്ങാടിനടുത്തുള്ള ചുള്ളിമാന്നൂരിൽ നിന്നാണ് ഞാൻ വരുന്നത്. +2 കഴിഞ്ഞു ഡിഗ്രീ പഠനത്തിനു തിരുവനതപുരം യൂണിവേഴ്സിറ്റി കോളേജിൽ വന്നപ്പോഴാണ് ഫിലിം സൊസൈറ്റികളുടെ പ്രവർത്തനത്തെ കുറിച്ചു അറിയുന്നത്. IFFK എന്നൊരു ഫെസ്റ്റിവലിനെ കുറിച്ചു കേൾക്കുന്നത്. അങ്ങനെ അവിടത്തെ ഡിസ്ക്കഷനുകളിൽ പങ്കെടുക്കുക, ഫിലിം ഫെസ്റ്റിവലിനു പോയി സിനിമ കാണുക - അതിനൊക്കെ ശേഷമാണ് നമ്മൾ കാണുന്നതല്ലാതെ ലോകത്ത് ഇങ്ങനെയും കുറെ സിനിമകളുണ്ടെന്നു മനസ്സിലാവുന്നത്. പിന്നീടാണ് എന്റെ മേഖല സിനിമയാണെന്ന് ബോധ്യപ്പെടുകയും , അതിനുവേണ്ടി ഷോർട്ട് ഫിലിംസും, ഡോക്യുമെന്ററികളും ചെയ്ത് ഇറങ്ങി തിരിക്കുകയും ചെയ്യുന്നത്. സിനിമ വളരെ വ്യത്യസ്ഥമാകണമെന്നും നമ്മുടെ വിഷ്വൽ ലാന്ഗ്വെജിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താം എന്നും തുടങ്ങിയ ചിന്തകളുടെ റിസൽറ്റ് ആണ് അസ്തമയം വരെ എന്ന ചിത്രം.


ചിത്രത്തിന്റെ അവതരണത്തിലെ സങ്കീർണ്ണത ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയിരുന്നു എന്ന അഭിപ്രായം ചില പ്രേക്ഷകർ പങ്കുവെച്ചിരുന്നു. അതേക്കുറിച്ച്  ?

സിനിമ എന്നാൽ ഇതുപോലെയാണ്, അല്ലെങ്കിൽ അതിന്റെ കഥ, ആശയം, നരേറ്റീവ് ഇന്നത്‌  പോലെയായിരിക്കണം എന്നൊന്നും ആരും നിർവചിച്ചിട്ടില്ല. സിനിമ നമ്മുടെ സങ്കൽപ്പങ്ങൾക്ക് അപ്പുറം പോകണം. മൂന്നോ നാലോ തിയറികൾക്കുള്ളിൽ കുടുങ്ങി കിടക്കുകയാണ് പലരും. അതിനൊക്കെ അപ്പുറം സിനിമയെ ഒരു ഓഡിയോ വിഷ്വൽ എക്സ്പീരിയൻസായി കാണാൻ സാധിക്കണം. വീഡിയോ ആർട്ട്  എന്നൊരു മേഖല തന്നെ അങ്ങനെ ഉൾത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. സിനിമ എന്നാൽ ഇങ്ങനെയാണെന്ന സ്ഥിരം ധാരണയിലാണ് പലരും ഇപ്പോഴും. അതിനപ്പുറം ആരും പോകാൻ തയ്യാറാകുന്നില്ല. പക്ഷെ ആരും അങ്ങനെ നിർണ്ണയിച്ചിട്ടില്ല  സിനിമയെ കുറിച്ച്. പുതിയ പുതിയ രീതിയിൽ അതിന്റെ സാധ്യതകൾ കണ്ടെത്തി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നാണ് ഞാൻ കരുതുന്നത്. പിന്നെ ആദ്യ ഫീച്ചർ ഫിലിം എന്ന നിലയിൽ സാമ്പത്തികമായും സാങ്കേതികമായും പരിമിതികൾ ഉണ്ട് ചിത്രത്തിന്.




ചിത്രീകരണത്തിനു അനുയോജ്യമായ ലോകേഷൻസ്, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഉൾപ്പെടെയുള്ള മറ്റു നടന്മാരുടെയും തിരഞ്ഞെടുപ്പ്  പ്രക്രിയ ?

 സ്ക്രിപ്റ്റ് പൂർത്തിയായ ശേഷം ഓഡിഷൻ ചെയ്യുകയായിരുന്നു. പ്രാധാന നടനെത്തന്നെ കണ്ടെത്തിയത് ഏകദേശം 84 ഓളം പേരെ ഓഡിഷൻ ചെയ്തിട്ടാണ്. 84-ആമത്തെ ആളായാണ് സനൽ അമൻ എന്ന നടനെ കണ്ടെത്തിയത്. ഒരു പക്ഷെ ഓഡിഷൻ ചെയ്തവരിൽ അതിലും നന്നായി പെർഫോം ചെയ്യുന്നവർ  ഉണ്ടായിരുന്നിരിക്കാം. പക്ഷെ എനിക്ക് ബോധ്യപ്പെട്ടത് ഇയാളിലാണ്. മറ്റുള്ള കഥാപാത്രങ്ങളെയും അങ്ങനെത്തന്നെയാണ് കണ്ടെത്തിയത്. പിന്നെ ലോക്കേഷൻസ് ഞാൻ മുൻപ് സഞ്ചരിച്ചിട്ടുള്ള സ്ഥലങ്ങൾ തന്നെയായിരുന്നു. ഞാൻ കുറെ വർഷങ്ങളായി യാത്ര ചെയ്യാറുണ്ട്. അങ്ങനെ സിനിമയിലുള്ള പല ലോക്കേഷൻസും എനിക്ക് അറിയാവുന്ന സ്ഥലങ്ങൾ തന്നെയാണ്. എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെ എനിക്കറിയാമായിരുന്നു ഇത് ഇന്ന സ്ഥലത്താണ് ഷൂട്ട് ചെയ്യാൻ പോകുന്നതെന്ന്. അതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. അല്ലാതെ സിനിമക്ക് വേണ്ടി കണ്ട സ്ഥലങ്ങൾ രണ്ടോ മൂന്നോ എണ്ണമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം എന്റെ മനസ്സിൽ തന്നെ ഉണ്ടായിരുന്നു.


നല്ല സിനിമാ ശ്രമങ്ങൾ പലപ്പോഴും തഴയപ്പെടുന്ന ഒരു സാഹചര്യം ഉണ്ട് ഇപ്പോൾ. അങ്ങനെയിരിക്കെ നിലവിലെ വ്യവസ്ഥിതികളിൽ മാറ്റങ്ങൾ വേണമെന്ന് തോന്നിയിട്ടുണ്ടോ  ?

വളരെ കുറച്ച് ആളുകൾ മാത്രമേ ഇത്തരം സിനിമകൾ കാണുന്നുള്ളൂ. വിജയുടെ പടങ്ങളോ, മോഹൻലാലിന്റെ ലൈലാ ഓ ലൈലാ കാണുന്ന ആളുകളൊന്നും അല്ല ഈ സിനിമകൾകൊന്നും വരുന്നത്. സിനിമയെ ഒന്നുകൂടി സീരിയസ്സായി കാണുന്നവരാണ് ഇവിടത്തെ സമാന്തര സിനിമകളെ  ഒക്കെ സപ്പോർട്ട് ചെയ്യുന്നത്. അവർക്ക് സിനിമ കാണാനുള്ള അവസരം ഉണ്ടാകണം. അതിനായി KSFDC പദ്ധതികൾ ആവിഷ്ക്കരിക്കണം. മുൻപ് നമുക്ക് 'ഉച്ച പടം' എന്നൊരു രീതിയുണ്ടായിരുന്നു. ആ സമയങ്ങളിൽ ഇത്തരം സിനിമകൾ കാണേണ്ടവർക്ക് തിയ്യേറ്ററിൽ പോയി കാണാം. അത് പ്രൈവറ്റ് സ്ഥാപനമായിട്ടുള്ള PVR വരെ ഫോളോ ചെയ്യുന്നുണ്ട്. കേരളത്തിൽ അങ്ങനെയില്ല. എന്നാൽ ഇപ്പോഴത്തെ KSFDC ചെയർമാൻ അത് സപ്പോർട്ട് ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോൾ അസ്തമയം വരെ KSFDC യുടെ മൂന്നു തിയ്യേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. ചുരുങ്ങിയത് ഈ മൂന്നു തിയ്യേറ്ററുകളിലെങ്കിലും അവാർഡുകൾ കിട്ടുന്ന സിനിമകൾ എല്ലാ മാസവും ഇന്ന  ഒരാഴ്ച്ച പ്രദർശിപ്പിക്കുക എന്ന സ്ലോട്ട് നിലനിർത്താൻ സാധിക്കണം. അങ്ങനെയാണെങ്കിൽ ഈ പറഞ്ഞ പാരലൽ സിനിമകൾക്ക്‌ മിനിമം ആളുകൾ ഉണ്ടാകും.




ഫിലിം സൊസൈറ്റികൾ ഏറെ പ്രാധാന്യം അർഹിക്കുന്നില്ലേ ?

തീർച്ചയായിട്ടും. പക്ഷെ, പണ്ടത്തെ കാലമല്ല ഇപ്പോൾ. സാങ്കേതികമായി സിനിമ ഒരുപാട് അഡ്വാൻസ്ടാണ്. അപ്പൊ സാങ്കേതിക മികവോട് കൂടി തന്നെ ഒരു സിനിമ കാണണം. എന്നാൽ മാത്രമേ പ്രേക്ഷകരിലേക്ക് എന്താണ് ഒരു സംവിധായകൻ ഉദ്ദേശിക്കുന്നത് എന്നത് കൃത്യമായി എത്തിക്കാൻ സാധിക്കുള്ളൂ. അത്തരത്തിൽ ഫിലിം സൊസൈറ്റികളും അപ്ഡേറ്റ് ചെയ്യണം. 5.1 പോലെയുള്ള സൗണ്ട് സിസ്റ്റത്തിനൊക്കെ കുറഞ്ഞ പൈസ മുടക്കിയാൽ തന്നെ മതി. പലരും അതിനെ പറ്റിയൊന്നും ചിന്തിക്കുന്നില്ല. പല ഫിലിം സൊസൈറ്റികളും നല്ല പോലെ പരിശ്രമിക്കുന്നുണ്ട്, അവയെല്ലാം നവസംവിധായകർക്ക് പ്രോത്സാഹനവും ആകുന്നുണ്ട്. പക്ഷെ ഒന്നുകൂടി നല്ല ടെക്നോളജിയോടെ സിനിമ പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങൾ അധികം കാണുന്നില്ല. അതുകൂടി ശ്രദ്ധിക്കണം.



IFFK താങ്കൾ ഉൾപ്പെടെയുള്ള ഏതൊരു സിനിമാസ്വാദകനും ഒരു പ്രചോദനമാണല്ലോ. ജനകീയതയാണ് IFFK യുടെ മുഖമുദ്ര . ഇക്കഴിഞ്ഞ മേളയിൽ ശ്രീ അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കൊണ്ടുവരാൻ ശ്രമിച്ച മാറ്റങ്ങൾ മേളയുടെ ജനകീയതയെ ബാധിക്കും എന്ന് വിശ്വസിക്കുന്നുണ്ടോ ?

 അടൂർ സർ കൊണ്ടുവരാൻ ശ്രമിച്ച മാറ്റങ്ങൾ പലതും തെറ്റിദ്ധരിക്കപ്പെട്ടതാണ്. അദ്ദേഹം പറഞ്ഞത് കൃത്യമായി ഉൾകൊള്ളാതെ തെറ്റായി വ്യാഖ്യാനിച്ചതാണ് മീഡിയ. ഒരു ഫെസ്റ്റിവലിനെ സംബന്ധിച്ചിടത്തോളം വിദ്യാർത്ഥികളടക്കം നിരവധി പേർ അവിടെ ഉണ്ടാകും. ചിലർ വരുന്നത് പ്രണയിക്കാനാകും, ചിലർ ഒരു മീറ്റിംഗ് പോയന്റ് എന്ന നിലയിലാകും, മറ്റുചിലർ ബഹളം വെക്കാനാകും. അവരൊന്നുമല്ലാതെ സിനിമയെ സീരിയസ്സായി കാണുന്നവർ മാത്രം വരിക എന്നാണ് അടൂർ സർ ഉദ്ദെശിച്ചത്. ഗോവയിലൊക്കെ ഇപ്പോൾ 13000 പേർക്ക് പാസ് കൊടുക്കുന്നുണ്ട്. പക്ഷെ അയ്യായിരത്തിനടുത്തെ അവിടെ കപാസിറ്റി ഉള്ളൂ.  ചലച്ചിത്രമേള ജനകീയമായിക്കോട്ടെ. അതിനോടൊപ്പം വളരെ നല്ലൊരു റിസർവേഷൻ സംവിധാനവും ഉണ്ടാകണം. അതുപോലെ ഷോകളുടെ എണ്ണവും വർദ്ധിപ്പിക്കണം.


നല്ല ആസ്വാദകനിൽ നിന്നുമാണ് നല്ല സൃഷ്ട്ടികളും ഉണ്ടാകുക. ഇഷ്ട സംവിധായകൻ ?  സ്വാധീനിച്ച ചിത്രങ്ങൾ ?

 എന്നെ കൂടുതലും സ്വാധീനിച്ചിട്ടുള്ളത് വിദേശ ചിത്രങ്ങളാണ്. ഫിലിം ഫെസ്റ്റിവലുകളിലൂടെയും സൊസൈറ്റികളിലൂടെയും കണ്ടിട്ടുള്ളവ. 'അസ്തമയം വരെ' എന്ന ചിത്രത്തിനു തന്നെ പ്രചോദാനമായത് Terrence Malick എന്ന അമേരിക്കൻ സംവിധായകന്റെ 'ദി ട്രീ ഓഫ് ലൈഫ്' എന്ന ചിത്രമാണ്. മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള മൂന്നു സംവിധായകർ അടൂരും, ജി അരവിന്ദനും, കെ.ജി ജോർജ്ജുമാണ്. അവരുടെ ചിത്രങ്ങളും തന്നെയാണ് ഏറെ ഇഷ്ട്ടം. മലയാളത്തിലെ യുവ സംവിധായകരിൽ പ്രതീക്ഷയുള്ളത് വിപിൻ വിജയ്‌ ആണ്. ലോകസിനിമയിൽ ഒരുപാട് ഇഷ്ട്ടപെട്ട സംവിധായകരുണ്ട്. Werner Herzog  എന്റെ ഒരു ഇഷ്ട്ട സംവിധായകനാണ്. അദ്ധേഹമാണ് എന്റെ ജീവിതത്തിൽ തന്നെ വഴിത്തിരിവുണ്ടാക്കിയത്. IFFK 2010 ൽ ഞാൻ IFFK യെ കുറിച്ചു ചെയ്ത 'ദി ഡെലിഗേറ്റ്' എന്ന ഡോക്ക്യുമെന്ററിക്ക് വേണ്ടി അദ്ധേഹത്തെ ഇന്റർവ്യൂ ചെയ്യാൻ പറ്റി. ഹെർസോഗുമായുള്ള ആ ഡിസ്ക്കഷൻ എന്റെ സിനിമാസങ്കൽപ്പങ്ങൽ ഏറെ മാറ്റിമറിച്ചു. അതിനു ശേഷം അദ്ധേഹത്തിന്റെ ഒരുപാട് സിനിമകൾ കാണുകയുണ്ടായി.




സോഷ്യൽ മീഡിയകളിൽ ആക്റ്റീവ് ആണല്ലോ സജിൻ. ഫേസ്ബുക്കിനും മറ്റുമെല്ലാം ഒരു ചിത്രത്തെ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിൽ ഇന്ന് ഏറെ സ്വാധീനമുണ്ട്. ഇത് സിനിമക്ക് എത്രത്തോളം സഹായമായി ?

UNTO THE DUSK എന്ന ചിത്രത്തിനു അത് എത്രത്തോളം സഹായമായി എന്നത് തിയ്യേറ്റർ റിലീസിന് ശേഷമേ പറയാൻ സാധിക്കൂ. സിനിമ പ്രമോട്ട് ചെയ്യാനായി മാത്രം സോഷ്യൽ മീഡിയിൽ വന്നിരിക്കുന്ന ഒരാളാണ് ഞാൻ. അല്ലാതെ അതിൽ അത്രയേറെ താൽപ്പര്യം ഒന്നും ഇല്ല. വലിയൊരു മീഡിയം തന്നെയാണ് ഫേസ്ബുക്ക്. മുൻപ് പത്ര മാധ്യമങ്ങളിൽ വാർത്തകൾ വരുമ്പോൾ - അതിനോട് പ്രതികരിക്കാൻ ഉള്ള അവസരം ഒന്നും അങ്ങനെ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഒരു സാധാരണക്കാരന് അവന്റെ സൃഷ്ട്ടികൾ പങ്കുവെക്കാനും പ്രതികരിക്കാനും ഒരു വേദിയാകുന്നുണ്ട് ഫേസ്ബുക്ക് എന്നത് വലിയ കാര്യം തന്നെ.

വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമാണല്ലോ 'അസ്തമയം വരെ' എന്ന ചിത്രവും അതിനു ലഭിച്ച സ്വീകാര്യതയും. സാമ്പ്രദായികതയിൽ നിന്നും മാറി സഞ്ചിരിക്കുന്നുണ്ട് ചിത്രവും, താങ്കളും. സിനിമയെ ലക്ഷ്യം വക്കുന്ന യുവ പ്രതിഭകളോട് പറയാനുള്ളത് ?

 സിനിമ എന്നല്ല നമ്മൾ ഇഷ്ട്ടപ്പെടുന്ന, നമുക്കെന്തെങ്കിലും ചെയ്യാൻ സാധിക്കും എന്ന് തോന്നുന്ന ഒരു മേഖല അതേതുമാവട്ടെ അതിനായി പരിശ്രമിച്ചാൽ അവിടെ  എത്തും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. സിനിമയെ സംബന്ധിച്ചിടത്തോളം ഈ കാമ്പസുകളിലെ പ്രദർശനങ്ങൾക്കും മറ്റു ഫെസ്റ്റിവലുകൾക്കും പോയുള്ള ഒരു അനുഭവത്തിൽ സിനിമയെ നന്നായി മനസ്സിലാക്കുന്ന ഒരുപാടു പേര് ഉണ്ട് എന്നാണു ഞാൻ കരുതുന്നത്. ടെക്നോളജിയും അവർക്ക് അനുകൂലമാണ്. പഴയത് പോലെ ഏക്‌സ്പീരിയൻസിനായി ഒരു സംവിധായകന്റെ പിറകെ വർഷങ്ങളോളം പോകാതെ തന്നെ അവരവുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരമുണ്ട്. ഇനിയുള്ള ഒരു 5 വർഷത്തിനുള്ളിൽ നല്ല സിനിമകളും ഒരുപാട് നല്ല ഫിലിം മേക്കേർസും ഉണ്ടാവും എന്ന് തന്നെയാണ് എന്റെ വിശ്വാസം. അതിനു ഞാനും എന്റെ സിനിമയും ഒരു പ്രചോദനമാകുന്നുണ്ടെങ്കിൽ അതുതന്നെ ഒരു വലിയ കാര്യമാണ്
അടുത്ത ചിത്രത്തെ കുറിച്ച്..

അടുത്ത ചിത്രത്തിന്റെ എഴുത്ത് നടക്കുന്നുണ്ട്. അതും വ്യത്യസ്ഥമായ ഒരു ചിത്രം തന്നെ ആയിരിക്കും. എല്ലാം ഒരുപോലെ ചെയ്തിട്ടു കാര്യമില്ലല്ലോ. വ്യത്യസ്ഥമായ സിനിമകൾ ഉണ്ടാക്കാൻ കഴിയുക എന്നത് തന്നെയാണ് വലിയ കാര്യം. അതുകൊണ്ടാണ് Carlos Reygadas എന്റെ ഒരു ഫേവറൈറ്റ് ഫിലിം മേക്കറാവാൻ കാരണം. അദ്ധേഹം നാല് ചിത്രങ്ങളെ ചെയ്തിട്ടുള്ളൂ. നാലും വളരെ വ്യത്യസ്ഥമായ ചിത്രങ്ങളാണ് - ഒന്നും മറ്റൊന്ന് പോലെയല്ല. നമ്മുടെ പല ഫിലിം മേക്കേർസിന്റെയും ഒരു പ്രശ്നം അവിടെയാണ്. ഇപ്പോഴത്തെ ജോഷി സാറിന്റെ ഒരു സിനിമ നമ്മൾ കാണുകയാണെങ്കിൽ അത് പണ്ട് എങ്ങനെയായിരുന്നോ അതുപോലെത്തന്നെയാണ് ഇപ്പോഴും. അപ്പൊ, ആ രീതിയിൽ ഒരു മാറ്റം വരണം.




Wednesday, 6 May 2015

10.Unto the dusk

Malayalam/2013/105min
Directed by Sajin Babu














ഇന്ത്യയിലെ സമാന്തരസിനിമകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം കടന്നുവരുന്നത് മലയാളവും ബംഗാളിയുമായിരിക്കും. ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ നിന്നകലുന്ന മലയാള സമാന്തര സിനിമാ പ്രസ്ഥാനത്തെ തിരിച്ചു പിടിക്കാനുള്ള വലിയ ശ്രമമായി വിലയിരുത്താം സജിൻ ബാബു എന്ന യുവസംവിധായകന്റെ ''അസ്തമയം വരെ'' (Unto The Dusk) എന്ന ചിത്രം. ബാഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും, കേരളത്തിന്റെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും സ്വന്തമാക്കി  അഭിമാനകരമായ നേട്ടമാണ്  'അസ്തമയം വരെ' കൈവരിച്ചിരിക്കുന്നത്‌.

നോണ്‍ ലീനിയർ ആഖ്യാനത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് പേരോ, കഥ അരങ്ങേറുന്ന സ്ഥലത്തെ കുറിച്ച് പ്രത്യേക പരാമർശങ്ങളോ ഇല്ല. പിന്നണി സംഗീതവും ഉപയോഗിച്ചിട്ടില്ലാത്ത ചിത്രത്തിൽ, ഒരു ദൃശ്യത്തിൽ തന്നെ വേറിട്ട തലങ്ങളിലൂടെ ആശയവിനിമയത്തിന് സംവിധായകൻ ശ്രമിക്കുമ്പോൾ സ്ഥിരം കെട്ടുകാഴ്ച്ചകളിൽ നിന്നും അകന്നുമാറുന്നു പ്രേക്ഷകൻ. സെമിനാരിയിലെ ക്വയർ ഗായികയുടെ മൃതദേഹത്തിന്റെ ദൃശ്യത്തിൽ നിന്നും ചിത്രം തുടങ്ങുന്നു. ശവരതിയുടെ സൂചനകൾ മൃതദേഹത്തിൽ ശ്രദ്ധിക്കപ്പെടുന്നതോടെ സെമിനാരിയിലെ രണ്ടു വിദ്യാർത്ഥികൾ സംശയത്തിന്റെ നിഴലിലാവുകയും അവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. തുടർന്ന്  നിരവധി പീഡനങ്ങൾക്ക് അവർ ഇരയാവുന്നു. അവരിൽ ഒരാൾ ആത്മഹത്യ ചെയ്യുന്നു. മുഖ്യ കഥാപാത്രം സെമിനാരി വിട്ടു ആത്മാന്വേഷണത്തിന്റെ ഭാഗമായി ഒരു യാത്രക്കൊരുങ്ങുന്നു. ഇതാണ് ചിത്രത്തിന്റെ കഥാപരിസരം.

നായകപാത്രത്തിന്റെ യാത്രയുടെ കാരണങ്ങൾ പല ഭാഗങ്ങളിലായി ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി സെമിനാരിയിൽ ചേർന്നതാണയാൽ. തന്റെ കുടുംബ പാശ്ചാത്തലത്തിൽ അയാൾ തീർത്തും നിരാശനാണ്. ബന്ധങ്ങളിലെ പവിത്രത പലപ്പോഴും ചിത്രത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സാമ്പ്രദായികമായ സാമൂഹിക ജീവിതത്തിൽ നിന്നുമാണ് അസ്തമയം വരെയിലെ കഥാനായകന് വഴിമാറി സഞ്ചരിക്കുന്നത്. മനുഷ്യ-കുടുംബബന്ധങ്ങളിൽ തൃപ്തനല്ലാത്ത അയാൾ പ്രകൃതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുകയും, അതിനോടൊപ്പം മനസ്സിൽ പ്രതികാര മനോഭാവവും സൂക്ഷിക്കുന്നു.


അതീവ സങ്കീർണതയോടുകൂടിയുള്ള അവതരണം മിക്കപ്പോഴും കല്ലുകടിയാകുമെങ്കിലും മുന്നോട്ട് വെക്കുന്ന വീക്ഷണങ്ങൾ ചെറുതല്ല എന്ന ബോധം ഉടലെടുക്കുന്നിടത്താണ് ചിത്രത്തിന്റെ ആസ്വാദനം. ഛായാഗ്രഹകൻ കാർത്തിക് മുത്തു കുമാർ ഏറെ അഭിനന്ദനം അർഹിക്കുന്നു. വനാന്തരങ്ങളിൽ നിന്നുമുള്ള ദൃശ്യങ്ങൾ അതിന്റെ സൗന്ദര്യത്തോട് കൂടിയും എന്നാൽ വെളിവാക്കേണ്ട ഭീകരതയും ഉൾക്കൊള്ളിച്ചു അവതരിപ്പിച്ചിട്ടുണ്ട്. ഛായാഗ്രഹണത്തിലെ മികവ് പാശ്ചാത്തല സംഗീതത്തിന്റെ അഭാവം ഏറെ പരിഹരിച്ചു എന്നതിലുപരി ഒരു റിയലിസ്റ്റിക് പ്രതീതി ഉയർത്താനും സഹായകമായി.

ആദ്യ സീൻ മുതൽക്കു തന്നെ നമുക്ക് പരിചിതമല്ലാത്ത വഴിയിലൂടെ സഞ്ചരിക്കുകയും പ്രമേയപരമായി പുതിയ ദിശാബോധം സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട് സംവിധായകൻ. ആധുനിക സമൂഹത്തിൽ മാനവികതയുടെ തുടിപ്പ് അവശേഷിക്കുന്നുണ്ടോ എന്ന് ശവഭോഗത്തിലൂടെ തുടങ്ങുന്ന ചിത്രം അടയാളപ്പെടുത്തുന്നുണ്ട്. ആത്മബോധം തേടി സഞ്ചരിക്കുന്ന കേന്ദ്ര കഥാപാത്രത്തെ ക്രൂശിതനായ ക്രസ്തുവുമായി ബന്ധപ്പെടുത്തി നോക്കി കാണുന്നുണ്ട് ചിത്രത്തിൽ. ബന്ധങ്ങളുടെ പവിത്രത, വ്യക്തികളിൽ നിന്നും വിട്ടകലുന്ന സ്വാതന്ത്ര്യ കാഴ്ച്ചപ്പാടുകൾ, സൈക്കോ വിഭ്രാന്തിയുടെ സാദ്ധ്യതകൾ തുടങ്ങിയവയെ സാമ്പ്രദായികകതയുടെ കുടക്കീഴിൽ നിർത്താതെ വ്യത്യസ്ഥമാകുന്നു ചിത്രം. സനൽ അമൻ എന്ന നടൻ മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചിരിക്കുന്നു.

'സാൾട്ട് ആൻഡ് പെപ്പർ'-ഉം 'കോക്ടൈലും' ഒക്കെയാണോ  മലയാളത്തിന്റെ യുവസിനിമാ സങ്കൽപ്പങ്ങൾ ? യുവസംവിധായകർ ലക്ഷ്യമിടുന്നത് അത്തരം സിനിമൾ അല്ല എന്നതിന്റെ തെളിവാണ്   സജിൻ ബാബുവിന്റെ ''അസ്തമയം വരെ'' പോലുള്ള ശ്രമങ്ങൾ നൽകുന്നത്. ജീവാത്മകമായുള്ള ചിന്തകൾ ആഢംഭരമില്ലാതെ അവതരിപ്പിക്കപ്പെടുന്ന മാധ്യമ മാര്‍ഗമാണ് സമാന്തര സിനിമകള്‍. വിനോദം എന്നരൊറ്റ ലക്ഷ്യത്തോടെ ഈ സിനിമയെ സമീപിക്കുന്നവർക്ക് നിരാശയാകും. എന്നാൽ അൽപ്പം ക്ഷമ ആവിശ്യമെന്നു ഉൾക്കൊണ്ട്  പുത്തൻ സിനിമാ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നവർക്ക് പുതു ചിന്തകൾക്ക് വഴിയൊരുക്കും ചിത്രം.

Sunday, 3 May 2015

9.No Man's Land

Bosnian/2001/98min
Directed by Danis Tanovic














2012-ൽ പുറത്തിറങ്ങിയ 'Halima's Path' എന്ന ബോസ്നിയൻ ചിത്രം നൽകിയ അമ്പരപ്പാണ് 'No Man's Land'(2001) കാണാൻ പ്രചോദനമായത്. 1992-95 കാലഘട്ടത്തിൽ നടന്ന ബോസ്നിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ 3 പട്ടാളക്കാരാണ്. എന്നാൽ നാം കണ്ടു ശീലിച്ച പട്ടാളക്കഥകളിൽ നിന്നും വ്യത്യസ്ഥമാണ് ചിത്രം. തുടർന്നും ബോസ്നിയൻ ചിത്രങ്ങൾ കാണാനുള്ള ഗ്രീൻ സിഗ്നൽ തന്നെയാണ് 'No Man's Land' എന്ന ഡാനിസ് തനോവിച്ച് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രവും നൽകുന്നത്.

ഒരു ട്രഞ്ചിൽ അകപ്പെട്ടു പോകുകയാണ് ഒരു ബോസ്നിയൻ സൈനികനും മറ്റൊരു സെർബിയൻ പടയാളിയും.ഇരുവരും അവരവരുടെ ശത്രുരാജ്യങ്ങളിൽ നിന്നും വെടിയുയരും എന്ന ഭയത്തിനാൽ, രക്ഷപ്പെടുന്നതിനായി വെളിച്ചമണയാൻ കാത്തിരിക്കുകയാണ്. യുദ്ധത്തെ നേരിൽ കാണുന്ന, യുദ്ധമുഖത്ത് രണ്ടു രാജ്യങ്ങൾക്കായി പോരാടുന്ന പട്ടാളക്കാരിലൂടെ രണ്ടു രാജ്യങ്ങളുടെയും ആശയങ്ങളിലെ കലഹം നേരിൽ സാധ്യമാക്കുന്നുണ്ട് സംവിധായകൻ.ഈ സമയമാണ് ട്രഞ്ചിൽ മരിച്ചു എന്ന് കരുതിയിരുന്ന മറ്റൊരു ബോസ്നിയൻ പട്ടാളക്കാരൻ ഉണരുന്നത്. പക്ഷെ അയാളുടെ കീഴെ ഒരു സെർബിയൻ പടയാളി മുൻപ് മൈനർ  കുഴിച്ചിട്ടതിനാൽ അയാൾ അനങ്ങിയാൽ ഉടനത് പൊട്ടി തെറിക്കും. അതിനാൽ അനങ്ങാതെ കിടക്കാൻ അയാൾ നിർബന്ധിതനാകുന്നു.



പരസ്പ്പരം യുദ്ധത്തിലേർപ്പെട്ട രണ്ടു രാജ്യങ്ങളിലെ പടയാളികൾ അതിജീവനത്തിനായി ഒരുമിച്ചു നിൽക്കേണ്ടിവരുന്നു. പക്ഷെ പൂർണ്ണമായി മറ്റൊരാളെ വിശ്വസിക്കാൻ ഇരുവർക്കും സാധിക്കുന്നില്ല. ആയുധശേഖരത്തിന്റെ മേൽക്കോയ്മയുള്ള രാജ്യത്തിനു മറ്റൊന്നിനു മേൽ വിജയം സാധ്യമാകും; ആ വിജയം അർത്ഥവത്തല്ലെങ്കിൽ പോലും. ചിത്രത്തിൽ ഒരു സൈനികൻ മറ്റൊരാൾക്ക്‌ വിധേയനാകുന്നത് ഈപറഞ്ഞ ആയുധബലത്തിന്റെ ശക്തികൊണ്ടാണ്. ചിത്രത്തിലുടനീളം ഉദ്വേഗം നിലർത്തുന്നുണ്ട്  തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ. പ്രകടനത്തിലും ക്യാമറ ഉൾപ്പെടെയുള്ള മറ്റു നിലകളിലും അഭിനന്ദനം അർഹിക്കുന്നു ചിത്രം.

യുദ്ധ മുഖത്തെ സ്ഥിരം ബഹളങ്ങളില്ലാതെ തന്നെ അതിന്റെ തീവ്രത നന്നേ വെളിവാക്കുന്നുണ്ട് ചിത്രം. യുദ്ധം ആര് ആരംഭിച്ചുവെന്നോ,ആരുടെ നിലപാടിലാണ് ശെരിയെന്നോ തുടങ്ങിയ ആശയങ്ങൾ ആസ്വാദകനിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കുത്തിവെക്കാതെ നിഷ്പക്ഷത നിലനിർത്തിയിടത്താണ് ചിത്രത്തിന്റെ പ്രസക്തി (സംവിധായകൻ ബൊസ്നിയക്കാരൻ ആണെന്നിരിക്കെ തന്നെ). കേന്ദ്ര കഥാപാത്രങ്ങളിലൂടെ, യുദ്ധം ഇരു രാജ്യക്കാരും ആഗ്രഹിക്കുന്നില്ല എന്നും അവ സൃഷ്ട്ടിക്കുന്നത് നഷ്ട്ടങ്ങൾ മാത്രമാണെന്നും ഉള്ള അവബോധം പങ്കുവെക്കുകയാണ് സംവിധായകൻ. ചിത്രത്തിന്റെ അവസാന രംഗം പകരുന്ന ആശയവും അത് തന്നെ. യുദ്ധത്തിനിടയിലെ UN ഇടപെടലുകളും, മാധ്യമ പ്രവർത്തകരുടെ ശ്രമങ്ങുമെല്ലാം ചിത്രം അവതരിപ്പിക്കുന്നുണ്ട്.

74 ആം ഓസ്കാർ പുരസ്കാരത്തിൽ മികച്ച വിദേശ സിനിമയായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മറ്റു നിരവധി പുരസ്കാരങ്ങൾ ചിത്രം വാരിക്കൂട്ടി. ഡാനിസ് തനോവിച്ച് എന്ന സംവിധായകന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 'No Man's Land'. യുദ്ധത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട് സംവിധായകൻ. യുദ്ധം പ്രമേയമാക്കി ഒരുക്കിയ നിരവധി ചിത്രങ്ങൾക്കിടയിൽ സവിശേഷമായ ശ്രദ്ധ ക്ഷണിക്കുകയും,അർഹിക്കുകയും ചെയ്യുന്നു ചിത്രം.