Search Movies

Tuesday, 18 September 2018

ജയ് ഭീം



കൂട്ടിച്ചേർത്തും തിരസ്കരിച്ചും ചരിത്രം ഇന്നും വികസിച്ചുകൊണ്ടുതന്നെ ഇരിക്കുകയാണ്. പുനഃവായനയും പുനഃനിർമ്മിതിയും അധികാര രാഷ്ട്രീയതിനായി പോലും വിനിയോഗിക്കപ്പെടുന്ന കാലത്ത് ഓരോ ചരിത്രവായനയും ശ്രദ്ധയോടെ നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. ദളിതർക്ക് നേരെയുള്ള അക്രമങ്ങൾ തുടർക്കഥയാവുന്ന കാലത്തു അവർക്ക് മനുഷ്യനായി ജീവിക്കാനുള്ള അവകാശം സംരക്ഷിച്ച അംബേദ്‌കർ ദർശനങ്ങൾ കൂടുതൽ ശക്തിയാര്ജിക്കുകയാണ് വേണ്ടത്. സവർണ്ണരാഷ്ട്രീയത്തിന്റെ അയിത്താചാരത്തിന് ഇന്നും അംബേദ്കറും, അംബേദ്കറുടെ ജനതയും ഇരയാക്കപ്പെടുന്നുണ്ട് എന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ വസ്തുതയാണ്.

സ്വാതന്ത്ര്യ ഇന്ത്യ അംബേദ്കർക്ക് ശേഷം 62 വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. 'ഞാനൊരു ഹിന്ദുവായി ജനിച്ചെങ്കിലും, ഒരിക്കലും ഒരു ഹിന്ദുവായി മരിക്കുകയില്ല' - എന്ന് 1935ൽ നാസിക്കിൽ വെച്ച് പ്രഖ്യാപിച്ചു വർഷങ്ങൾക്കപ്പുറം 1956ൽ രണ്ടു ലക്ഷം അനുയായികളോടൊപ്പം അംബേദ്ക്കർ ബുദ്ധ മതം സ്വീകരിക്കുകയുണ്ടായി. സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ രേഖപ്പെടുത്തിയ ഇന്ത്യൻ ചരിത്രത്തിൽ, 'ഭരണഘടനയുടെ ശിൽപ്പി' എന്ന വിശേഷണത്തോടെ ആയിരിക്കും ഒരു വിദ്യാർത്ഥി ഇന്ന് അംബേദ്കറെ പരിചയപ്പെടുക. ഈ അടുത്താണ് ഹിന്ദുവിരുദ്ധ പരാമർശങ്ങൾ ഉണ്ടെന്ന പേരിൽ അംബേദ്ക്കറെ കുറിച്ചുള്ള പുസ്തകം ഗുജറാത്തിലെ സ്‌കൂളുകളിൽ നിന്ന് പിൻവലിക്കുകയുണ്ടായത്. അംബേദ്കറിസത്തെ ഹിന്ദുത്വവാദികളും സവർണ്ണരാഷ്ട്രീയവും ഇന്നും ഭയപ്പെടുന്നുണ്ട് എന്നതിന്റെ തെളിവുകളിൽ ഒന്നുമാത്രമാണിത്. ഒരു ജനാധിപത്യ രാജ്യത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് പാർലമെന്റ്. അവിടെ ഇൻഡ്യൻ ഭരണഘടനയുടെ ശില്പിയായ അംബേദ്ക്കറുടെ ചിത്രം സ്ഥാപിക്കുന്നത് പോലും 1990 ൽ മാത്രമാണ്. അംബേദ്ക്കറുടെ ജീവിതത്തെ ആസ്‌പദമാക്കി ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത സിനിമ ഇന്നും ഡി.ഡി നാഷണിലിൽ സംപ്രേക്ഷണം ചെയ്യുന്നതിന് അപ്രഖ്യാപിത വിലക്കുണ്ട്. തിരസ്‌ക്കരിച്ചും വിലക്കിയും പ്രതിരോധിക്കുക എന്നത് നടപ്പാവാതെ വരുമ്പോഴാണ് തങ്ങൾക്ക് വിരുദ്ധമായ ആശയം വെച്ചുപുലർത്തിയ നേതാക്കളെ പോലും കടമെടുത്തുകൊണ്ടു ചരിത്രപരമായ വിരോധാഭാസങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.


ചാതുർവർണ്യവും മനുസ്മൃതിയും അസ്തിത്വം നൽകി രൂപപ്പെട്ട ഹിന്ദുത്വത്തിനു ദളിത് വിഭാഗം എന്നും അടിമകളായിരുന്നു. ജ്യോതിറാവു ഫുലെയേയും, അംബേദ്ക്കറേയും പോലുള്ള നേതാക്കളിലൂടെ ആണ് ഇന്ത്യയിലെ അധഃസ്ഥിത വിഭാഗം ഇന്നുകാണും വിധമെങ്കിലും ജീവിതം സാധ്യമാക്കുന്നത്. ഇൻഡ്യ സ്വാതന്ത്ര്യമാവുക എന്നത് ബ്രിട്ടീഷുകാരിൽ നിന്നും സവർണ്ണരിലേക്കുള്ള ആധികാര കൈമാറ്റം മാത്രമായി പോകരുതെന്നും അധസ്ഥിതരായ തന്റെ ജനതയുടെയടക്കം സാമൂഹികമായ ഉയർച്ച അതിലൂടെ സാധ്യമാക്കണം എന്നുമാണ് അംബേദ്‌കർ വിശ്വസിച്ചിരുന്നത്. ദളിത് വിഭാഗം ഹിന്ദു മതത്തിൽ ഉൾപ്പെടാത്ത പക്ഷം, ഇന്ത്യയിൽ ഹിന്ദുക്കൾ ഒരു ന്യൂനപക്ഷം മാത്രമായിപോവും. ഹിന്ദുക്കൾ ഭൂരിപക്ഷമല്ലാത്ത ഇൻഡ്യയിൽ ജീവിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നത്. 1932 ൽ യോവാർദ്ധ ജയിലിൽ വെച്ച് ഗാന്ധി നടത്തിയ സത്യാഗ്രഹം ദളിത് വിഭാഗങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം അനുവദിക്കുന്നതിന് (മെക്ക്ഡൊണാൾഡ് അവാർഡ്/ കമ്മ്യൂണൽ അവാർഡ്) എതിരെ ആയിരുന്നു. ദളിതരെ ഹിന്ദുത്വത്തിൽ നിന്നും അടർത്തിയെടുക്കാൻ ഇത് കാരണമാവും എന്ന് ഉറച്ചു വിശ്വസിച്ചു അദ്ദേഹം. ഗാന്ധിയുടെ സത്യാഗ്രഹം മരണത്തിൽ കലാശിക്കും എന്ന അപകടത്തെ മുന്നിൽ കണ്ടാണ് ഈ വിധിയിൽ വിട്ടുവീഴ്ച്ച വരുത്താൻ അംബേദ്കർ തയ്യാറാവുന്നത്. (പൂനാ പാക്ട്). ഗാന്ധിയുടെ ജീവൻ തന്റെ ജനതയുടെ മോചനത്തേക്കാൾ വലുതായിരുന്നില്ല അംബേദ്ക്കർക്ക്. പക്ഷെ അങ്ങനെ ഒന്നുണ്ടായാൽ ഇന്ത്യയിലെ ദളിതരുടെ സ്ഥിതി എത്രമേൽ ദുഷ്കരം ആവുമെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടു.
സ്വാതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രിയായി നിയമിക്കപ്പെട്ട അംബേദ്ക്കർ 1955 ൽ മന്ത്രി സ്ഥാനം രാജിവെക്കുന്നത് ഹിന്ദു കോഡ് ബില്ല് പാസ്സാക്കാൻ സാധിക്കാതെ വന്നപ്പോഴായിരുന്നു. ഹിന്ദു സാമൂഹ്യ ജീവിതവും മതാനുഷ്ഠാനങ്ങളും ഒരേ നിയമവ്യവസ്ഥയുടെ കീഴിൽ കൊണ്ടുവരികയും, സ്ത്രീകളുടെ സ്വത്തവകാശമടക്കം മുന്നോട്ട്‌ വെക്കുകയും ചെയ്ത ബിൽ ശക്തമായ എതിർപ്പ് നേരിടുകയാണുണ്ടായത്.



"രാമാനാമം ജപിച്ചതുകൊണ്ടോ, കഴുത്തിൽ തുളസിമാല ധരിച്ചതുകൊണ്ടോ ജന്മികളുടെ ചൂഷണത്തിൽ നിന്ന് നിങ്ങൾ മോചിതരാകാൻ പോകുന്നില്ല. ശ്രീരാമ സ്തോത്രം ഉരുവിട്ടതുകൊണ്ടു കടബാധ്യതകളിൽ നിന്ന് നിങ്ങൾ മോചിതരാകുകയില്ല. പണ്ഡരിപുരത്തേക്ക് തീർത്ഥ യാത്ര നടത്തിയതുകൊണ്ട് മാസം തോറും നിങ്ങൾക്കാരും ശമ്പളം തരികയില്ല. ക്ഷേത്ര പ്രവേശന പ്രസ്ഥാനത്തിന്റെ ഉദ്ദേശം നല്ലാതായിരിക്കാം. എന്നാൽ ആധ്യാത്മിക മേന്മയേക്കാൾ ഭൗതികമമേന്മയാണ് ഇപ്പോൾ ആവിശ്യം. പണമില്ലാതെ നിങ്ങൾക്ക് ഭക്ഷണമോ വസ്ത്രമോ ലഭിക്കുകയില്ല. അതിനാൽ രാഷ്ട്രീയ നേട്ടങ്ങളായിരിക്കണം നിങ്ങളുടെ ലക്‌ഷ്യം." . ഇതായിരുന്നു ക്ഷേത്രപ്രവേശനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. കാലങ്ങളായി തന്റെ ജനത അനുഭവിച്ചു പോരുന്ന അടിമത്വം ഹിന്ദു മതത്തിൽ നിന്ന് പുറത്തുകടന്നാലേ അവസാനിക്കൂ എന്ന ബോധ്യത്തിലേക്ക് അദ്ദേഹം ചെന്നെത്തുന്നുണ്ട്. ഗാന്ധിയുടെ സർവ്വമതസൗഹാർദ പ്രത്യയശാസ്ത്രത്തിനു പോലും ദളിതരുടെ സാമൂഹിക പുരോഗതി ഒരു ലക്ഷ്യമായിരുന്നില്ല. ദളിതരെ ഹിന്ദു മതത്തിൽ നിലനിർത്തി ഹിന്ദുഭൂരിപക്ഷം തുടരുക എന്നത് ഒരു രാഷ്ട്രീയ ലക്‌ഷ്യമായിരുന്നു. ('എന്തുകൊണ്ട് ഞാനൊരു ഹിന്ദുവല്ല' എന്ന കഞ്ചാ ഇളയ്യയുടെ പുസ്തകത്തിൽ ദളിതർക്കുമേൽ ഹിന്ദുത്വം അടിച്ചേല്പിച്ചതാണെന്നും ഹിന്ദു ദൈവങ്ങൾ പോലും തങ്ങൾക്ക് അന്യരായിരുന്നു എന്നുമുള്ള വാദഗതി മുന്നോട്ട് വെക്കുന്നുണ്ട്.) തൊട്ടുകൂടായ്മായെ എതിർത്ത 'ഭൂരിപക്ഷ സ്രഷ്ടാക്കൾക്ക്' ജാതി ഉന്മൂലനം ചിന്തിക്കുക പോലും സാധ്യമായിരുന്നില്ല. ചാതുർവർണ്യത്തിന്റെ സുഖാലസ്യത്തിൽ കഴിഞ്ഞതുകൊണ്ട് തന്നെ തങ്ങൾക്ക് കീഴിൽ എന്നും ദളിതരെ നിലനിർത്തി അപ്രഖ്യാപിതമായി മനു അനുശാസിക്കുന്ന ഒരു ഭരണഘടന തുടർന്നുപോരേണ്ടിയിരുന്നിടത്താണ് അംബേദ്കറുടെ മഹത്തായ ഇൻഡ്യൻ ഭരണഘടന എല്ലാ ജനതക്കും സംരക്ഷണമൊരുക്കുന്നത്.


സവർണ്ണ രാഷ്ട്രീയം പിടിമുറുക്കുന്ന ഈ കാലത്തു തന്നെയാണ് അംബേദ്കർ കൂടുതൽ വായിക്കപ്പെടേണ്ടടത്. ചർച്ചചെയ്യപ്പെടേണ്ടത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ രോഹിത് വെമുലയടങ്ങുന്ന അംബേദ്കറിസ്റ്റുകളുടെ ശബ്ദമായ 'ജയ് ഭീം' വ്യക്തിപ്രഭാവമായിട്ടല്ലാതെ, ആദർശമുൾക്കൊണ്ടു ഉയരേണ്ടതും.


Rama& Krishna - Riddles of Hinduism , in Kannada . A unique cover image Dr.Ambedkar holding a degree in left hand whipping Rama& Krishna. Published in 1995. Àrt by Gopinath.





ReplyForward

Saturday, 11 March 2017

23. Manhole

മാൻഹോൾ: നിരോധിച്ചും നിഷേധിച്ചും അപ്രത്യക്ഷമാകുന്ന ജീവിതങ്ങൾ

Malayalam/2016/85Min
Diectecd by Vidhu Vincent












തിരസ്ക്കരിക്കപ്പെടുന്ന ഒരു വിഭാഗം മനുഷ്യരുടെ ജീവിതം പകർത്തിക്കൊണ്ട് വിധു വിൻസന്റ് ഒരുക്കിയ 'മാൻഹോൾ' ഇടക്കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച രാഷ്ട്രീയ സിനിമകളിൽ ഒന്നാണ്. പുറം മോടികൾക്ക് ഇടം നൽകാതെ യാഥാർഥ്യം യാഥാർഥ്യമായി തന്നെ അവതരിപ്പിക്കപ്പെടുന്നത് കൊണ്ടുകൂടിയാണ് വാണിജ്യ സിനിമകളേക്കാൾ സാംസ്കാരികമായ ഔന്നിത്യം സമാന്തര സിനിമകൾ കൈവരിക്കുന്നത്. അത്തരത്തിൽ സാമൂഹ്യ യാഥാർഥ്യങ്ങളെ പ്രതിനിധീകരിച്ചും അഭിസംബോധന ചെയ്തുകൊണ്ടുമാണ് മാധ്യമം എന്ന നിലയിൽ സിനിമ അതിന്റെ സാംസ്കാരികമായ കർത്തവ്യം നിറവേറ്റുന്നതും. നമ്മുടെ സാമൂഹ്യക്രമവും നിയമവുമടക്കം സൗകര്യപൂർവ്വം മറക്കുന്ന ശുചീകരണ തൊഴിലാളികളാണ് (മാന്വൽ സ്കാവഞ്ചിങ് വർക്കേഴ്സ്) ഇവിടെ 'മാൻഹോളിൽ' പരിഗണിക്കപ്പെടുന്നത്. തങ്ങൾ തിരിച്ചറിഞ്ഞ യാഥാർഥ്യങ്ങളെ കമ്മ്യൂണികേറ്റ് ചെയ്യാൻ ആവിശ്യമായ കഥാപരിസരവും കഥാപാത്രങ്ങളും ഒരുക്കുകയാണ് തിരക്കഥാകൃത്തും, സംവിധായിക വിധു വിൻസന്റും ചെയ്യുന്നത്.

പുറംലോകത്തെ ഒരു വൃത്തത്തിനുള്ളിലെ വെളിച്ചമായി മാത്രം കാണുന്ന ഇരുളടഞ്ഞ മാൻഹോളിനുള്ളിൽ പണിയെടുക്കുന്ന തൊഴിലാളിയുടേതാണ് ചിത്രത്തിലെ ആദ്യ ദൃശ്യം. ഭീതിയുളവാക്കുന്ന ഈ ദൃശ്യത്തിൽ തുടങ്ങി, മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന തൊഴിലിൽ ഏർപ്പെടുന്ന സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗത്തെ അതേപടി പകർത്തുകയാണ് സംവിധായിക. അയ്യൻ എന്ന ശുചീകരണ തൊഴിലാളിയും, ഭാര്യ പാപ്പാത്തിയും ഇവരുടെ മകൾ ശാലിനിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. പാരമ്പര്യ തൊഴിലായ 'തോട്ടിപണി' തന്നെ തുടർന്നുപോരുകയാണ് അയ്യൻസ്വാമി. മകൾക്ക് ആവിശ്യമായ വിദ്യാഭ്യാസം നൽകി ഉന്നതിയിൽ എത്തിച്ചു  പാരമ്പര്യ തൊഴിൽ തന്നിൽ അവസാനിക്കണം എന്ന് അയാൾ പ്രത്യാശിക്കുന്നു. ഭാര്യ പാപ്പാത്തി ഒരു അദ്ധ്യാപികയുടെ വീട്ടിൽ വീട്ടുപണികൾ ചെയ്യുന്നു. അയ്യൻസ്വാമിയുടെ അപകടമരണത്തിന് ശേഷം +2 വിദ്യാർത്ഥിനിയായ ശാലിനിയുടെ ജീവിതത്തിലെ വ്യത്യസ്ഥ കാലഘട്ടങ്ങളിലൂടെ ചിത്രം സഞ്ചരിക്കുന്നു.

'സർക്കാർ രേഖകൾ പ്രകാരം കേരളത്തിൽ മാന്വൽ സ്‌കാവഞ്ചേഴ്‌സ് ഇല്ല. എന്നാൽ റെയിൽവേ സ്റ്റേഷനുകളിലും കംഫർട് സ്റ്റേഷനുകളിലും നഗരങ്ങളിലെ കക്കൂസുകൾ നിറയുമ്പോഴും ആരാണ് വൃത്തിയാക്കുന്നത് ?' പ്രസക്തമായ ഈ ചോദ്യം സമൂഹത്തോടും അധികാര വർഗ്ഗത്തോടും ചോദിച്ചു കൊണ്ടാണ്  മാൻഹോൾ അതിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നത്. 2011 ലെ കണക്കുകൾ പ്രകാരം 8 ലക്ഷത്തോളം പേരാണ് ഇന്ത്യയിൽ  ഇത്തരം ശുചീകരണ തൊഴിലിൽ (മാന്വൽ സ്കാവഞ്ചിങ്) ഏർപ്പെട്ടിട്ടുള്ളതായി കരുതപ്പെടുന്നത്. കഴിഞ്ഞ 2 വർഷകാലത്തിനിടക്ക് 1327 പേരാണ് ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കെ അപകടത്തിൽ പെട്ട് മരിച്ചിട്ടുള്ളത്. 1999 ൽ നിലവിൽ വന്ന നിയമ പ്രകാരം മാന്വൽ സ്കാവഞ്ചിങ് നിരോധിച്ചിട്ടുള്ളതും ഈ തൊഴിലിനായി ആളുകളെ നിയമിക്കുന്നത് ക്രിമിനൽ കുറ്റവുമാക്കി. എന്നാൽ ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇതുവരെ ഒരു കുറ്റവും ചുമത്തപെട്ടിട്ടില്ല. 'വൃത്തിയുടെ ജാതി' എന്ന പേരിൽ വിധു വിൻസന്റ് ഒരുക്കിയ ഡോകുമെന്ററി യുടെ സ്വതന്ത്ര ആവിഷ്കാരമാണ് 'മാൻഹോൾ' എന്ന മുഴുനീള സിനിമ.




സാമ്പത്തികവും സാമൂഹ്യപരവുമായ നിയന്ത്രണങ്ങളാൽ വേർതിരിക്കപ്പെടുന്ന സാമൂഹികാവസ്ഥ  'മാൻഹോളിൽ' അവതരിപ്പിക്കപ്പെടുന്നുണ്ട്. പുറമ്പോക്കിലെ ചേരി പ്രദേശങ്ങളിലേക്ക് കുടിയേറി പാർത്ത ചക്ലിയ സമുദായത്തിൽ പെടുന്നവരാണ് പാരമ്പര്യമായി ഇത്തരം ശുചീകരണ തൊഴിലിൽ ഏർപ്പെടുന്നത്. പാപ്പാത്തി, അവർ ജോലി ചെയ്യുന്ന അദ്ധ്യാപികയുടെ വീട്ടിൽ  എങ്ങനെ പരിഗണിക്കപ്പെടുന്നു എന്നതിൽ നിന്നുൾപ്പടെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അവർ എത്രമാത്രം  തഴയപ്പെടുന്നു എന്ന് മനസിലാക്കാം. ടീച്ചറുടെ വീട്ടിൽ ബാക്കിയാവുന്ന ഭക്ഷണം കവറിലാക്കി കൊണ്ടുവന്ന് മൂന്നംഗ കുടുംബം പങ്കുവെച്ചു കഴിക്കുന്നുണ്ട്. തൊട്ടടുത്ത ദൃശ്യം സ്‌കൂളിൽ വെച്ച് ഉച്ചഭക്ഷണം കൂട്ടുകാരികളോടൊപ്പം  പങ്കുവെച്ചു കഴിക്കുന്ന ശാലിനിയുടേതാണ്. എന്നാൽ തന്റെ കുടുംബ പശ്ചാത്തലം അവർക്കുമുന്നിൽ വെളിവാകപ്പെടുന്നതോടെ അവിടേയും ശാലിനി ഒറ്റപ്പെടുന്നുണ്ട്. വൈകുന്നേരങ്ങളിൽ ചേരിയിലെ മറ്റു കുട്ടികൾക്ക് ക്ലാസ് എടുത്ത് കൊടുക്കുന്നുണ്ട് ശാലിനി. ചേരിയിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്ത പലഹാരം കഴിക്കുന്നതിൽ നിന്നും തന്റെ മകനെ ടീച്ചർ വിലക്കുന്നതുൾപ്പടെയുള്ള രംഗങ്ങളിൽ നേരത്തെ സൂചിപ്പിച്ച സാമൂഹ്യമായ വേർതിരിവ് വ്യക്തമാണ്.സാമ്പത്തികമായ സംവരണത്തിനപ്പുറം സാമൂഹ്യമായ കീഴ്വഴക്കങ്ങളിലൂടെ കാലങ്ങളായി അനുഭവിച്ചു പോരുന്ന അപഹർഷതാ ബോധത്തിൽ നിന്നുമുള്ള മോചനം ഇത്തരം വിഭാഗക്കാർക്ക് ആവിശ്യമായുണ്ട് എന്ന് ചിത്രം സാക്ഷ്യപ്പെടുത്തുന്നു.

ചക്ലിയ സമുദായത്തെ സംബന്ധിച്ചിടത്തോളം അപകട മരണങ്ങൾ സ്വാഭാവികമായ ഒന്നാണെന്ന് ചിത്രം അനുഭവപ്പെടുത്തുന്നുണ്ട്.  നീതി നിർവ്വഹണത്തിലെ കാലതാമസവും നീതി നിഷേധമാണെന്ന ആധിയിലോ പരിഭ്രമത്തിലോ അല്ല നമ്മുടെ ജുഡീഷ്യൽ സിസ്റ്റം നിലകൊള്ളുന്നത് എന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നതായിരുന്നു  മാൻഹോളിലെ കോടതി രംഗങ്ങൾ. ജനാധിപത്യപരം എന്ന് കരുതപ്പെടുന്ന സാമൂഹ്യ-നിയമ വ്യവസ്ഥിതിയിൽ നിന്നും നീതി നിഷേധിക്കപ്പെടുമ്പോൾ ഉടലെടുക്കേണ്ടുന്ന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. തീവ്രമായ ജീവിതയാഥാർഥ്യങ്ങളെ മുന്നിലെത്തിച്ച്‌ രാഷ്ട്രീയപരമായ ഉറച്ച നിലപാട് ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ ചലച്ചിത്രം എന്ന നിലയിൽ ദൃശ്യഭാഷയുടെ സാധ്യത എത്ര  മാത്രം സംവിധായിക ഉപയോഗപ്പെടുത്തി എന്ന്  പരിശോധിക്കേണ്ടതുണ്ട്. പലപ്പോഴായി ഡോക്യൂമെന്ററിയുടേതായ പരിചരണം ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്. ദൃശ്യപരമായി മികച്ചു നിൽക്കുന്നതായ ചില രംഗങ്ങളിലെ പശ്ചാത്തല സംഗീതത്തിന്റെ ഉപയോഗവും അത്രമേൽ ഉചിതമായില്ല എന്ന് പറയാം.

'വൃത്തിയുടെ ജാതി' എന്ന ഡോക്യുമെന്‍ററിയിലൂടെ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മാധ്യമപ്രവര്‍ത്തകയാണ് വിധു വിന്‍സന്‍റ്. കേരളത്തിന്റെ ഇരുപത്തൊന്നാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളക്ക് തിരശ്ശീല വീണപ്പോൾ മാൻഹോളും, വിധു വിന്‍സന്റും സ്വന്തമാക്കിയ നേട്ടം ചരിത്രപരമാണ്. ഐ.ഫ്.ഫ്.കെ  മത്സര വിഭാഗത്തിലെത്തുന്ന ആദ്യ മലയാളി സംവിധായികയാണ് വിധു വിന്‍സന്‍റ്. മികച്ച നവാഗത സംവിധായികയ്ക്കും, മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും 'മാൻഹോൾ' സ്വന്തമാക്കി. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലും മികച്ച ചിത്രത്തിനും, മികച്ച സംവിധായികക്കുമുള്ള അവാർഡ് കരസ്ഥമാക്കി. മലയാളത്തിലെ സ്ത്രീ സംവിധായകരുടെ സാന്നിധ്യം വിരളമായിരിക്കെ വിധു വിന്‍സന്റിന്റെ നേട്ടങ്ങൾ പ്രചോദനാത്മകമാണ്. അധികാരികൾ തന്നെ നിരോധിച്ചും പിന്നീട് നിഷേധിച്ചും അപ്രത്യക്ഷമാക്കുന്ന ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ടെന്ന സത്യത്തെയാണ്  'മാൻഹോൾ' അഭിസംബോധന ചെയ്യുന്നത്.

Sunday, 27 November 2016

22. MASAAN

Hindi/2015/109min
Directed by Neeraj Ghaywan








കാഴ്ച്ചയുടെ സിനിമ - മസാൻ


നോർത്ത് ഇന്ത്യയിലെ വാരണാസി എന്ന നഗരം. പ്രധാനമായും തീർത്ഥാടന കേന്ദ്രങ്ങളെ ചുറ്റിപറ്റി വാണിജ്യാടിസ്ഥാനത്തിൽ ജീവിക്കുന്ന കുറെ മനുഷ്യർ. രണ്ട് സമാന്തര കഥകളെ കൂട്ടിയിണക്കി ചേർത്ത് പിടിക്കുന്ന മസാൻ, ജീവിതഗന്ധിയായ പ്രമേയത്താൽ പച്ചയായ ജീവിതങ്ങളിലേക്കും കണ്ണോടിക്കുന്നു. ദേവി, പീയുഷ് എന്ന ചെറുപ്പക്കാരനുമായി ലൈoഗിക ബന്ധത്തിൽ ഏർപ്പെടുകയും, പോലീസ് അവരെ അറസ്റ്റ് ചെയുക്കയും ചെയ്യുന്നു. പീയുഷ് - ഇതിന്റെ പ്രത്യാഘ്യാതങ്ങൾ തനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ് എന്ന ഭയത്തിൽ  ആത്മഹത്യ  ചെയ്യുന്നു. എന്നാൽ ദേവി ജീവിതം മുന്നോട്ട് നീക്കുന്നു. വേശ്യ എന്ന മുദ്രണത്തിൽ പിന്നീട് നേരിടേണ്ടിവരുന്ന മാനസിക സംഘർഷങ്ങൾ ചിത്രം പ്രതിപാദിക്കുന്നു.

ഇതിനു സമാന്തരമായി തന്നെ വാരണാസി തേരുവോരങ്ങളിൽ ദീപകിന്റെ - യും ഷാലു ഗുപ്തയുടെയും പ്രണയം വിടരുന്നു. സിവിൽ എഞ്ചിനീറിങ്ങിന് പഠിക്കുന്ന ദീപക് , തന്റെ സമുദായം നേരിടുന്ന അരക്ഷിതാവസ്ഥ മറികടക്കമെന്നും, ഉയർന്ന ജീവിത നിലവാരം പുലർത്തണമെന്നും ആഗ്രഹിക്കുന്നു. ഷാലു സാഹിത്യത്തോടും സംഗീതത്തോടും അഭിരുചി പ്രകടിപ്പിക്കുന്നു. രണ്ടു പേരും പ്രണയഭക്തരായ ആദ്യ നിമിഷത്തിൽ വാരണാസിയുടെ നെഞ്ചിലെ തുടിപ്പായ സംഗീതമാണ് അവർക്ക് പശ്ചാത്തലമൊരുക്കിയത്. തുടർന്ന് ഷാലു ഒരു ബസ് അപകടത്തിൽ മരിക്കുകയും, ജീവിതത്തോടുള്ള ദീപക്കിന്റെ അഭിനിവേശം നിലക്കുകയും ചെയ്യുന്നു. സ്നേഹം കൊതിക്കുന്ന മനുഷ്യ മനസിനെ കീറിമുറിച്ച ആ ദുരന്ത വാർത്ത - പിന്നീട് ദീപകിന്റെ മാനുഷിക സംഘർഷങ്ങൾ , സാമൂഹികാവസ്ഥ എന്നീ പ്രതലത്തിലുടെ സിനിമ സഞ്ചരിക്കുന്നു.

വാരണാസി, ഗംഗാനദി, സംഗം യാത്ര, തീർത്ഥാടകർ , പൊതു വ്യാപാര കേന്ദ്രങ്ങൾ, ശവദാഹം തൊഴിലാക്കിയവർ എന്നിങ്ങനെ സാമുഹികാവസ്ഥ പശ്ചാത്തലമാക്കി പച്ചയായ ജീവിത വീക്ഷണം ക്യാമറയിൽ തെളിയുന്നു. റിയലിസ്റ്റിക്ക് അവതരണ ശൈലിക്കൊണ്ടും ജീവിതഗന്ധിയായ പ്രമേയം - കൊണ്ടും വാരണാസി എന്ന പട്ടണത്തെ നെഞ്ചോടടുപ്പിക്കുന്നു സംവിധായകൻ നീരജ് ഗയ്വാൻ.




ആധുനിക ഇന്ത്യ - ജാതീയത

ഇന്ത്യ എത്ര പുരോഗമിച്ചാലും ഇവിടെ വേരോടുന്ന ജാതീയ-വ്യവസ്ഥയിൽ ഒരിക്കലും ഒരു മാറ്റം പ്രകടമല്ല എന്ന ആഹ്വാനം ചിത്രത്തിൽ ഉടനീളം കാണാം. ദീപകിന്റെ ജീവിതാവസ്ഥയാണ് ഈ ധ്വനിക്ക് വേഗം കൂട്ടുന്നത്‌ . ദഠ സമുദായം (Dom community) സമുദായം നേരിടുന്ന സാമൂഹിക അരക്ഷിതാവസ്ഥ വളരെ പ്രകടമാണ് . സന്നദ്ധ സംഗമായി ശവദാഹം എന്ന കുല തൊഴിൽ ഗoഗാ നദിയുടെ തീരത്ത് നിർവഹിച്ചാണ് ദഠ സമുദായം ദൈoനദിന ജീവിതം നയിക്കുന്നത് . പൊതുവേ ദo സമുദായത്തെ ഉത്തരേന്ത്യയിൽ താഴ്ന്ന ജാതിയായി വിലയിരുതപ്പെടുകയും , ശവദാഹം ഒരു താഴ്ന്ന ജോലിയായി കണക്കാകുകയും ചെയ്യുന്നു. ദീപകും ഒഴിവു സമയങ്ങളിൽ വീട്ടുകാരോടൊപ്പം ഈ ജോലിയിൽ ഏർപ്പെടാറുണ്ട്. തന്റെ സമുദായം പുരോഗമിക്കണമെന്നും, വിദ്യാഭ്യാസത്തിലൂടെ തനിക്കത് സാധ്യമാവുമെന്നും ദീപക് വിശ്വസിക്കുന്നു. ഷാലുവുമായുള്ള തന്റെ പ്രണയത്തിലെ ഏക പ്രതിസന്ധി എന്നതും ഈ ജാതി വ്യവസ്ഥയാണ് . ഷാലു ഗുപ്ത ജാതീയമായി     മുതിർന്ന സമുദായത്തിൽ പെട്ടവളാണ് . അതുകൊണ്ടുതന്നെ തങ്ങൾക്ക് ഒന്നിച്ച് ജീവിക്കാൻ കഴിയുമോ എന്ന ആശങ്ക ദീപക്കിനുണ്ട് .

റയിൽവേയിൽ എഞ്ചിനീയറുടെ ജോലി ലഭിക്കുന്ന ദീപക് - ദo സമുദായത്തിന്റെ അരക്ഷിതാവസ്ഥയിൽ നിന്ന് കരകയറുമ്പോൾ, പ്രക്യതി ദുരന്തമെന്നോണം ഷാലു ഓർമ്മയാവുന്നു . അടിസ്ഥാനപരമായി മനുഷ്യൻ എന്ന സ്വത്വം തിരിച്ചുപിടിക്കാനാവാത്ത ഒരു സമൂഹം 'മസാനി'ൽ ദൃശ്യമാണ് .


സ്ത്രീത്വം  -വർത്തമാനം

' സ്ത്രീകൾ അഗ്നിശുദ്ധി വെളിവാക്കണമെന്ന' തീർത്തും അടിസ്ഥാനരഹിതമായ ഒരു സമൂഹമായി ഇവിടെ മുദ്രകുത്തപ്പെടുന്നു വാരണാസി. ദേവി പതക്ക്, പീയുഷ് എന്ന യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും - നിയമസംരക്ഷകർ അത് കൊണ്ടാടപ്പെടുകയും ചെയ്യുമ്പോൾ സ്ത്രീത്വം ഒരു ചോദ്യ ചിഹ്നo പോലെ അവശേഷിക്കുന്നു ചിത്രത്തിൽ . പോലീസ് ഉദ്യോഗസ്ഥൻ മിശ്ര ദേവിയുടെ അർദ്ധനഗ്ന ചിത്രങ്ങൾ കാണിച്ച് പണം ആവശ്യപ്പെടുകയും , ഭീഷണിപ്പെടുകയും ചെയ്യുന്നിടത്ത് ഇന്ത്യയിലെ ഉദ്യോഗസ്ഥ ഭരണത്തിന്റെ (Beaurocracy) അനാസ്ഥ ചർച്ച - ചെയ്യപ്പെടുന്നു . തുടർന്ന്, സമൂഹം ദേവി പതക്കിനെ ശരീരമായി മാത്രം കാണുന്നു . തന്റെ ജോലി സ്ഥലങ്ങളിൽ ആളുകളുടെ തെറ്റായ നോട്ടം, സംസാരം എന്നിവയെല്ലാം ചിത്രത്തിൽ കാണാം . റയിൽവേയിൽ ഗവൺമെന്റ് ഉദ്യോഗം ലഭിച്ചിട്ടും അതു വെടിഞ്ഞ് അലഹാബാദിൽ പoനത്തിനു പോകാനൊരുങ്ങുന്ന ദേവിയിൽ -

സ്വന്തം സാമൂഹിക പരിസരങ്ങളിൽ നിന്ന്‌ ഒരോളിച്ചോട്ടത്തിനുള്ള സാധ്യതയായി മാത്രം അതിനെ കണകാക്കാം . പീയുഷിന്റെ മരണത്തിൽ അത്യന്തം വേദനിച്ചിരുന്ന  ദേവിക്ക് - താങ്ങായ് സ്വന്തം അച്ഛൻ പോലും മുന്നോട്ടു വരാത്ത അവസ്ഥ ചിത്രത്തിൽ പ്രകടമാണ് . പക്ഷേ പിതാവ് വിദ്യാത്ഥർ പതക്കിന്റെ മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുന്ന ചിത്രം - അതിനെ ഒരു പരുതി വരെ സാധൂകരിക്കുകയും പിത്യതത്തിന് തിളക്കം കൂട്ടുകയും ചെയ്യുന്നു . ദേവി മറ്റൊരു സാമൂഹികാന്തരീക്ഷം തേടുന്നതിനൊപ്പം പഠനം തുടരണമെന്ന തിരുമാനം ഒരു പുതു പാതയാണ് - ആധുനികതയുടെയും , ഇന്ത്യൻ സ്ത്രീത്വത്തിന്റെയും .




പ്രണയം, സ്നേഹം, കാമം  -മസാൻ

പങ്കുവെക്കപ്പെടുന്ന കാമം, പങ്കു വെക്കപ്പെടാത്ത സ്നേഹം, പ്രണയ സുരഭിലമായ അന്തരീക്ഷം എന്നിങ്ങനെയുള്ള വലിയ കാഴ്ച്ചകൾ ചിത്രത്തിലുണ്ട് . ദീപകും ഷാലുവും തമ്മിലുള്ള പ്രണയമുഹൂർത്തങ്ങൾ - പലപ്പോഴും സംഗീതത്തിലൂടെയും സാഹിത്യത്തിലൂടെയും തങ്ങളുടെ പ്രണയ ബാഷ്പണങ്ങൾ അവർ കൈമാറി . പ്രണയത്തെ വാഴ്ത്തുന്ന സാഹിത്യ ക്യതികൾ അവർ തിരഞ്ഞു .

പങ്കുവെക്കപ്പെടാത്ത വലിയ സ്നേഹത്തിന്റെ തുടിപ്പ് ദേവി പതക്കിലും അച്ഛൻ വിദ്യാത്ഥർ പതക്കിലും കാണാം. ദേവിയുടെ കാഴ്ച്ചപ്പാടിൽ അച്ഛൻ പിശുക്കനും - രോഗാവസ്ഥയിൽ കിടക്കുമ്പോഴും തന്റെ അമ്മയെ അശുപത്രിയിലേക്ക് അയക്കാതവനുമാണ് വിദ്യാത്ഥർ പതക്ക് . പക്ഷേ, തന്റെ മകൾ വാരണാസിയിൽ നിന്നും ഉന്നത പഠനത്തിനായി അലഹാബാദിൽ പോകുന്നു എന്ന വാർത്ത താങ്ങാവുന്നതിലും അപ്പുറമായിരുന്നു പതക്കിന് .
ആ മുഹൂർതത്തിൽ മനസ് തുറക്കുന്ന പതക്കിൽ നിന്നും ഇതുവരെ പ്രകടിപ്പിക്കാത്ത സ്നേഹാന്തരീക്ഷം മുഴുവൻ ലഭിക്കുന്നു ദേവിക്ക്, അവൾ അച്ഛനെ മനസ്സിലാക്കുന്നു .

ഗംഗാനദീതീരത്ത് തീർത്ഥാടന വസ്തുക്കളുടെ വ്യാപാരം നടത്തുന്ന പതക്ക്, അവിടെ ജോലി ചെയ്യുന്ന കുട്ടിയോടും സ്നേഹം പ്രകടിപ്പിക്കുന്നില്ല . മറ്റൊരവസ്ഥയിൽ അവൻ തനിക്ക് വളരെയെറെ പ്രിയപ്പെട്ടവനാണ് എന്ന തിരിച്ചറിവും ചിത്രത്തിൽ കാണാം . പങ്കുവെക്കപ്പെടാത്ത സ്നേഹം ഒരിക്കലും പൂർണ്ണമിക്കുന്നില്ല എന്ന് സമർത്ഥിക്കുന്നു 'മസാൻ.'

പീയുഷിന്റെയും ദേവി പതത്തിന്റെയും ലൈംഗിക ബന്ധം കാമത്തെ സൂചിപ്പിക്കുന്നു . സ്നേഹത്തിന്റെ പ്രകടമായ മറ്റൊരവസ്ഥാന്തര-മാണ് കാമം. പീയുഷിന്റെ സമ്മാന പോതി ഗംഗാനദിയിൽ ഒഴുക്കുന്ന ദേവിയിൽ തെളിയുന്നത് ആത്മസംതൃപ്തിയും മോഷത്തിലേക്കുള്ള യാത്രയുമാണ് . പീയുഷുമായി ഹൃദ്യമായ ഒരു പ്രണയബന്ധം ദേവിക്കുണ്ട് എന്ന വെളിപ്പെടുത്തലുകൂടിയാണ് ഇത്.



ജീവിതം ഉയർച്ചയും താഴ്ച്ചയും ( പ്രതീക്ഷയുടെ സിനിമ )

ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങൾ 'മസാനിൽ 'കാണാം . ദീപകിന്  ജീവിതത്തോടുള്ള അഭിനിവേശം തുടരുന്നതും, അവസാനിക്കുന്നതും, വീണ്ടും ആളി കത്തുന്നതും ചിത്രത്തിൽ പ്രകടമായ കാഴ്ച്ചയാണ് .ദേവി പതക്ക് തന്റെ സ്ത്രീത്വത്തിനെറ്റ അപമാനക്ഷതത്തിൽ നിന്ന് ഉയർത്തേഴുന്നേൽക്കുകയും , മറ്റൊരു സാമൂഹിക അന്തരീക്ഷത്തിൽ ചെക്കേറുകയും ചെയ്യുന്നു .
പ്രധാന കഥാപാത്രങ്ങളായ ദീപകിനെയും, ദേവിയെയും തളർത്തുന്നത് തങ്ങളുടെ ഇഷ്ടപ്പെട്ടവരുടെ വിടവാങ്ങലാണ് . ബോയ്ഫ്രണ്ടിന്റെ ആത്മഹത്യയും, പോലീസുദ്യോഗസ്ഥന്റെ ഭീഷണിയും , കുറ്റക്കാരിയെന്ന അടിച്ചമർത്തലും ദേവിയെ തളർത്തുമ്പോൾ ദീപക്കിനെ അലട്ടുന്നത് കാമുകിയുടെ വിടവാങ്ങലാണ് . പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതം നയിക്കാനുള്ള ദേവിയുടെയും ദീപകിന്റെയും തിരുമാനം പ്രതീക്ഷയുടെ പുത്തൻ പാതയാണ് .

തീർത്തും വ്യക്തി കേന്ദ്രീകൃതമായല്ല, മറിച്ച് അവരുടെ കുടുംബം, ജീവിത സാഹചര്യങ്ങൾ, ബന്ധങ്ങൾ തുടങ്ങിയവയൊക്കെ അതിസൂക്ഷ്മമായി ഒപ്പിച്ചെടുതുക്കൊണ്ടാണ് 'മസാൻ '' മുന്നോട്ടു നീങ്ങുന്നത് . പ്രണയവും കാമവും ഇരുവരുടെയും മനസ്സിൽ ഉണ്ട്. ചിത്രത്തിന്റെ അവസാന ഭാഗമല്ലാതെ ദേവികും ദീപകും കണ്ടുമുട്ടുന്നില്ല - ഇരുവരും 'സംഘത്തേക്ക്'യാത്ര തിരിക്കുന്നതും പ്രതീക്ഷയുടെ ഒരു പുതു വെളിച്ചമാണ് . ജീവിതത്തെ നമ്മൾ എങ്ങനെ ഉൾകൊള്ളുന്നുവോ , അതുപോലെതന്നെ ജീവിതം നന്മളെയും ഉൾകൊള്ളുമെന്നും, ജീവിതം ജീവിച്ചു തീർക്കാനുള്ളതാണെന്നും 'മസാൻ ' ഓർന്മപ്പെടുത്തുന്നു .



ഇന്ത്യൻ അരക്ഷിതാവസ്ഥ

ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ അരക്ഷിതാവസ്ഥ വളരെ സൂക്ഷ്മമായി മസാൻ ഒപ്പിയെടുക്കുന്നു . ഉദ്യോഗസ്ഥ ഭരണ അനാസ്ഥ , അഴിമതി, ബാലവേല എന്നിങ്ങനെ തടയപ്പെടേണ്ടതായ അനീതികൾ സുഗമമായി മുന്നോട്ട് പോകുന്നതിന്റെ നേർചിത്രo നമുക്ക് കാണാൻ സാധിക്കുന്നു . ഇന്ത്യൻ സമൂഹത്തിന്റെ അമിതമായ ജാഗ്രതാ ബോധം (ConServatism) ദീപകിന്റെയും ഷാലുവിന്റെയും പ്രണയത്തിൽ ദൃശ്യമാക്കുന്നു . പ്രായപൂർത്തിയായിട്ടും സ്വന്തം പ്രണയം, കുടുംബത്താലും സമൂഹത്താലും എങ്ങനെയെല്ലാം തടയപ്പെടുന്നുവെന്നും, വ്യക്തി സ്വാതന്ത്ര്യം എത്രത്തോളം പരിമിതപ്പെടുന്നുവെന്നും വാരണാസിയിലെ തെരുവോരങ്ങളിൽ നിന്ന് 'മസാൻ ' ഓർമ്മപ്പെടുത്തുന്നു .ലിംഗ അസമത്വം മറ്റൊരു വലിയ പ്രശ്‌നമായി ഇന്നും നിലനിൽക്കുന്നു . ദീപക് ജാതി വ്യവസ്ഥയുടെ പേരിൽ മാനസിക സംഘർഷങ്ങൾ നേരിടുമ്പോൾ , സ്ത്രീ കഥാപാത്രമായ ദേവീ പതത്തിന് - പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ എല്ലാ ദോഷ വശങ്ങളും  അനുഭവിക്കേണ്ടിവരുന്നു .
ദീപക് ജോലിയിൽ പ്രവേശിക്കുമ്പോൾ , ദേവി കിട്ടിയ ജോലി രാജിവെച്ച് മറ്റൊരു സാമൂഹിക അന്തരീക്ഷത്തിൽ ചെക്കേറുന്നതും ലിംഗ- സമത്വമില്ലായ്മയുടെ പ്രതീകമാണ് .


തിളങ്ങിക്കൊണ്ടിരിക്കുന്ന 'മസാൻ ' 

' കർസ്' ഫിലിം ഫെസ്റ്റിവലിൽ 'FIPRESCI' Prize - സും 'Promising Future Prize for Debut Film '  പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ നേട്ടമാണ് ' മസാൻ' സ്വന്തമാക്കിയിരിക്കുന്നത് . മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നീരജ് ഗയ്‌വാനും സ്വന്തമാക്കി . മസാന് തിളക്കം കൂട്ടുന്നത് നവീനമായ ദൃശ്യാനുഭവവും , അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനങ്ങളുമാണ് . നവാഗതനായ Vicky KauShal (ദീപക്ക്) , Richa Chadda ( ദേവി ) എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളോട് പൂർണ്ണമായും നീതി പുലർത്തി . ഛായാഗ്രാഹകൻ Avinash Arun Dhaware മനോഹരമായ ദ്യശ്വാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു . വാരണാസിയെ സൂക്ഷ്മമായി നിരീക്ഷിച്ച് ഒപ്പിയെടുത്ത ഫ്രെയിമുകൾ അതിനുദാഹരണമാണ് . തിരക്കഥാകൃത്ത് varun Grover സത്യസന്ധമായ ആധുനിക ലോകവീക്ഷണം 'മസാനി' ലൂടെ സാധ്യമാക്കുന്നു . 

മസാൻ ഒരു ഓർമ്മപ്പെടുത്തലാണ്. കെട്ടുകാഴ്ച്ചയുടെ  കുത്തൊഴുക്കിൽ ഒടുങ്ങാത്ത സമകാലിക ഇന്ത്യൻ സിനിമയുടെ പ്രതീക്ഷയും.

Saturday, 5 November 2016

മിശ്രവിവാഹം (ചെറുകഥ) [Offtopic]

മിശ്രവിവാഹം

സ്കൂളിലെ ഭംഗിയുള്ള ചെടിച്ചട്ടിയിൽ മുറുക്കി തുപ്പിയാണ് രാമൻ നായർ കേറി വന്നത് . വന്നപ്പാടെ ഹെഡ്മാസ്റ്ററെ തുറിച്ചൊരു നോട്ടം. ആധിത്യ മര്യാദകൾ ഒന്നും തന്നെ പാലിക്കാതെ അയാൾ കസേര വലിച്ച് ഹെഡ്മാസ്റ്ററ്റുടെ മുന്നിലിരുന്നു.ഹെഡ്മാസ്റ്റർ രാമൻ നായരുടെ ചെയ്തിയിൽ
പകച്ച് പോയപോലെ മൗനം തുടർന്നു.

" എന്താണെൻറെ മാഷേ , ഇതാണോ ഇവിടത്തെ പഠിപ്പ്'' -രാമൻ നായർ കയർതത്തുപോലെ തുടങ്ങി.
പിന്നീട് തെല്ല് ശാന്തനായി ക്ഷമയോടെ തുടർന്നു
" ഇതിനാണോ മാഷേ എന്നെ മോളെ ഇവിടെയ്ക്ക് ഞാൻ പറഞ്ഞയക്കുന്നത് ''?

കാര്യമെന്താണെന്നറിയാതെ ശങ്കിച്ചുകൊണ്ട് ഹെഡ്മാസ്റ്റർ രാമൻനായരോട്
- ,അതിനിപ്പോ എന്താ നായരേ ഇവിടെ സംഭവിച്ചത്?'

തല ചൊറിഞ്ഞ് രാമൻ നായർ , വീണ്ടും സംസാരം തുടങ്ങുന്നതിന് മുൻമ്പ് ഇടയിൽ കയറി ഹെഡ്മാസ്റ്റർ:
 'അതിപ്പോ ഹോം വർക്കോ അസൈൻമെൻേററാ ചെയ്തിലെങ്കിൽ കുട്ടികളെ ചെറുതായൊന്നു തല്ലും , അല്ലെങ്കിൽ ഇംപോസിക്ഷൻ കൊടുക്കും, അതുമല്ലെങ്കിൽ ക്ലാസിൽ നിന്ന് അല്പനേരം പുറത്താക്കും'

പറഞ്ഞു മുഴുമിക്കാൻ സന്മദിക്കാതെ രാമൻ നായർ ഹെഡ്മാസ്റ്ററോട്
- 'ഇതു വല്ലതുമാണെന്ന് ഞാൻ പറഞ്ഞോ മാഷേ?'

''ഹ .... ഹ .... ഹ''
ഇതുകേട്ട മാതൃകയിൽ ഹെഡ്മാസ്റ്റർ പൊട്ടി ചിരിക്കുന്നു.

ചിരിയിൽ അലോസരപ്പെട്ട് രാമൻ നായർ.

ചിരി അടക്കി മാഷ് തുടരുന്നു
- "ഇതൊന്നുമല്ല കാര്യം എന്നാണെങ്കിൽ തനിക്ക് സ്ഥലം മാറി, ഇത് ഒരു വിദ്യാലയമാണ് ''
നായർ പിറുപിറുത്തു ക്കൊണ്ട്
- 'അതു തന്നെയാ ഞാൻ ചോദിച്ചേ.... എന്ത് തോന്നിവാസമാണ് കുട്ടികളെ നിങ്ങൾ പഠിപ്പിക്കുന്നത്?'

നായരുടെ സംസാരം തീരെ രസിക്കാത്ത മട്ടിൽ ഹെഡ്മാഷ്
,' എന്താ നായരേ ..നിങ്ങള് കാര്യം പറയയ്ന്നാ ..'

:ഞാ പറയ്യാ.... കുട്ടികൾക്ക് നിങ്ങളുടെ മലയാളം മാഷ് പഠിപ്പിച്ചു കൊടുതത്ത് എന്താണെന്നറിയോ?'

തെല്ല് സങ്കോചത്തോടെ ഹെഡ് മാഷ്

തുടർന്നുക്കൊണ്ട് രാമൻ നായർ
,.' മിശ്രവിവാഹം ചെയ്യാൻ, നന്മളെല്ലാരും മനുഷ്യരാണ്, നന്മടെ ചോരയ്ക്ക് ചുവപ്പ് നിറമാണ്, അതുക്കൊണ്ട് സമുഹം പുരോഗമിക്കണമെങ്കിൽ ഓരോ വിദ്യാർത്ഥിയും ഇന്നു മുതൽ പ്രതിജ്ഞ എടുക്കണം....
,, ''എന്താന്നറിയോ മാഷിന്?

ഇല്ല എന്ന് തലയാട്ടിക്കൊണ്ട് ഹെഡ്മാസ്റ്റർ

,' ആ ... നമ്മൾ മിശ്രവിവാഹം ചെയ്യണമെന്ന്!!! '

ചെറിയൊരു ശാന്തത ... പിന്നെ തെല്ല് പുഞ്ചിരിയോടെ ഹെഡ്മാസ്റ്റർ
- ' നായരേ... വിവാഹം ചെയ്യരുത്, ന്ന്  ഒന്നും അല്ലല്ലോ രവി മാഷ് പറഞ്ഞത്
- അവര് വിദ്യാർത്ഥികളല്ലെ നായരേ, ഓര് ചിന്തിക്കട്ടെ , ഓര് തിരുമാനമെടുക്കട്ടെ'' '

കണ്ണ് ചുവപ്പിച്ച് നായർ ഹെഡ് മാഷെ ഒന്നു നോക്കി - എന്നിട്ട് തുടർന്നു
'ന്റെ മോള്ക്ക് പതിനെട്ടു വയസ്സേ ആയിട്ടുള്ളു, ഇതു കേട്ട് ഓള് സമുദായം മാറി വേറെ കല്യാണം കഴിച്ചാ...

പെട്ടെന്ന് വികാരം നിയന്ത്രിക്കാൻ പറ്റാതെ നായർ കസേരയിൽ നിന്നും എഴുന്നേറ്റ് - തുടരുന്നു
" - നിങ്ങളും ആ മാഷിന്റെ സൈഡാണ്, ഇങ്ങനെയാണെങ്കിൽ ടി.സി തന്നെ വഴി, കരയോഗത്തിന്റെ നല്ല വേറെ സ്കൂളുകൾ ഈ നാട്ടിലുണ്ട്"

ഇത് കേട്ട് നടുങ്ങിയ ഹെഡ്മാസ്റ്റർ രാമൻ നായരേ ആശ്വസിപ്പിക്കാനെന്നോണം - അദ്ദേഹത്തെ കസേരയിൽ ഇരുത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
"- ഇത്രയ്ക്ക് സീരിയസ് ആണ് നിങ്ങൾ എന്ന് ഞാൻ വിചാരിച്ചില്ല. മോളെ ക്ലാസ് മാറ്റി ബുദ്ധിമോശം ഒന്നും ചെയ്യരുത്
- ഞാൻ ആ മാഷിനെ ഒരാഴ്ച്ച സസ്പെസ്റ്റ് ചെയ്തോളാം...
ഇനി ക്ലാസിൽ വിവാഹം എന്ന വാക്ക് പോലും ഉച്ചരിക്കരുതെന്ന് എല്ലാരോടും ഞാൻ പറഞ്ഞോളാം" കുലീനമായ ഭാവത്തിൽ മാഷ് അപേക്ഷിച്ചു.

ചെറുപുഞ്ചിരി മുഖത്തേക്ക് ഒഴുകി എത്തി നായർക്ക്.

" പറ്റിയതു പറ്റി ഇനി ആവർത്തിക്കരുത് " എന്നും പറഞ്ഞ് രാമൻ നായർ ഹെഡ്മാസ്റ്ററുടെ മുറിയിൽ നിന്നും ഇറങ്ങി.
നേരെ നടക്കുന്നതിനിടയിൽ അഭിമുഖമായി വന്ന ഗാന്ധി പ്രതിമയുടെ നേരെ മടക്കി കുത്തിയ മുണ്ട് അഴിച്ചിട്ട് ആദരവ് പ്രകടമാക്കി നായർ സ്കൂളിന്റെ പടി ഇറങ്ങി.

Wednesday, 10 August 2016

സ്കൂൾ ഗേൾ കില്ലർ - ഒരു എത്യോപ്യൻ കഥ


പതിവിലേറെ സന്തോഷത്തോടെ ആണ് അന്ന് അബെറാഷ് സ്കൂൾ വിട്ടിറങ്ങിയത്. പഠനത്തിലെ അവളുടെ മികവ് കണ്ട് ഉയർന്ന ക്ലാസിലേക്ക് ശുപാർശ്ശ ചെയ്യാൻ അദ്ധ്യാപകൻ തീരുമാനിച്ചിരിക്കുന്നു. സ്വപ്നം കാണാനും അവയുടെ സാക്ഷാത്കാരത്തിനും തനിക്ക് അവകാശമില്ലെന്നത് ഓർക്കാതെ ആ പതിനാലുകാരി ആഹ്ലാദത്തോടെ നിശ്വസിച്ചു. പുസ്തകവും കൈയ്യിലൊതുക്കി വീട്ടിലേക്ക്  മടങ്ങവേ പൊടുന്നനെ അന്തരീക്ഷത്തിൽ എന്തെന്നില്ലാത്ത ഭീതി പടർന്നു. വിജനമായ ആ മലമ്പ്രദേശത്തിലേക്ക് എവിടെ നിന്നോ  കുതിരപ്പുറത്തായി ഒരു കൂട്ടം ചെറുപ്പക്കാരെത്തി. ഭയന്ന് വിറച്ച് നിൽക്കുന്ന അവളേയും റാഞ്ചിയെടുത്ത് നിമിഷനേരം കൊണ്ട് അവരവിടെ നിന്നും പോയ്മറഞ്ഞു.

വരൾച്ചയിലൂടെയും പട്ടിണി മരണങ്ങളിലൂടെയും, പരിഷ്കൃതരായ നമുക്ക്  പരിചിതമാണ് എതിയോപ്പിയ എന്ന കിഴക്കൻ ആഫ്രിക്കൻ രാജ്യം. എത്യോപ്പിയയുടെ തലസ്ഥാന നഗരിയിൽ നിന്നും ഏറെ ദൂരെയല്ലാത്ത, ഗോത്ര സംസ്കൃതിയിൽ നിന്നും വികസിതമായ ജനാധിപത്യ ചിന്തളിലേക്ക് വളർന്നിട്ടില്ലാത്തതുമായ അർസ്സി എന്ന ഗ്രാമത്തിലാണ് അബെറാഷ് കഴിഞ്ഞിരുന്നത്. തികച്ചും ദരിദ്രരായ കർഷകർ അതിവസിക്കുന്ന ആ ഗ്രാമത്തിൽ നിയമങ്ങൾ നടപ്പാക്കുന്നത് ഗോത്ര നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന നാട്ടുകൂട്ടമാണ്‌. അവിടെ നിലനിന്നിരുന്ന അതിവിചിത്രമായ ഒരു കീഴ് വഴക്കത്തിനാണ് അബെറാഷ് വിധേയയായിരിക്കുന്നത് - ഇഷ്ടപ്പെട്ട പെൺകുട്ടിയെ തട്ടികൊണ്ട് പോയി, ബലാൽകാരം ചെയ്ത്, വിവാഹം കഴിക്കുക ! പ്രാകൃതവും പൈശാചികവുമായി നമുക്കനുഭവപ്പെടുമ്പോഴും അതവിടുത്തെ ഗോത്ര സമൂഹത്തിന്റെ പൗരാണികമായ ഒരാചാരമാണ് !




തട്ടികൊണ്ടുപോയി ഒറ്റപ്പെട്ടൊരിടത്ത് മുറിയിൽ അടക്കപ്പെട്ട അവളെ കൂട്ടത്തിലൊരുവൻ ബലാൽകാരം ചെയ്യുന്നു. അവളുടെ ഭാവി ഭർത്താവായി അധികാരം സ്ഥാപിക്കുകയാണ് അയാൾ. തളർന്നുവീണ അവൾ കിട്ടിയ അവസരത്തിൽ, മുറിയിൽ അയാൾ മറന്നു വെച്ച തോക്കുമെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഭാവി വരന്റെയും കൂട്ടുകാരുടേയും ശ്രദ്ധയിൽ പെടുന്നതോടെ ആ ശ്രമത്തിൽ അവൾ പരാജയപ്പെടുന്നു.  ആത്മരക്ഷാർത്ഥം അവളുതിർത്ത വെടി കൊണ്ട് ഭാവി വരൻ മരിക്കുന്നു !  പരമ്പരാകതമായി തുടർന്നു വരുന്ന കീഴ് വഴക്കത്തെ ലംഘിച്ച, ഭാവി വരനെ വധിച്ച കാധകിയായി മാറുകയാണ് ഇതോടെ അവൾ. നാട്ടുകൂട്ടത്തിന് മുന്നിൽ വധശിക്ഷയായിരിക്കും ഈ കുറ്റത്തിന് അവൾക്കുമേൽ ചാർത്തപ്പടുക! ഗോത്ര നിയമങ്ങൾക്ക് മുന്നിൻ നോക്കുകുത്തി ആകാനേ രാജ്യ നിയമങ്ങൾക്ക് സാധിക്കൂ. 1998 കാലഘട്ടത്തിൽ അർസ്സി ഗ്രാമത്തിലെ 30% വിവാഹങ്ങളും ഈ ആചാരത്തിന്റെ അടിസ്ഥാനത്തിൽ നടന്നവയായിരുന്നു.

ഈ സംഭവം പത്രവാർത്തയാകുന്നതോടെയാണ് സ്ത്രീ അവകാശങ്ങൾക്കായി പോരാടുകയും 'എത്യോപ്യൻ വുമൺ  ലോയേഴ്സ് അസ്സോസിയേഷൻ'  തലവിയിമായിരുന്ന മീസ അശ്നഫി അബെറാഷിനെ കാണാനായി പോലീസ് സ്റ്റേഷനിൽ എത്തുന്നത്. അബെറാഷിന് വേണ്ടി ശക്തമായ നിയമ പോരാട്ടങ്ങൾ അവർ നടത്തുന്നു. ഇതേ തുടർന്നാണ് ചരിത്ര പരമായ ഒരു വിധി കോടതി പ്രഖ്യാപിക്കുന്നത്.
ഗോത്ര സംസ്കൃതിയുടെ വികലമായ കാഴ്ച്ചയിൽ, പരമ്പരാഗത രീതികൾ പിൻതുടർന്ന ചെറുപ്പക്കാരനെ വകവരുത്തിയ അബെറാഷ് കൊടിയ കുറ്റവാളിയാണ്. കോടതി എന്നാൽ അവളെ സ്വതന്ത്രമാക്കുന്നു. മാത്രമല്ല, തട്ടികൊണ്ട് പോയി വിവാഹം കഴിക്കുക എന്ന പൈശാചിക ആചാരത്തെ നിയമവിരുദ്ധവും ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റവുമാക്കി മാറ്റി. എന്നാൽ നാട്ടുകൂട്ടത്തിന്റെ മുമ്പിൽ കുറ്റക്കാരിയായത് കൊണ്ടും, കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ ബന്ധുക്കളും സുഹൃത്തക്കളും അവൾക്കെതിരെ വധഭീഷണി മുഴക്കിയതിനാലും തന്റെ ഗ്രാമത്തിലേക്ക് മടങ്ങാൻ അവൾക്കായില്ല. അബെറാഷിന്റെ മാതാപിതാക്കളും സഹോദരിയും ഭയന്നാണ് അവിടെ കഴിഞ്ഞുപോന്നിരുന്നത്.


1999-ൽ ' സ്കൂൾ ഗേൾ കില്ലർ' എന്ന പേരിൽ ഈ സംഭവത്ത ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി BBC സംപ്രേഷണം ചെയ്തു. 2014-ൽ പ്രശസ്ത ഹോളിവുഡ് താരം ആഞ്ജലീന ജോളിയുടെ നിർമ്മാണ പങ്കാളിത്തത്തിൽ പുറത്തിറങ്ങിയ 'ദിഫ്റത്' എന്ന എത്യോപ്യൻ ചലച്ചിത്രവും അബെറാഷിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. പോയവർഷത്തെ അന്തർദേശീയ ചലച്ചിത്ര മേളകളിലടക്കം ചിത്രം ശ്രദ്ധയാകർഷിച്ചു. അബെറാഷ് ബെക്കലെ ഇന്ന് സ്ത്രീകൾക്കെതിരെ യുള്ള അക്രമങ്ങൾ തടയുന്ന 'ഹർമീ' എന്ന സംഘടനയുടെ സജ്ജീവ പ്രവർത്തകയാണ്.

അതി പ്രാകൃതമായ മത ഗോത്ര വിശ്വാസങ്ങളുടെ മനുഷ്യത്വ രഹിതമായ ഇടപെടലിലൂടെ ദുരിതം പേറുന്ന വിഭാഗത്തിലെ, ഒറ്റപ്പെട്ട ഉയർത്തെഴുനേൽപ്പ് ശ്രമങ്ങളി ലൊന്നാണ് അബെറാഷ് ബെക്കലെയുടേത്. പരമ്പരാകതയുടെ മറപറ്റി സംസ്കാരത്തിന്മേൽ  ഇഴുകിചേർന്ന് അധികാര സ്ഥാപനങ്ങളെ തന്നെ നിയന്ത്രിക്കുന്ന  യുക്തിരഹിത നീതികൾ  സാർവ്വജനനീയമായി തന്നെ തുടരുന്നുണ്ട്. കണ്ടെത്താനോ തിരുത്താനോ ആകാനാവാത്ത വിധം അവ നമ്മെ സ്വാധീനിക്കുകയും ചെയ്യുന്നു.

Sunday, 26 June 2016

21.Ozhivu Divasathe Kali

കാര്യമാക്കേണ്ടുന്ന കളി !



മലയാള സമാന്തര സിനിമകൾ ഇന്ന് എറെക്കുറെ നവീനമായ ജനകീയ മുഖം കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ഡോ: ബിജു, സുദേവൻ, സനൽ കുമാർ ശശിധരൻ, മനോജ് കാന, സജിൻ ബാബു, നറണിപ്പുഴ ഷാനവാസ് എന്നിങ്ങനെ നിരവധി സ്വതന്ത്ര സംവിധായകരെ സമീപകാലത്തെ ഈ മാറ്റത്തോട് ചേർത്ത് പറയേണ്ടതുണ്ട്. ഐ.എഫ്.എഫ്.കെ യിൽ മികച്ച  ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും, 2015 ലെ മികച്ച മലയാള സിനിമക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്ത'മാക്കിയ 'ഒഴിവുദിവസത്തെ കളി' തിയ്യേറ്റർ റിലീസിലൂടെയും ജനശ്രദ്ധ പിടിച്ചു പറ്റി ചരിത്രപരമായ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. 12 വർഷങ്ങൾക്ക് മുമ്പ് ഉണ്ണി ആർ എഴുതിയ ഒഴിവുദിവസത്തെ കളി എന്ന കഥക്ക് അതേ പേരിൽ തന്നെ ചലച്ചിത്ര ഭാഷ്യം ഒരുക്കിയിരിക്കുകയാണ് സനൽ കുമാർ ശശിധരൻ. ഒരു സ്വതന്ത്ര സിനിമ എന്ന നിലയിൽ കൗതുകകരവും  പ്രചോദനദായകവുമായ ചില വസ്തുതകൾ ചിത്രത്തിന് പിറകിലുണ്ട്. വെറും പതിനാല് ദിവസത്തെ ചിത്രീകരണം. പതിനഞ്ച് പേരടങ്ങുന്ന ഷൂട്ടിങ്  ക്രൂ. 15 ലക്ഷം രൂപയുടെ മൊത്തം നിർമ്മാണ ചിലവ്. ചിത്രത്തിൽ ആകെ നൂറോളം ഷോട്ടുകൾ മാത്രം. രണ്ടാം പകുതിയാകട്ടെ 55 മിനിറ്റിന്റെ ഒരൊറ്റ ഷോട്ട് ! ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു 'ചെറിയ' വലിയ സിനിമ.

ഒട്ടും പ്രൊഫഷണലല്ലാത്ത അഭിനേതാക്കളും, ഹാന്റ് ഹെൽഡ് ക്യാമറകളും കൂറ്റൻ സിനിമാ സെറ്റുകളെ നിരാകരിച്ച് തെരുവിലേക്ക് ഇറങ്ങുകയും ചെയ്ത ഇറ്റാലിയൻ നവറിയലിസത്തിന്റെ ശ്രേണി സ്വതന്ത്ര ചലച്ചിത്ര ശ്രമങ്ങൾ പലപ്പോഴും ഓർമ്മപ്പെടുത്താറുണ്ട്. ഒഴിവുദിവസത്തെ കളി യും അതിൽ നിന്ന് അത്രമേൽ വിഭിന്നമല്ല. യാഥാർത്യത്തിനും സ്വപ്നത്തിനും തോന്നലുകൾക്കുമെല്ലാം ഉള്ള അദൃശ്യ ബന്ധങ്ങൾ കണ്ടെത്താനുള്ള യാത്രയാണ് സനൽ കുമാർ ശശിധരന്റെ അദ്യ സിനിമ 'ഒരാൾപ്പൊക്കം' പങ്കുവെക്കുന്നത്. മനുഷ്യൻ പ്രകതിയിൽ നടത്തുന്ന അധിനിവേശവും അവിടെ ചർച്ച ചെയ്യന്നു. ഇതിൽ നിന്നും വിഭിന്നമായി ഒരു ഉത്തമ രാഷ്ട്രീയ സിനിമയാണ് രണ്ടാം ചിത്രമായ 'ഒഴിവുദിവസത്തെ കളി' .പരിഷ്കൃതരായും സാംസ്കാരിക സമ്പന്നരായും സ്വയം ഉദ്ഘോഷിക്കുന്ന മലയാളി സമൂഹത്തിന്റെ യാഥാസ്ഥിതികമായ വായനയും കപട സമത്വ വാദത്തിനേറ്റ കനത്ത പ്രഹരവുമാണ് ചിത്രം. ജാതിയതയുടേയും , വർഗ്ഗീയതയുടേയും ലിംഗ അസമത്വത്തിന്റെയും കേരളീയ മുഖമാണ് ഇവിടെ ചർച്ചാ വിഷയമാകുന്നത്.

തിരഞ്ഞെടുപ്പ് ദിവസത്തെ അവധിയെ മുതലെടുത്ത് മദ്യവും മറ്റു ലഹരികളുമായി ആഘോഷിക്കാൻ കാടിനുള്ളിലെ ഒറ്റപ്പെട്ട ഗസ്റ്റ് ഹൗസിൽ എത്തുന്ന അഞ്ച് അംഗ സൗഹൃദസംഘം. ഒരു ജനാധിപത്യ രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം അവധിയാക്കിയുള്ള യാത്രയിലെ അരാഷ്ട്രീയത ഇവിടെ ശ്രദ്ധേയമാണ്. വിരസതയകറ്റാൻ അഞ്ചംഗ സംഘം ഒരു കളിയിൽ ഏർപ്പെടുകയാണ്. കളിയിൽ ആര് ജഡ്ജി എന്ന ചോദ്യത്തിന് കൂട്ടത്തിലെ സവർണ്ണനും നമ്പൂതിരിയുമായ ആൾ ഉത്തരമാകുകയും ഒടുവിൽ കള്ളൻ എന്ന വിളിപ്പേര് അവർണ്ണന് ചാർത്തി കൊടുക്കുകയും ചെയ്യുന്നിടത്ത് ആധുനിക വർഗ്ഗീയ മുഖം പ്രകടമാണ്. എത്രമേൽ പരിഷ്കൃതയുടെ മുഖം മിനുക്കൽ നടത്തിയാലും മലയാളി സമൂഹത്തിൽ അന്തർലീനമായി കിടക്കുന്ന ജാതിബോധം സാഹചര്യാനുസൃതം വെളിവാകപ്പെടുന്നുണ്ട്.



പൂർണ്ണമായും റിയലിസ്റ്റിക് ശൈലി കൈകൊള്ളുന്നു 'ഒഴിവുദിവസത്തെ കളി'. തിരക്കഥയുടെ കെട്ടുപാടുകൾ പിൻതുടരാതെ അഭിനേതാക്കൾക്ക് അവരുടേതായ സ്വാതന്ത്ര്യം നൽകുന്നുണ്ട് സംവിധായകൻ. അത്തരത്തിൽ അവരെ തടസ്സപ്പെടുത്താതെ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. മലയാള സിനിമ ഇന്നുവരെ കാണാത്ത തരത്തിൽ ദൈർഘ്യമേറിയ ഷോട്ടുകൾ ശൈലീ ഭദ്രമായി ദൃശ്യവൽക്കരിക്കുകയും ആസ്വാദനത്തെ പരിഗണിച്ചു അവതരിപ്പിക്കുകയും ചെയ്യുന്നിടത്ത് ചിത്രം നവീന അനുഭവവുമാകുന്നു. ചിത്രത്തിലുള്ള ഏക സ്ത്രീ കഥാപാത്രം അഞ്ച് പേരും താമസിക്കുന്ന ഗസ്റ്റ് ഹൗസിലെ ജോലിക്കാരിയാണ്. പെണ്ണുടലിനോടുള്ള നിലപാടിൽ ജാതി ബഹുസ്വരത സമവായപ്പെടുന്നുണ്ട്. സവർണ്ണമേധാവിത്വവും പുരുഷമേൽക്കോയ്മയും വേരോടുന്ന ഒരു സമൂഹത്തിന്റെ ജീർണിച്ച മുഖമാണ് ഇവിടെ കൂടുതലായി ചർച്ചചെയ്യപ്പെടുന്നത്. മദ്യത്തിന്റെ ലഹരിയിൽ അഴിഞ്ഞു വീഴുന്ന ജാതി- ലിംഗ സമത്വബോധവും മാന്യതാമുഖവുമേ മലയാളിക്കുള്ളൂ എന്ന് പലവേള വെളിവാകുന്നു. ഒഴിവുദിവസത്തെ കളി കാര്യമാകുന്നതിലൂടെ മലയാളി സദാചാര ബോധവും കൂടുതൽ വികൃതമാകുന്നു.

അവാർഡിനർഹമായാൽ തിയറ്ററുകളില്‍ നിന്ന് പുറത്താക്കപ്പെടുന്ന സമാന്തര സിനിമകളുടെ കാലങ്ങളായുള്ള ദുരവസ്ഥയാണ് ജനപ്രിയ സംവിധായകനായ ആഷിക് അബുവിന്റെ പിന്തുണയിലൂടെ പ്രദർശനത്തിനെത്തി  ഒഴിവുദിവസത്തെ കളി അതിജീവിച്ചിരിക്കുന്നത്. ഒരു സാഹിത്യ ക്യതിയുടെ ഏറ്റവും മികച്ച ദൃശ്യവിഷ്കാരങ്ങളിൽ ഒന്നാണ് ഒഴിവുദിവത്തെ കളി. ഒരു പക്ഷെ മൂലകൃതിയേക്കാൾ മികച്ചതാവാനും ചിത്രത്തിനായി എന്നു പറഞ്ഞാലും അതിശയോക്തിയാകില്ല. വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടോട് കൂടി മലയാളി സമൂഹത്തിന്റെ പ്രതിബിംബമാകാൻ ചിത്രത്തിന് സാധിക്കുന്നു. ബഹുസ്വരതയെ അംഗീകരിക്കാത്ത അല്ലെങ്കിൽ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന സദാചാര, ജാതിയ, വർഗ്ഗീയ നിലപാടുകളെ കുറിച്ച് തിരിച്ചറിവുണ്ടാകാൻ ചിത്രം ആഹ്വാനം ചെയ്യുന്നുണ്ട്. ഷോട്ടുകളുടെ ക്രമീകരണത്തിലും ദൃശ്യമികവിലും കഥാപാത്ര സൃഷ്ടിയിലും എല്ലാം സാമ്പ്രദായികയെ പിൻതുടരാതെ നവീനമാകാൻ ശ്രദ്ധ പുലർത്തിയിരിക്കുന്നു. ചിത്രം കാണുന്ന കാണികളും ഒരു കളിയിൽ അകപ്പെടുകയാണ്. നമ്മുടെ നിലപാടുകളിലും ശബ്ദങ്ങളിലും വെളിവായേക്കാവുന്ന ന്യൂനപക്ഷ വിരുദ്ധത പരിശോധനാ വിധേയമാക്കേണ്ടി വരുന്നു.

Wednesday, 6 January 2016

20.COURT

Marathi/2014/116min
Directed by Chaitanya Tamhane













വർത്തമാന കാലത്തെ ഇന്ത്യൻ നിയമവ്യവസ്ഥയുടെ കിതപ്പുകളുടേയും, ജനാധിപത്യവിരുദ്ധതയുടേയും വിചിന്തനമാണ് കോർട്ട് എന്ന മറാത്തി ചിത്രം. പൗരബോധത്തിലൂന്നി വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടോടു കൂടിയാണ് 'കോർട്ട്' കാലഹരണപ്പെട്ട നീതിന്യായ വ്യവസ്ഥയുടെയും സാമൂഹ്യനീതിയുടേയും പരസ്യവിചാരണക്കൊരുങ്ങുന്നത്. റിയലിസ്റ്റിക് അവതരണത്തിന്റെ ശൈലീഭദ്രതയിലും കറുത്ത ഹാസ്യത്തിൽ തെളിയിച്ചെടുത്ത കഥാഘടനയിലും, ഒരേസമയം ആസ്വാദ്യകരവും വിചിന്തനത്തിന് ശ്രദ്ധ ക്ഷണിക്കുന്ന ദൃശ്യാനുഭവവും ആവുകയാണ് 'കോർട്ട്'. 2014 ലെ മികച്ച ചിത്രത്തിനുള്ള  ദേശീയ പുരസ്കാരാത്തിനു അർഹമായ 'കോർട്ട്' ചൈതന്യ തമന്നേ എന്ന ഇരുപത്തെട്ടുകാരന്റെ ആദ്യ സംവിധാനസംരംഭം കൂടിയാണ്.

മുംബൈ നഗരത്തിലെ അഴുക്കുച്ചാലുകൾ വൃത്തിയാക്കുന്ന തൊഴിലാളികളിൽ ഒരാളായ വികാസ് പവാറിനെ ഓടയിൽ മരിച്ചതായി കണ്ടെത്തുന്നു. ഇതേത്തുടർന്ന് ദളിത് മനുഷ്യാവകാശ പ്രവർത്തകനും കവിയും ഗായകനുമായ നാരായൺ കാംബ്ലെ എന്ന വൃദ്ധൻ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റിലാകുന്നു. നാരായൺ കാംബ്ലെ അവതരിപ്പിച്ച ഗാനത്തിൽ തോട്ടി പ്പണി ചെയ്യുന്ന തൊഴിലാളികളോട് ആത്മഹത്യ ചെയ്യാനുള്ള ആഹ്വാനമുണ്ടായിരുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണിത്.  ഈ കേസിന്റെ വിചാരണാ കാലഘട്ടമാണ് ചിത്രത്തിന്റെ പ്രതിപാദ്യം. സ്റ്റേറ്റും ബ്യൂറോക്രസിയും പ്രതി ചേർക്കപ്പെടെണ്ടുന്ന ഒരു കേസിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് പ്രതിയാവുന്നത് ഒരു മനുഷ്യാവകാശ പ്രവർത്തകനാണ് . ഈ വൈരുദ്ധ്യത്തിൽ തന്നെ ചർച്ച ചെയ്യപ്പെടേണ്ടുന്ന സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം പ്രത്യക്ഷമാണ്. നാരായൺ കാംബ്ലെക്കായി വിനയ് വോറ എന്ന അഭിഭാഷകൻ കോടതിയിൽ ഹാജറാവുന്നു. കുറ്റാരോപിതന്റെ മോചനത്തിനായുള്ള വിനയ് വോറയുടെ  ശ്രമങ്ങളും, പ്രതിക്കുമേൽ കുറ്റം ചാർത്താൻ വസ്തുതകൾ സമർത്ഥിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറും നീതി നടപ്പാക്കേണ്ടുന്ന ചുമതലയുള്ള ജഡ്ജിയേയും കേന്ദ്രീകരിച്ച് ചിത്രം മുന്നോട്ട് പോകുന്നു.കമ്വേഴ്ഷിയൽ സിനിമകളിലൂടെ കണ്ടുശീലിച്ചതും, നീതി-ന്യായ നിർണ്ണയത്തിന്റെ അവസാന വാക്കെന്ന ഖ്യാതി വഹിക്കുന്നതുമായ കോടതിയെ തീർത്തും റിയലിസ്റ്റികായും സൂക്ഷ്മമായും നമുക്കുമുന്നിലെത്തിക്കുന്നുണ്ട് 'കോർട്ട്'.

കറുത്ത ഹാസ്യത്തിന്റെ അകമ്പടിയിൽ ചിരിയുണർത്തുന്ന ഓരോ രംഗത്തിലും ശക്തമായ ഭാഷയിൽ വിമർശനവും സാധ്യമാകുന്നു. നീതി നിർവ്വഹണത്തിലെ കാലതാമസവും നീതി നിഷേധമാണെന്ന ആധിയിലോ പരിഭ്രമത്തിലോ അല്ല കോടതി. മറിച്ച് ഒരേ കേസിന്റെ പലകുറി നീണ്ട വിചാരണയിലൂടെ നിർവികാരമാക്കപ്പെറ്റ മുഖങ്ങളുടെ അഭിമുഖമായി കർക്കശക്കാരനായി തന്നെ നിലകൊള്ളുന്നു അത്. ജുഡീഷ്യറിക്ക് ഒരുവന്റെ പൗര സ്വാതന്ത്ര്യത്തെ ഏതുവിധം ഹനിക്കാം എന്നത് ഒരു വർഷത്തോളം നീണ്ടുപോവുന്ന നാരായണ്‍ കാംബ്ലെയുടെ വിചാരണാ കാലഘട്ടം വ്യക്തമാക്കും. സുരക്ഷാ ക്രമീകരണങ്ങൾ ഒന്നുമില്ലാതെയും, മദ്യപിച്ച് കൊണ്ടും മാൻ ഹോളിൽ ജോലി ചെയ്യുന്ന തൊഴിലാളിയുടെ മരണത്തിൽ  ഒരിക്കലും ഭരണവർഗ്ഗം പ്രതി ചേർക്കപ്പെടുന്നില്ല. ഇതേ സാഹചര്യത്തിൽ ജോലി ചെയ്യുന്ന മറ്റനേകം തൊഴിലാളികളുടെ ജീവിതങ്ങൾ  മുഖവരക്കെടുക്കുവാൻ പരമോന്നത അധികാരം കൈകൊള്ളുന്ന കോടതിയുടെ ഭാഗത്ത് നിന്നും നടപടി ഒന്നും ഉണ്ടാവുന്നില്ല. എന്നോ ലിഖിതമായ നിയമത്തിന്റെ നടത്തിപ്പുകാർ മാത്രമായി കോടതി മാറുന്ന ആധിയിലേക്കാണ് കോർട്ട് ശ്രദ്ധ ക്ഷണിക്കുന്നത്.




മുൻവിധി ക്രമത്തിൽ വസ്തുതാ വിശകലനത്തിന് അപ്പുറം മാനവികതയോ അവകാശങ്ങളെയോ കാണാൻ കഴിയാത്ത വ്യവസ്ഥിതിയോട് കലഹപ്പെടുന്നതാണ് കോർട്ടിൽ അനാവൃതമാവുന്ന രാഷ്ട്രീയം. ചിത്രത്തിൽ കോടതി ഒരു കഥാപാത്രമാണ്. ജഡ്ജിയും വക്കീലുമെല്ലാം ആ കഥാപാത്രത്തിന്റെ സ്വത്വത്തിന്റെ ശിഖരങ്ങളും. അതുകൊണ്ട് തന്നെ ആ കഥാപാത്രങ്ങളുടെ വ്യക്തി ജീവിതങ്ങളേയും നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട് സംവിധായകൻ. ക്ലബ്ബിലും പൊതുപരിപാടികളിലും കേസിനാവിശ്യമായ അന്വേഷണങ്ങൾക്കായും സമയം ചിലവഴിക്കുന്ന യുവാവാണ് വിനയ് വോറ. കുടുംബത്തെ പരിപാലിച്ചും ഒഴിവുസമയങ്ങളിൽ കുടുംബത്തോടൊപ്പം നാടകം കണ്ടും സമയം ചിലവഴിക്കുന്ന മധ്യവർഗ്ഗ വീട്ടമ്മയാണ് 20 വർഷത്തെ തൊഴിൽ പരിചയമുള്ള പബ്ലിക് പ്രോസിക്യൂട്ടർ. പ്രതിയെ കുറ്റം ചാർത്തി ജയിലിലടക്കാനുള്ള വ്യഗ്രതക്കപ്പുറം സത്യാവസ്ഥയുടെ അന്വേഷനത്തിണോ വിശകലനത്തിനോ അവർക്ക് മുതിരേണ്ടി വരുന്നില്ല.

കോടതിയേയും ചുറ്റുപാടുകളെയും സൂക്ഷ്മമായി നിരീക്ഷിച്ച് പ്രതിഷ്ഠിക്കുന്ന ഓരോ ദൃശ്യത്തിലും സംവിധായകന് വ്യക്തമായ ബോധ്യം ഉള്ളതായി കാണാം. റിയലിസ്റ്റിക് പരിചരണത്തിൽ നിന്നും തെല്ലും വിട്ടുമാറാതെ വിഷ്വൽ ലാൻഗ്വേജിന്റെ സാധ്യത കൃത്യമായി ഉപയോഗപ്പെടുത്തുന്നു ചിത്രം. 110 വർഷം മുൻപ് നിരോധനം ഏർപ്പെടുത്തിയെ പുസ്തകം കൈവശം വെക്കുന്നത് നാരായണ്‍ കാംബ്ലെക്കുമേൽ ഒരു കുറ്റമാവുകയും, പുസ്തകത്തെ കുറിച്ചുള്ള പരാമർശത്തെ തുടർന്ന് പ്രത്യേക മത വിഭാഗത്തിൽ നിന്നുമുള്ള ആക്രമണത്തിനു വിനയ് വോറ ഇരയാവുകയും ചെയ്യുന്നത്  നമ്മുടെ സാമൂഹിക ഘടനയിൽ പ്രകടമാകുന്ന അസ്ഥിരതയെ വ്യക്തമാക്കുന്നു. വേനൽക്കാല അവധിക്കായി കോടതിയടക്കുന്ന രംഗത്തിൽ സിനിമയും അവസാനിക്കുന്നു എന്നുതോന്നിപ്പിക്കുന്ന ഘട്ടത്തിൽ നിന്നും, അവധിക്കാല യാത്രക്കായി കുടുംബാഗങ്ങളോടൊപ്പം യാത്രതിരിക്കുന്ന ജഡ്ജിയിലേക്ക് ചിത്രം നീളുന്നു. ജഡ്ജിയുടെ വ്യക്തി ജീവിതത്തേയും പാത്രസ്വഭാവത്തെയും അവതരിപ്പിച്ച് കൊണ്ടേ ചിത്രം പൂർത്തിയാകുന്നുള്ളൂ.

88-ആമത് ഓസ്‌ക്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 'കോർട്ട്' ആണ്. ചിത്രത്തിൽ നാരായണ്‍ കാംബ്ലെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വീര സതീദാർ (വിജയ് രാംദാസ്) എന്ന നാഗാലാന്റ് ആക്റ്റിവിസ്റ്റാണ്. തന്റെ വ്യക്തിപരമായ അനുഭവങ്ങൾ തന്നെയാണ് അദേഹത്തിനു 'കോർട്ട്' എന്ന ചിത്രം. വൈദ്യുദി മോഷണം പിന്നീട്, നിരോധിത പുസ്തകത്തിന്റെ വിൽപ്പന എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട് കോടതിയുടെ കാലതാമാസത്തിലൂടെ നാല് വർഷത്തോളം വലഞ്ഞ് ഒടുവിൽ സ്വതന്ത്രനാക്കപ്പെട്ട വ്യക്തിയാണ് വീര സതീദാർ. താൻ ഏർപ്പെടുന്ന വ്യവസ്ഥിതികളോടുള്ള കലഹം ചിത്രത്തിലൂടെയും തുടരുകയാണ് അദ്ദേഹം. നിലപാടുകളെ വ്യക്തമായ രാഷ്ട്രീയ നിരീക്ഷണത്തോട് കൂടി അവതരിപ്പിച്ച് കൊണ്ട് തന്നെ സ്വന്തമായ നിലപാടുറപ്പിക്കാനുള്ള സ്വാതന്ത്ര്യം ചിത്രം പ്രേക്ഷകർക്ക്‌ നൽകുന്നുണ്ട്. അങ്ങനെ മൗലികതയും, കാലികപ്രസക്തവും,  ഉൾതീവ്രവുമായ 'കോർട്ട്' നിർബന്ധമായും കണ്ടിരിക്കേണ്ടതായി തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു.