Search Movies

Sunday, 26 June 2016

21.Ozhivu Divasathe Kali

കാര്യമാക്കേണ്ടുന്ന കളി !



മലയാള സമാന്തര സിനിമകൾ ഇന്ന് എറെക്കുറെ നവീനമായ ജനകീയ മുഖം കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ഡോ: ബിജു, സുദേവൻ, സനൽ കുമാർ ശശിധരൻ, മനോജ് കാന, സജിൻ ബാബു, നറണിപ്പുഴ ഷാനവാസ് എന്നിങ്ങനെ നിരവധി സ്വതന്ത്ര സംവിധായകരെ സമീപകാലത്തെ ഈ മാറ്റത്തോട് ചേർത്ത് പറയേണ്ടതുണ്ട്. ഐ.എഫ്.എഫ്.കെ യിൽ മികച്ച  ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും, 2015 ലെ മികച്ച മലയാള സിനിമക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്ത'മാക്കിയ 'ഒഴിവുദിവസത്തെ കളി' തിയ്യേറ്റർ റിലീസിലൂടെയും ജനശ്രദ്ധ പിടിച്ചു പറ്റി ചരിത്രപരമായ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. 12 വർഷങ്ങൾക്ക് മുമ്പ് ഉണ്ണി ആർ എഴുതിയ ഒഴിവുദിവസത്തെ കളി എന്ന കഥക്ക് അതേ പേരിൽ തന്നെ ചലച്ചിത്ര ഭാഷ്യം ഒരുക്കിയിരിക്കുകയാണ് സനൽ കുമാർ ശശിധരൻ. ഒരു സ്വതന്ത്ര സിനിമ എന്ന നിലയിൽ കൗതുകകരവും  പ്രചോദനദായകവുമായ ചില വസ്തുതകൾ ചിത്രത്തിന് പിറകിലുണ്ട്. വെറും പതിനാല് ദിവസത്തെ ചിത്രീകരണം. പതിനഞ്ച് പേരടങ്ങുന്ന ഷൂട്ടിങ്  ക്രൂ. 15 ലക്ഷം രൂപയുടെ മൊത്തം നിർമ്മാണ ചിലവ്. ചിത്രത്തിൽ ആകെ നൂറോളം ഷോട്ടുകൾ മാത്രം. രണ്ടാം പകുതിയാകട്ടെ 55 മിനിറ്റിന്റെ ഒരൊറ്റ ഷോട്ട് ! ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു 'ചെറിയ' വലിയ സിനിമ.

ഒട്ടും പ്രൊഫഷണലല്ലാത്ത അഭിനേതാക്കളും, ഹാന്റ് ഹെൽഡ് ക്യാമറകളും കൂറ്റൻ സിനിമാ സെറ്റുകളെ നിരാകരിച്ച് തെരുവിലേക്ക് ഇറങ്ങുകയും ചെയ്ത ഇറ്റാലിയൻ നവറിയലിസത്തിന്റെ ശ്രേണി സ്വതന്ത്ര ചലച്ചിത്ര ശ്രമങ്ങൾ പലപ്പോഴും ഓർമ്മപ്പെടുത്താറുണ്ട്. ഒഴിവുദിവസത്തെ കളി യും അതിൽ നിന്ന് അത്രമേൽ വിഭിന്നമല്ല. യാഥാർത്യത്തിനും സ്വപ്നത്തിനും തോന്നലുകൾക്കുമെല്ലാം ഉള്ള അദൃശ്യ ബന്ധങ്ങൾ കണ്ടെത്താനുള്ള യാത്രയാണ് സനൽ കുമാർ ശശിധരന്റെ അദ്യ സിനിമ 'ഒരാൾപ്പൊക്കം' പങ്കുവെക്കുന്നത്. മനുഷ്യൻ പ്രകതിയിൽ നടത്തുന്ന അധിനിവേശവും അവിടെ ചർച്ച ചെയ്യന്നു. ഇതിൽ നിന്നും വിഭിന്നമായി ഒരു ഉത്തമ രാഷ്ട്രീയ സിനിമയാണ് രണ്ടാം ചിത്രമായ 'ഒഴിവുദിവസത്തെ കളി' .പരിഷ്കൃതരായും സാംസ്കാരിക സമ്പന്നരായും സ്വയം ഉദ്ഘോഷിക്കുന്ന മലയാളി സമൂഹത്തിന്റെ യാഥാസ്ഥിതികമായ വായനയും കപട സമത്വ വാദത്തിനേറ്റ കനത്ത പ്രഹരവുമാണ് ചിത്രം. ജാതിയതയുടേയും , വർഗ്ഗീയതയുടേയും ലിംഗ അസമത്വത്തിന്റെയും കേരളീയ മുഖമാണ് ഇവിടെ ചർച്ചാ വിഷയമാകുന്നത്.

തിരഞ്ഞെടുപ്പ് ദിവസത്തെ അവധിയെ മുതലെടുത്ത് മദ്യവും മറ്റു ലഹരികളുമായി ആഘോഷിക്കാൻ കാടിനുള്ളിലെ ഒറ്റപ്പെട്ട ഗസ്റ്റ് ഹൗസിൽ എത്തുന്ന അഞ്ച് അംഗ സൗഹൃദസംഘം. ഒരു ജനാധിപത്യ രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം അവധിയാക്കിയുള്ള യാത്രയിലെ അരാഷ്ട്രീയത ഇവിടെ ശ്രദ്ധേയമാണ്. വിരസതയകറ്റാൻ അഞ്ചംഗ സംഘം ഒരു കളിയിൽ ഏർപ്പെടുകയാണ്. കളിയിൽ ആര് ജഡ്ജി എന്ന ചോദ്യത്തിന് കൂട്ടത്തിലെ സവർണ്ണനും നമ്പൂതിരിയുമായ ആൾ ഉത്തരമാകുകയും ഒടുവിൽ കള്ളൻ എന്ന വിളിപ്പേര് അവർണ്ണന് ചാർത്തി കൊടുക്കുകയും ചെയ്യുന്നിടത്ത് ആധുനിക വർഗ്ഗീയ മുഖം പ്രകടമാണ്. എത്രമേൽ പരിഷ്കൃതയുടെ മുഖം മിനുക്കൽ നടത്തിയാലും മലയാളി സമൂഹത്തിൽ അന്തർലീനമായി കിടക്കുന്ന ജാതിബോധം സാഹചര്യാനുസൃതം വെളിവാകപ്പെടുന്നുണ്ട്.



പൂർണ്ണമായും റിയലിസ്റ്റിക് ശൈലി കൈകൊള്ളുന്നു 'ഒഴിവുദിവസത്തെ കളി'. തിരക്കഥയുടെ കെട്ടുപാടുകൾ പിൻതുടരാതെ അഭിനേതാക്കൾക്ക് അവരുടേതായ സ്വാതന്ത്ര്യം നൽകുന്നുണ്ട് സംവിധായകൻ. അത്തരത്തിൽ അവരെ തടസ്സപ്പെടുത്താതെ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. മലയാള സിനിമ ഇന്നുവരെ കാണാത്ത തരത്തിൽ ദൈർഘ്യമേറിയ ഷോട്ടുകൾ ശൈലീ ഭദ്രമായി ദൃശ്യവൽക്കരിക്കുകയും ആസ്വാദനത്തെ പരിഗണിച്ചു അവതരിപ്പിക്കുകയും ചെയ്യുന്നിടത്ത് ചിത്രം നവീന അനുഭവവുമാകുന്നു. ചിത്രത്തിലുള്ള ഏക സ്ത്രീ കഥാപാത്രം അഞ്ച് പേരും താമസിക്കുന്ന ഗസ്റ്റ് ഹൗസിലെ ജോലിക്കാരിയാണ്. പെണ്ണുടലിനോടുള്ള നിലപാടിൽ ജാതി ബഹുസ്വരത സമവായപ്പെടുന്നുണ്ട്. സവർണ്ണമേധാവിത്വവും പുരുഷമേൽക്കോയ്മയും വേരോടുന്ന ഒരു സമൂഹത്തിന്റെ ജീർണിച്ച മുഖമാണ് ഇവിടെ കൂടുതലായി ചർച്ചചെയ്യപ്പെടുന്നത്. മദ്യത്തിന്റെ ലഹരിയിൽ അഴിഞ്ഞു വീഴുന്ന ജാതി- ലിംഗ സമത്വബോധവും മാന്യതാമുഖവുമേ മലയാളിക്കുള്ളൂ എന്ന് പലവേള വെളിവാകുന്നു. ഒഴിവുദിവസത്തെ കളി കാര്യമാകുന്നതിലൂടെ മലയാളി സദാചാര ബോധവും കൂടുതൽ വികൃതമാകുന്നു.

അവാർഡിനർഹമായാൽ തിയറ്ററുകളില്‍ നിന്ന് പുറത്താക്കപ്പെടുന്ന സമാന്തര സിനിമകളുടെ കാലങ്ങളായുള്ള ദുരവസ്ഥയാണ് ജനപ്രിയ സംവിധായകനായ ആഷിക് അബുവിന്റെ പിന്തുണയിലൂടെ പ്രദർശനത്തിനെത്തി  ഒഴിവുദിവസത്തെ കളി അതിജീവിച്ചിരിക്കുന്നത്. ഒരു സാഹിത്യ ക്യതിയുടെ ഏറ്റവും മികച്ച ദൃശ്യവിഷ്കാരങ്ങളിൽ ഒന്നാണ് ഒഴിവുദിവത്തെ കളി. ഒരു പക്ഷെ മൂലകൃതിയേക്കാൾ മികച്ചതാവാനും ചിത്രത്തിനായി എന്നു പറഞ്ഞാലും അതിശയോക്തിയാകില്ല. വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടോട് കൂടി മലയാളി സമൂഹത്തിന്റെ പ്രതിബിംബമാകാൻ ചിത്രത്തിന് സാധിക്കുന്നു. ബഹുസ്വരതയെ അംഗീകരിക്കാത്ത അല്ലെങ്കിൽ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന സദാചാര, ജാതിയ, വർഗ്ഗീയ നിലപാടുകളെ കുറിച്ച് തിരിച്ചറിവുണ്ടാകാൻ ചിത്രം ആഹ്വാനം ചെയ്യുന്നുണ്ട്. ഷോട്ടുകളുടെ ക്രമീകരണത്തിലും ദൃശ്യമികവിലും കഥാപാത്ര സൃഷ്ടിയിലും എല്ലാം സാമ്പ്രദായികയെ പിൻതുടരാതെ നവീനമാകാൻ ശ്രദ്ധ പുലർത്തിയിരിക്കുന്നു. ചിത്രം കാണുന്ന കാണികളും ഒരു കളിയിൽ അകപ്പെടുകയാണ്. നമ്മുടെ നിലപാടുകളിലും ശബ്ദങ്ങളിലും വെളിവായേക്കാവുന്ന ന്യൂനപക്ഷ വിരുദ്ധത പരിശോധനാ വിധേയമാക്കേണ്ടി വരുന്നു.

No comments:

Post a Comment