Search Movies

Friday, 8 November 2019

സെൻസർഷിപ്പിൻറെ രാഷ്ട്രീയ മാനങ്ങൾ







സിനിമ അത് നിർമ്മിക്കപ്പെടുന്ന ദേശത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രതിഫലനങ്ങളാകുകയും, സമൂഹത്തിന്റെ തന്നെ വ്യത്യസ്ത തുറകളിലുള്ള മനുഷ്യരെ സ്വാധീനിക്കാനുതകുന്നതായത് കൊണ്ടുമാണ് പൊതുജന പ്രദർശനത്തിന് മുൻപായി അവയെ സെൻസർ ചെയ്യാൻ അധികാര വർഗ്ഗം തയ്യാറാകുന്നത്.  തെറ്റായ പൊതുബോധ നിർമ്മിതിക്കും, വിപ്ലവ ചിന്തകളുടെ പ്രചാരത്തിനും ഒരുപോലെ  മാധ്യമമാവാൻ സാധിക്കും വിധം സിനിമ സമൂഹത്തിൽ സ്വാധീനമാർജിച്ചിട്ടുമുണ്ട്. നിർമ്മിക്കപ്പെടുന്ന സിനിമകളുടെ എണ്ണത്തിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മുന്നിലായിരിക്കെ തന്നെ, ഭരണഘടന അനുവദിച്ചു തരുന്ന ആവിഷ്കാര സ്വാതന്ത്ര്യം സെൻസറിങ്ങിലൂടെ എത്രമാത്രം  ഹനിക്കപ്പെടുന്നു എന്നത് പരിശോധിക്കേണ്ടതാണ്.


1952 ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ് പ്രകാരം രൂപീകൃതമായ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ആണ് പൊതുവായി സെൻസർ ബോർഡ് എന്ന് അറിയപ്പെടുന്നത്. പൊതു പ്രദർശനത്തിന് ആവശ്യമായ രീതിയിൽ സെൻസർ സർട്ടിഫിക്കറ്റുകൾ നൽകാനും, ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്നുമാണ് CBFC യുടെ ചുമതലകൾ. രാജ്യത്തിന്റെ അഖണ്ഡതയ്ക്കോ, പരമാധികാരത്തിനോ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിനോ ഭീഷണിയുയർത്തിയാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും, മാറ്റങ്ങൾ ആവശ്യപ്പെടാനും സെൻസർ ബോർഡിന് അധികാരമുള്ളത്. എന്നാൽ തീവ്രദേശീയതയും, മത-രാഷ്ട്രീയ മൗലികവാദവും ഭരണം കയ്യാളുമ്പോൾ സർഗ്ഗാത്മക ഇടങ്ങളിൽ വന്നുചേരുന്ന രാഷ്ട്രീയബോധം തുടർ വിലക്കുകൾക്ക് വിധേയമാവുകയാണ്. സെൻസർഷിപ്പിന്റെ കത്രികക്കിരയാവുകയും വിലക്കപ്പെട്ടതുമായ ചിത്രങ്ങൾ നിരവധിയാണ്.


ഗുജറാത്ത് കലാപം പശ്ചാത്തലമായി വന്ന രാഹുൽ ഡോലാക്യയുടെ 'പർസാനിയ' (2005), നന്ദിത ദാസിന്റെ 'ഫിറാഖ്' (2008)  എന്നീ ചിത്രങ്ങൾ സെൻസർ വിലക്കിന് ഇരയാക്കപ്പെട്ടതാണ്. അധികാരം കയ്യാളുന്ന തീവ്ര വലതുപക്ഷത്തിന്റെ പ്രതിഷേധവും താല്പര്യങ്ങളും തന്നെ അതിന് പിന്നിൽ പ്രവർത്തിക്കുകയും ചെയ്തു. നന്ദിത ദാസിന്റെ ഫയർ(1996), അന്തർദേശീയ തലത്തിലുൾപ്പടെ  ശ്രദ്ധയാകർഷിക്കുകയും, അംഗീകരിക്കപ്പെടുകയും ചെയ്തപ്പോൾ, സ്വവർഗ്ഗരതി പ്രമേയമാവുന്ന ചിത്രത്തിന് സ്വരാജ്യത്ത് വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. ഫൂലൻ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്ത് വന്ന 'ബന്ദിത് ക്വീൻ' (1994), ദീപ മേത്തയുടെ 'വാട്ടർ' (2005) എന്നിവയും ശക്തമായ രാഷ്ട്രീയം ഉൾകൊള്ളുന്ന സിനിമകൾ ഏതുവിധം ഭരണഗൂഢ ധ്വംസനത്തിന് ഇരയാകേണ്ടി വന്നു എന്നതിന്റെ സൂചകങ്ങളാണ്. 2013 ൽ പുറത്ത് വന്ന ജയൻ ചെറിയാന്റെ 'പപ്പീലിയോ ബുദ്ധ' ദളിത് രാഷ്ട്രീയത്തിന്റെയും ഗാന്ധി വിമർശനത്തിന്റെയും ശക്തമായ ഭാഷ്യമായിരുന്നു. അനുമതി നിഷേധിച്ചെങ്കിലും പിന്നീട് സെൻസർഷിപ്പിന്റെ വിധേയത്വത്തിൽ അംഗീകരിച്ച മാറ്റങ്ങളോടെ പൊതു പ്രദർശനാനുമതി ലഭിച്ചു.

അടുത്ത കാലത്ത് മൃഗീയമാം വിധം സെൻസർ ആക്രമണത്തിന് വിധേയമായത് അഭിഷേക് ചൗബേ സംവിധാനം ചെയ്ത 'ഉട്താ പഞ്ചാബ്' ആണ്. പേര് തന്നെ മാറ്റുന്നതുൾപ്പടെ 89 കട്ടുകളാണ് ചിത്രത്തിന് നിർദ്ദേശിക്കപ്പെട്ടത്. പഞ്ചാബിന്റെ ലഹരി മാഫിയയെ കൃത്യമായി തുറന്നുകാണിക്കുന്ന ചിത്രത്തെ പ്രതിരോധിക്കുന്നത് അവിടുത്തെ സർക്കാരിന്റെ നിലനിൽപ്പിന്റെ ആവിശ്യകതയായി വന്നു. ഇത്തരത്തിൽ സമകാലികത്തിൽ ഒതുങ്ങാതെ സെൻസർഷിപ്പിന്റെ വിശാലമായ ചരിത്രം ലോകസിനിമയുടെ പശ്ചാത്തലത്തിൽ  എടുത്താൽ തന്നെ ബോധ്യപ്പെടുന്നത് അവക്ക് പിന്നിലെ രാഷ്ട്രീയ ജാഗ്രതയാണ്. വിരുദ്ധ ആശയത്തെ പ്രതിരോധിക്കാൻ ഉതകുന്ന നടപടികൾ അതാത് ദേശത്തെ ഭരണ സംവിധാനങ്ങൾ കൃത്യമായി നടത്തിവരുന്നു. നേരിട്ടുള്ള സെൻസർഷിപ്പിനപ്പുറം തിരസ്കരിക്കപ്പെടേണ്ട ന്യൂനപക്ഷ ആശയത്തെ മുഖ്യധാര ഇന്നും  എത്ര സമർത്ഥമായി അരുകിവൽക്കരിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് അംബേദ്കർ സിനിമക്ക് മേലുള്ള അപ്രഖ്യാപിത വിലക്ക്. ഇന്നും സർക്കാർ ചിലവിൽ നിർമ്മിതമായ ചിത്രം ഡി.ഡി നാഷണലിൽ പ്രക്ഷേപണം ചെയ്യപെട്ടിട്ടില്ല. ഓൺലൈൻ പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സും, ആമസോൺ പ്രൈമുമെല്ലാം സെൻസർഷിപ്പിന്റെ പരിധിയിൽ വരണമെന്ന ആവിശ്യവും ശക്തിപ്പെടുകയാണ്. 'സാക്രഡ്‌ ഗെയിംസ്' പോലുള്ള ഓൺലൈൻ സീരീസുകൾക്ക് എതിരെ ഹിന്ദുത്വ വാദികളുടെ പ്രതിഷേധമുണ്ടായി എന്നതും ഇതിനോട് കൂടി ചേർത്ത് വായിക്കേണ്ടതാണ്. സമീപ കാലത്ത് ജാതി രാഷ്ട്രീയം കൃത്യമായി ചർച്ച ചെയ്ത ഫാന്ദ്രി, മസാൻ, സൈറത്, പരിയേറും പെരുമാൾ, തിത്തി തുടങ്ങിയ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയാകട്ടെ പ്രതീക്ഷാവഹമാണ്.


തിരസ്കരിക്കപ്പെടേണ്ടത് എന്ന് മുഖ്യധാര വിലയിരുത്തുന്ന ന്യൂനപക്ഷ വിയോജിപ്പുകളെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയം സെൻസർഷിപ്പിന് പിന്നിൽ കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. 'പ്രകൃത്യാ ഒരു പ്രത്യയശാസ്ത്ര മൃഗമാണ് മനുഷ്യനെന്ന' വായന തന്നെ അവന്റെ സർഗ്ഗാത്മക ഇടങ്ങളിൽ വന്നുചേരുന്ന രാഷ്ട്രീയ ബോധത്തിന്റെ സൂചനയാണ്. ആ സർഗ്ഗാത്മകത, സിനിമ പോലൊരു ജനകീയ മാധ്യമത്തിൽ പ്രവർത്തിക്കുമ്പോൾ അതിൻമേൽ ഏർപ്പെടുന്ന വിലക്കുകൾക്ക് പിന്നിൽ ദേശ കാലങ്ങൾക്ക് വിഭിന്നമായി പ്രവർത്തിക്കുന്നത് വിയോജിപ്പിനോടുള്ള (dissent) ഭയമാണ്. ജാതി,മത,വംശ ധ്വംസനങ്ങളുടെ യാഥാർഥ്യം അഭിസംബോധന ചെയ്യുന്നതിനപ്പുറം സൗന്ദര്യാത്മകവും തീവ്രവുമായ ദേശീയത കൊണ്ടാടണം എന്ന നിർബന്ധബുദ്ധിയാണ്.

No comments:

Post a Comment