Search Movies

Saturday 24 October 2015

18.PIKU

Hindi/2015/122min
Directed by Shoojit Sircar












Is Virginity overrated in India ?

സ്ത്രീത്വത്തിലേക്കും മനുഷ്യബന്ധങ്ങളുടെ കാഴ്ച്ചപ്പാടുകളിലേക്കും ഇറങ്ങി ചെന്നുകൊണ്ടാണ് 'പീക്കു' വാചാലമാകുന്നത്.  ആഗോളീകൃത സാമൂഹികാവസ്ഥയിൽ ഇടകലർന്ന വ്യക്തിനിഷ്ടമായ കാഴ്ച്ചപ്പാടുകളാണ് ചിത്രം പങ്കുവെക്കുന്നത്. ഒരു സംസ്കാരത്തെ പൂർണ്ണമായി തള്ളികളയാനോ പരമ്പരാകതയെ പൂർണ്ണമായി അംഗീകരിക്കാനോ ശ്രമിക്കുന്നില്ല 'പീക്കു'. മറിച്ച് ഓരോ സംസ്കാര പാരമ്പര്യത്തിലും ഇടചേർന്ന് നിൽക്കുന്ന നന്മകളിലേക്ക് ചുവടുവെക്കുന്നു. അധികബഹളങ്ങളിൽ നിന്നു മാറ്റി നിർത്തി മനസ്സ് നിറക്കുകതന്നെ ചെയ്യും ഈ ഷൂജിത് സര്‍ക്കാർ ചിത്രം.

പീക്കു - മുപ്പത് വയസ്സ് പ്രായം വരുന്ന അവിവാഹിതയായ എന്നാൽ  കന്യകാത്വം നഷ്ടപെട്ട സ്ത്രീ. പീക്കുവിന്റെ പിതാവ് ഭാസ്‌ക്കോര്‍ ബാനർജി ഒരിക്കലും തന്റെ മകളെ വിവാഹം എന്ന വ്യവസ്ഥിതിയോട്  അനുഗമിക്കാൻ അനുവദിക്കാത്ത, അതാഗ്രഹിക്കാത്തയാളാണ്. ഇതിൽ പീക്കുവിന് പ്രതിഷേധമുണ്ട്. ആധുനിക സ്ത്രീത്വം ലൈഗീകാകർഷണത്തിന് മാത്രമല്ലെന്നും, സാമൂഹിക നവോത്ഥാന വക്താവാകണമെന്നൊക്കയുള്ള ബാനർജിയുടെ വാദങ്ങളിൽ പീക്കുവിനെ പിരിയാനുള്ള പിതാവിന്റെ സ്വാർത്ഥതയും, മറ്റൊരർത്ഥത്തിൽ  സ്ത്രീ സമൂഹത്തെ ആദരവോടെ കാണുന്നൊരു പ്രതിനിധിയും ഉണ്ട്.

'A Person's emotion depends on his motion' എന്ന ബാനർജിയുടെ പ്രസ്താവനയിൽ 'വലിയ കാര്യങ്ങൾ' മാത്രം സംസാരിക്കുന്ന ബോളിവുഡ്  മസാല ചേരുവകളോടുള്ള പരിഭവമുയരുന്നു. പ്രായമായ പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ നന്നേ ശ്രദ്ധ പുലർത്തുന്നുണ്ട് പീക്കു. ഇനിയുമധികം പരിഗണന ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന പിതാവ്, തന്റെ 'ഗുരുതര' ആരോഗ്യപ്രശ്നമായ മലബന്ധത്തെ വലിയ രീതിയിൽ ഉയർത്തിക്കാണിക്കാൻ ശ്രമിക്കുന്നു. ആധുനിക മുഖ്യധാര ചിത്രങ്ങളിൽ കൈമോശം വന്ന മനുഷ്യബന്ധങ്ങളിലെ ലാളിത്യവും ഗൃഹാതുരുത്വവും കൂടെകൂട്ടുന്നു 'പീക്കു'. അടിസ്ഥാന ഘടകങ്ങളിൽ നിന്നും സിനിമയെ വികസിപ്പിച്ച് മുന്നോട്ടുപോകുന്ന ഒരു സംവിധായകനെ ചിത്രത്തിലുടനീളം ദർശിക്കാം. വിവാഹബന്ധം തനിക്ക് നിഷേധിക്കുന്ന പിതാവിനെ പീക്കു പൊതുസമൂഹത്തിന് മുൻപിൽ കുറ്റപ്പെടുത്താതിരിക്കുമ്പോഴും എന്നാൽ, നേരിട്ട് പരിഭവങ്ങൾ തുറന്നടിച്ച്‌ കലഹിക്കുന്നതും ആ ബന്ധത്തിലെ സ്നേഹ ചേഷ്ടകളാവുകയാണ്.



കൽക്കത്തയിലെ ബാനർജിയുടെ തറവാട് വീടിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട്, അദ്ധേഹത്തിന്റെ നിർബന്ധപ്രകാരം കാർ മാർഗ്ഗം പീക്കുവും, പിതാവും, സഹായിയും യാത്ര തിരിക്കുന്നു. ഡ്രൈവറായി റാണാ ചൗധരിയും (ഇർഫാൻ ഖാൻ) കൂടെയുണ്ട്. ബാനർജിയും റാണ ചൗധരിയും തമ്മിൽ ആശയപരമായ കലഹങ്ങളിൽ പലവേള ഏർപ്പെടുന്നു. അവയെല്ലാം തന്നെ സാമൂഹിക ഘടനയിലെ ബഹുസ്വരത വെളിവാക്കുന്നുണ്ട്. പീക്കു വാഹനമോടിക്കുന്നത് റാണ സ്വാഗതം ചെയ്യുമ്പോൾ ബാനർജിയിൽ എതിർ വാദമുയരുന്നു. സ്ത്രീ, നവോഥാന വക്താവാകണമെന്ന ആദർശം വാക്കുകളിലും  എന്നാൽ പ്രവർത്തിയിൽ ഏറെ വൈരുധ്യവും നിറഞ്ഞ ബാനർജിയുടെ കഥാപാത്രത്തെ ഇവിടെ കാണാം. തന്റെ സ്വാർത്ഥതയെ മറച്ച് വെക്കാനൊരു വഴിയായി മാത്രം ഫെമിനിസ്റ്റ് ചിന്തകളെ കൂട്ടുപിടിക്കുന്നു അദ്ദേഹം. എന്നാൽ 'വാഹനമോടിക്കുമ്പോൾ സ്ത്രീ സ്വതന്ത്രയാകുന്നു' എന്ന കാഴ്ച്ചപ്പാടാണ് റാണയിലുള്ളത്. രണ്ട് വ്യക്തികളിലും സ്ത്രീയെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളിലെ ഈ വൈരുധ്യം ശ്രദ്ധേയവും അതുപോലെ സാര്‍വ്വജനീനവുമാണ്.

ഓരോ വ്യക്തിയുടെയും പൈതൃകത്തെ സ്വാഗതാർത്ഥം സമീപിക്കുന്നുണ്ട് 'പീക്കു'. തന്റെ വേരുകളിൽ നിന്നും തനിക്ക് (മനുഷ്യന്) ഒരിക്കലും അകലാനാകില്ലെന്ന സാക്ഷ്യപ്പെടുത്തലാണ് കഥാഗതിയിൽ തറവാട് വീട് വിൽക്കുന്നതിൽ നിന്നുമുള്ള പിന്മാറ്റം. പോയകാലത്തിന്റെ ബിംബങ്ങളിലെ ഗൃഹാതുരത്വം ആസ്വദിച്ച് അവയുടെ സംരക്ഷണത്തിന് മുതിരാതെ, കവർച്ചക്ക് വിട്ടുകൊടുക്കലാണ് സാഹിത്യത്തിലും ചലച്ചിത്രത്തിലും കണ്ടുവരുന്ന പൊതുവായുള്ള സമീപനം എന്നിരിക്കെ 'പീക്കു' വ്യത്യസ്ഥമാകുന്നു. റാണ ബാനർജിയെ കുറ്റപ്പെടുത്തുമ്പോൾ 'മാതാപിതാക്കളെ വാർദ്ധക്യത്തിൽ മക്കൾ അല്ലാതെ ആരാണ് നോക്കേണ്ടത്' എന്നാണ് പീക്കു ചോദിക്കുന്നത്. മുഖ്യധാരാ സിനിമകളിൽ വാർദ്ധക്യം എന്ന അവസ്ഥയെ അവഗണനയോടെ കാണുന്ന കാലഘട്ടത്തിൽ പീക്കുവിന്റെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടേണ്ടതും അംഗീകരിക്കപ്പെടെണ്ടതുമാണ്.

സ്വാഭാവിക നർമ്മങ്ങൾ, പച്ചയായ കഥാപാത്രങ്ങൾ, അഭിനേതാക്കളുടെ അനായാസമായ പ്രകടനം എന്നിങ്ങനെ ഇഷ്ട്ടം കൂട്ടുന്ന ചിത്രം സ്ത്രീത്വത്തിലേക്കും സമൂഹത്തിന്റെ സ്ത്രീ കാഴ്ച്ചപ്പാടുകളിലേക്കും കണ്ണയക്കുന്നു. തന്റെ പിതാവാണ് തന്നെ ഒറ്റയ്ക്ക് ജീവിക്കാൻ പ്രാപ്തയാക്കിയതെന്ന പീക്കുവിന്റെ വാക്കുകൾ ബാനർജിയുടെ സ്ത്രീകേന്ദ്രീകൃത വാദങ്ങളെ സാധൂകരിക്കുന്നുവെങ്കിലും ചിത്രത്തിലെ തന്നെ സ്വതന്ത്ര സ്ത്രീപാത്രങ്ങൾ ആ വാദങ്ങളെ വിമർശിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഇന്ത്യപോലുള്ളൊരു വലിയ ജനാധിപത്യ രാജ്യം കന്യകാത്വത്തെ പരിശുദ്ധിയുടെ ലേബലായി കാണുന്നുവെന്നതിനെ മുഖവുരക്കെടുക്കാതെ വിമർശിക്കുന്നു 'പീക്കു'. എന്തുകൊണ്ടും ആധുനിക കാഴ്ച്ചപ്പാടുകളെ, രസചേരുവകളെ,  മികച്ച ദൃശ്യപരിസരത്തോടെ അവതരിപ്പിച്ച 'പീക്കു' ഒരു മികച്ച ചിത്രം തന്നെയാണെന്നതിൽ തർക്കമില്ല. 

No comments:

Post a Comment