Search Movies

Tuesday, 27 October 2015

19.The Return

Russian/2003/105min
Directed by Andrey Zvyagintsev














സിനിമ, ദേശം, രാഷ്ട്രീയം - വാക്കുകൾക്കപ്പുറം, ഇവയെ ഇടകലർത്തി സമർത്ഥിച്ച് രചിച്ച കാലഘട്ടത്തിന്റെ സിനിമയാണ് 'ദി റിട്ടേണ്‍'. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കക് സമാന്തരമായി നിലകൊണ്ട സോവിയറ്റ് യൂണിയനും, ആ സാമ്രാജ്യത്തിന്റെ പതനവും ലോക ചരിത്രത്തിലെ വലിയ ഏടുകളാണ്. ആ ചരിത്രത്തിന്റെ ഓർമകളെ, സ്മരണകളെ പരിഗണിക്കാതെ പൂർണമാകുന്നില്ല 'ദി റിട്ടേണിന്റെ' ആസ്വാദനം. ഐസെൻസ്റ്റീൻ, സുഖറോവ്, തര്‍ക്കോവ്സ്കി തുടങ്ങി നിരവധി മഹാരഥന്മാരുടെ പാരമ്പര്യമുള്ള റഷ്യൻ ചലച്ചിത്ര വ്യവസായത്തിലെ പുതുതലമുറക്കാരനായ ആന്‍ഡ്രി സ്വ്യാഗിന്‍സാവിന്റെ ആദ്യ ചിത്രമായിരുന്നു 'ദി റിട്ടേണ്‍' (2003). ഒരാഴ്ച്ച കാലത്തെ സംഭവങ്ങൾ ആണ് ചിത്രത്തിലെ പ്രതിപാദ്യം.

സ്വിമ്മിങ് സ്റ്റാന്റിൽ നിന്നും ജലാശയത്തിലേക്ക്‌ ചാടുന്നതിന് പരിഭ്രമിച്ച് നിൽക്കുകയാണ് ഇവാൻ. സഹോദരൻ അന്ദ്രെയും മറ്റു കൂട്ടുകാരും മടങ്ങി പോവാൻ ഒരുങ്ങിക്കഴിഞ്ഞു. കളിയാക്കപ്പെടും എന്ന അപഹർഷതാ ബോധത്താൽ സ്വിമ്മിങ് സ്റ്റാന്റിൽ നിന്നും താഴെ ഇറങ്ങാനും അവൻ തയ്യാറാകുന്നില്ല. ഇനിയും ഇവാന് വേണ്ടി കാത്തുനിൽക്കുന്നത് വിഫലമാണെന്ന് കണ്ട് സഹോദരനും കൂട്ടുകാരും മടങ്ങുന്നു. തൊട്ടടുത്ത ദിവസം കൂട്ടുകാരോടൊപ്പം നിന്ന് ആന്ദ്രെയും തന്നെ കളിയാക്കുന്നത് ഇവാനെ ചൊടിപ്പിക്കുന്നു. ഇരുവരും വഴക്കുകൂടുന്നു.  പരസ്പ്പരം വഴക്കടിച്ചു പരാതി പറയാൻ അമ്മക്കരികിലേക്ക് ഓടുന്ന അവരെ അനുഗമിച്ചത് 12 വർഷത്തിനു ശേഷം അവർ ഇരുവരുടേയും പിതാവ് മടങ്ങിയെത്തി എന്ന വാർത്തയായിരുന്നു. തങ്ങളുടെ കയ്യിലുള്ള ഒരു പഴയ ഫോട്ടോ നോക്കി വന്നിരിക്കുന്നത് അച്ഛൻ തന്നെയാണെന്ന് അവർ ഉറപ്പിക്കുന്നു. പിതാവ് ഇക്കാലമത്രയും എവിടെയായിരുന്നു എന്നത് അവർക്ക് അഞ്ജാതമായിരുന്നു. അടുത്ത ദിവസം ഇവാനും ആന്ദ്രെയും പിതാവിന്റെ കൂടെ ഒരു ഉല്ലാസ കാർ യാത്രക്കായി പുറപ്പെടുന്നു.

പിതാവിന്റെ മടങ്ങിവരവിൽ ഇരുവർക്കും ആഹ്ലാദവും ആകാക്ഷയും ഉണ്ട്. ഗൗരവക്കാരനായ പിതാവിന്റെ പട്ടാളച്ചിട്ടയെന്നോണമുള്ള ശിക്ഷണങ്ങളോട് വിധേയനാവുകയാണ് ആന്ദ്രെ ചെയ്യുന്നതെങ്കിൽ പ്രത്യക്ഷമായി തന്നെ പ്രധിഷേതമുണ്ട്  ഇവാനിൽ. പല കാര്യങ്ങൾ ആന്ദ്രെയേയും ഇവാനെയും ഏൽപ്പിച്ച് അവരെ സാഹചര്യങ്ങളോട് ഇണങ്ങും വിധം പ്രാപ്തരാക്കാനുള്ള ഒരു പിതാവിന്റെ നിശ്ചയദാർഢ്യം അദ്ധേഹത്തിൽ കാണാം. അതിനിടയിൽ അവരുടെ ഇഷ്ടവിനോദമായ മീൻപിടുത്തം സാധിക്കാതെ പോവുന്നുമുണ്ട്. നിഗൂഢതകൾ നിറഞ്ഞ കഥാപാത്രമാണ് ചിത്രത്തിലുടനീളം പിതാവ്. ആ നിഗൂഢതകളുടെ ഉച്ചസ്ഥായിയായിരുന്നു പെട്ടന്ന് ഒരു ദ്വീപിലേക്ക് യാത്രതിരിക്കാനുള്ള തീരുമാനം. അനന്തവിശാലമായ കടലിനാൽ ചുറ്റപ്പെട്ട ദ്വീപിലേക്കുള്ള യാത്രയും അവിടെ ചിലവഴിക്കപ്പെടുന്ന ദിനരാത്രങ്ങളും സൗന്ദര്യാത്മകമായ ദൃശ്യാനുഭവമാണ് പങ്കുവെക്കുന്നത്. ദ്വീപിൽ വെച്ച് മീൻപിടുത്തത്തിനായി പോയി, പറഞ്ഞ സമയത്തിന് തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് കുട്ടികളെ ശകാരിക്കുകയും, പ്രഹരിക്കുകയും ചെയ്യുമ്പോൾ അവരിൽ നുരപൊങ്ങിയ രോഷം അണപൊട്ടുകയായിരുന്നു. ഒടുവിൽ ഒരു ആഘാതമായി നമുക്ക് മുന്നിൽ മരണമെന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നു. പിതാവിന്റെ അപകട മരണം !



ദൃശ്യ ബിംബങ്ങളാണ്‌ 'ദി റിട്ടേണിൽ' കഥ പറയുന്നത്. ദൃശ്യഭാഷയുടെ സൗന്ദര്യവും കാവ്യാതമകതയുമാണ് അവയിലൂടെ അനാവൃതമാകുന്നതും. പിതാവിന്റെ മരണത്തെ തുടർന്ന് പിതാവിനെ പോലെ തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനും വിധം ഉയരുകയാണ് ആന്ദ്രെയുടെ അദൃഢമായ മനസ്സ്. പിതാവിന്റെ മൃത്ദേഹം ദ്വീപിൽ നിന്നും തിരികെ കൊണ്ടുവരാൻ അവർ തീരുമാനിക്കുന്നു. ഒരശ്രദ്ധയാൽ മൃത്ദേഹം ആഴ കടലിലേക്ക് താഴുമ്പോൾ ഇവാൻ വാവിട്ട് 'അച്ഛാ..' എന്ന് നിലവിളിക്കുകയാണ് . പിതാവിന്റെ സാന്നിധ്യവും ശിക്ഷണങ്ങളും നഷ്ട്ടമായതോടെ അവരനുഭവിക്കുന്ന ഏകാന്തത, അവരോടൊപ്പം നമുക്കും വൈകാരികാനുഭവമാകുന്നു. തീർത്തും അനായാസമായി കഥാപാത്ര രൂപീകരണം നിർവ്വഹിക്കുന്നുണ്ട് സംവിധായകൻ. ആരംഭത്തിൽ നിന്നും പൂർണ്ണതയിലേക്ക് ചിത്രമെത്തുമ്പോൾ ആന്ദ്രെയുടെയും ഇവാന്റെയും കഥാപാത്രത്തിൽ പ്രകടമാകുന്ന മാറ്റം ശ്രദ്ധേയമാണ്. പിതാവുമൊത്തുള്ള ചെറുകാലയളവ്‌ അവരെ പരിവർത്തനത്തിന് വിധേയരാക്കി. പിതാവിന്റെ ശൈലികളോട് /ശിക്ഷണത്തോട് അവരുതകി. അതവരിൽ പ്രാപ്തിയുയർത്തി. സ്മരിക്കാതിരിക്കാൻ സാധിക്കാത്ത മറ്റൊന്നാണ് ചിത്രത്തിൽ ഇടചേർന്ന് നിൽക്കുന്ന പ്രകൃതിയും അതിന്റെ വശ്യതയും.

സിനിമ, അത് നിർമ്മിക്കപ്പെടുന്ന ദേശത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രതിഫലനങ്ങളാകുന്നു എന്നത് തന്നെയാണ്  'ദി റിട്ടേണ്‍' റഷ്യൻ ചരിത്രത്തിന്റെ പകർപ്പാവുന്നതിലെ ഔചിത്യം. സോവിയറ്റ് യൂണിയൻ എന്ന രാഷ്ട്രകൂട്ടായ്മയും, അക്കാലത്തെ ജനസമൂഹത്തിന്റെ മനോഭാവങ്ങളും, അതിന്റെ തകർച്ച അനുഭവപ്പെടുത്തിയ അരക്ഷിതാവസ്ഥയുമെല്ലാം ചിത്രത്തിൽ കണ്ടെടുക്കാം. സോവിയറ്റ് യൂണിയൻ സൃഷ്ട്ടിച്ച ചട്ടകൂടിനകത്ത് അടിച്ചമർത്തലുകൾ അനുഭവിച്ച ജനവികാരങ്ങളുമുണ്ടായിരുന്നു. വ്യവസ്ഥിതിക്ക് വിധേയരായി മാറിക്കഴിഞ്ഞുണ്ടായ അതിന്റെ അപ്രതീക്ഷിത പതനം, അനുഭവിച്ച് പോന്ന സാമ്പത്തിക സംരക്ഷണത്തിന്റേയും മറ്റും പതനം കൂടിയായിരുന്നു.  ദി റിട്ടേണ്‍ (മടക്കം) എന്ന പേരിനെ സാധൂകരിക്കുന്ന വ്യാഖ്യാനങ്ങൾ കഥാഗതിയിൽ പലവേള സാധ്യമാണ്. നിഗൂഢതകൾ അവശേഷിപ്പിച്ച് കൊണ്ടുതന്നെ പൂർണ്ണത കൈവരിക്കുന്നുണ്ട്‌ ചിത്രം. ആന്ദ്രെയുടേയും ഇവാന്റേയും കൂടെ നമ്മെ സഞ്ചരിപ്പിച്ച്, അവർക്ക് അജ്ഞാതമായവ നമുക്കും അഞ്ജാതമാക്കി തീർക്കുന്നു.

'ദി റിട്ടേണ്‍' ഉപയോഗപ്പെടുത്തിയ ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയുടെ സാധ്യതകളാണ് തീർത്തും അന്യമായ സാമൂഹ്യാന്തരീക്ഷത്തിൽ നിർമ്മിക്കപ്പെട്ട ചിത്രങ്ങളും നമുക്ക് ആസ്വാദ്യമാക്കിതീർക്കുന്നത്. മനോഹരവും ശക്തവുമായ ദൃശ്യങ്ങളിലൂടെയും, കഥാപാത്രങ്ങളുടെ വൈകാരികമായ സ്പർശത്തിലൂടെയും ഭാവതീവ്രമായ ഒരനുഭവമാകുന്നു ചിത്രം. ആദ്യമാധ്യാന്തം നിഗൂഢതകൾ നിലനിർത്തിയ റിയലിസ്റ്റിക്ക് ത്രില്ലർ ശൈലി ഏറെ സ്വീകാര്യമാവുന്നു. ഹൃദയഭേദഗമാം വിധം തീവ്രാനുഭവമാകുകയാണ് ഇവയുടെയെല്ലാം സമുന്വയം. ആന്ദ്രെ, ഇവാൻ , പിതാവ് എന്നിങ്ങനെ മൂന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെയും പ്രകടനങ്ങൾ അഭിനന്ദനമർഹിക്കുന്നു. പാം സ്പ്രിങ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ മികച്ച വിദേശ ചിത്രം,  വെനീസ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾക്ക് ചിത്രം അർഹമായി.

Sunday, 25 October 2015

നോട്ടയും സമ്മതിദാനവും.



                    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങളിൽ ഒന്നാണ് സമ്മതിദാനം. അത് തീർത്തും വ്യക്തി നിഷ്ഠമാണ്. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സമ്മദിദാനം നടത്തുന്നതിലൂടെ പങ്കാളിയാകാനും, അത് നിഷേധിക്കാനും ഉള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുവരുത്തുന്നു. പോളിങ് ശതമാനം ഉയർത്തുവാനും, നിലവിലുള്ള സ്ഥാനാർത്ഥികളിൽ ഉള്ള അവിശ്വാസം രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നവരേയും പരിഗണിച്ച് NOTA (None of the above) സംവിധാനം നടപ്പാക്കിയത് വിജയകരമായ മുന്നേറ്റമായിരുന്നു. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ 1.1 % വോട്ട് NOTA നേടിയിരുന്നു. എന്നാൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉള്ള NOTA യുടെ അഭാവം പോളിങ് ശതമാനത്തിൽ ചെറിയ തോതിലെങ്കിലും മങ്ങലുണ്ടാക്കും എന്നതിൽ തർക്കമില്ല. ഈ സാഹചര്യത്തിൽ, തന്നെ 'നിര്‍ബന്ധിത വോട്ട്' എന്ന ഭരണഘടനാ വിരുദ്ധമായ ആശയവും ഒട്ടും സ്വീകാര്യമല്ല എന്നോർക്കണം.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ നിര്‍ബന്ധിത വോട്ട് നിയമം കൊണ്ടുവരാനുള്ള നീക്കം ആദ്യം നടന്നത് ഗുജറാത്തിലാണ്. ഇത് ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. ദക്ഷിണേന്ത്യയിൽ, കർണാടകയിൽ - മെയ്‌ ജൂണ്‍ മാസങ്ങളിലായി നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തി രാജിൽ ഭേദഗതി വരുത്തി സമ്മതിദാനം നിർബന്ധിതമാക്കി. ഈസ്ഥിതി പല ഇന്ത്യൻ സംസ്ഥാനങ്ങളിലും കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നു. സംസ്ഥാനങ്ങളിൽ നിന്ന് രാജ്യാന്തരതലത്തിൽ 'Compulsory Voting Bill 2014' ബി.ജെ.പി എം.പി മാരായ ജനാർദ്ദൻ സിങ് സിഗ്രിവാളും, വരുണ്‍ ഗാന്ധിയും അവതരിപ്പിച്ചിരുന്നു. 2004 ലും 2009 ലും ഇതേ ആവിശ്യം ഉന്നയിച്ച് കൊണ്ടുവന്ന ബില്ലുകൾ സഭ അംഗീകരിച്ചിരുന്നില്ല.

'നിർബന്ധിത വോട്ട്' (Compulsory Voting) നിയമമായി നിലവിൽ വന്നാൽ ഒരു ജനാധിപത്യ രാജ്യത്ത് അസ്വാരസ്യങ്ങൾ ഉണ്ടാക്കും എന്നത് തീർച്ചയാണ്. ഇന്ത്യയെ കൂടാതെ ലോകത്തെ രണ്ടാമത്തെ ജനാധിപത്യ രാജ്യമായ അമേരിക്കയിലും ഇതിന്റെ സാധ്യതകളെ പറ്റി വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കയാണ്. എന്നാൽ യുറോപ്പിലും മറ്റു വികസ്വര രാഷ്ട്രങ്ങളിലും 'നിർബന്ധിത വോട്ട്' റദ്ദാക്കി എന്നതും ശ്രദ്ധേയമായി. നെതർലാന്റും സ്പെയ്നുമാണ് ആദ്യമായി 'നിർബന്ധിത വോട്ട്' നീക്കം ചെയ്തത്. തുടർന്ന് ഓസ്ട്രിയ. വെനിസ്വെല, ചിലി തുടങ്ങീ രാജ്യങ്ങൾ അത് പിന്തുടർന്നു.

'നിർബന്ധിത വോട്ട് നിയമം' പിന്തുടരുന്ന മറ്റു രാജ്യങ്ങളുടെ കാര്യം അത്ര ശുഭകരമല്ല. The International Institute for Democracy and Electoral Assistance ന്റെ പട്ടിക പ്രകാരം ലോകത്ത് 20 ഓളം രാഷ്ട്രങ്ങളിൽ ഈ നിയമം ഇപ്പോൾ പ്രചാരത്തിലുണ്ട്. അർജൻന്റീന, ഓസ്ട്രേലിയ, ബെൽജിയം, ബ്രസീൽ, ഗ്രീസ് എന്നിവയാണ് അവയിൽ പ്രമുഖം.  ഓസ്ട്രേലിയിലും, ബെൽജിയത്തിലും സമ്മതിദാനം നടത്താത്തതിന് പിഴ ഈടാക്കുമ്പോൾ, സിംഗപ്പൂരിൽ വോട്ടർ ലിസ്റ്റിൽ നിന്നും പ്രസ്തുത വ്യക്തിയുടെ പേര് നീക്കം ചെയ്യുന്നു. പെറുവിൽ ഗവണ്‍മെന്റ് അംഗീകൃത റേഷനുകളും സേവനങ്ങളും നൽകാതിരിക്കുന്നു; ബോളീവിയയിലാവട്ടെ മൂന്ന് മാസത്തോളം വേദനം ലഭിക്കുകയില്ല.

നിർബന്ധിത വോട്ടിനെതിരെ ഇന്ത്യയിൽ വർദ്ധിച്ച് വരുന്ന പൊതുതാൽപ്പര്യ ഹർജികൾക്കും, തിരഞ്ഞെടുപ്പ് കമ്മീഷനും, ഇത് ജനാധിപത്യ വിരുദ്ധമാണ് എന്ന അഭിപ്രായമാണ് ഉള്ളത്. വോട്ട് നിഷേധത്തിനുള്ള അവകാശത്തെ അത് ഹനിക്കുന്നു. ഇന്ത്യൻ ലോ കമ്മീഷനും ഇതേ നിലപാട് തന്നെയാണ് ഈ വിഷയത്തിൽ സ്വീകരിച്ചത്. എന്നാൽ പാർലമെന്ററി വാദപ്രതിവാദത്തിൽ അംഗങ്ങൾ 'നിർബന്ധിത വോട്ട് നിയമത്തെ' സ്വാഗതം ചെയ്യുകയും, ഇത് രാഷ്ട്രീയപരമായി ജനങ്ങളിൽ അവബോധമുണ്ടാക്കുമെന്നും ജനാധിപത്യമൂല്യം ഉൾക്കൊണ്ടുള്ള പങ്കാളിത്തം കൂട്ടുവാൻ സാധിക്കുമെന്നും സാധൂകരിച്ചു.

മറ്റ് രാഷ്ട്രങ്ങളുടെ വെളിച്ചത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്തിന് 'നിർബന്ധിത വോട്ട്' എന്ന ആശയത്തെ പിന്തുടരാൻ ശ്രമിക്കണം ?
സമ്മതിദാനത്തിലൂടെ രാഷ്ട്ര കാര്യങ്ങളിൽ ജനങ്ങൾ പങ്കാളികളാവുകയാണ്. സമ്മതിദാന അവകാശം ജനാധിപത്യ മൂല്യമുൾക്കൊണ്ട് നാം വിനിയോഗിക്കുകയും വേണം. എന്നാൽ വോട്ട് നിഷേധിക്കാനും സ്വാതന്ത്ര്യം ആവിശ്യമാണ്. (ബോധപൂർവ്വമോ, മറിച്ച് മറ്റു കാരണങ്ങളാലോ).  സമ്മതിദാന അവകാശം വിനിയോഗിക്കാത്തത് മറ്റൊരു വ്യക്തിയേയോ, അവന്റെ സ്വാതന്ത്ര്യത്തെയോ ഹനിക്കുന്നില്ല എന്നതുതന്നെ അതിനുള്ള പ്രധാന കാരണം. ജനങ്ങളുടെ അവിശ്വാസം അറിയിക്കാനായി NOTA സംവിധാനവും നിർബന്ധമാണ്. NOTA യെ നിരാകരിച്ച് കൊണ്ടും, അല്ലാതെയും 'നിർബന്ധിത വോട്ട്' ഒരിക്കലും പ്രായോഗികമല്ല.

Saturday, 24 October 2015

18.PIKU

Hindi/2015/122min
Directed by Shoojit Sircar












Is Virginity overrated in India ?

സ്ത്രീത്വത്തിലേക്കും മനുഷ്യബന്ധങ്ങളുടെ കാഴ്ച്ചപ്പാടുകളിലേക്കും ഇറങ്ങി ചെന്നുകൊണ്ടാണ് 'പീക്കു' വാചാലമാകുന്നത്.  ആഗോളീകൃത സാമൂഹികാവസ്ഥയിൽ ഇടകലർന്ന വ്യക്തിനിഷ്ടമായ കാഴ്ച്ചപ്പാടുകളാണ് ചിത്രം പങ്കുവെക്കുന്നത്. ഒരു സംസ്കാരത്തെ പൂർണ്ണമായി തള്ളികളയാനോ പരമ്പരാകതയെ പൂർണ്ണമായി അംഗീകരിക്കാനോ ശ്രമിക്കുന്നില്ല 'പീക്കു'. മറിച്ച് ഓരോ സംസ്കാര പാരമ്പര്യത്തിലും ഇടചേർന്ന് നിൽക്കുന്ന നന്മകളിലേക്ക് ചുവടുവെക്കുന്നു. അധികബഹളങ്ങളിൽ നിന്നു മാറ്റി നിർത്തി മനസ്സ് നിറക്കുകതന്നെ ചെയ്യും ഈ ഷൂജിത് സര്‍ക്കാർ ചിത്രം.

പീക്കു - മുപ്പത് വയസ്സ് പ്രായം വരുന്ന അവിവാഹിതയായ എന്നാൽ  കന്യകാത്വം നഷ്ടപെട്ട സ്ത്രീ. പീക്കുവിന്റെ പിതാവ് ഭാസ്‌ക്കോര്‍ ബാനർജി ഒരിക്കലും തന്റെ മകളെ വിവാഹം എന്ന വ്യവസ്ഥിതിയോട്  അനുഗമിക്കാൻ അനുവദിക്കാത്ത, അതാഗ്രഹിക്കാത്തയാളാണ്. ഇതിൽ പീക്കുവിന് പ്രതിഷേധമുണ്ട്. ആധുനിക സ്ത്രീത്വം ലൈഗീകാകർഷണത്തിന് മാത്രമല്ലെന്നും, സാമൂഹിക നവോത്ഥാന വക്താവാകണമെന്നൊക്കയുള്ള ബാനർജിയുടെ വാദങ്ങളിൽ പീക്കുവിനെ പിരിയാനുള്ള പിതാവിന്റെ സ്വാർത്ഥതയും, മറ്റൊരർത്ഥത്തിൽ  സ്ത്രീ സമൂഹത്തെ ആദരവോടെ കാണുന്നൊരു പ്രതിനിധിയും ഉണ്ട്.

'A Person's emotion depends on his motion' എന്ന ബാനർജിയുടെ പ്രസ്താവനയിൽ 'വലിയ കാര്യങ്ങൾ' മാത്രം സംസാരിക്കുന്ന ബോളിവുഡ്  മസാല ചേരുവകളോടുള്ള പരിഭവമുയരുന്നു. പ്രായമായ പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ നന്നേ ശ്രദ്ധ പുലർത്തുന്നുണ്ട് പീക്കു. ഇനിയുമധികം പരിഗണന ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന പിതാവ്, തന്റെ 'ഗുരുതര' ആരോഗ്യപ്രശ്നമായ മലബന്ധത്തെ വലിയ രീതിയിൽ ഉയർത്തിക്കാണിക്കാൻ ശ്രമിക്കുന്നു. ആധുനിക മുഖ്യധാര ചിത്രങ്ങളിൽ കൈമോശം വന്ന മനുഷ്യബന്ധങ്ങളിലെ ലാളിത്യവും ഗൃഹാതുരുത്വവും കൂടെകൂട്ടുന്നു 'പീക്കു'. അടിസ്ഥാന ഘടകങ്ങളിൽ നിന്നും സിനിമയെ വികസിപ്പിച്ച് മുന്നോട്ടുപോകുന്ന ഒരു സംവിധായകനെ ചിത്രത്തിലുടനീളം ദർശിക്കാം. വിവാഹബന്ധം തനിക്ക് നിഷേധിക്കുന്ന പിതാവിനെ പീക്കു പൊതുസമൂഹത്തിന് മുൻപിൽ കുറ്റപ്പെടുത്താതിരിക്കുമ്പോഴും എന്നാൽ, നേരിട്ട് പരിഭവങ്ങൾ തുറന്നടിച്ച്‌ കലഹിക്കുന്നതും ആ ബന്ധത്തിലെ സ്നേഹ ചേഷ്ടകളാവുകയാണ്.



കൽക്കത്തയിലെ ബാനർജിയുടെ തറവാട് വീടിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട്, അദ്ധേഹത്തിന്റെ നിർബന്ധപ്രകാരം കാർ മാർഗ്ഗം പീക്കുവും, പിതാവും, സഹായിയും യാത്ര തിരിക്കുന്നു. ഡ്രൈവറായി റാണാ ചൗധരിയും (ഇർഫാൻ ഖാൻ) കൂടെയുണ്ട്. ബാനർജിയും റാണ ചൗധരിയും തമ്മിൽ ആശയപരമായ കലഹങ്ങളിൽ പലവേള ഏർപ്പെടുന്നു. അവയെല്ലാം തന്നെ സാമൂഹിക ഘടനയിലെ ബഹുസ്വരത വെളിവാക്കുന്നുണ്ട്. പീക്കു വാഹനമോടിക്കുന്നത് റാണ സ്വാഗതം ചെയ്യുമ്പോൾ ബാനർജിയിൽ എതിർ വാദമുയരുന്നു. സ്ത്രീ, നവോഥാന വക്താവാകണമെന്ന ആദർശം വാക്കുകളിലും  എന്നാൽ പ്രവർത്തിയിൽ ഏറെ വൈരുധ്യവും നിറഞ്ഞ ബാനർജിയുടെ കഥാപാത്രത്തെ ഇവിടെ കാണാം. തന്റെ സ്വാർത്ഥതയെ മറച്ച് വെക്കാനൊരു വഴിയായി മാത്രം ഫെമിനിസ്റ്റ് ചിന്തകളെ കൂട്ടുപിടിക്കുന്നു അദ്ദേഹം. എന്നാൽ 'വാഹനമോടിക്കുമ്പോൾ സ്ത്രീ സ്വതന്ത്രയാകുന്നു' എന്ന കാഴ്ച്ചപ്പാടാണ് റാണയിലുള്ളത്. രണ്ട് വ്യക്തികളിലും സ്ത്രീയെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളിലെ ഈ വൈരുധ്യം ശ്രദ്ധേയവും അതുപോലെ സാര്‍വ്വജനീനവുമാണ്.

ഓരോ വ്യക്തിയുടെയും പൈതൃകത്തെ സ്വാഗതാർത്ഥം സമീപിക്കുന്നുണ്ട് 'പീക്കു'. തന്റെ വേരുകളിൽ നിന്നും തനിക്ക് (മനുഷ്യന്) ഒരിക്കലും അകലാനാകില്ലെന്ന സാക്ഷ്യപ്പെടുത്തലാണ് കഥാഗതിയിൽ തറവാട് വീട് വിൽക്കുന്നതിൽ നിന്നുമുള്ള പിന്മാറ്റം. പോയകാലത്തിന്റെ ബിംബങ്ങളിലെ ഗൃഹാതുരത്വം ആസ്വദിച്ച് അവയുടെ സംരക്ഷണത്തിന് മുതിരാതെ, കവർച്ചക്ക് വിട്ടുകൊടുക്കലാണ് സാഹിത്യത്തിലും ചലച്ചിത്രത്തിലും കണ്ടുവരുന്ന പൊതുവായുള്ള സമീപനം എന്നിരിക്കെ 'പീക്കു' വ്യത്യസ്ഥമാകുന്നു. റാണ ബാനർജിയെ കുറ്റപ്പെടുത്തുമ്പോൾ 'മാതാപിതാക്കളെ വാർദ്ധക്യത്തിൽ മക്കൾ അല്ലാതെ ആരാണ് നോക്കേണ്ടത്' എന്നാണ് പീക്കു ചോദിക്കുന്നത്. മുഖ്യധാരാ സിനിമകളിൽ വാർദ്ധക്യം എന്ന അവസ്ഥയെ അവഗണനയോടെ കാണുന്ന കാലഘട്ടത്തിൽ പീക്കുവിന്റെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടേണ്ടതും അംഗീകരിക്കപ്പെടെണ്ടതുമാണ്.

സ്വാഭാവിക നർമ്മങ്ങൾ, പച്ചയായ കഥാപാത്രങ്ങൾ, അഭിനേതാക്കളുടെ അനായാസമായ പ്രകടനം എന്നിങ്ങനെ ഇഷ്ട്ടം കൂട്ടുന്ന ചിത്രം സ്ത്രീത്വത്തിലേക്കും സമൂഹത്തിന്റെ സ്ത്രീ കാഴ്ച്ചപ്പാടുകളിലേക്കും കണ്ണയക്കുന്നു. തന്റെ പിതാവാണ് തന്നെ ഒറ്റയ്ക്ക് ജീവിക്കാൻ പ്രാപ്തയാക്കിയതെന്ന പീക്കുവിന്റെ വാക്കുകൾ ബാനർജിയുടെ സ്ത്രീകേന്ദ്രീകൃത വാദങ്ങളെ സാധൂകരിക്കുന്നുവെങ്കിലും ചിത്രത്തിലെ തന്നെ സ്വതന്ത്ര സ്ത്രീപാത്രങ്ങൾ ആ വാദങ്ങളെ വിമർശിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഇന്ത്യപോലുള്ളൊരു വലിയ ജനാധിപത്യ രാജ്യം കന്യകാത്വത്തെ പരിശുദ്ധിയുടെ ലേബലായി കാണുന്നുവെന്നതിനെ മുഖവുരക്കെടുക്കാതെ വിമർശിക്കുന്നു 'പീക്കു'. എന്തുകൊണ്ടും ആധുനിക കാഴ്ച്ചപ്പാടുകളെ, രസചേരുവകളെ,  മികച്ച ദൃശ്യപരിസരത്തോടെ അവതരിപ്പിച്ച 'പീക്കു' ഒരു മികച്ച ചിത്രം തന്നെയാണെന്നതിൽ തർക്കമില്ല.