Search Movies

Monday, 24 August 2015

16.Lakshmi

Hindi/2014/104min
Directed by Nagesh Kukunoor












നേരിന്റെ ദൃശ്യാവിഷ്കാരമാണെന്ന ബോധ്യമാണ്  'ലക്ഷ്മി' പങ്കുവെക്കുന്ന വേദനയുടെ ആഴം കൂട്ടുന്നത്. സ്ത്രീ അരക്ഷിതാവസ്ഥയുടെയും, മനുഷ്യക്കടത്തിന്റെയും, മാംസ കച്ചവടത്തിന്റെയും ലോകത്തുനിന്നും, നീതിനിർവ്വഹണത്തിന്റേയും അവകാശസംരക്ഷണത്തിന്റേയും  സുരക്ഷിതവലയത്തിനായി പോരാടിയ ലക്ഷ്മി എന്ന 14-കാരിയുടെ കഥയാണ് ചിത്രം പറയുന്നത്. നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ 'ലക്ഷ്മി' ഒരു നിഷ്ക്കളങ്ക ബാല്യത്തിന്റെ കളങ്കമാർന്ന ലോകത്തിലേക്കും, അതിനെതിരേയും ഉള്ള സഞ്ചാരം ചിത്രീകരിക്കുന്നു. ആന്ധ്രാപ്രദേശിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് ചിത്രത്തിനാധാരം. തിരഞ്ഞെടുത്ത വിഷയത്തിന്റെ പ്രസക്തികൊണ്ടുതന്നെ ധീരമായ സംരംഭമായി വിലയിരുത്താം 'ലക്ഷ്മിയെ'.

നഗരത്തിലെ നക്ഷത്രവേശ്യാലയത്തിൽ എത്തിപ്പെട്ട ലക്ഷ്മി എന്ന 14-കാരി ഗ്രാമീണ പെണ്‍കുട്ടിയുടെ അതിജീവനത്തിനുള്ള ശ്രമങ്ങളാണ് ചിത്രം. കൊടിയ പീഡനങ്ങൾക്ക് വിധേയയായി വേശ്യാവൃത്തിക്ക് നിർബന്ധിതയാകുന്ന ബാലിക വർഷങ്ങൾക്കിപ്പുറം കുറ്റവാളികളെ കോടതിയിലെത്തിച്ച് ശിക്ഷ നടപ്പാക്കുന്നു. 104മിനുട്ട് ദൈർഘ്യമുള്ള ചിത്രം നമ്മുടെ മഹാരാജ്യത്തിലെ സാമൂഹിക ഘടനയുടെ, സുരക്ഷിതത്വത്തിന്റെ വികൃത മുഖമാണ് അവതരിപ്പിക്കുന്നത്‌. ഏറെ പ്രചാരത്തിലുള്ള വിനോദ ഉപാധി എന്നതിനപ്പുറം ചലച്ചിത്രത്തിന്റെ, സാമൂഹ്യ മാധ്യമമെന്ന നിലയിലുള്ള ശക്തി വ്യക്തമാവുന്നുണ്ട് 'ലക്ഷ്മി'യിലൂടെ. വൈവിധ്യമായ വിഷയങ്ങൾ ചിത്രങ്ങൾക്കായി തിരഞ്ഞെടുക്കുന്നതിൽ നാഗേഷ് കുക്കുനൂർ എന്ന സംവിധായകൻ ഏറെ ശ്രദ്ധ ചെലുത്തുന്നതായി നിരീക്ഷിക്കാം. അത് 'ലക്ഷ്മി' യിലൂടെയും തുടരുന്നു.



സമൂഹത്തിനേറ്റ മൂല്യച്യുതിയാണ് ലക്ഷ്മിയുടെ ധീരതക്കുള്ള പ്രശംസകളുടെ കാതൽ. ദുസ്സഹ ജീവിതവും അതിജീവനവും ഏവരുടേതും ആയിരുന്നെങ്കിലും പ്രതികരണവും നീതിക്കായുള്ള പോരാട്ടവും ഒറ്റപ്പെട്ടതായിരുന്നു. ചൂഷണങ്ങൾക്ക് എതിരെയുള്ള പ്രതികരണത്തിനായുള്ള സന്നദ്ധത അപൂർവ്വമാകെയാണ് ലക്ഷ്മിയുടെ ജീവിതം ധീരമാകുന്നത്. വേശ്യാലയത്തിൽ നിന്നും രക്ഷപ്പെട്ടോടുന്ന ലക്ഷ്മി പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിലും വേഗത്തിൽ തിരികെയെത്തുന്നുണ്ട്. നിയമപാലകരുടെ അറിവോടെ അരക്ഷിതാവസ്ഥ നിലനിൽക്കുമ്പോൾ സാമൂഹിക അധഃപതനത്തിന്റെ നില ഗുരുതരമാകുകയാണ് ചെയ്യുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗീക ചൂഷണങ്ങളിലൊന്നിന്റെ ചലച്ചിത്ര ഭാഷ്യമെന്ന നിലയിൽ ശക്തമായ സാമൂഹ്യവിമർശനം നടത്തുന്നുണ്ട് 'ലക്ഷ്മി'. എന്നാൽ ധീരമായ സംരംഭമാകെത്തന്നെ, പിഴവുകൾ മാറ്റി പരിഗണിച്ച് കൊണ്ടേ 'ലക്ഷ്മിയെ' ഒരു ചലച്ചിത്രമെന്ന നിലയിൽ മികച്ചതായി വിലയിരുത്താനാവൂ.

അശ്ലീലം നിറഞ്ഞ അക്രമരംഗങ്ങൾ മടികൂടാതെ അവതരിപ്പിക്കുന്നു ചിത്രത്തിൽ. ലക്ഷ്മി ഏറ്റുവാങ്ങുന്ന പീഡനങ്ങളിലെ മൃഗീയത തുറന്നു കാണിച്ച് പ്രേക്ഷകരിൽ നീറ്റലുണ്ടാക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. അതിനു പ്രഥമ സ്ഥാനം കല്പ്പിക്കുമ്പോഴും കഥാപാത്രങ്ങളുടെ അനുഭവങ്ങൾ വൈകാരികമായി നമ്മെ സ്പർശിക്കുന്നുണ്ടെങ്കിൽ അത് യഥാർത്ഥ സംഭവമെന്ന തിരിച്ചറിവുകൊണ്ട് മാത്രമാണ്. ചിത്രത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള റിയലിസ്റ്റിക് പ്രതീതി കൈകൊണ്ടിട്ടില്ലെന്ന് അനുഭവപ്പെട്ടേക്കാം. മേക്കിങും, കളർടോണുമെല്ലാം സിനിമാറ്റിക് പ്രതീതി ഉയർത്തുന്നതായിരുന്നു. എന്നാൽ കോടതി രംഗങ്ങൾ ഒരിക്കലും സാമ്പ്രദായികതയെ പിന്തുടരുന്നവയായിരുന്നില്ല.

2014 ജനുവരിയിൽ 'ലക്ഷ്മി' കാലിഫോർണിയയിലെ പാം സ്പ്രിങ്സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയും ഓഡിയൻസ് അവാഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിന്റെ മുതൽക്കൂട്ട്. പിന്നണിഗായിക കൂടിയായ  മൊണാലീ ഠാക്കൂർ ആണ് ലക്ഷ്മിയെ അവതരിപ്പിക്കുന്നത്‌. സംവിധായകൻ നാഗേഷ് കുക്കുനൂർ ചിത്രത്തിലെ ചിന്നാ എന്നൊരു  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു യഥാർത്ഥ സംഭവത്തിനെ ദൃശ്യവൽക്കരിക്കുന്നതിൽ ചിത്രം വിജയം കണ്ടിരിക്കുന്നു. വെറുമൊരു കഥയെന്നു കണ്ടു ചിന്തവെടിയാൻ പ്രേക്ഷകനെ 'ലക്ഷ്മി' അനുവദിക്കില്ല. മറിച്ച് യാഥാർത്ഥ്യമാണെന്ന ബോധം ചിന്തകളെയത്രയും വേട്ടയാടും.

No comments:

Post a Comment