Search Movies

Saturday, 11 March 2017

23. Manhole

മാൻഹോൾ: നിരോധിച്ചും നിഷേധിച്ചും അപ്രത്യക്ഷമാകുന്ന ജീവിതങ്ങൾ

Malayalam/2016/85Min
Diectecd by Vidhu Vincent












തിരസ്ക്കരിക്കപ്പെടുന്ന ഒരു വിഭാഗം മനുഷ്യരുടെ ജീവിതം പകർത്തിക്കൊണ്ട് വിധു വിൻസന്റ് ഒരുക്കിയ 'മാൻഹോൾ' ഇടക്കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച രാഷ്ട്രീയ സിനിമകളിൽ ഒന്നാണ്. പുറം മോടികൾക്ക് ഇടം നൽകാതെ യാഥാർഥ്യം യാഥാർഥ്യമായി തന്നെ അവതരിപ്പിക്കപ്പെടുന്നത് കൊണ്ടുകൂടിയാണ് വാണിജ്യ സിനിമകളേക്കാൾ സാംസ്കാരികമായ ഔന്നിത്യം സമാന്തര സിനിമകൾ കൈവരിക്കുന്നത്. അത്തരത്തിൽ സാമൂഹ്യ യാഥാർഥ്യങ്ങളെ പ്രതിനിധീകരിച്ചും അഭിസംബോധന ചെയ്തുകൊണ്ടുമാണ് മാധ്യമം എന്ന നിലയിൽ സിനിമ അതിന്റെ സാംസ്കാരികമായ കർത്തവ്യം നിറവേറ്റുന്നതും. നമ്മുടെ സാമൂഹ്യക്രമവും നിയമവുമടക്കം സൗകര്യപൂർവ്വം മറക്കുന്ന ശുചീകരണ തൊഴിലാളികളാണ് (മാന്വൽ സ്കാവഞ്ചിങ് വർക്കേഴ്സ്) ഇവിടെ 'മാൻഹോളിൽ' പരിഗണിക്കപ്പെടുന്നത്. തങ്ങൾ തിരിച്ചറിഞ്ഞ യാഥാർഥ്യങ്ങളെ കമ്മ്യൂണികേറ്റ് ചെയ്യാൻ ആവിശ്യമായ കഥാപരിസരവും കഥാപാത്രങ്ങളും ഒരുക്കുകയാണ് തിരക്കഥാകൃത്തും, സംവിധായിക വിധു വിൻസന്റും ചെയ്യുന്നത്.

പുറംലോകത്തെ ഒരു വൃത്തത്തിനുള്ളിലെ വെളിച്ചമായി മാത്രം കാണുന്ന ഇരുളടഞ്ഞ മാൻഹോളിനുള്ളിൽ പണിയെടുക്കുന്ന തൊഴിലാളിയുടേതാണ് ചിത്രത്തിലെ ആദ്യ ദൃശ്യം. ഭീതിയുളവാക്കുന്ന ഈ ദൃശ്യത്തിൽ തുടങ്ങി, മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന തൊഴിലിൽ ഏർപ്പെടുന്ന സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗത്തെ അതേപടി പകർത്തുകയാണ് സംവിധായിക. അയ്യൻ എന്ന ശുചീകരണ തൊഴിലാളിയും, ഭാര്യ പാപ്പാത്തിയും ഇവരുടെ മകൾ ശാലിനിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. പാരമ്പര്യ തൊഴിലായ 'തോട്ടിപണി' തന്നെ തുടർന്നുപോരുകയാണ് അയ്യൻസ്വാമി. മകൾക്ക് ആവിശ്യമായ വിദ്യാഭ്യാസം നൽകി ഉന്നതിയിൽ എത്തിച്ചു  പാരമ്പര്യ തൊഴിൽ തന്നിൽ അവസാനിക്കണം എന്ന് അയാൾ പ്രത്യാശിക്കുന്നു. ഭാര്യ പാപ്പാത്തി ഒരു അദ്ധ്യാപികയുടെ വീട്ടിൽ വീട്ടുപണികൾ ചെയ്യുന്നു. അയ്യൻസ്വാമിയുടെ അപകടമരണത്തിന് ശേഷം +2 വിദ്യാർത്ഥിനിയായ ശാലിനിയുടെ ജീവിതത്തിലെ വ്യത്യസ്ഥ കാലഘട്ടങ്ങളിലൂടെ ചിത്രം സഞ്ചരിക്കുന്നു.

'സർക്കാർ രേഖകൾ പ്രകാരം കേരളത്തിൽ മാന്വൽ സ്‌കാവഞ്ചേഴ്‌സ് ഇല്ല. എന്നാൽ റെയിൽവേ സ്റ്റേഷനുകളിലും കംഫർട് സ്റ്റേഷനുകളിലും നഗരങ്ങളിലെ കക്കൂസുകൾ നിറയുമ്പോഴും ആരാണ് വൃത്തിയാക്കുന്നത് ?' പ്രസക്തമായ ഈ ചോദ്യം സമൂഹത്തോടും അധികാര വർഗ്ഗത്തോടും ചോദിച്ചു കൊണ്ടാണ്  മാൻഹോൾ അതിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നത്. 2011 ലെ കണക്കുകൾ പ്രകാരം 8 ലക്ഷത്തോളം പേരാണ് ഇന്ത്യയിൽ  ഇത്തരം ശുചീകരണ തൊഴിലിൽ (മാന്വൽ സ്കാവഞ്ചിങ്) ഏർപ്പെട്ടിട്ടുള്ളതായി കരുതപ്പെടുന്നത്. കഴിഞ്ഞ 2 വർഷകാലത്തിനിടക്ക് 1327 പേരാണ് ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കെ അപകടത്തിൽ പെട്ട് മരിച്ചിട്ടുള്ളത്. 1999 ൽ നിലവിൽ വന്ന നിയമ പ്രകാരം മാന്വൽ സ്കാവഞ്ചിങ് നിരോധിച്ചിട്ടുള്ളതും ഈ തൊഴിലിനായി ആളുകളെ നിയമിക്കുന്നത് ക്രിമിനൽ കുറ്റവുമാക്കി. എന്നാൽ ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇതുവരെ ഒരു കുറ്റവും ചുമത്തപെട്ടിട്ടില്ല. 'വൃത്തിയുടെ ജാതി' എന്ന പേരിൽ വിധു വിൻസന്റ് ഒരുക്കിയ ഡോകുമെന്ററി യുടെ സ്വതന്ത്ര ആവിഷ്കാരമാണ് 'മാൻഹോൾ' എന്ന മുഴുനീള സിനിമ.




സാമ്പത്തികവും സാമൂഹ്യപരവുമായ നിയന്ത്രണങ്ങളാൽ വേർതിരിക്കപ്പെടുന്ന സാമൂഹികാവസ്ഥ  'മാൻഹോളിൽ' അവതരിപ്പിക്കപ്പെടുന്നുണ്ട്. പുറമ്പോക്കിലെ ചേരി പ്രദേശങ്ങളിലേക്ക് കുടിയേറി പാർത്ത ചക്ലിയ സമുദായത്തിൽ പെടുന്നവരാണ് പാരമ്പര്യമായി ഇത്തരം ശുചീകരണ തൊഴിലിൽ ഏർപ്പെടുന്നത്. പാപ്പാത്തി, അവർ ജോലി ചെയ്യുന്ന അദ്ധ്യാപികയുടെ വീട്ടിൽ  എങ്ങനെ പരിഗണിക്കപ്പെടുന്നു എന്നതിൽ നിന്നുൾപ്പടെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അവർ എത്രമാത്രം  തഴയപ്പെടുന്നു എന്ന് മനസിലാക്കാം. ടീച്ചറുടെ വീട്ടിൽ ബാക്കിയാവുന്ന ഭക്ഷണം കവറിലാക്കി കൊണ്ടുവന്ന് മൂന്നംഗ കുടുംബം പങ്കുവെച്ചു കഴിക്കുന്നുണ്ട്. തൊട്ടടുത്ത ദൃശ്യം സ്‌കൂളിൽ വെച്ച് ഉച്ചഭക്ഷണം കൂട്ടുകാരികളോടൊപ്പം  പങ്കുവെച്ചു കഴിക്കുന്ന ശാലിനിയുടേതാണ്. എന്നാൽ തന്റെ കുടുംബ പശ്ചാത്തലം അവർക്കുമുന്നിൽ വെളിവാകപ്പെടുന്നതോടെ അവിടേയും ശാലിനി ഒറ്റപ്പെടുന്നുണ്ട്. വൈകുന്നേരങ്ങളിൽ ചേരിയിലെ മറ്റു കുട്ടികൾക്ക് ക്ലാസ് എടുത്ത് കൊടുക്കുന്നുണ്ട് ശാലിനി. ചേരിയിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്ത പലഹാരം കഴിക്കുന്നതിൽ നിന്നും തന്റെ മകനെ ടീച്ചർ വിലക്കുന്നതുൾപ്പടെയുള്ള രംഗങ്ങളിൽ നേരത്തെ സൂചിപ്പിച്ച സാമൂഹ്യമായ വേർതിരിവ് വ്യക്തമാണ്.സാമ്പത്തികമായ സംവരണത്തിനപ്പുറം സാമൂഹ്യമായ കീഴ്വഴക്കങ്ങളിലൂടെ കാലങ്ങളായി അനുഭവിച്ചു പോരുന്ന അപഹർഷതാ ബോധത്തിൽ നിന്നുമുള്ള മോചനം ഇത്തരം വിഭാഗക്കാർക്ക് ആവിശ്യമായുണ്ട് എന്ന് ചിത്രം സാക്ഷ്യപ്പെടുത്തുന്നു.

ചക്ലിയ സമുദായത്തെ സംബന്ധിച്ചിടത്തോളം അപകട മരണങ്ങൾ സ്വാഭാവികമായ ഒന്നാണെന്ന് ചിത്രം അനുഭവപ്പെടുത്തുന്നുണ്ട്.  നീതി നിർവ്വഹണത്തിലെ കാലതാമസവും നീതി നിഷേധമാണെന്ന ആധിയിലോ പരിഭ്രമത്തിലോ അല്ല നമ്മുടെ ജുഡീഷ്യൽ സിസ്റ്റം നിലകൊള്ളുന്നത് എന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നതായിരുന്നു  മാൻഹോളിലെ കോടതി രംഗങ്ങൾ. ജനാധിപത്യപരം എന്ന് കരുതപ്പെടുന്ന സാമൂഹ്യ-നിയമ വ്യവസ്ഥിതിയിൽ നിന്നും നീതി നിഷേധിക്കപ്പെടുമ്പോൾ ഉടലെടുക്കേണ്ടുന്ന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. തീവ്രമായ ജീവിതയാഥാർഥ്യങ്ങളെ മുന്നിലെത്തിച്ച്‌ രാഷ്ട്രീയപരമായ ഉറച്ച നിലപാട് ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ ചലച്ചിത്രം എന്ന നിലയിൽ ദൃശ്യഭാഷയുടെ സാധ്യത എത്ര  മാത്രം സംവിധായിക ഉപയോഗപ്പെടുത്തി എന്ന്  പരിശോധിക്കേണ്ടതുണ്ട്. പലപ്പോഴായി ഡോക്യൂമെന്ററിയുടേതായ പരിചരണം ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്. ദൃശ്യപരമായി മികച്ചു നിൽക്കുന്നതായ ചില രംഗങ്ങളിലെ പശ്ചാത്തല സംഗീതത്തിന്റെ ഉപയോഗവും അത്രമേൽ ഉചിതമായില്ല എന്ന് പറയാം.

'വൃത്തിയുടെ ജാതി' എന്ന ഡോക്യുമെന്‍ററിയിലൂടെ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മാധ്യമപ്രവര്‍ത്തകയാണ് വിധു വിന്‍സന്‍റ്. കേരളത്തിന്റെ ഇരുപത്തൊന്നാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളക്ക് തിരശ്ശീല വീണപ്പോൾ മാൻഹോളും, വിധു വിന്‍സന്റും സ്വന്തമാക്കിയ നേട്ടം ചരിത്രപരമാണ്. ഐ.ഫ്.ഫ്.കെ  മത്സര വിഭാഗത്തിലെത്തുന്ന ആദ്യ മലയാളി സംവിധായികയാണ് വിധു വിന്‍സന്‍റ്. മികച്ച നവാഗത സംവിധായികയ്ക്കും, മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും 'മാൻഹോൾ' സ്വന്തമാക്കി. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലും മികച്ച ചിത്രത്തിനും, മികച്ച സംവിധായികക്കുമുള്ള അവാർഡ് കരസ്ഥമാക്കി. മലയാളത്തിലെ സ്ത്രീ സംവിധായകരുടെ സാന്നിധ്യം വിരളമായിരിക്കെ വിധു വിന്‍സന്റിന്റെ നേട്ടങ്ങൾ പ്രചോദനാത്മകമാണ്. അധികാരികൾ തന്നെ നിരോധിച്ചും പിന്നീട് നിഷേധിച്ചും അപ്രത്യക്ഷമാക്കുന്ന ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ടെന്ന സത്യത്തെയാണ്  'മാൻഹോൾ' അഭിസംബോധന ചെയ്യുന്നത്.